കുട്ടികളെ പുസ്തകങ്ങളുടെ മേല്‍ പൊരുന്നക്കോഴികളെപ്പോലെ അടയിരുത്തി, നാളെയെ വിരിയിച്ചെടുക്കുന്ന നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ സംസാരിക്കുന്ന സിനിമയാണ് പതിനെട്ടാം പടി. പതിനേഴ് വയസ് വരെയുള്ള ഒരു കുട്ടിയുടെ ജീവിതം സ്കൂള്‍ മതിലുകള്ക്കുള്ളിലാണെങ്കില് അത് കഴിഞ്ഞ് പുറം ലോകത്തേയ്ക്ക് കടന്നുചെല്ലുന്ന പതിനെട്ടാം വയസിനെ, അല്ലെങ്കില്‍ നിയമപരമായി പ്രായപൂര്‍ത്തിയാകുന്ന യാണ് പതിനെട്ടാം വയസ്സിനെയാണ് പതിനെട്ടാം പടി എന്ന പേര് കൊണ്ട് വിവക്ഷിക്കുന്നത്. പതിനെട്ടാം പടിയിലെത്തി നില്ക്കുന്ന കുട്ടികളുടെ മുന്നോട്ടുള്ള ജീവിതം എങ്ങിനെയാകണം എന്നതില്‍ ഇടപെടുകയാണ് സിനിമ.
തെക്കന്‍ തിരുവിതാംകൂറിലെ 90കളുടെ അവസാനമാണ് സിനിമ പശ്ചാത്തലമാക്കുന്നത്. അവിടുത്തെ മോഡല്‍ സര്‍ക്കാര്‍ ബോയ്സ് സ്കൂളും ഒരു പ്രൈവറ്റ് ഇന്റര്‍നാഷണല്‍ സ്കൂളും തമ്മിലുള്ള വ്യത്യാസവും ഇരു സ്കൂളുകളിലെയും കുട്ടികള്‍ തമ്മിലുള്ള വൈര്യത്തിലാണ് ചിത്രം തുടങ്ങുന്നത്. ബ്രോയിലര്‍ കോഴികളെപ്പോലെ വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്ന ഇന്റര്‍നാഷണല്‍ സ്കൂളുകളെയും വിദ്യാര്‍ത്ഥികളും അധ്യാപകരും തോന്നിയപോലെ വിളയാടുന്ന സര്‍ക്കാര്‍ സ്കൂളുകളെയും പല സിനിമകളും തുറന്നു കാണിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഗൗരവമായ ഈ വിഷയത്തിലേക്ക് നേരിട്ട് കടക്കാതെ ഇരു സ്കൂളുകളിലെയും കുട്ടികള്‍ തമ്മിലുള്ള സംഘട്ടനത്തിലും സംഘര്‍ഷങ്ങളിലുമാണ് സിനിമയുടെ ആദ്യ പകുതി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കൗമാരത്തിന്റെ ചോരത്തിളപ്പും എടുത്ത് ചാട്ടവും എടുത്ത് ഉപയോഗിച്ചിരിക്കുകയാണ് ഇവിടെ. ഇന്റര്‍നാഷണല്‍ സ്കൂളിലെ കുട്ടികള്‍ തങ്ങളുടെ പണക്കൊഴുപ്പിന്റെ അഹങ്കാരം പുറത്തുകാണിക്കുമ്പോള്‍, തങ്ങള്‍ നേരിടുന്ന അവഗണനയും പുശ്ചവും സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളെ കലിപ്പാക്കുന്നു. ഈ വൈര്യത്തില്‍ അടിസ്ഥാനമിട്ടുകൊണ്ടുള്ള ഫൈറ്റ് സീനുകളാണ് ചിത്രത്തെ ചടുലമാക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ തുടക്കത്തിലെ ബൈസിക്കിള്‍ പോളോയുടെ രംഗങ്ങള്‍ അതിഗംഭീരം. ഓരോ വിഷ്വല്‍സും ആവേശത്തിന്റെ പരകോടിയിലെത്തിക്കും. വളരെ ഇന്റലിജന്റായ ക്യാമറ വര്‍ക്കും സംവിധാന മികവും ചേര്‍ന്നപ്പോള്‍ പുതുമയോടെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ ബൈസിക്കിള്‍ പോളോ പ്രേക്ഷകരിലേക്ക് കത്തിക്കയറി. ഇരു സ്കൂളിലെയും ഗ്യാങ്ങുകള്‍ തമ്മിലുള്ള ആക്ഷന്‍ രംഗങ്ങള്‍ കണ്ട് സീറ്റില്‍ നിന്ന് അറിയാതെ എഴുന്നേറ്റ് പോകാത്തവര്‍ ചുരുക്കം. പൂജപ്പുര ഗ്രൗണ്ടില്‍ മഴയത്ത് നടക്കുന്ന സംഘട്ടനവും ഡബിള്‍ ഡക്കര്‍ കെഎസ്ആര്‍ടിസി ബസില്‍ വെച്ച് നടക്കുന്ന ഫൈറ്റും ഒറ്റവാക്കില്‍ തകര്‍പ്പന്‍. ഛായാഗ്രാഹകന്‍ സുധീര്‍ ഇളമണ്ണും കെച്ച കെംപക്ഡോ, സുപ്രീം സുന്ദര്‍ എന്നീ ആക്ഷന്‍ കൊറിയോഗ്രാഫേഴ്സുമാണ് ഇവിടെ താരങ്ങളായത്. നെഞ്ചില്‍ തറയ്ക്കുന്ന പശ്ചാത്തല സംഗീതം കൂടിയായതോടെ അനുഭൂതിയുടെ ഉയരങ്ങളിലേക്ക് പ്രേക്ഷകരും പടി കയറി.
ചിത്രത്തിനെ രണ്ട് പകുതികളായി തിരിച്ചാല്‍ ആദ്യപകുതി രണ്ടാം പകുതിയേക്കാള്‍ കൂടുതല്‍ ചടുലമാണ്, സംഘര്‍ഷഭരിതമാണ്. രണ്ടാം പകുതിയില്‍ ചിത്രം മുന്നോട്ട് വെയ്ക്കുന്ന ആശയത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സ്കൂളിലെ കംപ്യൂട്ടര്‍ ഉദ്ഘാടനത്തിനെത്തുന്ന വിദ്യാഭ്യാസ മന്ത്രിയുടെ നേര്‍ക്ക് വിദ്യാര്‍ത്ഥികള്‍ എറിയുന്ന ചോദ്യങ്ങളില്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങള്‍ മുഴുവന്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ സ്കൂളിലെയും ഇന്റര്‍നാഷ്ണല്‍ സ്കൂളിലെയും പ്രശ്നങ്ങളെയും നന്മകളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് തന്നെ ഇതിനെല്ലാം അപ്പുറമുള്ള പുതിയൊരു വിദ്യാഭ്യാസ സമ്പ്രദായത്തെ അവതരിപ്പിക്കുകയാണ് ചിത്രം. ഇന്റര്‍നാഷ്ണല്‍ സ്കൂളില്‍ പഠിക്കുന്ന കാശുള്ള വീടുകളില്‍ നിന്ന് വരുന്ന കുട്ടികള്‍ മദ്യം, മയക്കുമരുന്ന്, ലൈംഗികാസക്തി മുതലായ സ്വാധീനവലത്തില്പ്പെട്ട് ജീവിതം നശിപ്പിക്കുന്നവരാണെന്ന് കാണിക്കുമ്പോള്‍, സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നത് സൗകര്യമില്ലായ്മയും മികച്ച വിദ്യാഭ്യാസം ലഭിക്കാത്തതുമാണെന്നും ചിത്രം പറയുന്നു. രണ്ട് സ്കൂളിലെയും കുട്ടികളോട് മുതിര്‍ന്നവര്‍ പോലും വേര്‍തിരിവ് കാണിക്കുന്നതിനെയും സിനിമ കാണിച്ചുതരുന്നുണ്ട്. ആ സാഹചര്യത്തില്‍ ഇരു കുട്ടികളും തമ്മില്‍ ബദ്ധ വൈരികളായിപ്പോകുന്നതില് തെറ്റുപറയാന്‍ പറ്റില്ല. അവരുടെ ഈ വൈര്യത്തിന്റെ കാരണം തേടിപ്പോയാല്‍ കുറ്റവാൡയുടെ സ്ഥാനത്ത് നില്ക്കുക, സര്‍ക്കാരായിരിക്കും.
ഒരുപറ്റം പുതുമുകങ്ങളുടെ അസാമാന്യ പ്രകടനമാണ് ചിത്രത്തിന്റെ കാതല്‍. സര്‍ക്കാര്‍ മോഡല്‍ ബോയ്സ് സ്കൂളിലെ അയ്യപ്പനും ഗ്യാങ്ങും കിടിലോല്‍ കിടിലം. അയ്യപ്പന്റെ ഡയലോഗുകള്‍ തകര്‍ത്തു. അയ്യപ്പനായി അഭിനയിച്ച അക്ഷയ് രാധാകൃഷ്ണന്റെ കരിസ്മ നല്ല രീതിയില്‍ സിനിമ ഉപയോഗിച്ചിട്ടുണ്ട്. നീണ്ട മുടിയും താടിയും ബട്ടണുകള്‍ അഴിച്ചിട്ട ഷര്‍ട്ടും ഒക്കെയായി അദ്ദേഹത്തിന്റെ ശരീര ഭംഗിയ്ക്കും സിനിമ നല്ല രീതിയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സ്കൂളിലെ ഗ്യാങ്ങിന്റെ നേതാവായ അശ്വിനും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഒപ്പം സോണി എന്ന കഥാപാത്രത്തിന്റെ നോട്ടവും ചിരിയും ശൗര്യവും വേറിട്ടു നിന്നു.
എജ്ജാതി ലുക്കാണ് എല്ലാവര്ക്കും എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ കഥാപാത്രങ്ങളുടെ ശരീരസൗന്ദര്യത്തെ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ ഫാന്‍സുകാരുടെ നെഞ്ച് തുളച്ചുകയറിയതാണ്. കൂടാതെ മുടിയും താടിയും പകുതിവരെ തുറന്നിട്ട ഷര്‍ട്ടും ചിരിയും നോട്ടവുമൊക്കെയായി ചിത്രത്തിലെ നടന്മാര് കത്തിക്കയറുമ്പോള്‍ നടിമാരില്‍ അഹാനയ്ക്കും വിദ്യാര്‍ത്ഥികളായി അഭിനയിച്ച പെണ്‍കുട്ടികള്‍ക്കും അതിഥി വേഷത്തിലെത്തിയ പ്രിയാമണിയ്ക്കും വരെ നല്ല സ്ക്രീന്‍ പ്രസന്‍സ് ലഭിക്കുന്നുണ്ട്.
ഊര്‍ജസ്വലമായ രംഗങ്ങളാണ് ചിത്രത്തിലുടനീളം. വലിച്ചുനീട്ടാതെ ഓരോ സീനിനും വല്ലാത്ത ഊര്‍ജം നല്കി, ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് കയറി കയറി പോവുകയാണ്. ഇപ്പം പാളുമെന്ന് തോന്നുന്ന രംഗങ്ങളെ പാളിപ്പോകുന്നതിന് മുമ്പേ വിദഗ്ധമായി രക്ഷിച്ചെടുത്തതായും കാണാം. ജോയ് ഓഫ് സ്കൂള്‍ നടത്തുന്ന അശ്വിനെ (പൃഥ്വിരാജ് സുകുമാരന്‍) കാണാനെത്തുന്നവരില്‍ ഒരാള്‍ ചോദിക്കുന്ന ചോദ്യത്തിന് സാഹിത്യം നിറഞ്ഞ മറുപടിയാണ് അശ്വന് നല്‍കുന്നത്. അല്‍പ്പം കട്ടിയായ ഭാഷയിലുള്ള ആ മറുപടി, പൂമരം എന്ന സിനിമയുടെ തുടക്കത്തില്‍ കാളിദാസന്റെ കഥാപാത്രത്തിനോട് അച്ഛന് പറയുന്ന ഒരു യമണ്ടന്‍ ഡയലോഗിനെ ഓര്‍മ്മിപ്പിച്ച്, ഇത് പാളുമോയെന്ന ശങ്ക ഉളവാക്കിയെങ്കിലും അതിന് മുമ്പേ അടുത്ത രംഗത്തെ കയറ്റിവിട്ട് രക്ഷപ്പെടുത്തി. അവസാന രംഗത്തും ഇതുപോലെ അഹാനയുടെ ആനി ടീച്ചര്‍ എന്ന കഥാപാത്രം അശ്വിന്റെ അടുത്ത് വരുമ്പോഴുള്ള ഡയലോഗും നാടകീയത കൂടുന്നുവെന്ന് ശങ്കിച്ച് തുടങ്ങുന്നതിന് മുമ്പേ അടുത്ത രംഗത്തേയ്ക്ക് പോയി രക്ഷപ്പെട്ടു.
ഇത്തരത്തില്‍ രംഗങ്ങള്‍ ചിലതെല്ലാം നാടകീയതയുടെ സ്വാധീനവലയത്തില്പ്പെടാനൊരുമ്പെട്ട് നില്‍ക്കുന്നതായിരുന്നു. എങ്കിലും മികച്ച ഛായാഗ്രഹണവും മികച്ച എഡിറ്റിങ്ങും (ഭുവന് ശ്രീനിവാസന്) രംഗങ്ങളെ പുതിയ വീക്ഷണ കോണില്‍ അവതരിപ്പിച്ച രചനാ-സംവിധാന മികവും കാരണം ചടുലതയോടും ഊര്‍ജം പകര്‍ന്നും സിനിമ മുന്നേറി.
മമ്മൂട്ടിയുടെ പങ്കാളിത്തം സിനിമയ്ക്ക് നല്ലൊരു മാര്‍ജിന്‍ ഉണ്ടാക്കിയിട്ടുണ്ട്. ചിത്രത്തില്‍ അദ്ദേഹത്തിന് പ്രധാന്യമുള്ള ഒരു റോള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. അതേസമയം ഒരാളെയോ ഒരു സാഹചര്യത്തെയോ കേന്ദ്രീകരിച്ചുള്ള തിരക്കഥയല്ല സംവിധായകന് കൂടിയായ ശങ്കര്‍ രാധാകൃഷ്ണന് രചിച്ചത്. ഓരോ ഘട്ടത്തിലും സിനിമയ്ക്ക് ഓരോ നായകനാണ്. ചിലപ്പോള്‍ അയ്യപ്പന് നായകനാകുമ്പോള്‍, മറ്റ് ചിലപ്പോള്‍ അശ്വിന് നായകനാകും വേറെ ചിലപ്പോള്‍ ജോയ് ജോണ്‍ പാലയ്ക്കല്‍, പിന്നെ ജോണ്‍ എബ്രഹാം പാലയ്ക്കലും നായകനാകും. ചിലപ്പോള്‍ മറ്റുള്ളവരെയെല്ലാം രണ്ടാം സ്ഥാനത്തേയ്ക്ക് നിര്‍ത്തി വേറെ ചിലര്‍ നായക സ്ഥാനത്തേയ്ക്ക് വരും. ഉദാഹരണം സുര (അമ്പി).
ചിത്രത്തിലെ സംഗീതം ഇതിനോടകം വലിയ സ്വീകര്യത നേടിക്കഴിഞ്ഞിട്ടുണ്ട്. അതേസമയം ചില പാട്ടുകള്‍ സിനിമയ്ക്ക് അനാവശ്യമായിരുന്നോ എന്ന സംശയവും ഉളവാക്കുന്നുണ്ട്. ഭീമാപ്പള്ളിയിലെ പാട്ട്, സിതാര പാടിയ പാട്ട് ഇവ രണ്ടും അതി മനോഹരങ്ങളായിരുന്നെങ്കിലും സിനിമയില്‍ അപ്രധാനമായിരുന്നു. രണ്ട് പാട്ടും രണ്ടാം പകുതിയുടെ തുടക്കത്തില്‍ അടുത്തടുത്തായി ചേര്‍ത്തതും ചെറിയ കല്ലുകടിയായി. മമ്മൂട്ടിയുടെ ഫൈറ്റ് രംഗവും വേണ്ട പോലെ ശോഭിച്ചില്ല.
സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ അതിഥികളായെത്തി പുതിയ താരോദയത്തിന് ചുവപ്പ് പരവതാനി വിരിയ്ക്കുന്ന സിനിമ കൂടിയാണ് പതിനെട്ടാം പടി. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ പോലും ഒരു ആക്ഷന്‍ പടമെന്ന ലേബല്‍ നിലനിര്‍ത്താനും സിനിമ ശ്രമിച്ചിട്ടുണ്ട്. ഏറ്റവും ചെറിയ രംഗങ്ങളില്‍ പോലും മാസ് ഫീലിങ് കൊണ്ടുവന്ന് ആ ശ്രമം വിജയിപ്പിക്കുകയും ചെയ്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply