ക്രൈസ്തവ പിന്നോക്കാവസ്ഥ; കേന്ദ്ര സര്‍ക്കാര്‍ പഠന സമിതി രൂപീകരിക്കണം: ലെയ്റ്റി കൗണ്‍സില്‍

logoന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിന്റെ സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനും പദ്ധതികള്‍ ആവിഷ്കരിക്കുവാനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പഠനസമിതിയെ അടിയന്തരമായി രൂപീകരിക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

2005ല്‍ മുസ്ലീം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനായി രജിന്ദര്‍ സച്ചാര്‍ സമിതിയെ കോണ്‍ഗ്രസ് നേതൃത്വ യുപിഎ സര്‍ക്കാര്‍ നിയോഗിച്ചു. 2006 നവംബര്‍ 30ന് സച്ചാര്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലീം സമുദായത്തിന്റെ സംരക്ഷണത്തിനായി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്രൈസ്തവരോട് നിഷേധനിലപാടാണ് സ്വീകരിച്ചത്. ക്രൈസ്തവ സമൂഹത്തോടുള്ള ഈ കേന്ദ്രസര്‍ക്കാര്‍ അവഗണന ഇന്നും തുടരുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ ഔദാര്യമല്ലെന്നിരിക്കെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നിലനില്‍ക്കുന്ന വിവേചനം ക്രൈസ്തവ സമൂഹത്തെ വലിയ ജീവിതപ്രതിസന്ധിയിലേയ്ക്കാണ് തള്ളിവിട്ടിരിക്കുന്നത്. സര്‍ക്കാര്‍വക ന്യൂനപക്ഷക്ഷേമപദ്ധതികള്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം കവര്‍ന്നെടുക്കുകയും ഇതിന്റെ പേരില്‍ ക്രൈസ്തവര്‍ നിരന്തരം ആക്ഷേപങ്ങള്‍ക്കിരയായി തീരുകയും ചെയ്യുന്ന സ്ഥിതിവിശേഷം തുടരാന്‍ അനുവദിച്ചുകൂടാ.

ഇന്ത്യയില്‍ തൊഴില്‍ രഹിതരുടെ ശതമാനത്തില്‍ ക്രൈസ്തവരാണ് മുമ്പിലെന്നുള്ള കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയുടെ 2019 ജൂണ്‍ 27ലെ ലോകസഭയിലെ രേഖാമൂലമായ വെളിപ്പെടുത്തല്‍ ഗൗരവമായി കാണണം. തൊഴിലില്ലായ്മയും, സാമ്പത്തിക പ്രതിസന്ധികളും, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആനുപാതികമായി ലഭ്യമാകേണ്ട തൊഴിലവസരങ്ങളുടെ നിഷേധങ്ങളും ഇവയൊക്കെ സൃഷ്ടിക്കുന്ന ക്രൈസ്തവ കുടുംബബന്ധങ്ങളിലെ അരക്ഷിതാവസ്ഥയും പിന്നോക്കസാഹചര്യങ്ങളും പഠനവിഷയമാക്കേണ്ടതും ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നീതിപൂര്‍ണ്ണമായ ക്രൈസ്തവ പങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടതുമാണെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment