Flash News

വംശീയ ശുദ്ധീകരണം (ലേഖനം)

June 30, 2019 , ബിന്ദു ചാന്ദ്നി

ethnic cleansing bannerപുരാതന കാലം മുതല്‍ക്കു തന്നെ ഇന്ത്യ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള കുടിയേറ്റങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആദ്യ കുടിയേറ്റക്കാരായ ദ്രാവിഡരില്‍ നിന്നാണു മുവായിരത്തിലേറെ വര്‍ഷം പഴക്കമുള്ള സിന്ധു നദീതട സംസ്കാരം ഉണ്ടായത്. പിന്നീട് കന്നുകാലികള്‍ക്കു വേണ്ടി പുല്‍മേടുകള്‍ അന്വേഷിച്ചു കൊണ്ടു മധ്യ ഏഷ്യയില്‍ നിന്നു ആര്യന്മാര്‍ ഇന്ത്യയില്‍ എത്തിചേര്‍ന്നു. അവര്‍ സമുഹത്തില്‍ ആധിപത്യം സ്ഥാപിച്ചു. അങ്ങനെ ഇന്ത്യയില്‍ മഹത്തായ വേദകാല സംസ്കാരം ആരംഭിച്ചു. വേദ സാഹിത്യത്തില്‍ നിന്നാണു ഹിന്ദു മത ചിന്തകളുടെ ഉത്ഭവം.

വേദകാലത്തിനു ശേഷം ഇന്ത്യയില്‍ പതിനാറു ജനപദങ്ങള്‍ രൂപം കൊണ്ടു. ജനപദങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ മഗധ വിജയിക്കുകയും പുരാതന ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യമായി തീരുകയും ചെയ്തു. അലക്സാണ്ടറുടെ ഇന്ത്യാ ആക്രമണം ക്ഷേമ രാഷ്ട്രമായ മൗര്യ സാമ്രാജ്യത്തിന്‍റെ ഉദയത്തിനു കാരണമായി. മൗര്യന്മാരുടെ അധ:പതനത്തിനു ശേഷം നിരവധി ചെറിയ രാജവംശങ്ങള്‍ നിലവില്‍ വന്നു. അതില്‍ ജാതിവ്യവസ്ഥയെ അംഗീകരിക്കാത്ത ഇന്‍ഡോ ഗ്രീക്ക്, പാര്‍ത്ഥിയന്‍ന്മാര്‍, ശാകന്മാര്‍, കുഷാനന്മാര്‍ തുടങ്ങിയ വിദേശീയരും ശാകന്മാര്‍, ശതവാഹനന്മാര്‍ തുടങ്ങിയ സ്വദ്ദേശീയ രാജവംശങ്ങളും ഉണ്ടായിരുന്നു. പിന്നെ സുവര്‍ണ്ണകാലമെന്ന് വിശേഷിപ്പിക്കുന്ന ഗുപ്ത സാമ്രാജ്യത്തിന്‍റെ ഭരണം. പുരാതന ഇന്ത്യയിലെ അവസാനത്തെ മഹാനായ ഹിന്ദു രാജാവായിരുന്ന ഹര്‍ഷ വര്‍ദ്ധനന്‍റെ വര്‍ദ്ധനാരാജവംശം. പിന്നീടു വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും രജപുത്ര രാജവംശങ്ങള്‍ നിലവില്‍ വന്നു. പുരാതന ഇന്ത്യയിലെ മിക്ക രാജാക്കന്മാരും ജൈന ബുദ്ധമത വിശ്വാസമാണു പിന്തുടര്‍ന്നത്.

അതിനുശേഷം മദ്ധ്യകാല ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സാമ്രാജ്യമായ ഡല്‍ഹി സുല്‍ത്താനേറ്റിന്‍റെ സ്ഥാപനം. തുടര്‍ന്നു ലോക ചരിത്രത്തില്‍ തന്നെ വൈറ്റ് മുഗള്‍സ് എന്നറിയപ്പെടുന്ന മുഗളുടെ പ്രബുദ്ധമായ ഭരണകാലം. മുഗള്‍ ഭരണത്തിന്‍റെ തകര്‍ച്ചയോടെ യുറോപ്യന്മാരുടെ ആഗമനം. അതോടെ ഇന്ത്യ ആധുനിക യുഗത്തിലേക്ക് എത്തിച്ചേര്‍ന്നു.

ഈ ആക്രമണകാരികള്‍ എല്ലാം തന്നെ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലൂടെ വന്നവരായിരുന്നു. യൂറോപ്യന്മാരാകട്ടേ കടല്‍ മാര്‍ഗ്ഗമാണ് ഇന്ത്യയിലെത്തിയത്. യൂറോപ്യന്മാര്‍ക്കു മുമ്പ് ഇന്ത്യയിലെത്തിയ വിദേശ ആക്രമണകാരികളെല്ലാം ക്രമേണ ഇന്ത്യക്കാരായി മാറുകയുണ്ടായി. എന്നാല്‍ യൂറോപ്യന്മാര്‍ അതിനു തയ്യാറായിരുന്നില്ല. അവര്‍ തദ്ദേശവാസികളില്‍ നിന്നു അകന്നു നില്‍ക്കുകയും തങ്ങളുടെ സ്വത്വം (identity) നിലനിര്‍ത്തുകയും ചെയ്തു.

അങ്ങനെ വിദേശ അക്രമണകാരികളുടെ പിന്‍തലമുറക്കാരായ സങ്കര വര്‍ഗ്ഗമാണ് ഇന്നത്തെ ഇന്ത്യന്‍ ജനത. കൂടാതെ പൗരസ്ത്യ ദേശത്ത് പിറവിയെടുത്ത മതങ്ങള്‍ക്കെല്ലാം ഇന്ത്യയിലും സ്വീകാര്യത ലഭിച്ചു. ഈ സങ്കര ജനത പല മതങ്ങളിലായി നൂറ്റാണ്ടുകളായി ഭാരത മണ്ണില്‍ ജീവിച്ചു പോരുന്നു.

ഇന്ത്യാ പാക് വിഭജന കാലത്തു പതിനഞ്ചു മില്ല്യന്‍ ജനതയാണ് താല്‍ക്കാലികമായ സാങ്കല്പിക അതിര്‍ത്തി മുറിച്ചു കടന്നു പോയത്. ജര്‍മ്മനിയിലെ കൂട്ടക്കുരുതിയെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള ക്രൂരതകളാണു സ്വന്തം ജനതയോട് ചില മതങ്ങളുടെ സംരക്ഷകരായി ‘സ്വയം ചമഞ്ഞു’ നടക്കുന്നവരുടെ നേത്യത്വത്തില്‍ നടന്ന ‘വംശീയ ശുദ്ധീകരണം’ (ethnic cleansing).

അടുത്ത കാലത്തെ കണക്കനുസരിച്ച് ഹിന്ദു ജനസംഖ്യയില്‍ ലോകത്ത് അഞ്ചാം സ്ഥാനമാണു പാക്കിസ്താനുള്ളത് (ആകെ ജനസംഖ്യ 20 കോടി ) അതുപോലെ മുസ്ലീം ജനസംഖ്യയില്‍ ലോകത്ത് മൂന്നാം സ്ഥാനമാണു ഇന്ത്യക്ക് (ആകെ ജനസംഖ്യ 133 കോടി). വംശീയ ശുദ്ധീകരണത്തിനു മുമ്പില്‍ തലകുനിക്കാതെ ഈ ജനങ്ങളെ എല്ലാം സ്വന്തം മണ്ണില്‍ പിടിച്ചുനിര്‍ത്തിയതു മതമല്ല മറിച്ച് പിറന്ന നാടിനോടുള്ള ആത്മബന്ധമാണ്. ഇതെല്ലാം മനസ്സിലാവണമെങ്കില്‍ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിലൂടെയല്ല ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നു വേണം ദേശസ്നേഹം ഉത്ഭവിക്കേണ്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top