- Malayalam Daily News - https://www.malayalamdailynews.com -

വിനായകന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം: ഷംസീര്‍ ഇബ്രാഹിം

News Victoria

പാലക്കാട് ഗവ.വിക്ടോറിയ കോളേജ് യൂണിറ്റ് നല്‍കിയ പ്രൗഢ ഗംഭീരമായ സ്വീകരണത്തിന് അഭിവാദ്യമര്‍പ്പിച്ച് ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥ ക്യാപ്റ്റന്‍ ഷംസീര്‍ ഇബ്രാഹീം സംസാരിക്കുന്നു

പാലക്കാട്: പാവറട്ടിയില്‍ ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദലിത് യുവാവ് വിനായകന്‍റെ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹിം അഭിപ്രായപ്പെട്ടു. ‘വിവേചനങ്ങളോട് വിയോജിക്കുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ ജാഥക്ക് ഗവ. വിക്ടോറിയ കോളേജില്‍ നല്‍കിയ സ്വീകരണത്തില്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ലോക്കപ്പ് ഭീകരതയുടെ ഇരകള്‍ എന്നും ദലിതരായിരുന്നു. വിനായകന്‍ കേസിനെ തേച്ചുമായ്ച്ചു കളയാന്‍ ഉന്നതതലങ്ങളില്‍ ശ്രമം നടക്കുന്നു. യഥാര്‍ഥ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നത് വരെയുള്ള നിയമ പോരാട്ടത്തിന് സമൂഹം മുന്നിട്ടിറങ്ങണം. ജാതി വിവേചനവും മതത്തിന്‍റെ പേരിലുള്ള അപരവല്‍ക്കരണം, ലിംഗ വിവേചനവും നിലനില്‍ക്കുന്ന കേരളം വ്യാജ പ്രബുദ്ധതയും മതേതരത്വവും അവകാശപ്പെടുകയാണ്. സാമൂഹിക വിവേചനങ്ങളെ ചെറുക്കുന്ന പുതുകാല രാഷ്ട്രീയത്തെ കാമ്പസുകള്‍ ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാദ്യാസ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും എം.ജി, കാലിക്കറ്റ് സര്‍വകലാശാല വികസിപ്പിച്ച് പുതിയ സര്‍വകലാശാല രൂപീകരിക്കണം. യു.ജി.സി സര്‍വകലാശാകള്‍ക്ക് നിശ്ചയിച്ച അഫിലിയേറ്റഡ് കോളേജുകളുടെ പരിധിയുടെ ഇരട്ടിയിലധികമാണ് എം.ജി കാലിക്കറ്റ് സര്‍വകലാശാലകളിലെ അഫിലിയേറ്റഡ് കോളേജുകളുടെ എണ്ണം. നാകിന്‍റെ എ പ്ലസ് ഗ്രേഡില്ലാത്തതിനാല്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ ഒരു സര്‍വകലാശാലക്കും വിദൂര വിദ്യാഭ്യാസ വിഭാഗം നടത്താനാവില്ല. സര്‍വകലാശാലകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിച്ച് പ്രശ്നം പരിഹരിക്കുന്നതിന് പകരം ഓപ്പണ്‍ സര്‍വകലാശാല രൂപീകരിച്ച് കുറുക്കുവഴിയില്‍ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിക്ടോറിയയില്‍ ഗംഭീര സ്വീകരണമാണ് ജാഥക്ക് നല്‍കിയത്. സ്റ്റേഡിയത്ത് നിന്ന് ബെക്ക് റാലിയുമായി വന്ന് മിഷന്‍ സ്കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനമായാണ് ജാഥ കാമ്പസിലേക്ക് പ്രവേശിച്ചത്. യൂണിറ്റ് സെക്രട്ടറി നഹ്‌ല ക്യാപ്റ്റന് ഹാരാര്‍പ്പണം നടത്തി ജാഥയെ കാമ്പസിലേക്ക് സ്വീകരിച്ചു. ജാഥ കാമ്പസില്‍ വലയം വെച്ചു. യൂണിറ്റ് സെക്രട്ടറി നഹ്‌ല സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് നിസാര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്‍റ് നവാഫ് പത്തിരിപ്പാല അധ്യക്ഷത വഹിച്ചു. ജാസ്മിന്‍ നന്ദി പ്രകാശിപ്പിച്ചു. നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ സ്വീകരണത്തില്‍ അണിനിരന്നു. കെ.എം സാബിര്‍ അഹ്സന്‍, റഷാദ് പുതുനഗരം, ഷഫീഖ് അജ്മല്‍, സി.എം റഫീഅ, ഹിബ തൃത്താല, റഫീഖ് പുതുപ്പള്ളി തെരുവ് എന്നിവര്‍ നേതൃത്വം നല്‍കി.

ജൂലൈ 8ന് ജില്ലയിലേക്ക് പ്രവേശിച്ച ജാഥ പട്ടാമ്പി, പാലക്കാട് സ്റ്റേഡിയം, മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് എന്നിവിടങ്ങളിലെയും സ്വീകരണം ഏറ്റുവാങ്ങി.

വിവിധ സ്വീകരണങ്ങളിലായി ജാഥാ അംഗങ്ങളായ മഹേഷ് തോന്നക്കല്‍, എം.ജെ സാന്ദ്ര, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫസ്ന മിയാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഗണേഷ് വടേരി, എം.സുലൈമാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് കെ.സി നാസര്‍ എന്നിവര്‍ സംസാരിച്ചു.

ഫ്രറ്റേണിറ്റി കലാ സംഘം അവതരിപ്പിക്കുന്ന ‘മഷി പുരളാത്ത കടലാസുകള്‍’ എന്ന തെരുവ് നാടകം വിവിധ കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചു. വിവിധ സാമൂഹിക കാരണങ്ങളാല്‍ വിവേചനത്തിന് വിധേയമാവുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങളും കാമ്പസ് ജന്മിത്വങ്ങളും നാടകത്തില്‍ ചര്‍ച്ചയായി. സ്വീകരണങ്ങളിലുടനീളമുണ്ടായിരുന്ന ബൈക്ക് റാലിയും ബാന്‍റ് സെറ്റും ജാഥക്ക് മിഴിവേകി.

1991ല്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പാലക്കാട് പുതുപ്പള്ളി തെരുവിലെ സിറാജുന്നീസയുടെ കുടുംബത്തെ ജാഥ ക്യാപ്റ്റന്‍ സന്ദര്‍ശിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]