വിമതര്‍ തിരിച്ചുവരാനുള്ള സാധ്യത മങ്ങി; കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക്

rebelബംഗളൂരു: കര്‍ണാടകയില്‍ വിമതരെ തിരിച്ചുകൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെല്ലാം പാളി. ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ വിമതര്‍ പങ്കെടുത്തേക്കില്ല. മുംബൈയിലെ ഹോട്ടലില്‍ നിന്ന് ഇവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. 13 വിമതരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ ഇന്ന് തീരുമാനമെടുക്കാനിരിക്കെയാണ് ഈ നാടകീയ നീക്കങ്ങള്‍.

ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുമെന്ന് കോണ്‍ഗ്രസ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച് ആറ് പേര്‍ തിരിച്ച് വരാന്‍ മനസ്സ് കാണിച്ചിരുന്നു. ഇതോടെ ഇവരെ ബിജെപിയുടെ നേതൃത്വത്തില്‍ മുംബൈയിലെ ഒരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അതിനാല്‍ ഇവര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഒത്തുതീര്‍പ്പിനുള്ള അവസാന ശ്രമങ്ങളും പരാജയപ്പെട്ടുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ആകെയുള്ള ആശ്വാസം ബംഗളൂരുവില്‍ തുടരുന്ന രാമലിംഗ റെഡ്ഡി അടക്കമുള്ള മൂന്ന് പേര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തേക്കുമെന്നതാണ്.

എന്നിരുന്നാലും മുംബൈയിലേക്ക് പോയ വിമതര്‍ തിരിച്ചെത്താത്തതിനാല്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യം തകരുമെന്ന സൂചന തന്നെയാണ് ശക്തം. കഴിഞ്ഞ മാസം കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിലേക്ക് തിരിച്ചുവന്ന മന്ത്രിമാരായ സ്വതന്ത്ര എംഎല്‍എ എസ് നാഗേഷും കെപിജെപി എംഎല്‍എ ആര്‍ ശങ്കറും ബിജെപി പാളയത്തിലെത്തിച്ചേര്‍ന്ന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ ബിജെപിയുടെ അംഗബലം 107 ആയി.

വെള്ളിയാഴ്ചയാണ് നിയമസഭയുടെ വര്‍ഷകാല സമ്മേളനം ആരംഭിക്കുക. നിലവില്‍ ന്യൂനപക്ഷമായി മാറിയ ഭരണപക്ഷം സഭയില്‍ ബി.ജെ.പിയില്‍നിന്ന് അവിശ്വാസം നേരിടാതിരിക്കാന്‍ കേവല ഭൂരിപക്ഷം ഉറപ്പുവരുത്താന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ്. അതേസമയം, മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന വിമത എം.എല്‍.എമാരെ ഗോവയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നുണ്ട്. തിങ്കളാഴ്ച രണ്ടുപേര്‍ കൂടി ഭരണപക്ഷത്തിനുള്ള പിന്തുണ പിന്‍വലിച്ചതോടെ കൂടുതല്‍ പേര്‍ രാജിവെക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബിദര്‍ എം.എല്‍.എയും കായിക -യുവജന ക്ഷേമ മന്ത്രിയുമായ റഹിം മഹ്മൂദ് ഖാന്‍ രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ട്.

karnataka

Print Friendly, PDF & Email

Related News

Leave a Comment