Flash News

പാടുന്നു പാഴ്‌മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ 17)

July 5, 2019 , ജയന്‍ വര്‍ഗീസ്

17 Bannerനാടകവും സാഹിത്യവുമൊന്നും എന്റെ ഭാര്യയെ ആകര്‍ഷിച്ചിരുന്നില്ല എന്ന് മാത്രമല്ല, അവള്‍ കൂടി അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം വെറുതേ കളയാനുള്ള ഒരേര്‍പ്പാടായിട്ടാണ് അവള്‍ വെറുപ്പോടെ ഈ രംഗത്തെ കണ്ടിരുന്നതും, ഇന്ന് വരെയും കാണുന്നതും. എന്റെ നിലപാടുകളിന്മേല്‍ ആരുടെ എതിര്‍പ്പുകളെയും ഞാന്‍ വകവയ്ക്കുകയില്ല എന്നറിയാവുന്നത് കൊണ്ട് മാത്രം പരസ്യമായി ഏറ്റു മുട്ടുന്നില്ല എന്നേയുള്ളു. എങ്കിലും, വീടും, കൂടും വിട്ട് ഞാനലഞ്ഞു നടക്കുമ്പോളും കുടുംബവും, കുട്ടികളെയും നോക്കി എനിക്ക് സ്വാതന്ത്ര്യം അനുവദിച്ചു തന്നത് കൊണ്ടാണ് ഇന്ന് കാണുന്ന നിലയില്‍ ഞാന്‍ നില നില്‍ക്കുന്നത് എന്ന സത്യം എല്ലാ ആദരവുകളോടെയും ഇവിടെ ഏറ്റു പറയുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അവളുടെ ത്യാഗമാണ് എന്റെ ജീവിതം. ( ഇതൊക്കെയാണെങ്കിലും, എന്റെ നാടകങ്ങള്‍ കാണാന്‍ എന്നോടൊപ്പം പല ദൂര സ്ഥലങ്ങളിലും വന്നിട്ടുള്ളതിനാലും, എന്റെ കവിതകളെക്കുറിച്ച് രഹസ്യമായി മറ്റുള്ളവരോട് ഉയര്‍ത്തി പറഞ്ഞിട്ടുള്ളതിനാലും, എന്താണ് അവളുടെ ശരിയായ നിലപാട് എന്ന് ഇന്ന് വരെയും എനിക്കും മനസ്സിലായിട്ടില്ല).

തയ്യല്‍ അറിയാവുന്ന ഒരാള്‍ എന്ന നിലയിലാണ് എന്നെ ഇഷ്ടപ്പെട്ടത് എന്ന് പലപ്പോഴും അവള്‍ പറഞ്ഞിരുന്നു. അതി വിദഗ്ദയായ ഒരു തയ്യല്‍ക്കാരി എന്ന നിലയില്‍ മേരിക്കുട്ടി ജോലി ചെയ്തിരുന്ന ടൗണില്‍ തന്നെ ഞാനും ജോലി തേടി എത്തിയ കാര്യം പറഞ്ഞുവല്ലോ? മാമയുടെ കടയില്‍ സന്തോഷത്തോടെ ജോലി ചെയ്യുന്ന കാലത്ത് ഒട്ടേറെ സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. അതിനു തക്കവണ്ണമുള്ള ഒരു സാമൂഹ്യാന്തരീക്ഷമാണ് അവിടെ നില നിന്നിരുന്നത്. അഹങ്കാരം തൊട്ടു തീണ്ടാത്ത ഒരു കൂട്ടം മനുഷ്യരായിരുന്നു അവിടെയുണ്ടായിരുന്ന എല്ലാവരും എന്നതിനാലാവാം, ഈ സുന്ദരമായ അവസ്ഥ ഉരുത്തിരിഞ്ഞത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഓരോ മനുഷ്യരും പരസ്പരം സഹായിക്കാനാണ് പരിശ്രമിച്ചിരുന്നത്. അത് കൊണ്ടാണല്ലോ, സ്വന്തം തൊഴിലിടത്ത് തന്റെ അവസരങ്ങള്‍ തട്ടിയെടുത്തേക്കാവുന്ന ഒരാളായ എനിക്ക് തന്റെ തയ്യല്‍ മെഷീന്‍ സൗജന്യം എന്ന നിലയില്‍ തന്ന്, എന്റെ ആരുമല്ലാത്ത പുരുഷന്‍ എന്ന മഹാനുഭാവന്‍ എന്നെയും തന്നെപ്പോലെ സ്‌നേഹിച്ചത്? എന്റെ കൈയില്‍ പണം വന്നപ്പോള്‍ പലപ്പോഴും ചെറിയ തുകകളായി മെഷീന്റെ വില ഞാന്‍ പുരുഷന്റെ നേരെ നീട്ടും. ഒരു പൊട്ടിച്ചിരിയോടെ അയാള്‍ എന്റെ കൈ തട്ടി മാറ്റിക്കൊണ്ട് പറയും : “പിന്നീടാവട്ടെ.” ഈ പിന്നീടാവട്ടെ പറഞ്ഞു പറഞ്ഞു ഞാന്‍ വണ്ണപ്പുറം വിടുന്നത് വരെ ഒരു പൈസ പോലും വാങ്ങിക്കാതെ വളരെ സന്തോഷത്തോടെ ഞങ്ങളെ യാത്രയാക്കുകയായിരുന്നു പുരുഷന്‍.

തൊഴിലില്‍ തീരെ ഉത്തരവാദിത്വബോധം പ്രകടിപ്പിച്ചിട്ടില്ലാത്ത ഞാന്‍ നിവൃത്തിയില്ലാതെ കഠിനമായി അദ്ധ്വാനിക്കുവാന്‍ തുടങ്ങി. സമീപത്ത് ചെറിയ സ്‌റേഷനറി കട നടത്തിയിരുന്ന പീതാംബരന്‍ എന്ന നാല്‍പ്പതുകാരന്‍ ഒരു റെഡിമേഡ് ബിസ്സിനസ്സ് ആരംഭിക്കുവാന്‍ പോകുന്നതായി എന്നോട് പറഞ്ഞു. കക്ഷിക്കാവശ്യമുള്ള ഷര്‍ട്ടുകള്‍ ഒരു ഉദാര നിരക്കില്‍ തയ്ച്ചു കൊടുക്കാമോ എന്നാണ് ചോദ്യം. കോയമ്പത്തൂരില്‍ നിന്ന് മൊത്തമായി പുള്ളി തുണിയെടുത്തു കൊണ്ട് വരും. മാമയുടെ കടയിലെ ജോലി കളയാതെ തന്നെ ഒഴിവു സമയങ്ങളില്‍ പീതച്ചേട്ടനുള്ള ഷര്‍ട്ടുകള്‍ തയ്ച്ചു കൊടുക്കണം. മാര്‍ക്കറ്റ് കൂലിയുടെ പകുതി നിരക്കില്‍ എനിക്ക് കൂലി കിട്ടും. തയ്യല്‍ മെഷീന്‍ ഒരെണ്ണം സ്‌റ്റേഷനറി കടയുടെ പിന്നിലെ മുറിയിലുണ്ട്. ഏതു മെഷീനില്‍ വേണമെങ്കിലും പണിയെടുക്കാം.

വ്യവസ്ഥകള്‍ കുഴപ്പമില്ലെന്ന് തോന്നിയതിനാല്‍ ഞാന്‍ സമ്മതിച്ചു. കോയമ്പത്തൂരില്‍ നിന്ന് കെട്ടുകണക്കിനു തുണികള്‍ എത്തി. പത്തു നിര വരെ തുണികള്‍ ഒരുമിച്ചിട്ടു വെട്ടി. രാത്രി കാലങ്ങളില്‍ വീട്ടില്‍ കൊണ്ടുവന്നും കുറച്ചൊക്കെ തയ്ച്ചു. ഒരു ദിവസം പതിനാറ് ഷര്‍ട്ട് വരെ തയ്ച്ച ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. ഒരിക്കലും വന്നിട്ടില്ലാത്ത തരത്തില്‍ വരുമാനം ഉയര്‍ന്നു.
ആര്‍ . എസ. തീയറ്റേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന കാലം വരെ ഞാന്‍ ഉണ്ടാക്കി വച്ച ആയിരത്തി അറുന്നൂറ്റി മുപ്പത്തഞ്ചു രൂപയുടെ കടം (ഒരു കര്‍ഷകത്തൊഴിലാളിക്ക് അഞ്ചു രൂപ ദിവസക്കൂലി ഉണ്ടായിരുന്ന കാലം.) ഓരോരുത്തര്‍ക്കായി നന്ദി പൂര്‍വം തിരിച്ചു കൊടുത്ത് കൊണ്ട് ഞങ്ങള്‍ സ്വതന്ത്രരായി.

ഇക്കാലത്ത് വണ്ണപ്പുറത്തെ ഒരു തരിശുഭൂമിയില്‍ കുടില്‍ കെട്ടി താമസിച്ച 18 തൊഴിലാളി കുടുംബങ്ങളെ ആര്‍ക്കോ വേണ്ടി അടിച്ചൊതുക്കി കുടിയൊഴിപ്പിക്കുവാന്‍ ഇരുപതിലധികം വരുന്ന ഗുണ്ടാ സംഘം ജീപ്പില്‍ എത്തി. ഈ ഭൂമിയില്‍ അവകാശ വാദം ഉന്നയിക്കുന്ന ഏതോ മുതലാളി അയച്ചവരായിരുന്നു ഗുണ്ടകള്‍. കൈയേറ്റ ഭൂമിയില്‍ വെട്ടും, കുത്തും നടന്നുവെന്നും, വലിച്ചെറിയപ്പെട്ട കുട്ടികള്‍ ഇഞ്ചിപ്പാത്തികളില്‍ മരിച്ചു കിടക്കുകയാണ് എന്നുമുള്ള വാര്‍ത്തകളാണ് ടൗണില്‍ എത്തിയത്.

ഏതോ പാര്‍ട്ടി സമ്മേളനത്തിന്റെ അനൗണ്‍സ്‌മെന്റുമായി ഈ സമയത്ത് അവിടെയെത്തിയ പ്രവര്‍ത്തകര്‍ അക്രമികള്‍ക്കെതിരേ സംഘടിക്കണം എന്ന ആഹ്വാനവുമായി സമീപ പ്രദേശങ്ങളിലെല്ലാം ജീപ്പില്‍ അഞ്ചരിച്ച് മൈക്കിലൂടെ അനൗണ്‍സ് നടത്തി. ഇത് കേട്ടറിഞ്ഞെത്തിയ കാളിയാര്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളും, സമീപ വാസികളായ നാട്ടുകാരും ഒന്ന് ചേര്‍ന്നുണ്ടായ ജനക്കൂട്ടം ഗുണ്ടകള്‍ മടങ്ങിപ്പോകുന്ന വഴിയില്‍ തടസ്സങ്ങള്‍ വലിച്ചിട്ടു കൊണ്ട് വഴി തടഞ്ഞു നിന്നു. തിരിച്ചു പോകാനെത്തിയ ഗുണ്ടകള്‍ വഴിയില്‍ ആള്‍ക്കൂട്ടം കണ്ടു ഭയന്നെങ്കിലും, ആള്‍ക്കൂട്ടത്തിലേക്ക് ജീപ്പോടിച്ചു കയറ്റി രക്ഷ പെടാന്‍ നടത്തിയ ശ്രമങ്ങള്‍ വലിയ പ്രകോപനങ്ങള്‍ സൃഷ്ടിച്ചു. ജനങ്ങള്‍ ജീപ്പുകള്‍ എറിഞ്ഞു തകര്‍ത്തു. കയ്യില്‍ കിട്ടിയവരെ കഠിനമായി മര്‍ദ്ദിച്ചു. ഗുണ്ടകളില്‍ പലരും അര്‍ദ്ധപ്രാണരായി ജീവനും കൊണ്ടോടി. ഓടാന്‍ കഴിയാതെ വീണു പോയവരെ പോലീസ് എത്തിയാണ് രക്ഷപെടുത്തിയത്.

ഗുണ്ടകള്‍ക്കെതിരെ സംഘടിച്ച നാട്ടുകാരുടെയും, കാളിയാറിലെ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളുടെയും കൂടെ ഞാനുമുണ്ടായിരുന്നു. അക്രമികളെ തുരത്തിയോടിച്ച നാട്ടു സംഘത്തില്‍ അണി ചേര്‍ന്നതിനാല്‍ എനിക്കും ഒരു മനുഷ്യനെ അടിക്കേണ്ടി വന്നു. കുറ്റിത്താടിയുള്ള ഏതോ ഒരുത്തനായ അയാളുടെ കവിളില്‍ നിന്നും എന്റെ കൈവെള്ളയില്‍ പടര്‍ന്ന ‘തരുതരുപ്പ് ‘ കുറ്റബോധത്തിന്റെ കൂര്‍ത്തു മൂര്‍ത്ത മുള്‍ മുനകളായി എന്റെ ഹൃദയത്തെ വളരെക്കാലത്തോളം കുത്തി നോവിച്ചു കൊണ്ടിരുന്നു.

(പില്‍ക്കാലത്ത് മറ്റൊരു സാഹചര്യത്തില്‍ ഞാനും ഒരാക്രമണത്തിന് വിധേയനാവുകയും, അന്നത്തെ അടി പല മടങ്ങായി തിരിച്ചു കിട്ടുകയും ഉണ്ടായി. അക്രമികള്‍ക്കെതിരേ പോലീസില്‍ കേസ് കൊടുക്കുവാനുള്ള നിര്‍ദ്ദേശം എല്ലാ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും, എന്റെ കടം പലിശ സഹിതം തിരിച്ചു കിട്ടി എന്ന ആത്മസംതുപ്തിയോടെ കുറ്റബോധം ചോര്‍ന്നു പോയ മനസുമായി ഞാന്‍ വീട്ടിലേക്ക് മടങ്ങി. അക്രമികളിലൊരാള്‍ എന്റെ മുതുകില്‍ കടിച്ചു മുറിവേല്‍പ്പിച്ചിരുന്നു. ചോരയൊലിപ്പിച്ചു കൊണ്ട് ഞാന്‍ വീട്ടിലെത്തുന്നതിന് മുന്‍പേ വിവരങ്ങള്‍ എല്ലാവരും അറിഞ്ഞിരുന്നു. അന്ന് മൂന്നര വയസുണ്ടായിരുന്ന എന്റെ മകന്‍ അവനോളം നീളമുള്ള ഒരു കറിവേപ്പിന്റെ വടിയും പിടിച്ചു കൊണ്ട് “എന്റെ പപ്പയെ കടിച്ചവനെ ഞാന്‍ കൊല്ലും” എന്ന് ആക്രോശിക്കുകയാണ്. കടുത്ത മാനസിക സംഘര്‍ഷത്തില്‍ അകപ്പെട്ട പോയ ഞാന്‍ അല്‍പ്പം ആശ്വാസത്തിനായി ബൈബിള്‍ തുറന്ന് ആദ്യം കണ്ട വാചകം ഇങ്ങിനെ വായിച്ചു: “നിന്റെ കൊമ്പ് ഞാന്‍ കാട്ടു പോത്തിന്റെ കൊമ്പുപോലെ ഉയര്‍ത്തും.” പിന്നീട് എത്ര ശ്രമിച്ചിട്ടും ആ വാചകം വീണ്ടും കാണുവാന്‍ സാധിച്ചിട്ടില്ല. അന്നത്തെ ആ കൊച്ചു കുട്ടി ഇന്ന് പ്രസിദ്ധമായ ഒരു സ്വിസ്സ് ബാങ്കിന്റെ വൈസ് പ്രസിഡണ്ടായി എക്‌സിക്യൂട്ടീവ് പദവിയില്‍ കൊന്പുയര്‍ത്തി നില്‍ക്കുന്നു. പദവിയുടെ ഈ വടി കൊണ്ട് ആരെയും തല്ലുകയല്ലാ, തലോടുകയാണ് വേണ്ടതെന്ന് എന്നെപ്പോലെ അവനും വിശ്വസിക്കുന്നു; പെരുമാറുന്നു).

വലിയ സ്വാധീനമുണ്ടായിരുന്ന ഒരാളായിരുന്നു ഗുണ്ടാ സംഘത്തെ അയച്ചത്. അയാളുടെ പരാതിയില്‍ പോലീസ് വീട് കയറി ആളെ പിടിച്ചു തല്ലാന്‍ തുടങ്ങി. പോലീസിന്റെ കയ്യില്‍ പെടാതെ രക്ഷപ്പെട്ട ഞാന്‍ അന്ന് രാത്രിയില്‍ പതിനഞ്ചു മൈല്‍ ദൂരെ പോത്താനിക്കാട് എന്ന സ്ഥലത്തു നടന്നുകൊണ്ടിരുന്ന സി. പി. എം. ന്റെ പ്രചാരണയോഗത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന സഖാവ് എ. കെ. ജി. യെ നേരില്‍ക്കാണുകയും, വിഷയത്തിന്റെ ഗൗരവം വസ്തു നിഷ്ഠമായി ധരിപ്പിക്കുകയും ചെയ്തു. അദ്ദേഹം ഇടപെട്ട് ആളുകളെ വീടുകയറി പിടിക്കുന്ന പരിപാടി തടയുകയും പോലീസ് മടങ്ങിപ്പോകുകയും ഉണ്ടായിയെങ്കിലും, എന്താണ് സംഭവിച്ചത് എന്ന് ഇന്ന് വരെയും അധികം പേര്‍ക്കും മനസിലായിട്ടില്ല. കണ്ടാലറിയുന്ന നൂറിലധികം പേരെ പ്രതി ചേര്‍ത്തു വലിയ കേസുണ്ടായെങ്കിലും, പ്രതിപ്പട്ടികയില്‍ ഞാന്‍ ഉള്‍പ്പെടാതിരുന്നത് ദൈവാനുഗ്രഹം ആയിരുന്നുവെന്ന് ഇന്നും ഞാന്‍ വിശ്വസിക്കുന്നു.

ഒരു വര്‍ഷം കൂടി ഞങ്ങള്‍ ആ ടൗണില്‍ ജോലി ചെയ്തു. അപ്പോഴേക്കും ഒരു ചെറിയ സമ്പാദ്യമുണ്ടാക്കുവാനും, ആ ടൗണിലെ മിക്ക കച്ചവടക്കാരും ജോലിക്കാരുമായി ഒരാത്മ ബന്ധം സ്ഥാപിക്കുവാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. വാക്കിലും, പ്രവര്‍ത്തിയിലും ഞങ്ങള്‍ കാണിച്ച വിനയവും, മാന്യതയും, സത്യസന്ധതയും ഞങ്ങളെ അവര്‍ക്കു പ്രിയപ്പെട്ടവരാക്കിത്തീര്‍ത്തു എന്നതാണ് സത്യം.

ഒരു ചെറിയ തുണിവ്യാപാരം തുടങ്ങുന്നതിനുള്ള മൂലധനം ഞങ്ങള്‍ക്കുണ്ടായി. അതുകൊണ്ട് സംഘടിപ്പിച്ച ഉപകരണങ്ങളും, തുണികളും ഒക്കെക്കൂടി ഒരു ഡിസംബര്‍ മാസം ഒന്നാം തീയതി ഞങ്ങളുടെ നാട്ടില്‍ എന്റെ പഴയ തുണിക്കട നഷ്ടപ്പെട്ട സ്ഥാനത്ത് ഞങ്ങളുടെ പുതിയ തുണിക്കട നിലവില്‍ വന്നു. അന്ന് വിറ്റു കളഞ്ഞതും, പിതാവ് എനിക്ക് വാങ്ങിത്തന്നതുമായ സെനിത്ത് തയ്യല്‍ മെഷീന്‍ കൂടുതല്‍ വില കൊടുത്ത് മുന്നമേ തിരിച്ചു വാങ്ങിയിരുന്നു. മേരിക്കുട്ടിയുടെ തയ്യല്‍ മെഷീനും കൂടി രണ്ടു തയ്യല്‍ മെഷീനും , നാട്ടുംപുറത്തെ വസ്ത്ര ധാരണത്തിന് ആവശ്യമായ കുറച്ചു തുണിത്തരങ്ങളും ഒക്കെയായി ഞങ്ങളുടെ തുണിക്കട ആരംഭിച്ചു.

ഞങ്ങളുടെ യാചനയെ മാനിച്ച് പുരുഷന്‍ തന്നെ വന്ന് ആദ്യ വില്‍പ്പന ഉല്‍ഘാടനം ചെയ്തു തന്നു. ഞങ്ങളുടെ കടുത്ത നിര്‍ബന്ധത്തിന് വഴങ്ങി ഒരു ഡബിള്‍ വേഷ്ടി സ്വീകരിക്കുവാന്‍ അന്ന് പുരുഷന്‍ സമ്മതിച്ചു. ഞങ്ങളുടെ നാട്ടില്‍ അന്ന് ബസ് സര്‍വീസ് ഇല്ലാതിരുന്നതു മൂലവും, എന്റെ ഭാര്യയുടെ തയ്യലിലുള്ള വൈദഗ്ധ്യം നിമിത്തവും കുറച്ചു വര്‍ഷങ്ങളിലേക്ക് നല്ല വിറ്റു വരവുണ്ടാവുകയും, ഞങ്ങള്‍ രണ്ടേക്കറോളം കര സ്ഥലം വാങ്ങിച് അതില്‍ ചെറിയൊരു വീട് എന്റെ സ്വന്തം ഡിസൈനില്‍ പണിയുകയും ചെയ്തു.

(അധികം വൈകാതെ വിശാല ഹൃദയനായ മാമ സ്വന്തം കട പുരുഷന് കൈമാറിക്കൊടുത്തു. വളരെ സന്തോഷത്തോടെ പുരുഷന്‍ ബിസിനസ്സ് നടത്തിക്കൊണ്ടിരുന്ന കാലത്താണ് ഞങ്ങള്‍ അമേരിക്കയിലേക്ക് പോരുന്നത്. ഞങ്ങള്‍ അമേരിക്കയില്‍ എത്തി അധികം വൈകാതെ പുരുഷന്‍ മരിച്ചു പോയി എന്നറിഞ്ഞു. ഒരു ദിവസം ഉറങ്ങാന്‍ കിടന്ന പുരുഷന്‍ പിറ്റേ ദിവസം എഴുന്നേറ്റില്ല. നിതാന്ത ശാന്തമായ ഉറക്കം.’ നീതിമാന്റെ മരണം ഉറക്കം പോലെ’ എന്ന ബൈബിള്‍ പ്രഖ്യാപനം എനിക്കോര്‍മ്മ വന്നു. ‘അയല്‍ക്കാരന്‍ എന്ന് വിവക്ഷിക്കപ്പെടുന്ന അപരനെ ചുമ്മാ സ്‌നേഹിക്കുകയല്ല, മറിച്ച്, സ്വയം നഷ്ടപ്പെട്ടും തന്നെപ്പോലെ കരുതണം’ എന്ന ക്രൈസ്തവ ദര്‍ശനം, അതൊന്നും വായിക്കാതെ തന്നെ സ്വന്തം ജീവിതത്തില്‍ പ്രയോഗിച്ചു കാണിച്ച പച്ച മനുഷ്യനായിരുന്നല്ലോ പുരുഷന്‍? ഈ പുരുഷനല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് നീതിമാന്മാര്‍ക്ക് മാത്രം ലഭ്യമാവുന്ന ഉറക്കം പോലെയുള്ള മരണം അവകാശപ്പെടുത്താനാവുന്നത് ?)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top