Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (അദ്ധ്യായം 10): അബൂതി

July 5, 2019

adhyayam 10 bannerഅച്ഛന്‍ വിട്ടു പോയി എന്ന് ഇനിയും വിശ്വസിക്കാന്‍ വയ്യ. അടക്കം കഴിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമൊക്കെ പിരിഞ്ഞു പോയിരിക്കുന്നു. ഏതാനും ചില അയല്‍വാസികള്‍ മാത്രം അമ്മയുടെ ചുറ്റിലും കൂടിയിരിക്കുന്നുണ്ട്. ഇപ്പോള്‍ ഇരുട്ടാണ് ചുറ്റിലും. പെട്ടെന്ന് ആരുമില്ലാത്തൊരു തുരുത്തില്‍ എത്തപ്പെട്ടിരിക്കുന്നു. കനത്ത നിശബ്ദതയുടെ കോടമഞ്ഞില്‍ മുന്നിലെ കാഴ്ച്ചകള്‍ അപ്രത്യക്ഷമായിരിക്കുന്നു. അച്ഛന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നത് എത്ര വലിയ ആശ്വാസമായിരുന്നു എന്നത് ഇപ്പോഴാണ് തിരിച്ചറിയുന്നത്. ഇനി ആ ശബ്ദം കേള്‍ക്കില്ല. ആ സ്നേഹം അനുഭവിക്കാനാവില്ല എന്ന സത്യം എത്രമാത്രം വേദനാജനകമാണ്.

ഇനി ഈ കറുത്ത ദിനങ്ങള്‍ എത്ര കഴിഞ്ഞാലാണ്, ഈ വേദന അലിഞ്ഞില്ലാതാവുക? ആശ്വാസവാക്കുകള്‍ കടമ തീര്‍ക്കാനെന്നവണ്ണം പറയുന്നവര്‍ക്ക് ഒന്നും നഷ്ടപെട്ടിട്ടില്ലല്ലോ? അത് കൊണ്ട് അവരുടെ തൊണ്ടയില്‍ ജനിച്ച ചില വാക്കുകളല്ലാതെ മറ്റൊന്നും എനിക്ക് കേള്‍ക്കാനായില്ല. നേരം ഇരുട്ടിത്തുടങ്ങിയപ്പോള്‍ ആണ് മുറ്റത്തു നിന്നും അകത്തേയ്ക്ക് തല നീട്ടി ഒരു നിഴല്‍ വന്നത്. അത് സുകുവായിരുന്നു. എന്‍റെ കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ നോക്കി അവന്‍ ഒന്നും മിണ്ടാതെ നിന്നു. എന്‍റെ മടിയില്‍ തളര്‍ന്നുറങ്ങുന്ന സിദ്ധുവിനെ നോക്കി. ഒരു നെടുവീര്‍പ്പോടെ പിന്നെ അവന്‍ പോട്ടെ എന്നെന്നോട് കണ്ണുകൊണ്ട് ചോദിച്ചു.

സുകു, നീയെന്താണ് എന്‍റെ അടുത്തേക്ക് വരാത്തത്? എന്താണ് എന്നെ എന്‍റെ ചുമലില്‍ തലോടി ഒന്നാശ്വസിപ്പിക്കാത്തത്? ദുഃഖം കൊണ്ട് പൊടിഞ്ഞു പോകുന്ന എന്‍റെ ഹൃദയം നീ കാണുന്നില്ലേ? ഈ അഗാധ ദുഃഖത്തിന്‍റെ കയത്തില്‍ എന്‍റെ മനസ്സ് മുങ്ങിത്താഴ്ന്നു പോകുന്നത് നീ കാണുന്നില്ലേ? അതല്ല, എന്‍റെ ഈ നശിച്ച ജീവിതം പോലെ എന്‍റെ വേദനകള്‍ നീയും ആസ്വദിക്കുകയാണോ?

എനിക്കങ്ങനെ ചോദിക്കണം എന്നുണ്ടായിരുന്നു. എന്നിട്ടും ഞാന്‍ കണ്ണുകൊണ്ട് അവനു പോകാന്‍ സമ്മതം നല്‍കി.

പുല കഴിഞ്ഞു. പിന്നെയും നാലഞ്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ഞാന്‍ സുകു തന്ന കാശുമായി അവനെ തേടി ഇടവഴിയിലൂടെ ഒന്ന് നടന്നുനോക്കി. കണ്ടില്ല. എങ്ങിനെയാണ് ഒന്ന് കാണുക എന്നാലോചിച്ച് വിഷമിച്ചിരിക്കെ രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഇടവഴിയിലൂടെ സുകു പോകുന്നത് കണ്ടു. എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ച് അവന്‍ പോയതില്‍ പിന്നെ ഒരല്പ നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ സിദ്ധുവിനെയും കൂട്ടി മെല്ലെ ഇടവഴിയിലേക്കിറങ്ങി. കയ്യില്‍ ആ പണം കരുതിയിട്ടുണ്ടായിരുന്നു. പ്രതീക്ഷിച്ച പോലെ കുറച്ചപ്പുറത്ത് മുളങ്കൂട്ടത്തിന്‍റെ മറവില്‍ സുകു കാത്തിരിക്കുന്നുണ്ടായിരുന്നു. ആദ്യമൊന്നു മടിച്ചെങ്കിലും സുകു കാശ് വാങ്ങി. ഞാനധികം നിന്നില്ല. അമ്മ തിരക്കുന്നതിന്‍റെ മുന്‍പേ വീടെത്തണം.

ഒന്നര മാസം കഴിഞ്ഞപ്പോള്‍ ഒരു ശനിയാഴിച്ച, അപരിചിതനായൊരു മനുഷ്യന്‍ വന്നു. രാജേട്ടന്‍ പറഞ്ഞയച്ചതാണ്. അന്ന് പറഞ്ഞ പണിക്ക് പോകാന്‍ പറ്റുമോ എന്ന് ചോദിയ്ക്കാന്‍. വീടിന്‍റെ താക്കോല്‍ തന്ന് അയാള്‍ പോയി. പിറ്റേ ദിവസം രാവിലെ ഞാന്‍ പട്ടണത്തിലേക്ക് പോയി. തലേന്ന് വന്ന ആള്‍ വഴിയൊക്കെ കൃത്യമായി പറഞ്ഞു തന്നിരുന്നു. പട്ടണത്തില്‍ നിന്നും തിരക്കൊഴിഞ്ഞ ഒരു ഭാഗത്തായി, ഒരു കൊച്ചു ടെറസ് വീട്. ഒരു വലിയ വളപ്പില്‍ അതൊരു പ്രേതാലയം പോലെ തോന്നിച്ചു.

കുറെ ദിവസങ്ങളായി അടച്ചിട്ടിരിക്കുന്നത് കൊണ്ട്, നല്ല അദ്ധ്വാനം വേണ്ടി വന്നു, അതൊന്നു കോലം പോലെയാകാന്‍. അപ്പോഴേക്കും ഞാന്‍ തളര്‍ന്ന് ഒരു വഴിക്കായി. രാവിലെ ഇത്തിരി കഴിച്ചതാണ്. പട്ടണത്തിലെ ആ വീട്ടില്‍ വെള്ളത്തിന് ഒരു വല്ലാത്ത ചവര്‍പ്പായിരുന്നു.

വീട്ടിലെത്തിയപ്പോള്‍ എന്നെയും കാത്ത് അമ്മ മുറ്റത്ത് തന്നെ നില്‍പ്പുണ്ടായിരുന്നു. ആ പഴയ ആധി ഇരട്ടിയായി അമ്മയുടെ മുഖത്ത് കാണാം. ഇറയത്തേക്ക് തളര്‍ന്നിരുന്നു കൊണ്ട് ഞാന്‍ അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞു. എന്‍റെ അരികിലിരുന്ന് തലമുടിയില്‍ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.

‘സാരമില്ല മോളെ. ഒക്കെ ശരിയാവും. ഒക്കെ ശരിയാവും.’

ഞാന്‍ അമ്മയുടെ ചുമലിലേക്ക് തല ചായ്ച്ചു. സിദ്ധു ഓടിവന്നെന്‍റെ മടിയിലേക്ക് വലിഞ്ഞു കയറി. അന്ന് രാത്രി നല്ല ക്ഷീണത്തില്‍ ഞാന്‍ അന്തം വിട്ടുറങ്ങുകയായിരുന്നു.

രണ്ടു മാസങ്ങള്‍ കഴിഞ്ഞു പോയി. എല്ലാ ഞായറാഴ്ചയും ഞാന്‍ പട്ടണത്തിലേക്ക് പോയി. ആ ജോലി എനിക്കിപ്പോള്‍ ശീലമായി. പ്രയാസമില്ലാത്തതായി. രാജേട്ടന്‍ ഇത് വരെ അങ്ങോട്ട് വന്നു കണ്ടിട്ടില്ല. രണ്ടു വട്ടം വീട്ടില്‍ വന്ന് അമ്മയുടെ കൈയ്യില്‍ മോശമല്ലാത്ത സംഖ്യയേല്‍പ്പിച്ച് പോയി. വീട്ടില്‍ പിന്നെയും അടുപ്പെരിയാന്‍ തുടങ്ങി. മിക്കപ്പോഴും ഉണക്ക മീനും, വല്ലപ്പോഴും പച്ചമീനും പൊരിച്ചത് കൂട്ടി സിദ്ധുവും ശാരദക്കുട്ടിയും രുചിയോടെ, സന്തോഷത്തോടെ ചോറ് തിന്നുന്നത് നോക്കി ഒരാത്മസായൂജ്യത്തോടെ ഞാന്‍ ഇരിക്കാറുണ്ടായിരുന്നു.

ഇടയ്ക്ക് ഇടവഴിയില്‍ വച്ച് സുകുവിനെ കാണാറുണ്ട്. പട്ടണത്തിലെ ആ ജോലി സുകുവിന് ഇഷ്ടമായിട്ടില്ല. ആളുകളെക്കൊണ്ട് എന്തിനാ അതുമിതും പറയിപ്പിക്കുന്നത് എന്നാണു ചോദ്യം. ആളുകള്‍ പറയുന്നതും നോക്കിയിരുന്നാല്‍ പട്ടിണി കിടക്കേണ്ടി വരും എന്ന് പറഞ്ഞു ഞാന്‍. ആ മറുപടിയില്‍ സുകു തൃപതനല്ല എന്നാ മുഖത്തെഴുതി വെച്ചിട്ടുണ്ടായിരുന്നു. എങ്കിലും പിന്നെയും ഞങ്ങള്‍ കാണാറുണ്ടായിരുന്നു. കുറച്ചു നേരം എന്തെങ്കിലും സംസാരിക്കും. അവന്‍റെ സംസാരം എന്‍റെ ഹൃദയത്തെ തൊട്ടു തലോടി കടന്നു പോകുന്നത് ഞാന്‍ അറിഞ്ഞു. എന്നെ കാണുമ്പോള്‍ അവനുണ്ടാകുന്ന സന്തോഷവും ഞാന്‍ തിരിച്ചറിഞ്ഞു. അവനരികിലുണ്ടാവുമ്പോള്‍, ഒരു കുളിര്‍ കാറ്റെന്നെ തഴുകിത്തലോടി കടന്ന് പോകാറുണ്ടായിരുന്നു. മനസ്സില്‍ ചിത്രശലഭങ്ങള്‍ പറക്കാറുണ്ടായിരുന്നു.

അന്നൊരിക്കല്‍, ഞാന്‍ പട്ടണത്തിലെ വീട്ടില്‍ എത്തി ഒരു പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞതേ ഉള്ളൂ. ഒരു മോട്ടോര്‍  സൈക്കിളിന്‍റെ കുടുകുടു ശബ്ദം കേട്ട് ഞെട്ടി വിറച്ചു. ജനാലയിലൂടെ നോക്കുമ്പോള്‍ മുറ്റത്ത് രാജേട്ടനെ കണ്ട് അമ്പരന്നു. കൂടെ ഭയം ഒരു ഒച്ചിനെ പോലെ ഹൃദയത്തിന്‍റെ മുകളില്‍ ഇഴയാന്‍ തുടങ്ങി. ഞാന്‍ വാതില്‍ പൂട്ടിയിരുന്നു. എന്നിട്ടും തന്‍റെ  കൈയ്യിലെ മറ്റൊരു താക്കോലിട്ട് രാജേട്ടന്‍ വാതില്‍ തുറന്നു. പകച്ചു നില്‍ക്കുന്ന എന്നെ നോക്കി രാജേട്ടന്‍ പറഞ്ഞു.

‘ഞാന്‍ വെറുതെ ഒന്ന് കാണാന്‍ വന്നതാ. രണ്ടു മൂന്നാഴ്ചയായി കരുതുന്നു. എങ്ങിനെ ഉണ്ട് നിനക്ക്. പണിയൊക്കെ ഇഷ്ടായോ? ഇത് അധികമൊന്നും ഉണ്ടാവൂല. നമുക്ക് തുണിക്കടയിലെ പണി വേഗം ശരിയാക്കാം.’

പേടിച്ച് ചൂളി നില്‍ക്കുകയായിരുന്നു ഞാന്‍. തന്‍ കൈകയ്യിലെ കീസ് മേശപ്പുറത്ത് വച്ച് രാജേട്ടന്‍ തുടര്‍ന്നു. ‘ഇത് പൊറാട്ടയും ചിക്കനുമാണ്. വിശപ്പുണ്ടെങ്കില്‍ തിന്നോണ്ടൂ.. നീയെന്താണിങ്ങനെ പകച്ച് നോക്കുന്നത്..?’

എനിക്കൊന്നും പറയാനായില്ല. രാജേട്ടനില്‍ കണാരേട്ടന്‍റെ അന്ന് കണ്ട മുഖഭാവം എനിക്ക് തിരിച്ചറിയാനായി. ഓടി പുറത്തു കടന്നാലോ? വല്ല മുറിയിലും കയറി വാതിലടച്ചാലോ? ഞാന്‍ ഓരോന്നാലോചിച്ച് കൊണ്ടിരിക്കെ രാജേട്ടന്‍ അടുക്കളയുടെ ഭാഗത്തേക്ക് പോയി. അപ്പോഴാണ് എന്‍റെ ശ്വാസം നേരെ വീണത്.

അടുക്കളയില്‍ പൈപ്പില്‍ നിന്നും വെള്ളം ഗ്ലാസിലേക്ക് പകരുന്ന ശബ്ദം കേട്ടു. എങ്കിലും ഞാന്‍ അവിടെ തന്നെ നില്‍ക്കുകയാണ്. അകത്തേക്ക് ചെല്ലാന്‍ എനിക്ക് പേടിയായി. അങ്ങിനെ നില്‍ക്കെ അടുക്കളയില്‍ ഗ്ലാസ് താഴെ വീഴുന്ന ശബ്ദവും കൂടെ, രാജേട്ടന്‍റെ നാശം പിടിക്കാന്‍ എന്ന പ്രാക്കും കേട്ടു. അല്പം കഴിഞ്ഞപ്പോള്‍ രാജേട്ടന്‍ വന്നു. ചിരിച്ചു കൊണ്ടെന്നോട് പറഞ്ഞു.

‘അവിടെ ഒരു ഗ്ലാസ് പൊട്ടിക്കിടക്കുന്നുണ്ട്. കൈയ്യീന്ന് പോയി. ഞാന്‍ പോട്ടെ. തിരക്കുണ്ട്. പണിയൊക്കെ നന്നായിട്ടുണ്ട് കേട്ടോ. മിടുക്കിയാണ്.’

വാതില്‍ തുറന്ന് പുറത്ത് പോയ രാജേട്ടന്‍ മോട്ടോര്‍ സെക്കിളില്‍ റോഡിലേക്ക് പോകുന്നത് വല്ലാത്തൊരു ആശ്വാസത്തോടെ ഞാന്‍ നോക്കി നിന്നു. എന്‍റെ ഉടലാകെ തണുത്തു പോയിരുന്നു. അടുക്കളയില്‍ ചെന്ന ഞാന്‍ പൊട്ടിയ ഗ്ലാസ് അടിച്ചു വാരി വേസ്റ്റ് ഇടുന്ന ബക്കറ്റില്‍ ഇട്ടപ്പോള്‍ വീടിന്‍റെ അകത്ത് ആരോ ഉള്ള പോലെ എനിക്ക് തോന്നി. ഒരു കാളിച്ചയോടെ ഞാന്‍ അടുക്കളയില്‍ നിന്നും നടുഭാഗത്തേക്ക് വന്നപ്പോള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു രാജേട്ടന്‍. എന്‍റെ സപ്തനാഡികളും തളര്‍ന്നു പോയി. പ്രതിമ കണക്കെ നില്‍ക്കുന്ന എന്‍റെ മുന്‍പില്‍ വന്ന് രാജേട്ടന്‍ ബ്ലേഡ് പോലെ മൂര്‍ച്ചയുള്ള ശബ്ദത്തില്‍ പറഞ്ഞു.

‘കുഞ്ഞുന്നാള് മുതല്‍ നിന്‍റെ അമ്മയെന്നെ ഒരുപാട് കൊതിപ്പിച്ചതാണ്. പക്ഷെ കിട്ടിയില്ല. അത് പിന്നെ പോട്ടെ എന്ന് വച്ചു. അന്ന് ആശുപത്രിയില്‍ വച്ച് നിന്നെ കണ്ടപ്പോള്‍ മുതല്‍ ഉള്ളിലൊരു പൂതിയുടെ പഞ്ചാരിമേളമാണ്. ഇനിയും കാത്തിരിക്കാനെനിക്ക് വയ്യ… നിനക്കും ഗുണമല്ലാതെ ദൂഷ്യമൊന്നും ഉണ്ടാവൂല…’

നാവ് തൊണ്ടക്കുഴിയിലേക്ക് ഇറങ്ങിപ്പോയ പോലെ ശബ്ദം നഷ്ടപ്പെട്ട് ഞാന്‍ നിന്നു. അയാള്‍ എന്‍റെ അടുത്തേക്ക് പതുക്കെ നടന്നു വന്നപ്പോള്‍ ഞാന്‍ പിന്നിലേക്കടിവച്ചു. പെട്ടെന്ന് തന്നെ അയാള്‍ എന്നെ കടന്നു പിടിച്ചു. ഞാന്‍ വേഗം സമചിത്തത വീണ്ടെടുത്തു. ശബ്ദമുണ്ടാക്കി. എതിര്‍ത്തു നോക്കി. ഒരു നിലയ്ക്കും സമ്മതിക്കില്ല എന്ന ഭാവത്തില്‍ സര്‍വ്വ ശക്തിയുമെടുത്ത് കുതറി. പ്രതികരണം ഭയാനകമായിരുന്നു.

ആദ്യം മുഖമടച്ച് ഒരൊറ്റ അടിയായിരുന്നു. എന്‍റെ ഇടത്തെ കാതില്‍ ബസ്സിന്‍റെ ഹോണ്‍ പോലെ ഒരു കൂവല്‍ മുഴങ്ങി, കുറെ നേരത്തേക്ക് തല മിന്നിയപ്പോള്‍ ഞാന്‍ നിലത്തിരുന്നു. മുടിക്കുത്തിന് പിടിച്ച് എഴുന്നേല്‍പ്പിച്ച് ബലിഷ്ഠമായ കരങ്ങള്‍ കൊണ്ട് എന്‍റെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് എന്നെ ചുമരിനോട് ചാരി നിര്‍ത്തി. എന്‍റെ തുറിച്ച് വന്ന കണ്ണുകളിലേക്ക് നോക്കി ഒരു മുരള്‍ച്ചയുടെ അയാള്‍ പറഞ്ഞു.

‘തന്തയില്ലാത്ത ഒരു കൊച്ചിനെ പെറ്റു വളര്‍ത്തീട്ട് ശീലാവതി ചമയുന്നോടീ നായിന്‍റെ മോളെ. ഇന്ന് ഇവിടെ എന്‍റെ ആഗ്രഹം സാധിച്ച് നിനക്ക് സുഖമായി വീട്ടില്‍ പോകാം. ഇത് വേറെ ആരും അറിയില്ല. വെറുതെ അല്ല ഞാന്‍ ചക്കച്ചൊള പോലെ പൈസ തരുന്നത്. അല്ലെങ്കില്‍ ഇവിടെ കൊന്നു കുഴിച്ചു മൂടും ഞാന്‍. അതിന്‍റെ പേരില്‍ രാജനെ ഒരു പുല്ലനും ഒന്നും ചെയ്യൂലെടീ. പിന്നെ നിന്‍റെ തള്ളയെ പ്രാപിക്കും ഞാന്‍. അതിനെനിക്ക് ഇത്ര പ്രയാസമൊന്നും ഉണ്ടാവൂല. കേട്ടോടി കൂത്തിച്ചി മോളെ…’

ശ്വാസം കിട്ടാതെ ഞാന്‍ പിടഞ്ഞപ്പോള്‍ അയാള്‍ പിടി ഒരല്പം അയച്ചു. എന്‍റെ ബോധം പോകുന്ന പോലെ തോന്നി എനിക്ക്. അയാള്‍ ആ കൈകൊണ്ട് തന്നെ എന്നെ തള്ളി തൊട്ടടുത്ത മുറിയിലേയ്ക്ക് കയറ്റി. അവിടെ കട്ടിലില്‍ വിരിച്ചിട്ട പഴയ കോസടിയിലേക്ക് അയാളെന്നെ തള്ളിയിട്ടു. പിന്നെ ഒരുപാട് നാള്‍ പട്ടിണി കിടന്ന ഒരു വന്യമൃഗം തൊട്ടു മുന്നില്‍ കിട്ടിയ ഇരയുടെ മേലേയ്ക്ക് ചാടിവീഴുന്ന പോലെ എന്‍റെ മേലേക്ക് ചാടി വീണു. വാരിയെല്ലുകള്‍ പൊട്ടുന്ന പോലെ എനിക്ക് വേദനിച്ചു. അയാള്‍ എന്തക്കെയോ കാണിച്ചു. അപ്പോള്‍, ഞാന്‍ ജീവനുള്ള ഒരു വെറും ശവമായി മാറുകയായിരുന്നു. ജീവനുള്ള വെറും ഒരു ശവം.

സീതാ ദേവി ഭാഗ്യവതിയായിരുന്നു. ആഗ്രഹിച്ചപ്പോള്‍ ഭൂമി പിളര്‍ന്ന് മണ്ണിലൊളിക്കാന്‍ വരസിദ്ധി നേടിയവള്‍. ഞാന്‍ കേവലം ഒരു ഗ്രാമീണ പെണ്‍കുട്ടി മാത്രമായിരുന്നു. അതിനാല്‍ എന്നെ കടിച്ചു കുടഞ്ഞ ചെന്നായയുടെ തെറ്റ് പോലും ഞാന്‍ ചുമക്കേണ്ടി വന്നു. എന്‍റെ അസ്ഥികളില്‍ നിന്നും മാംസം ഉരിഞ്ഞെടുത്ത് അയാള്‍ ഭക്ഷിക്കുമ്പോള്‍ എനിക്ക് വെറുതെ നോക്കി നില്‍ക്കേണ്ടി വന്നു. ഹൃദയം നുറുങ്ങിപ്പോവുന്ന വേദനയോടെ ഞാന്‍ കരഞ്ഞപ്പോള്‍ അയാള്‍ക്ക് കേള്‍ക്കുവാന്‍ കാതുകളുണ്ടായിരുന്നില്ല. ഈ ലോകത്ത് ഒന്നും വെറുതെ കിട്ടുന്നില്ലെന്ന് തിരിച്ചറിയാത്തത് എന്‍റെ തെറ്റ് തന്നെയാണ്.

അയാള്‍ സ്നേഹം നടിച്ച് വച്ചു നീട്ടിയ പണം മുഴുവന്‍ എന്‍റെ ശരീരത്തിന്‍റെ വിലയായിരുന്നെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോയത് എന്‍റെ തെറ്റല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?

ബലാത്കാരമായി ഒരു പുരുഷന്‍ പ്രാപിച്ച് ഗര്‍ഭിണിയാക്കിയാലും അത് പെണ്ണിന്‍റെ തെറ്റ് തന്നെയാണെന്ന് ജല്പിക്കുന്ന സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്ന ഏതൊരു പെണ്ണിനേയും പോലെ ഞാനും ക്രൂശിക്കപ്പെടേണ്ടവളാണ്. കല്ലെറിഞ്ഞ് കൊല്ലപ്പെടേണ്ടവളാണ്.

അയാളുടെ ഭാരം എന്‍റെ മേനിയില്‍ നിന്നൊഴിഞ്ഞപ്പോള്‍ ഞാന്‍ കമഴ്ന്നു കിടന്നു കരഞ്ഞു. അയാളെ ഞാന്‍ കൊന്നു കളയേണ്ടതായിരുന്നു. എനിക്കതിനായില്ല. അതിനുള്ള ധൈര്യമില്ല. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അയാള്‍ മുറിയിലേക്ക് വീണ്ടും കയറി വന്നു. ഒരു പായ്ക്കറ്റ് കട്ടിലിലേക്കിട്ട് അയാള്‍ പറഞ്ഞു..

‘ഇന്നാ.. ഇതിലൊരെണ്ണം കുടിച്ചാല്‍ മതി. ഇനി രാജന്‍റെ കൊച്ചിനെ വയറ്റിലിട്ട് നടക്കണ്ട. നീയിത്രയ്ക്ക് മോങ്ങാനുള്ളതൊന്നും ഇവിടെ നടന്നില്ല. വേറെ ആരോടെങ്കിലും പറഞ്ഞാല്‍, കണാരനെ പോലെ ഞാന്‍ നാട് വിട്ടു പോകാനൊന്നും പോകുന്നില്ല. എല്ലാറ്റിനേം ചേര്‍ത്ത് ഒരു കൊള്ളി കൊണ്ട് കൊളുത്തും. നല്ലോണം നിന്നാല്‍ നിനക്ക് കൊള്ളാം. ഇന്നാ.. പൈസ ഇവിടെ വച്ചിട്ടുണ്ട്.’

അയാള്‍ പോയി. മുന്‍വശത്തെ വാതിലടയ്ക്കുന്ന ശബ്ദം കേട്ടു. എനിക്ക് മതിവരുന്ന വരെ അവിടെ കിടന്നു കരഞ്ഞു. വെകുന്നേരമായപ്പോള്‍ എഴുന്നേറ്റിരുന്ന് ആലോചിച്ചു. എന്താണ് ചെയ്യേണ്ടത്? അമ്മയോട് പറഞ്ഞാലോ? പാവം അമ്മയെ കൂടി വിഷമിപ്പിക്കാനോ? നേരെ പോലീസ് സ്റ്റേഷനില്‍ ചെന്ന് പറഞ്ഞാലോ? പോലീസുകാരെ എനിക്ക് പേടിയാണ്. ഇവിടെയും ഞാന്‍ തോറ്റു പോവുകയാണല്ലോ? ജയിക്കാന്‍ ഒരു വഴിയുണ്ട്. എല്ലാം ഇവിടെ തീര്‍ക്കണം. സിദ്ദുവിന്‍റെ മുഖം മനസ്സില്‍ തെളിഞ്ഞപ്പോള്‍ എനിക്കതിനു ആവുന്നില്ലല്ലോ എന്ന് സ്വയം പരിതപിച്ചു.

ഞാനെഴുനേറ്റു. അയാള്‍ കൊണ്ടു വന്ന് കട്ടിലിലേക്കിട്ട പായ്ക്കറ്റ് തുറന്നു. കരച്ചില്‍ നിന്നിരുന്നു. കരഞ്ഞിട്ട് കാര്യമില്ല. ജീവിക്കാനും മരിക്കാനും വയ്യാത്തവര്‍ കരഞ്ഞിട്ടെന്ത് കാര്യം. ജീവിതത്തില്‍ കുറച്ച് കാലങ്ങളായി നല്ലതൊന്നും നടക്കുന്നില്ലല്ലോ? ഞാന്‍ ഒരു ഗുളികയെടുത്തു. എന്തിനുള്ളതാണാവോ? വല്ല വിഷവുമാണോ? ആണെങ്കിലെന്ത്? വന്നതിനേക്കാള്‍ കൂടുതല്‍ ഇനിയെന്ത് വരാന്‍? എഴുന്നേറ്റു നടന്നപ്പോള്‍ എനിക്ക് അടിനാഭിയില്‍ വല്ലാത്ത ഒരു കൊളുത്തിപ്പിടുത്തമുണ്ടായിരുന്നു. അടുക്കളയില്‍ ചെന്ന് ഞാനാ ഗുളിക കഴിച്ചു. അയാള്‍ വച്ചിട്ട് പോയ പൈസയിലേക്ക് നോക്കി കുറെ നേരം വെറുതെ നിന്നു. മനസ്സ് ശൂന്യമായിരുന്നു അപ്പോള്‍. പിന്നെ വിറയ്ക്കുന്ന കൈകളോടെ ഞാനത് എടുത്തു. ആ പണം എന്‍റെ കൈവെള്ളയില്‍ കനല്‍ പോലെ ചുട്ടുപഴുത്തു. മനസ്സ് ഒരു വെണ്ണീര്‍കുഴി ആയിട്ടുണ്ട്. അവിടെ ചാരം മൂടിക്കിടക്കുന്നത് എന്‍റെ ജീവിതം തന്നെയാണ്.

വീട്ടിലെത്തിയപ്പോള്‍ ഇരുട്ടിത്തുടങ്ങിയിരുന്നു. വഴിയിലെവിടെയും വച്ച് സുകുവിനെ കാണരുതേ എന്നായിരുന്നു പ്രാര്‍ത്ഥന. മുറ്റത്ത് തന്നെ അമ്മ പതിവ് പോലെ ആധി പിടിച്ച് കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ചങ്കൊന്ന് പിടച്ചു. എന്‍റെ മുഖഭാവം കണ്ടപ്പോള്‍ അമ്മ പരിഭ്രമിച്ചിരിക്കണം. എന്ത് പറ്റി? എന്താ നേരം വെകിയത്? ഒരു ശ്വാസത്തില്‍ നിറയെ ചോദ്യങ്ങള്‍.

എല്ലാം പറയണം എന്നുണ്ടെങ്കിലും ഞാനൊന്നും പറഞ്ഞില്ല. അമ്മയോടൊരു നുണ പറഞ്ഞു. ഈ നെരിപ്പോടില്‍ എന്‍റെ ഹൃദയം മാത്രമുരുകിയാല്‍ മതിയല്ലോ? അതായിരുന്നു എന്‍റെ തീരുമാനം. തലവേദനിക്കുന്നു, വിശപ്പില്ല എന്നൊരു കള്ളം പറഞ്ഞ് ഞാന്‍ വേഗം എന്‍റെ പായയിലേക്ക് ചുരുണ്ടു. അമ്മ പിന്നെ കുത്തിക്കുത്തി ഒന്നും ചോദിച്ചില്ല.

ചിന്താഗ്നിയുടെ കനലുകളില്‍, നഗ്നപാദങ്ങളോടെ ദിനങ്ങള്‍നടന്നു. വീണ്ടുമൊരു ഞായറാഴ്ച വന്നു. ഞാനിതുവരെ വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയിരുന്നില്ല. പുറത്തിറങ്ങിയാല്‍ സുകുവിനെ കാണുമോ എന്നെനിക്ക് പേടിയുണ്ട്. രാവിലെ അമ്മ ചോദിച്ചിരുന്നു, ഇന്ന് പോകുന്നില്ലേ?, ഉച്ചയ്ക്ക് കഴിക്കാന്‍ പൊതിച്ചോറ് കെട്ടട്ടെ എന്ന്. പോകുന്നില്ല, വേണ്ട, എന്നൊക്കെ പറയാന്‍ തുനിഞ്ഞതാണ്. എന്ത് കൊണ്ട് പോകുന്നില്ല എന്നമ്മ ചോദിച്ചാല്‍ എല്ലാം പറയേണ്ടി വരും. നാലു ദിവസമായി ശാരദക്കുട്ടി പുതിയ യൂണിഫോം വേണം എന്ന് പറയുന്നു. ഇപ്പോഴുള്ളത് കീറിയതെ. കഷ്ടിച്ച് കുറച്ച് പൈസയെ ഉള്ളൂ. അല്ലെങ്കില്‍ വയ്യാത്ത അമ്മയെ പാടത്ത് പണിക്ക് വിടണം. അല്ലെങ്കില്‍ ഞാന്‍ പോണം. എവിടെ എന്ത് സുരക്ഷയാണ് കിട്ടുക. ഏതു നിമിഷവും ഒരു പ്രതികൂല സാഹചര്യത്തിലെത്തിപ്പെടാം. എപ്പോള്‍ വേണമെങ്കിലും എന്‍റെ സമ്മതമില്ലാതെ എന്‍റെ മേനിയിലേക്ക് ഒരു പുരുഷന്‍ അത്രിക്രമിച്ച് കയറാം. അതാരുമാവാം.

ഞാന്‍ അമ്മ കാണാതെ ചോറ്റു പൊതിയുടെ കൂടെ അടുക്കളയിലെ പഴയൊരു തുരുമ്പെടുത്ത കത്തി കൂടി പ്ലാസ്റ്റിക് കവറിലിട്ടു. ഇന്നയാള്‍ വന്നാല്‍ കൊല്ലും ഞാന്‍ എന്ന് തന്നെ മനസ്സിലുറപ്പിച്ചു. പക്ഷെ എനിക്കുറപ്പുണ്ടായിരുന്നു. എനിക്കയാളെ കീഴ്പ്പെടുത്താനൊന്നും കഴിയില്ലെന്ന്. എന്നാലും കൈയ്യിലൊരു കത്തി കണ്ടാല്‍ അയാള്‍ പേടിച്ച് പിന്മാറിയാലോ.

നമ്മള്‍ ഭയപ്പെടുന്നില്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തിയാല്‍ നമ്മള്‍ പകുതി ജയിച്ചു എന്നാണ് അച്ഛന്‍ പറയാറുണ്ടായിരുന്നത്. അതെ. എനിക്ക് നല്ല ഭയമുണ്ട്. പക്ഷെ ഞാനാ ഭയം ആരെയും കാണിക്കില്ല. ഒരിക്കലും.

ഇടവഴിയിലേക്കിറങ്ങിയ ഞാന്‍ കനലിലേക്കാണ് കാലെടുത്ത് വച്ചത്. കുറച്ച് ദൂരെ എന്നെ കാത്തിരിക്കുന്നു സുകു. ഈ നിമിഷം പ്രാണന്‍ പോയെങ്കില്‍ എത്ര നന്നയിരുന്നേനെ. തലതാഴ്ത്തി സുകുവിന് മുഖം കൊടുക്കാതെ പതുക്കെ മുമ്പോട്ട് നടന്നു. എന്നാല്‍ ഞാന്‍ മുന്‍പിലെത്തിയതേ സുകു ചോദിച്ചു.

‘എന്താ.. കണ്ടിട്ട് കുറച്ചീസായല്ലോ?’

ഞാന്‍ സുകുവിനെ നോക്കിയില്ല. പതുക്കെ പറഞ്ഞു. ‘നല്ല സുഖമില്ലായിരുന്നു.’ അപ്പോള്‍ എന്തായിരുന്നു അസുഖം എന്നായി സുകു. ഞാന്‍ മെല്ലെ, ‘തിരക്കുണ്ട്, പോട്ടെ’ എന്ന് പറഞ്ഞ് മുന്നോട്ട് നടന്നു. എന്‍റെ കണ്ണുകള്‍ രണ്ടരുവികളായി ഒഴുകുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കാന്‍ നിന്നില്ല. അവിടെ ശില പോലെ നില്‍ക്കുന്ന സുകുവിനെ തിരിഞ്ഞു നോക്കാതെ തന്നെ കാണാമായിരുന്നു. ഞാന്‍ വേഗം വേഗം നടന്നു.

കവലയിലെത്തി ബസ്സ് കാത്തു നില്‍ക്കെ റോഡിന്‍റെ അപ്പുറത്ത് നിന്നും സുകു എന്നെ നോക്കി നില്‍ക്കുന്നത് കണ്ടു. എന്‍റെ നെഞ്ചില്‍ തിരിച്ചറിയാനാവാത്ത ഒരു വികാരം ഭാരമായി മാറി. ഭാഗ്യത്തിന് ബസ്സ് വന്നു. അതില്‍ നിന്നും വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. ഇലക്ട്രിക് പോസ്റ്റില്‍ കയ്യൂന്നി സുകു അവിടെ തന്നെ ബസ്സിലേക്കും നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

ഉള്ളു വിറച്ചു കൊണ്ടാണ് ഞാനാ വീടിന്‍റെ അകത്തേക്ക് കയറിയത്. അടിച്ചു വരാനൊന്നും നിന്നില്ല. കഴിഞ്ഞ തവണ അയാള്‍ കൊണ്ട് വന്ന ഭക്ഷണം അവിടെ ഇരുന്ന് കേടുവന്ന് മണക്കുന്നുണ്ട്. പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല. ഗേറ്റിങ്കലേക്ക് കണ്ണ് നട്ട് ജാലകത്തിന്‍റെ അരികില്‍ തന്നെ നിന്നു. കൈയ്യില്‍ ആ തുരുമ്പെടുത്ത കറിക്കത്തി ഉണ്ടായിരുന്നു.

വൈകുന്നേരം വരെ നിന്നെങ്കിലും ആരും ആ വഴി വന്നില്ല. ഞാന്‍ പുറത്തിറങ്ങി. പട്ടണത്തില്‍ നിന്നും നല്ലൊരു പിച്ചാത്തി വാങ്ങി. ഒരു ധൈര്യത്തിന്. ഇടവഴിയില്‍ കാത്തു നില്‍ക്കുന്ന സുകുവിനെ കണ്ടു. ആ മുഖത്ത് നോക്കാനുള്ള പ്രയാസം അപ്പോഴും എന്നെ വിട്ട് പോയിട്ടുമില്ല. എങ്കിലും സുകുവിനെ നോക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു. ഒരു വികൃതമായ പ്രഹസനമായി അത് മാറി. അടുത്തെത്തിയതേ സുകു ചോദിച്ചു.

‘എന്തായിരുന്നു ഇത്ര തിരക്ക്? അസുഖമെന്താണ് എന്ന് പോലും പറഞ്ഞില്ല..’

ആ ചോദ്യം നിറയെ നീരസമുണ്ടായിരുന്നു. ഞാന്‍ നിന്നു. പിന്നെ മെല്ലെ പറഞ്ഞു.

‘പനിയായിരുന്നു.. വയ്യെങ്കിലും പണിക്കു പോയാലല്ലേ അടുപ്പ് കത്തൂ.. അതോണ്ടാ തിരക്ക് കൂട്ടിയത്..’

സുകു ഒന്നും മിണ്ടിയില്ല. എന്തെങ്കിലും പറഞ്ഞ് ഒന്നാശ്വസിപ്പിക്കും എന്ന് കരുതി. എന്നാല്‍ അതുണ്ടായില്ല. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ചോദിച്ചു.

‘നീ ചോദിച്ചാലിപ്പോള്‍ രാജേട്ടന്‍ എന്തും തരുമല്ലോ.. പിന്നെന്തിനാ ഇത്ര കഷ്ടപ്പെടുന്നത്?’

ഹൃദയത്തിലേക്കൊരു കാരമുള്ള് തുളഞ്ഞു കയറി. ഉള്ളൊന്നു പിടഞ്ഞു. ആ പിടച്ചിലോടെ അവനെ തുറിച്ച് നോക്കിയപ്പോള്‍ എന്‍റെ ചുണ്ടൊന്ന് വിതുമ്പിയോ? നിസംഗതയോട് കൂടി അവന്‍ തുടര്‍ന്നു..

‘നാട്ടുകാരൊക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ചെമ്പകത്തെ രാജേട്ടന്‍ വച്ചോണ്ടിരിക്കുന്നതാ നിന്നെയെന്ന്. ചങ്ങാതിമാരൊക്കെ ഓരോന്ന് പറയുന്നു… കേള്‍ക്കുമ്പോള്‍ ഉള്ളു കത്തുകയാണ്…’

എനിക്ക് ശ്വാസം വിലങ്ങി. നാലഞ്ച് നിമിഷം എന്ത് പറയണം എന്നാലോചിച്ചു..

‘നാട്ടുകാരെന്തോ പറഞ്ഞോട്ടെ… സുകു അത് വിശ്വസിക്കുന്നുണ്ടോ? ഞാന്‍ അത്രയ്ക്ക് ചീത്തയാണെന്ന് സുകു കരുതുന്നുണ്ടോ?’

എന്‍റെ ചോദ്യത്തിന്‍റെ അവസാനം ഒരു തേങ്ങലായിരുന്നു. ഒരു നെടുവീര്‍പ്പോടെ സുകു പറഞ്ഞു.

‘എനിക്കറിയില്ല. രാജേട്ടന്‍ ആള് ശരിയല്ല എന്നറിയാം. അയാളൊരു മൂത്ത കോഴിയാണ്. പിന്നെ ഞാനെന്താ പറയാ. ആ പണി വേണ്ടാന്ന് വച്ചൂടെ..?’

കണ്ണീര്‍ തുടച്ച് കൊണ്ട് ഞാന്‍ ചോദിച്ചു..

‘എന്നാ സുകു ഒരു ജോലി ശരിയാക്കിത്താ.. എന്തെങ്കിലും ജോലി ചെയ്യാതെ പറ്റൂല സുകു..’

പരിഹാസ പൂര്‍വ്വം അവന്‍റെ ചുണ്ട് ഒരു ഭാഗത്തേക്ക് കോടിപ്പോയി. പിന്നെ തന്നെത്താന്‍ പറഞ്ഞു. ‘ഹും.. ഇവിടെ ആണുങ്ങള്‍ക്ക് തന്നെ ജോലിയില്ല. പെണ്ണായിപ്പിറന്നാല്‍ മതി. ജോലിയോ കൂലിയോ ഒക്കെ റെഡിയാണ്.’

മുഖത്തടിയേറ്റ പോലെയാണ് എനിക്ക് തോന്നിയത്. സുകുവില്‍ നിന്നും അങ്ങിനെ ഒരു പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചതല്ല. ഉള്ളില്‍ കലമ്പുന്ന ദേഷ്യത്തോടെ ഞാന്‍ തിരിച്ച് പറഞ്ഞു.

‘പെണ്ണായിപ്പിറന്നതിന്‍റെ സകല ദൂഷ്യങ്ങളും തിന്നു തീര്‍ക്കുകയാണ് ഞാന്‍. സുകുവിനതറിയാമോ? ഞാന്‍… ഞാന്‍…’

കിതപ്പ് കാരണം എനിക്ക് പിന്നെ വാക്കുകള്‍ കിട്ടിയില്ല. പിന്നെയും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. സാധിക്കുന്നില്ല. പിന്നെ നിന്നില്ല. ഒഴുകുന്ന കണ്ണുകളുമായി വേഗം നടന്നകന്നു.

വീട്ടിലെത്തിയപ്പോഴേക്കും സങ്കടം കാരണം എനിക്കൊന്ന് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന സിദ്ധു എന്നെ കണ്ടപ്പോള്‍ ചിരിച്ചു കൊണ്ട് ഓടിവന്നു. കനല്‍ക്കട്ടയില്‍ മഞ്ഞ് പെയ്ത പോലെ ഉള്ളമൊന്നു തണുത്തു.

കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടപ്പോള്‍ എന്താ കാര്യമെന്ന് അമ്മ ചോദിച്ചു. ഞാന്‍ അമ്മയോട് പറഞ്ഞു. ‘നാട്ടുകാര്‍ ഓരോന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു.’

പാവം അമ്മ. വിഷാദം പൂണ്ട് ഒന്നും മിണ്ടാതെ കുറെ നേരം അടുക്കളയില്‍ ഒറ്റയ്ക്കിരുന്ന് കരഞ്ഞു. രാത്രി എന്‍റെ പായയുടെ അരികില്‍ വന്നിരുന്ന് എന്‍റെ മുടിയിഴകളില്‍ തലോടിക്കൊണ്ട് പറഞ്ഞു.

‘നാട്ടുകാരുടെ തൊള്ളയില്‍ നമുക്ക് കയറിയിരിക്കാന്‍ പറ്റില്ലല്ലോ.. നമ്മളെന്തെങ്കിലും തിന്നോ ഇല്ലയോ എന്നാരും നോക്കില്ല. നമ്മളെങ്ങോട്ടാ പോകുന്നത്, ആരോടാ വര്‍ത്തമാനം പറയുന്നത് എന്നൊക്കെ നോക്കാന്‍ തിരക്കായിരിക്കും. നീ അതൊന്നും നോക്കണ്ട. നോക്കിയിട്ട് കാര്യമില്ല. പെണ്ണൊരുത്തി വീണു പോയാല്‍, അവളെ പിടിച്ചെണീപ്പിക്കാനല്ല ആളുകള്‍ക്ക് താല്പര്യം. അവള്‍ എണീക്കാന്‍ നോക്കുമ്പോള്‍, പിന്നെയും തള്ളിയിടാനാണ്. എന്നിട്ട് അവളുടെ മേലേക്ക് കയറാനാണ്. നീ വിഷമിക്കണ്ട. തീരെ നിവര്‍ത്തിയില്ലാതെ വന്നാല്‍ നമുക്കെല്ലാവര്‍ക്കും കൂടി അച്ഛന്‍റെ അടുത്തേക്കങ്ങു പോകാം. അവിടെ ഒരുത്തനും ഒന്നും പറഞ്ഞു വരൂല്ലല്ലോ…’

അമ്മയുടെ തൊണ്ടയില്‍ ഒരു തേങ്ങല്‍ ചത്തു വീണത് ഞാനറിഞ്ഞു. ഞാന്‍ എഴുന്നേറ്റിരുന്നു. അമ്മയുടെ മുഖത്ത് നോക്കിപ്പറഞ്ഞു.

‘വേണ്ടമ്മേ. നമ്മള് ചത്താല്‍ അതിനു ഈ നാട്ടുകാര് വേറെ കഥയുണ്ടാക്കും. നമ്മള്‍ക്ക് ജീവിക്കണം. നമ്മള്‍ക്ക് ജീവിക്കണം.’

ഞാന്‍ ഒരു തേങ്ങലോടെ അമ്മയുടെ ചുമലിലേക്ക് ചാഞ്ഞു. അമ്മ എന്‍റെ മുതുകിലൂടെ വിരലോടിച്ച് കൊണ്ടേ ഇരുന്നു. ആ രാത്രി ഞങ്ങള്‍ അങ്ങിനെ എത്ര നേരം ഇരുന്നു എന്നെനിക്കറിയില്ല. രാവിന്‍റെ അവസാനയാമങ്ങളിലേതിലോ ഞങ്ങള്‍ അറിയാതെ മയക്കത്തിലേക്ക് വീണു പോയി.

തുടരും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top