- Malayalam Daily News - https://www.malayalamdailynews.com -

വേദകാലവും പശുവും

vedakalavum bannerഇന്ത്യാ ചരിത്രത്തിലെ മഹത്തായ സംസ്കാരമായി വേദകാലം അറിയപ്പെടുന്നു. മദ്ധ്യ ഏഷ്യയില്‍ നിന്നു വന്ന ആര്യന്മാര്‍ തങ്ങളുടെ അലഞ്ഞു തിരിയുന്ന സ്വഭാവം ഉപേക്ഷിച്ചു സിന്ധുവിന്‍റെയും പോഷക നദികളുടെയും തീരത്ത് സ്ഥിര താമസമാക്കി.

ഋഗ്വേദ കാലത്തെ സമൂഹം പശുവിനെയാണ് ധനമായി കണക്കായിരുന്നത്. എന്നാല്‍ ഇക്കാലത്ത് പശുവിനെ പുണ്യ മൃഗമായി കരുതിയിരുന്നില്ല. പശുക്കളുടെ അംഗസംഖ്യ അനുസരിച്ചാണു ഒരാളുടെ പദവി സമൂഹത്തില്‍ നിര്‍ണ്ണയിച്ചിരുന്നത്. പശുവിനു വേണ്ടി ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ സര്‍വ്വ സാധാരണയായിരുന്നു. യുദ്ധങ്ങളില്‍ കൂട്ടത്തോടെ പശുക്കളെ കൊന്നൊടുക്കിയിരുന്നു. ജനങ്ങള്‍ ഗോമാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് കൃഷിയുടെയും കന്നുകാലി സമ്പത്തിന്‍റെ അഭിവൃദ്ധിക്കു വേണ്ടിയും, ഗോത്രത്തിന്‍റെെ ഐശ്വര്യത്തിനു വേണ്ടിയും, സല്‍പുത്രന്മാര്‍ക്കു വേണ്ടിയും യാഗങ്ങള്‍ നടത്തുക പതിവായിരുന്നു. യാഗങ്ങളോടു അനുബന്ധിച്ചു മൃഗബലി സാധാരണയായിരുന്നു.

മഹാജനപദങ്ങളുടെ കാലത്ത് വൈദിക മതം പുതിയ കാര്‍ഷിക വികാസനത്തിന് തടസ്സം സൃഷ്ടിച്ചു. പുതിയ കാര്‍ഷിക വ്യവസ്ഥയുടെ അടിസ്ഥാനം കന്നുകാലി സമ്പത്തായിരുന്നു. എന്നാല്‍ യാഗങ്ങളില്‍ കണക്കില്ലാതെ കന്നുകാലികളെ കൊന്നൊടുക്കിയത് കൃഷിയുടെ വികാസത്തിന് ഭീഷണി ഉയര്‍ത്തി. കാലി സമ്പത്ത് സാവധാനം ഇല്ലാതായി. കന്നുകാലികളുടെ സംരക്ഷണം കാര്‍ഷിക പുരോഗതിക്ക് അനിവാര്യമായിരുന്നതിനാല്‍ അവയെ കൊന്നൊടുക്കുന്ന വൈദിക മതത്തെ ജനങ്ങള്‍ നിരാകരിച്ചു. മൃഗബലിക്കും ഹിംസക്കുമെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച ജൈന ബുദ്ധ മതങ്ങള്‍ക്ക് അവര്‍ സ്വാഗതമേകുകയും ചെയ്തു.

പിന്നിട് ഹിന്ദു മതത്തെ ഇന്നത്തെ രൂപത്തിലേക്ക് സംഘടിപ്പിച്ചത് ശങ്കരാചാര്യര്‍ ആയിരുന്നു. ബുദ്ധ മതത്തെ വിമര്‍ശിച്ചുവെങ്കിലും അതില്‍ നിന്ന് ചില ആശയങ്ങളും അദ്ദേഹം സ്വീകരിച്ചു. അതിനാല്‍ ശങ്കരനെ പലപ്പോഴും ‘പ്രച്ഛന്ന ബുദ്ധന്‍’ എന്നു വിളിക്കാറുണ്ട് . ബുദ്ധമതത്തിന്‍റെ വളര്‍ച്ചക്ക് കാരണമായ സന്യാസിമഠങ്ങള്‍, സസ്യാഹാരം എന്നീ ആശയങ്ങള്‍ അദ്ദേഹം ബുദ്ധമത്തില്‍ നിന്നു കടം കൊണ്ടതാണ്. അങ്ങനെയാണ് സസ്യാഹാരം ബ്രാഹ്മണിക്കല്‍ ഹിന്ദുമതത്തില്‍ ഇടം പിടിച്ചത്.

ഇന്ത്യയിലെ മിക്ക സാമൂഹ്യ മത പരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ഗ്ഗീയതയുടെ വളര്‍ച്ചക്കു കാരണമായിട്ടുണ്ട്. സ്വാമി ദയാനന്ദ സരസ്വതിയുടെ ശുദ്ധി പ്രസ്ഥാനം, ഗോസംരക്ഷണ സംഘം എന്നിവ ആധുനിക ഇന്ത്യന്‍ സമൂഹത്തെ വര്‍ഗ്ഗീയമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിച്ചു .

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ രണ്ടാം ഘട്ടം (1909-1916) തീവ്ര ഹിന്ദുത്വ ദേശീയതയുടെ കാലമായിരുന്നു. ഇക്കാലത്ത് ഗോസംരക്ഷണത്തിന്‍റെ പേരില്‍ നിരവധി വര്‍ഗ്ഗീയ കലാപങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടുണ്ട് . ഇന്ത്യന്‍ ദേശീയ നേതൃത്വം പ്രോത്സാഹിപ്പിച്ച ഈ പശു രാഷ്ട്രീയം മുസ്ലീങ്ങളെ ദേശീയ പ്രസ്ഥാനത്തില്‍ നിന്നു അകറ്റുന്നതിനും, പില്‍ക്കാലത്ത് ഇന്ത്യയുടെ വിഭജനത്തിലേക്കു നയിച്ച കാരണങ്ങളില്‍ ഒന്നായി തീരുകയും ചെയ്തു.

സമകാലിക ഇന്ത്യയില്‍ വീണ്ടും പശു രാഷട്രീയത്തിലൂടെ തീവ്ര ഹിന്ദുത്വത്തെ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. ആള്‍ക്കൂട്ട ആക്രമണത്തിലും കൊലയിലും എത്തി നില്‍ക്കുന്നു ഇന്നത്തെ പശു രാഷട്രീയം.

2019 ലെ ഇലക്ഷനു മികച്ച വിജയം നേടിയ സര്‍ക്കാറിന് പശുവിന്‍റെയും, ബീഫിന്‍റെയും പേരു പറഞ്ഞു ആക്രമണങ്ങള്‍ നടത്തുന്നവരെ ആശ്രയിക്കേണ്ട ആവശ്യമില്ല. ആള്‍ക്കൂട്ട ആക്രമണം നടത്തുന്ന ക്രിമിനലുകള്‍ക്കു എതിരെ ശക്തമായ നിയമം കൊണ്ടു തടഞ്ഞില്ലെങ്കില്‍ ക്രമേണ രാജ്യം അരാജകത്തിലേക്ക് വഴുതി പോകും. രാജ്യത്തിന്‍റെ ക്രമസമാധാന നില തകര്‍ക്കുന്ന ഇത്തരം ആക്രമണങ്ങള്‍ക്കു എതിരെ ശക്തമായ നിയമങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കൊണ്ടുവരേണ്ടതാണ്.

ലോകത്ത് ഏറ്റവും കുടുതല്‍ ബീഫു കയറ്റി അയക്കുന്ന രാജ്യത്തെ ജനത ബീഫു കഴിച്ചതിന്‍റെയും, കൈവശം വെച്ചതിന്‍റെയും പേരില്‍ കൊല്ലപ്പെടുന്നതു എത്ര വിരോധാഭാസമാണ്.

ദാരിദ്യത്തിന്‍റെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണുള്ളത്. ജനസംഖ്യയുടെ 21% ആളുകള്‍ ദാരിദ്യ രേഖക്ക് താഴെയാണു ജീവിക്കുന്നത്. അങ്ങനെയുള്ള ഒരു രാജ്യത്തു എന്ത് കഴിക്കരുതെന്നു പറയുന്നതിനെക്കാളും എന്താണു കഴിക്കാനുള്ളത് എന്നു അന്വേഷിക്കുകയാണു ഭരണാധികാരികള്‍ ചെയ്യേണ്ടത് .

സമ്പന്നരായ പാശ്ചാത്യ ജനത പോലും ഏററവും കൂടുതല്‍ ഭക്ഷിക്കുന്ന മാംസം ബീഫ് ആണ്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]