‘അമ്മ’യില്‍ നിന്ന് പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണമെന്ന് മമ്മൂട്ടി; തിരിച്ചുവരാന്‍ അപേക്ഷ നല്‍കാമെന്ന് മോഹന്‍ലാല്‍

AMMAതാരസംഘടനയായ ‘അമ്മ’യില്‍ നിന്നും പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണമെന്ന് മമ്മൂട്ടി. അപേക്ഷ ഫീസ് പോലും വാങ്ങാതെ തിരിച്ചെടുക്കണമെന്ന് മമ്മൂട്ടി നിര്‍ദേശിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുമ്പോട്ട് പോകണം. അപാകത ഉണ്ടാകാത്തവിധം ‘അമ്മ’യുടെ ഭരണഘടന ഭേദഗതി നടപ്പാക്കണമെന്നും ജനറല്‍ ബോഡി യോഗത്തില്‍ മമ്മൂട്ടി ആവശ്യപ്പെട്ടു.

അതേസമയം ‘അമ്മ’യുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് തല്‍ക്കാലത്തേയ്ക്ക് മാറ്റി വെച്ചു. ഭേദഗതിയില്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സാധിച്ചിട്ടില്ല. അഭിപ്രായങ്ങള്‍ എഴുതി നല്‍കാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. ഇതുവരെ ആരും എതിര്‍പ്പുകള്‍ പറഞ്ഞിട്ടില്ല. ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പാര്‍വ്വതി തെരുവോത്തും രേവതിയും ഷമ്മി തിലകനും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇവ പരിഗണിക്കും. രാജിവെച്ചവര്‍ തിരിച്ചുവരുന്നതിനായി അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ നല്‍കിയാല്‍ അവര്‍ക്കും തിരിച്ചുവരാമെന്നും മോഹന്‍ലാല്‍ അറിയിച്ചു.

tyu_0‘അമ്മ’യുടെ ഭരണഘടനാ ഭേദഗതിയില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ നിര്‍ദേശങ്ങള്‍ അറിയിച്ചിട്ടുണ്ട്. രേവതിയും പാര്‍വ്വതിയുമാണ് ഡബ്ല്യുസിസിയില്‍ നിന്നും പങ്കെടുത്തത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായെന്നും എതിര്‍പ്പുള്ള വിഷയങ്ങളില്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കിയെന്നും രേവതി പ്രതികരിച്ചു.

അതേസമയം, ഒറ്റപ്പെടലിന്റെ വേദന നടി പാര്‍വതിയും രേവതിയും അറിഞ്ഞത് ഇപ്പോഴായിരിക്കും. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിക്കെത്തിയ ഇരുവരെയും മറ്റു താരങ്ങള്‍ അവഗണിക്കുന്ന കാഴ്ചയാണ് അരങ്ങേറിയത്. സംസാരിച്ചവര്‍ പോലും പെട്ടന്ന് തന്നെ പിന്‍വലിഞ്ഞു. രേവതി ഇടക്ക് വച്ച് മടങ്ങിയപ്പോള്‍ അകമ്പടി പോകാന്‍ പാര്‍വതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗ്രൂപ്പിസം വ്യക്തമാക്കുന്ന യാത്രയയക്കലായിരുന്നു ഇത്. ആകെ ഒറ്റപ്പെട്ട അവസ്ഥയിലാണിപ്പോള്‍ സിനിമയിലെ ഈ തിരുത്തല്‍വാദികള്‍.

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂസിസിക്ക് രൂപം നല്‍കിയ മഞ്ജു വാര്യര്‍ പോലും ഇപ്പോള്‍ ആ സംഘടനയില്‍ സജീവമല്ല, സജീവമായ റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവര്‍ ഏകദേശം പൂര്‍ണ്ണമായി തന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. അവര്‍ ഇപ്പോള്‍ ‘അമ്മ’യിലും ഇല്ലാത്ത അവസ്ഥയിലാണ്. മുന്‍നിര നടി പാര്‍വതിയാകട്ടെ മുന്‍പ് കരാറായ സിനിമകളിലാണ് അഭിനയിക്കുന്നത്. പുതിയ സിനിമകളില്‍ നിന്നും ഇവര്‍ക്കും ഭ്രഷ്ട് തന്നെയാണ് ഉള്ളത്.

AMMA-WEB (1)നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് എതിരായി നിലപാട് സ്വീകരിച്ചതാണ് ഇവരുടെയെല്ലാം സിനിമാ ജീവിതത്തിന് തന്നെ പരിസമാപ്തി സൃഷ്ടിക്കുന്നതെന്നാണ് പറയുന്നത്. ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നവരാണ് ‘അമ്മ’യിലെ ബഹുഭൂരിപക്ഷം അംഗങ്ങളും.

മലയാള സിനിമയില്‍ ഇപ്പോഴും ശക്തന്‍ ദിലീപ് തന്നെയാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഇന്നത്തെ ജനറല്‍ ബോഡി യോഗവും. ദിലീപിന്റെ സാന്നിധ്യം ഇല്ലെങ്കിലും അംഗങ്ങളുടെ മനസ് വ്യക്തമായിരുന്നു. പാര്‍വതിയെയും രേവതിയെയും പിന്തുണക്കാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പുറത്ത് പോയവര്‍ അതിന്റെതായ നടപടി ക്രമങ്ങളിലൂടെ മാത്രമേ തിരികെ വരൂ എന്ന ജനറല്‍ ബോഡി നിലപാടില്‍ തന്നെ ഉദ്ദേശവും വ്യക്തമാണ്. വനിതകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനം ഉണ്ടായില്ല. ഇനി അങ്ങനെ തീരുമാനിച്ചാല്‍ പോലും അതിന്റെ തലപ്പത്ത് ഡബ്ല്യൂസിസി അംഗങ്ങള്‍ വരില്ലന്ന കാര്യവും ഉറപ്പാണ്. എക്‌സിക്യുട്ടീവ് കമ്മറ്റിയില്‍ 4 സ്ത്രീകള്‍ വരണമെന്നതാണ് പാര്‍വതിയും രേവതിയും ചൂണ്ടിക്കാട്ടിയത്. നാല് അല്ല നാല്‍പ്പത് പേര് വന്നാലും അതില്‍ ഇവര്‍ രണ്ടു പേരും വരില്ലന്നാണ് ‘അമ്മ’ അംഗങ്ങളിലെ പൊതു വികാരം.

amma-1ഭരണഘടന ഭേദഗതി ചെയ്യുന്നതും തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്. ഭേദഗതികളില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഭരണഘടന ഭേദഗതിക്കൊരുങ്ങുന്ന ‘അമ്മ’യുടെ നിലപാട് ശരിയല്ലെന്ന പ്രതികരണമാണ് ഡബ്ല്യു.സി.സി അംഗങ്ങള്‍ക്കുള്ളത്.

നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടാണ് ഭേദഗതി ചര്‍ച്ചകള്‍ക്ക് ആരംഭം കുറിച്ചത്. അത്തരം അനിഷ്ട സംഭവങ്ങള്‍ തടയാന്‍ ഇനിയും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ഡബ്ല്യു.സി.സി അംഗങ്ങള്‍ കുറ്റപ്പെടുത്തി. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ താല്‍പര്യ പ്രകാരമാണ് കരട് തയ്യാറാക്കിയത്. തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തും വിധം കരടില്‍ മാറ്റം വരുത്തണം. നിര്‍ദേശങ്ങളില്‍ ചിലത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വനിതാ കൂട്ടായ്മ ആരോപിച്ചു.

ഇപ്പോള്‍ കരട് നിര്‍ദേശത്തിന്മേല്‍ ചര്‍ച്ച ചെയ്ത് പിന്നീട് തീരുമാനം എടുക്കാമെന്ന നിലപാട് പോലും ഡബ്ല്യു.സി.സിയോടുള്ള അവഗണനയുടെ ഭാഗമായാണ് ആ സംഘടനയിലെ അംഗങ്ങള്‍ പോലും കരുതുന്നത്.

Print Friendly, PDF & Email

Related News

Leave a Comment