വിമതരുടെ രാജി: സ്പീക്കര്‍ ഇന്നു തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി; സാവകാശം വേണമെന്ന് സ്പീക്കര്‍

crt_27ന്യൂഡല്‍ഹി: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിയില്‍ ഇന്ന് തന്നെ സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. പത്ത് വിമത എംഎല്‍എമാരോടും വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് സ്പീക്കര്‍ക്കു മുന്നില്‍ നേരിട്ടു ഹാജരാകാനും രാജി സമര്‍പ്പിക്കാനാണ് താത്പര്യമെങ്കില്‍ രാജിക്കത്ത് കൈമാറാനും കോടതി നിര്‍ദേശിച്ചു.

എംഎല്‍എമാര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും കോടതി കര്‍ണാടക പൊലീസിന് നിര്‍ദേശം നല്‍കി. രാജി വിഷയത്തില്‍ സ്വീകരിച്ച തീരുമാനം വെള്ളിയാഴ്ച സ്പീക്കര്‍ കോടതിയെ അറിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു.

തങ്ങളുടെ രാജി നിരസിച്ച സ്പീക്കര്‍ക്കെതിരെ പത്ത് എംഎല്‍എമാരാണ് കോടതിയെ സമീപിച്ചത്. രാജി സ്വീകരിക്കാതെ സ്പീക്കര്‍ വൈകിപ്പിക്കുന്നുവെന്നും തങ്ങള്‍ കൂറുമാറിയിട്ടില്ലെന്നും വിമത എം എല്‍ എമാരുടെ അഭിഭാഷകന്‍ കോടതില്‍ പറഞ്ഞു. മുകുള്‍ റോത്തഗിയാണ് വിമത എം എല്‍ എമാര്‍ക്കു വേണ്ടി ഹാജരായത്. മുംബൈയിലെ റിനൈസന്‍സ് ഹോട്ടലിലാണ് നിലവില്‍ ഈ എംഎല്‍എമാര്‍.

അതിനിടെ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാജി വയ്‌ക്കേണ്ടതില്ലെന്ന് കൂടിക്കാഴ്ചയില്‍ നേതാക്കള്‍ അറിയിക്കുകയായിരുന്നു. ഈ മാസം 15 വരെ രാജി പ്രഖ്യാപനം ഉണ്ടാവില്ലയെന്നാണ് സൂചന.

അതേസമയം എംഎല്‍എമാരുടെ രാജി പരിഗണിക്കുന്നതില്‍ സാവകാശമാവശ്യപെട്ട് സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചു. കോടതി  അനുവദിച്ച സമയത്തിനുള്ളില്‍ എല്ലാ രാജിക്കത്തുകളുടെയും ആധികാരികത പരിശോധിച്ച് ഉറപ്പാക്കാന്‍ കഴിയില്ലയെന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ സ്പീക്കറുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. നാളെ എംഎല്‍എമാരുടെ ഹര്‍ജിക്കൊപ്പം ഇത് പരിഗണിക്കും.

Print Friendly, PDF & Email

Related News

Leave a Comment