രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു

ra_16ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതായി രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് നാലു പേജുള്ള രാജിക്കത്ത് രാഹുല്‍ പുറത്ത് വിട്ടത്. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍  ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും അതിനാല്‍ പാര്‍ട്ടി സ്ഥാനം രാജിവെക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പുതിയ അധ്യക്ഷനെ താന്‍ നാമനിര്‍ദേശം ചെയ്യണമെന്ന് പല സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. അത് ശരിയാണെന്ന് താന്‍ വിചാരിക്കുന്നില്ല. പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്.

2017-ലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം നേരിട്ടതിനു പിന്നാലെ രാജി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മേയ് 25 ന് ചേര്‍ന്ന വര്‍ക്കിങ് കമ്മറ്റി യോഗത്തില്‍ രാജി സന്നദ്ധത പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍ രാജി സ്വീകരിക്കാന്‍ തയാറാകാത്ത കോണ്‍ഗ്രസ് അംഗങ്ങള്‍ രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

അതേസമയം ഈയാഴ്ച അവസാനം രാഹുലും സോണിയയും വിദേശത്തേക്ക് പോകുകയാണ്. വിദേശത്ത് ചികിത്സയില്‍ കഴിയുന്ന റോബര്‍ട്ട് വദ്രയെ കാണാനാണ് ഇരുവരും പോകുന്നത്. റോബര്‍ട്ട് വദ്രയുടെ ഓപ്പറേഷന്റെ ഭാഗമായി പ്രിയങ്കയും വിദേശത്താണുള്ളത്. ഇരുവര്‍ക്കുമരികിലേക്കാണ് രാഹുലും സോണിയയും പോകുന്നത്.

Print Friendly, PDF & Email

Related News

Leave a Comment