ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും കിഴക്കിന്റെ കതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ ബാവാ ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്നു.
ജൂലൈ 12 വെള്ളിയാഴ്ച എമിറേറ്റ്സ് വിമാനത്തില്‍ ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ എത്തുന്ന പരി. ബാവയെ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലുള്ള സംഘം എതിരേല്ക്കും. സഭയുടെ ഫിനാന്‍സ് കമ്മിറ്റി പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, വൈദീക ട്രസ്റ്റി ഫാ. ഡോ. എം.ഓ. ജോണ്‍, അത്മായ ട്രസ്റ്റി ജോര്‍ജ് പോള്‍ തുടങ്ങിയവര്‍ പരി. ബാവയെ അനുഗമിക്കുന്നുണ്ട്.
മട്ടണ്‍ ടൗണിലുള്ള ഭദ്രാസന അരമനയില്‍ എത്തി വിശ്രമിക്കുന്ന പരി. ബാവാ ശനിയാഴ്ച രാവിലെ ന്യൂജേഴ്സിയിലെ ലിന്‍ഡന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ എത്തിച്ചേരും. വി. കുര്‍ബാനയ്ക്ക് ശേഷം അവിടെ നടക്കുന്ന കാതോലിക്കാ ദിനാചരണ ചടങ്ങുകളില്‍ അദ്ധ്യക്ഷത വഹിക്കും. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വൈദീകരും, പ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തില്‍ വെച്ച് കാതോലിക്കാ ദിന വിഹിതം ഏറ്റുവാങ്ങും.
തുടര്‍ന്ന് തിരികെ അരമനയിലെത്തുന്ന പരി. ബാവ ഞായറാഴ്ച രാവിലെ സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വി. കുര്‍ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന ഇടവകയുടെ 20-ാം വാര്‍ഷികാഘോഷങ്ങളിലും വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കും.
വൈകീട്ട് അരമനയില്‍ തിരിച്ചെത്തുന്ന പരി. ബാവയും സംഘവും 6 മണിക്കുള്ള നമസ്ക്കാരത്തെ തുടര്‍ന്ന് ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുമായും സഭാ മാനേജിംഗ് കമ്മിറഅറി അംഗങ്ങളുമായും ആശയവിനിമയം നടത്തും.
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലുള്ള ശ്ലൈഹിക സന്ദര്‍ശനം അവസാനിപ്പിച്ച് സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലേക്ക് പോകുന്ന പരി. ബാവാ, ജൂലൈ 15 തിങ്കളാഴ്ച ഫ്ളോറിഡയിലും, 16 ചൊവ്വാഴ്ച മുതല്‍ 22 തിങ്കളാഴ്ച വരെ ഷിക്കാഗോയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന കര്‍മ്മവും നിര്‍വ്വഹിക്കും.
ജൂലൈ 23 ചൊവ്വാഴ്ച പരി. ബാവ കേരളത്തിലേക്ക് യാത്ര തിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 718 470 9844.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply