കൊച്ചി: വിവിധ പള്ളികള്‍ സംബന്ധിച്ച് സഭാ വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇരുവിഭാഗങ്ങളെയും സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. സര്‍ക്കാരിന്റെ സമവായ ശ്രമങ്ങളോട് സഹകരിക്കുമെന്ന് യാക്കോബായ സഭ അറിയിച്ചു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്.
മന്ത്രിസഭാ ഉപസമിതിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ച് ഇരുസഭകളുമായും കൂടിക്കാഴ്ച നടത്താമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയശേഷമേ ചര്‍ച്ചയ്ക്കുള്ളെന്ന നിലപാടിലാണ് ഓര്‍ത്തഡോക്സ് സഭ. തങ്ങള്‍ക്കനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കിയ ശേഷം സര്‍ക്കാരുമായി എന്ത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പ്രതികരിച്ചു.
വിവിധ പളളികള്‍ സംബന്ധിച്ച് സഭാവിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇരുകൂട്ടരുമായും ചര്‍ച്ച നടത്തുന്നതിന് മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ നേരത്തെ നിയോഗിച്ചിരുന്നു. തര്‍ക്കത്തിലുളള പളളികളുടെ ചുമതല ഓര്‍ത്തഡോക്സ് വിഭാഗത്തിനായിരിക്കുമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. ഇതിനു ശേഷവും വിവിധയിടങ്ങളില്‍ മൃതദേഹം സംസ്കരിക്കുന്നതടക്കമുളള വിഷയങ്ങളില്‍ ഇരുവിഭാഗവും തമ്മില്‍ കടുത്ത തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news