ശബരിമല യുവതീ പ്രവേശനം: നിയമനിര്‍മാണം ഉടനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

sa_31ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ നിയമനിര്‍മാണം ഉടനില്ലെന്ന് കേന്ദ്രം. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ നിയമ നിര്‍മാണം സാധ്യമല്ലെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അറിയിച്ചു.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമോയെന്ന, കോണ്‍ഗ്രസ് അംഗങ്ങളായ ആന്റോ ആന്റണിയുടെയും ശശി തരൂരിന്റെയും ചോദ്യങ്ങള്‍ക്കു മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്.

ആചാര സംരക്ഷണത്തിന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു.
ശബരിമലയിലെ ആചാരങ്ങള്‍ 2018 സെപ്തംബര്‍ ഒന്നിനു മുമ്പത്തെ നിലയില്‍ തുടരാന്‍ ലക്ഷ്യമിട്ടായിരുന്നു ബില്‍. ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ സഭ ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല. ചര്‍ച്ചയ്‌ക്കെടുക്കേണ്ട സ്വകാര്യ ബില്ലുകളുടെ നറുക്കെടുപ്പില്‍ പ്രേമചന്ദ്രന്റെ ബില്ലിന് നറുക്കു വീണിരുന്നില്ല.

ശബരിമല ആചാര സംരക്ഷണത്തിന് ബില്‍ കൊണ്ടുവരണമെന്ന് നേരത്തെ ബിജെപി അംഗം മീനാക്ഷി ലേഖിയും സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment