Flash News

കേരളം വികസന നയം മാറ്റുന്നു (ലേഖനം): അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

July 7, 2019

keralam vikasana nayam bannerമുഖ്യമന്ത്രി പിണറായിയുടെയും ഇടതുപക്ഷ – ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെയും വികസന മനോഭാവവും സമീപനവും ഇത്രപെട്ടെന്ന് മാറിയോ? കേരളത്തിന്റെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സര്‍ക്കാറും കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ച അടിയന്തര നടപടികളും തിരുത്തലുകളും അതാണ് വെളിപ്പെടുത്തുന്നത്.

കേന്ദ്ര സഹായത്തിന്റെ ഭാഗമായി കേരളത്തില്‍ 45 മീറ്റര്‍ വീതിയില്‍ പൂര്‍ത്തിയാക്കേണ്ട 600 കിലോമീറ്റര്‍ ദേശീയപാതാ വികസനച്ചെലവിലേക്ക് 6000 കോടിരൂപ സംസ്ഥാനം വഹിക്കാമെന്നാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. ഇതിനായി പ്രധാന വകുപ്പുകളുടെ പദ്ധതി വിഹിതത്തില്‍നിന്ന് 20 ശതമാനം തുക വെട്ടിക്കുറയ്ക്കാനും സമ്മതിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക ഫണ്ടില്‍നിന്ന് 1000 കോടിരൂപയും ദേശീയപാതാ ഫണ്ടിലേക്ക് നീക്കിവെക്കും.

PHOTOകേന്ദ്ര പദ്ധതിക്കുവേണ്ടി സംസ്ഥാനം സ്വന്തം പദ്ധതി വെട്ടിക്കുറയ്ക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. കേരളത്തിന്റെ വാര്‍ഷിക പദ്ധതിയും ബജറ്റും വെട്ടിച്ചുരുക്കേണ്ടി വന്നിരിക്കുന്നു. ജി.എസ്.ടി വരുമാനത്തില്‍നിന്ന് 3000 കോടി ദേശീയപാതാ അഥോറിറ്റിക്ക് കൈമാറുന്നു. കേരള പുനര്‍നിര്‍മ്മാണത്തിനെന്നു പറഞ്ഞ് കിഫ്ബി മുഖേനയും മസാലബോണ്ട് മുഖേനയും ശേഖരിക്കുന്ന തുകയില്‍നിന്നും പോരാത്ത വിഹിതം നല്‍കാനാണ് തീരുമാനം. ദേശീയപാതാ വികസനത്തിന്റെ പേരില്‍ ഫെഡറല്‍ ബന്ധങ്ങളെ തകര്‍ത്ത് സംസ്ഥാന വരുമാന വിഹിതംകൂടി കേന്ദ്രം കവര്‍ന്നെടുക്കുന്നു. സംസ്ഥാനത്ത് കേന്ദ്രസഹായത്തോടെ പദ്ധതി നടപ്പാക്കണമെങ്കില്‍ അതിന്റെ നാലിലൊന്ന് കേരളം വഹിക്കണമെന്ന പുതിയ വ്യവസ്ഥ ഇടതു-ജനാധിപത്യമുന്നണി ഗവണ്മെന്റ് നിശബ്ദം അംഗീകരിക്കുകയാണ്.

കേന്ദ്രം പൂര്‍ത്തിയാക്കേണ്ട 600 കിലോമീറ്റര്‍ ദേശീയപാതാ വികസനത്തിന്റെ മൊത്തം ചെലവ് 44,000 കോടിയെന്നാണ് കണക്കാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ കഴിഞ്ഞവര്‍ഷം ഇത് മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണിതെന്നും ജനങ്ങളെ അണിനിരത്തി തിരുത്തിക്കുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് തിരക്കു കഴിഞ്ഞ് വിശ്രമിക്കാനെന്ന പേരില്‍ കേന്ദ്രമന്ത്രി ഗഡ്ഗരിയും കുടുംബവും ഒരാഴ്ച കേരളത്തിലുണ്ടായിരുന്നു. സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ ഗഡ്ഗരി ജൂണ്‍ 11ന് കുടുംബസമേതം കേരള നിയമസഭയിലെത്തി. സ്പീക്കറുടെ ചേംബറില്‍ സ്പീക്കറും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും സന്ദര്‍ശക ഗ്യാലറിയില്‍ വിശിഷ്ടാതിഥിയായി സഭാ നടപടികള്‍ വീക്ഷിക്കുകയും ചെയ്തു. തന്റെ ‘സുഹൃത്തായി കരുതുന്ന’ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ കുടുംബസമേതം ഉച്ചഭക്ഷണവും കഴിച്ചു.

പിറ്റേന്ന് ഒരു പ്രമുഖ മലയാളപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ചൈനയും റഷ്യയും വികസന നയങ്ങള്‍ മാറ്റിയിട്ടും കേരളം അതു മാറ്റാത്തതാണ് പ്രശ്‌നമെന്ന് ഗഡ്ഗരി പറഞ്ഞു. ‘പുതിയ നിക്ഷേപങ്ങള്‍ വന്നാലേ മൂലധനം ഉണ്ടാകൂ. മൂലധനം ഉണ്ടായാലേ പദ്ധതികള്‍ വരൂ. പദ്ധതികള്‍ വന്നാലേ തൊഴിലവസരം ഉണ്ടാകൂ. അതുണ്ടായാലേ പട്ടിണി മാറ്റാനാകൂ.’ ഗഡ്ഗരി കേരളം സ്വീകരിക്കേണ്ട മോദി ഗവണ്മെന്റിന്റെ വികസനനയം വിശദീകരിച്ചു. ഭക്ഷണവും തൊഴിലും സൃഷ്ടിക്കുന്ന, കൃഷിക്കും തൊഴില്‍ പദ്ധതികള്‍ക്കും മുന്‍ഗണനയില്ലാത്ത പുതിയ നിക്ഷേപം കൊണ്ടുവന്ന് വളര്‍ച്ചയുയര്‍ത്തി ഒടുവില്‍ തൊഴിലും അപ്പവും ലഭ്യമാക്കുന്ന, മനുഷ്യന് മുന്‍ഗണനയില്ലാത്ത, വന്‍കിടക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയുള്ള വികസനനയം.

കേരളത്തിലെ ഭൂമിവിലയും ഇന്ധനച്ചെലവും പരിഗണിച്ച് ആകാശപാതയും കടല്‍വിമാനവും ആകാശബസും മറ്റും ആരംഭിക്കാന്‍ വൈകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിലോമീറ്ററിന് 350 കോടി ചെലവുവരുന്ന മെട്രോയ്ക്കു പകരം 50 കോടി രൂപ ചെലവു വരുന്ന ആകാശബസ് തുടങ്ങാന്‍ ബസ് നിര്‍മ്മാണ കമ്പനി എം.ഡിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് സംസാരിക്കണമെന്നുകൂടി അദ്ദേഹം ശുപാര്‍ശചെയ്തു. മുഖ്യമന്ത്രി തന്റെ സുഹൃത്താണെന്നും മുന്‍ഗണനാ പട്ടികയില്‍നിന്ന് കേരളത്തെ ഒഴിവാക്കിയത് ഉദ്യോഗസ്ഥരുടെ തെറ്റാണെന്നും താനത് തിരുത്തിയിട്ടുണ്ടെന്നും അറിയിച്ചു. രാഷ്ട്രീയത്തിന്റെ പേരില്‍ കേരളത്തോട് വിവേചനമില്ലെന്നും വ്യക്തമാക്കി.

‘ കേരളത്തിന്റെ വികസന മനോഭാവം മാറണം. മുഖ്യമന്ത്രി നല്ല സുഹൃത്താണ്. നല്ല പദ്ധതി കൊണ്ടുവരൂ. എല്ലാ പിന്തുണയും ഉണ്ടാകും. പണവും തരാം.’ ഇങ്ങനെ പറഞ്ഞാണ് ഗഡ്ഗരി ഡല്‍ഹിക്കു മടങ്ങിയത്.

മൂന്നുദിവസം കഴിഞ്ഞ് മുഖ്യമന്ത്രിയും പൊതു മരാമത്ത് മന്ത്രിയും ഉദ്യോഗസ്ഥവൃന്ദവും ഡല്‍ഹിയില്‍ ഗഡ്ഗരിയെ സന്ദര്‍ശിച്ചു. സംസ്ഥാന വിഹിതമില്ലാതെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാല ഭരണത്തില്‍ ഇന്ത്യയില്‍ 17 ലക്ഷം കിലോമീറ്റര്‍ ദേശീയപാത വിവിധ സംസ്ഥാനങ്ങളിലൂടെ കേന്ദ്രം വികസിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാണ് 600 കിലോമീറ്റര്‍ മാത്രംവരുന്ന കേരളത്തിന്റെ പാതാ വികസനം.

ഇതിന്റെ മൊത്തം ചെലവായി കണക്കാക്കിയ 44,000 കോടിയില്‍ 24,000 കോടിയും സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടിവരും. അതുകൊണ്ട് അതിന്റെ നാലിലൊന്നായ 6000 കോടി സംസ്ഥാനം വഹിക്കണമെന്നാണ് ഡല്‍ഹി യോഗത്തില്‍ ഗഡ്ഗരി നിര്‍ദ്ദേശിച്ചത്. ദേശീയ പാതയോരത്തെ താമസക്കാര്‍ക്ക് പ്രത്യേക വികസനനികുതി ചുമത്തണമെന്നതടക്കമുള്ള ജനദ്രോഹവ്യവസ്ഥകളും വേറെയുണ്ട്. സംസ്ഥാനത്ത് തിരിച്ചെത്തിയശേഷം തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സംഘവും മടങ്ങുകയായിരുന്നു. അതാണിപ്പോള്‍ നടപ്പാക്കാമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.

പിണറായി സര്‍ക്കാര്‍ ഭരണത്തിന്റെ നാലാം വര്‍ഷത്തേക്ക് കടന്നുകഴിഞ്ഞു. സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനമൊരുക്കുന്നതില്‍ മുഖ്യമായത് ദേശീയപാതാ വികസനമാണ്. അതിന്റെ സ്ഥലമെടുപ്പുപോലും പൂര്‍ത്തിയായിട്ടില്ല. ജനസാന്ദ്രത മറ്റു സംസ്ഥാനങ്ങളില്‍നിന്നു പലമടങ്ങ് കൂടുതലായ ഇവിടെ ജനങ്ങളുടെ പ്രതിഷേധ സമരങ്ങളെയും സര്‍ക്കാറിന് നേരിടേണ്ടതുണ്ട്.

ഇടതുപക്ഷ സര്‍ക്കാര്‍ നേരിടുന്ന ഈ രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കുകയാണ് ബി.ജെ.പിയുടെ മുന്‍ അധ്യക്ഷന്‍കൂടിയായ ഗഡ്ഗരി യഥാര്‍ത്ഥത്തില്‍ ചെയ്തത്. ഈ ഗവണ്മെന്റിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്ക് ദേശീയപാതാ നിര്‍മ്മാണം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ കേന്ദ്ര നിര്‍ദ്ദേശം വള്ളിപുള്ളി വിടാതെ അനുസരിക്കണം.

ഡല്‍ഹി യോഗത്തിന്റെ നിര്‍ദ്ദേശാനുസരണം വിശദ പദ്ധതിരേഖകള്‍ തയാറാക്കാനും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനും അതിന് വേണ്ട പണം വിതരണം ചെയ്യാനും വിവിധ ജില്ലാ കളക്ടര്‍മാരെയും ദേശീയപാതാ വിഭാഗത്തെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു.

ഗഡ്ഗരി നിര്‍ദ്ദേശിച്ച വികസനനയംമാറ്റം ദേശീയപാതയില്‍ ഒതുങ്ങുന്നതല്ല. കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ തന്റെ ലോകസഭാ മണ്ഡലമായ നാഗ്പൂരില്‍ പെഞ്ച് നദിയിലെ ടോട്‌ലഡോക് റിസര്‍വോയറില്‍ ജലനിരപ്പ് കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് കേന്ദ്ര ജനവിഭവ മന്ത്രാലയ ഫണ്ടില്‍നിന്ന് ആയിരംകോടി രൂപയാണ് ഗഡ്ഗരി സംസ്ഥാനത്തിന് അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചത്. കേരള മുഖ്യമന്ത്രിയും സംഘവും ഗഡ്ഗരിയുടെ ഈ വികസന രാഷ്ട്രീയം മനസിലാക്കിയതായി തോന്നുന്നില്ല. കിഫ്ബി, മസാലബോണ്ട് തുടങ്ങിയവയിലൂടെ നിക്ഷേപം കൊണ്ടുവന്ന് കേരളത്തിന്റെ വികസനം ഉറപ്പാക്കുമെന്നു പറയുന്നതിന്റെ യഥാര്‍ത്ഥരൂപം ഇതിലൂടെ കേരളത്തിനു പ്രായോഗികമായി മനസിലാകാന്‍ പോകുന്നു.

കേന്ദ്ര നികുതി വരുമാനത്തിന്റെ 50 ശതമാനവും, ഈടാക്കുന്ന സര്‍ച്ചാര്‍ജിന്റെ വിഹിതവും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കണമെന്നും സംസ്ഥാന വിഷയങ്ങളില്‍ കേന്ദ്രം നടപ്പാക്കുന്ന പദ്ധതികളുടെ ഫണ്ട് പൂര്‍ണ്ണമായും സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്നും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയില്‍ ആവശ്യപ്പെട്ട പാര്‍ട്ടിയാണ് സി.പി.എം. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുവേണ്ടി കേന്ദ്രവുമായി പോരാടിപ്പോന്ന പാര്‍ട്ടി. ഗഡ്ഗരി പറഞ്ഞതുപോലെ കേരളത്തിലിപ്പോള്‍ അതിന്റെ വികസനനയം കൊട്ടും കുരവയുമൊന്നും ഇല്ലാതെ അതിവേഗം തിരുത്തിക്കൊണ്ടിരിക്കുന്നു. എല്‍.ഡി.എഫിലെ ഘടകകക്ഷികളായ സി.പി.എം – സി.പി.ഐ അടക്കമുള്ള പാര്‍ട്ടികളുടെ നേതൃത്വം ഇത് അറിയുന്നുണ്ടോ ആവോ!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top