പാടുന്നു പാഴ്മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ 18)

Banner 18ഈ സ്ഥലം വാങ്ങലിലും അല്‍പ്പം സാഹസികതയുണ്ട്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഈ സ്ഥലം ഞങ്ങള്‍ക്ക് കിട്ടി എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

വേങ്ങച്ചുവട്ടില്‍ അപ്പാപ്പന്‍ എന്നയാളുടെ ഇളയ മകനായ ചാക്കോച്ചന്റെ വീതത്തിലുള്ളതായിരുന്നു ഈസ്ഥലം. വിവാഹം കഴിച്ച് ഒരു ആണ്‍കുട്ടിയും ഉണ്ടായി ജീവിക്കുന്ന കാലത്ത് വീട്ടിലുണ്ടായ ചില അപസ്വരങ്ങളെത്തുടര്‍ന്ന് ഇയാള്‍ നാട് വിട്ടു പോയിരിക്കുകയാണ്. ഇയാള്‍ നാട് വിട്ടത് കൊണ്ട് ഇയാളുടെ ഭാര്യ കുട്ടിയേയും കൊണ്ട് നെല്ലിമറ്റത്തുള്ള മണിയാട്ടുകുടി മാത്തു എന്ന അവരുടെ അപ്പന്റെ വീട്ടിലേക്കു താമസം മാറി. സ്വത്തുക്കള്‍ വീതം വച്ചപ്പോള്‍ ഈ സ്ഥലവും, തറവാടിനോട് ചേര്‍ന്നുള്ള ഉരപ്പുരയും (ഔട്ട് ഹവ്‌സ് ) ചാക്കോച്ചന്റെ മകനായ മൈനര്‍ പയ്യന്റെ വീതത്തില്‍ വന്നു. ആ ഉരപ്പുര അവിടെ നിന്ന് പൊളിച്ച് പയ്യന്റെ വീതത്തില്‍ പണിത്തിരിക്കുകയാണ്. ഒരു ഒന്നൊന്നര തന്റേടിയായ മാണിയാട്ടുകുടി മാത്തൂ കാരണവര്‍ രക്ഷാകര്‍ത്താവായി നിന്ന് കൊണ്ട് ഈ സ്ഥലം വില്‍ക്കുവാനുള്ള ശ്രമങ്ങളെ ഒന്നൊന്നരയേക്കാള്‍ തന്റേടം കൂടിയ വേങ്ങച്ചുവട്ടില്‍ ഓനച്ചന്‍ എന്ന ചാക്കോച്ചന്റെ ചേട്ടന്‍ തടയുകയാണ്. തനിക്ക് എന്തോ അവകാശം കൂടി ഈ സ്ഥലത്തുണ്ടെന്നാണ് കക്ഷിയുടെ വാദം വാങ്ങുവാന്‍ പ്ലാനിട്ട് സ്ഥലം കാണുവാന്‍ വന്ന രണ്ടുമൂന്നു പേരെ അയാള്‍ ഭീഷണിപ്പെടുത്തി വിരട്ടി ഓടിച്ചു. “ഏതെങ്കിലും ഒരുത്തന്‍ ഈ സ്ഥലത്തു കാലു കുത്തിയാല്‍ അവനെ ഞാന്‍ കഷണം കഷണമായി ഇവിടെ അരിഞ്ഞിടും” എന്നാണു ഭീഷണി. പൊളിച്ചു പണിത ഉരപ്പുരയില്‍ അവകാശ സ്ഥാപനത്തിനായി ഒരു അണ്ടിത്താഴിട്ടു പൂട്ടിയിരിക്കുകയുമാണ് കക്ഷി.

എന്റെ അപ്പന്റെ വല്യാപ്പനായ ആവലും തടത്തില്‍ കുര്യന്‍ കാരണവര്‍ ചാത്തമറ്റം മലയിലേക്ക് കുടിയേറുന്‌പോള്‍ അകന്ന ബന്ധുവായ ഈ അപ്പാപ്പനുമുണ്ടായിരുന്നു. നേരിട്ട് രക്ത ബന്ധം ഇല്ലെങ്കിലും, ആങ്ങളെ, പെങ്ങളെ, അമ്മായി, കൊച്ചാപ്പാ എന്നൊക്കെയാണ് ഞങ്ങള്‍ പരസ്പരം വിളിച്ചിരുന്നത്.

വണ്ണപ്പുറത്തു നിന്ന് പോരുന്നതിന് മുന്‍പേ ഞങ്ങളുടെ മകള്‍ ആശ പിറന്നിരുന്നു. ഞങ്ങള്‍ ജോലിക്കു പോകുന്‌പോള്‍ വീട്ടിലുള്ളവരാണ് കുട്ടിയെ നോക്കിയിരുന്നത്. അനുജന്‍ ജോര്‍ജ് വിവാഹം കഴിച്ചതോടെ വീട്ടില്‍ സ്വാഭാവികമായും ഒരു വീര്‍പ്പുമുട്ടല്‍ ആരംഭിച്ചു. ചെറിയ വീടും കൂടുതല്‍ അംഗങ്ങളും എന്ന നിലയില്‍ മൂത്തയാളായ ഞാന്‍ മാറിത്താമസിക്കുന്നതാണല്ലോ ശരിയായ രീതി?

ഒന്ന് മാറിത്താമസിക്കുവാനുള്ള ഞങ്ങളുടെ പരിശ്രമങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടു. അപ്പോഴേക്കും തീരെ ചെറുതല്ലാത്ത സന്പാദ്യമൊക്കെ ഞങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നെങ്കിലും, അതൊന്നും ഒരു വീട് വാങ്ങിച്ചു മാറുവാന്‍ പര്യാപ്തമായിരുന്നില്ല. പല ചെറു വീടുകളും ഉന്നം വച്ച് പരാജയപ്പെട്ടു. അവസാനം ഒരു പീടികയുണ്ടായിരുന്നതില്‍ അപ്പന്റെ വീതം രണ്ടു മുറിയുള്ളതില്‍ ഒരു മുറിയും, അതിനോട് ചേര്‍ന്ന ചായ്പ് അടുക്കളയാക്കിയും പണിതെടുത്ത് മാറാം എന്ന് തീരുമാനിച്ചു. അതിനായി കുറെ വെട്ടുകല്ല് മുറിപ്പിച്ചു സ്ഥലത്തെത്തിച്ചു വച്ചു.

അക്കാലത്താണ് ഞങ്ങളുടെ നാട്ടിലേക്ക് ആദ്യമായി ബസ് സര്‍വീസ് ആരംഭിക്കുന്നത്. കോതമംഗലത്തു നിന്നുള്ള ഒരു ‘ അനിത ‘ ബസ്. കാണാതെ പോയ ഒരു കുട്ടിയെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയ മാതാപിതാക്കളുടെ സന്തോഷമായിരുന്നു നാട്ടുകാര്‍ക്ക്. ഒരു കാര്യവുമില്ലെങ്കിലും ആളുകള്‍ വെറുതേ കോതമംഗലത്തു പോയിവന്നു. ബസ് ജീവനക്കാരെയും, ഓണറേയുമൊക്കെ തങ്ങളുടെ സ്വന്തം ആളുകള്‍ എന്ന നിലയില്‍ കൈവെള്ളയില്‍ വച്ചാണ് നാട്ടുകാര്‍ കൊണ്ട് നടന്നിരുന്നത്.

ഒരു ദിവസം നാലുമണിക്ക് അനിത കോതമംഗലത്തേക്ക് തിരിച്ചു പോകുന്‌പോള്‍ കടയിലായിരുന്ന ഞാന്‍ എന്തിനെന്നറിയാതെ ഹിസ്റ്റീരിയാ ബാധിച്ചവനെപ്പോലെ ബസ്സില്‍ ചാടിക്കയറി. പലരും പരിശ്രമിച്ചു പരാജയപ്പെട്ട വെങ്ങാച്ചോട്ടില്‍ പുരയിടം നിനക്കുള്ളതാണ് എന്നൊരു തിരിവെട്ടം അകത്തു കത്തിയിരുന്നതായി മുന്നമേ ഞാന്‍ അറിഞ്ഞിരുന്നു. ബസ്സില്‍ വച്ച് അത് കൂടുതല്‍ തെളിഞ്ഞു കത്തി നിന്നു. യാതൊരു മുന്‍ പ്ലാനും ഇല്ലായിരുന്നെങ്കിലും, കോതമംഗലത്ത് ഇറങ്ങിയ ഞാന്‍ മറ്റൊരു ബസ്സില്‍ കയറി നെല്ലിമറ്റത്തിറങ്ങി അല്‍പ്പം നടന്ന് അഞ്ചു മണിയോടെ മണിയാട്ടുകുടി മാത്തൂക്കാരണവരുടെ വീട്ടിലെത്തി.

ഈസി ചെയറില്‍ വിശ്രമിക്കുകയായിരുന്ന കാരണവര്‍ അവിടെ കിടന്നു കൊണ്ട് തന്നെ “ആരാ, എന്താ”എന്ന് ചോദിച്ചു. “ഞാന്‍ ചാത്തമറ്റത്തുള്ള ആളാണെന്നും, വെല്ലുപ്പന്റെ സ്ഥലം വില്‍ക്കുന്നുണ്ടെന്നറിഞ്ഞു വന്നതാണെന്നും, സൗകര്യപ്പെട്ടാല്‍ വാങ്ങണമെന്ന് പ്ലാനുണ്ടെന്നും” ഞാന്‍ പറഞ്ഞു. മുന്‍കാലുകള്‍ മുന്നോട്ടു വച്ചുറങ്ങുന്ന ഒരു കടുവ പെട്ടെന്നെണീറ്റു മുന്നോട്ടായുന്നതു പോലെ കാരണവര്‍ കസേരപ്പടികളില്‍ പിടിച്ചു മുന്നോട്ടാഞ്ഞു കൊണ്ട് കടുപ്പത്തിലൊരു ചോദ്യം.

“അപ്പോ ചാത്തമറ്റത്ത് അണ്ടിയുള്ള ആണുങ്ങളുണ്ടോ?”

ഞാന്‍ ശരിക്കും ഞെട്ടിപ്പോവുകയും, “മനസ്സിലായില്ല” എന്നൊരു വാക്കു പറയുകയും ചെയ്തു.

“അല്ലാ, ഞാന്‍ വിചാരിച്ചത് ചാത്തമറ്റത്തെ അണ്ടിയില്ലാത്ത ആണുങ്ങള്‍ വേങ്ങച്ചുവട്ടില്‍ ഓനച്ചനെ പേടിച്ചു അടുക്കളയില്‍ ഇരിക്കുകയാണെന്നാ ?”

സ്ഥലം വില്‍പ്പനയില്‍ എതൃ കക്ഷിയുടെ ഇടപെടലാണ് കാരണവര്‍ സൂചിപ്പിച്ചതെന്ന് എനിക്ക് മനസിലായി.

“എനിക്കാരെയും പേടിയില്ല. വെല്ലുപ്പന്‍ സ്ഥലം തന്നാല്‍ ഞാന്‍ വാങ്ങും” എന്ന് ഞാന്‍.

“മിടുക്കന്‍! നിന്നെപ്പോലെ ഒരുത്തനെയാണ് ഞാന്‍ നോക്കിയിരുന്നത്. നിനക്ക് ഞാന്‍ സ്ഥലം തരും”

” വില?”

“വിലയൊക്കെ പറയാം. നീ പോയി അച്ചാരം തരാനുള്ള പൈസയുമായി മറ്റന്നാള്‍ വാ”

ഞാന്‍ മടങ്ങിപ്പോന്നു. ശരിക്കും അപ്പോള്‍ മുതലാണ് എതൃ കക്ഷിയുടെ ഭീഷണി ഇത്ര വലുതാണെന്ന് എനിക്കും മനസ്സിലായത്. പിറ്റേ ദിവസം തന്നെ ഞാന്‍ എതൃ കക്ഷിയെ കണ്ടു. കൊച്ചാപ്പാ എന്നാണു ഞാന്‍ കക്ഷിയെ വിളിക്കുന്നത്.

“കൊച്ചാപ്പാ, എനിക്കാ പയ്യന്റെ സ്ഥലം വാങ്ങാന്‍ പ്ലാനുണ്ട്, എന്ത് പറയുന്നു?”

എന്റെ ചോദ്യം കേട്ടതേ ആളുടെ മുഖം മാറി. വളരെ ക്രൂദ്ധനായി മറുപടി പറയുകയും ചെയ്തു.

“ആ സ്ഥലത്ത് നീ കാലു കുത്തിയാല്‍ നിന്നെ ഞാന്‍ കഷണം കഷണമായി അവിടെ അരിഞ്ഞിടും.”

“എന്തിന് ? ആ സ്ഥലത്തിന്മേല്‍ കൊച്ചപ്പന് എന്തവകാശം?”

എന്റെ ചോദ്യം കക്ഷിയെയും ഒന്ന് ഞെട്ടിച്ചുവെന്ന് തോന്നി. ആ സ്ഥലത്തിന്മേലുള്ള അവകാശം കക്ഷി എനിക്ക് വിവരിച്ചു തന്നു.

ഭാഗ ഉടമ്പടി കഴിഞ്ഞതിനു ശേഷമാണ് കാര്‍ന്നോന്മാര്‍ രോഗികളായി മരിച്ചതെന്നും, അവരുടെ ചികിത്സക്കും, അടക്കിനും, അടിയന്തിരങ്ങള്‍ക്കുമായി നാലായിരം രൂപാ തനിക്കു ചെലവായിട്ടുണ്ടെന്നും, അതിന്റെ പകുതിയായ രണ്ടായിരം രൂപാ ഈ വസ്തുവിന്മേല്‍ ചാര്‍ജായി നില്‍ക്കുന്നുണ്ടെന്നും, അത് കൊണ്ടാണ് വസ്തു കയ്യേറി അണ്ടിത്താഴിട്ടു പൂട്ടിയിരിക്കുന്നതെന്നും, അത് കിട്ടാതെ ഈ വസ്തു വില്‍ക്കാന്‍ താന്‍ സമ്മതിക്കുകയില്ലെന്നുമാണ് വാദ മുഖങ്ങള്‍.

“ഓ! അത്രേയുള്ളോ? ” പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിച്ചു കൊണ്ടുള്ള എന്റെ ചോദ്യം.

“എന്താ, നീ തരുമോ രണ്ടായിരം രൂപാ?”

“അഥവാ, ഞാന്‍ രണ്ടായിരം രൂപാ തരികയാണെങ്കില്‍ ആധാരം നടക്കുന്ന സമയത്ത് കൊച്ചപ്പന്‍ അതില്‍ സാക്ഷിയായി ഒപ്പിടാമോ?”

“ഒപ്പിടാം. പക്ഷെ, ആധാരത്തിനു മുന്‍പ് രണ്ടായിരം രൂപാ എന്റെ കയ്യില്‍ കിട്ടിയിരിക്കണം.”

“അത് ഞാനേറ്റു.”

അങ്ങിനെ വലിയൊരു കീറാമുട്ടി ഒഴിവായ ആശ്വാസത്തോടും, എല്ലാം പരമ രഹസ്യമായിരിക്കണം എന്ന ധാരണയോടും പിറ്റേ ദിവസം കുറച്ചു പണവുമായി ഞാന്‍ മറ്റേ സിംഹത്തെ കാണാന്‍ ചെന്നു. വിലയുടെ കാര്യത്തില്‍ കുറെ തര്‍ക്കങ്ങള്‍ ഉണ്ടായി. ഒരു സിംഹം വിലങ്ങനെ കിടക്കുന്ന ഈ സ്ഥലം വാങ്ങാന്‍ മറ്റാരും വരികയില്ലെന്നും, എന്തും നേരിടാന്‍ തയ്യാറുള്ള ഒരു മല്ലനായതു കൊണ്ടാണ് ഞാനീ സ്ഥലം വാങ്ങുന്നതെന്നും, ഇനി അവിടെ നടക്കാന്‍ പോകുന്നത് അടിയും, പടയും, വെട്ടും, കുത്തും ആയിരിക്കുമെന്നും, ഇതെല്ലാം കണക്കിലെടുത്തുള്ള ഒരു കുറഞ്ഞ വിലക്ക് കിട്ടിയാലേ എനിക്ക് വാങ്ങാന്‍ പറ്റൂ എന്നും, ഇല്ലെങ്കില്‍ വന്ന വഴിയേ പൊയ്‌ക്കൊള്ളാം എന്നും ഞാന്‍ പറഞ്ഞപ്പോള്‍ ആ സിംഹവും ഒന്ന് കിടുങ്ങി.

എന്റെ കുടുംബപ്പേരൊക്കെ ചോദിച്ചു മനസ്സിലാക്കിയിരുന്നതിനാലും, തന്റെ നിത്യ ശത്രുവായ മറ്റേ കടുവയെ കീഴ്‌പ്പെടുത്താന്‍ അവതരിച്ചിട്ടുള്ള ഒരു കിടുവയാണ് ഞാനെന്ന് കണക്ക് കൂട്ടിയിട്ടും, കടുവയും, കിടുവയും തമ്മിലുള്ള യുദ്ധം ഒളിഞ്ഞു നിന്ന് കണ്ടു രസിക്കാമല്ലോ എന്നൊക്കെ ഓര്‍ത്തിട്ടുമാവണം, ഒരു കുറഞ്ഞ വിലക്ക് ഞാനുമായുള്ള കച്ചവടം ഉറപ്പിച്ചു കാരണവര്‍ അച്ചാരം വാങ്ങി വച്ചു. ( രണ്ടു വശത്തുമായി കൊടുക്കേണ്ടത് ആകെ കൂട്ടിയാലും അത് മാര്‍ക്കറ്റ് വിലയേക്കാള്‍ താഴെയായിരുന്നു.)

നമ്മുടെ നാടല്ലേ? ഒരു ഞണ്ട് രക്ഷപെടാന്‍ ശ്രമിച്ചാല്‍ അതിനെ വലിച്ചു കൂടയിലിടുന്നതാണല്ലോ സംസ്ക്കാരം. എങ്ങിനെയോ വിവരം ചോര്‍ന്നു. തന്റെ ശത്രുവിന് കോഴ കൊടുത്തിട്ടാണ് ഞാന്‍ സ്ഥലം വാങ്ങുന്നതെന്ന് കാരണവര്‍ അറിയുന്നു. പരസ്യ പ്രതികരണമില്ല. മൗന വ്രതമാണ്. ബാക്കി പണം പറ്റി ആധാരം നടത്തിത്തരണമെന്നുള്ള എന്റെ ആവശ്യം കാരണവര്‍ ശ്രദ്ധിക്കുന്നതേയില്ല. ” ഞാന്‍ കഷായം കുടിക്കുകയാണ്, പഥ്യം തീരട്ടെ ” എന്നാണു മറുപടി. ” എന്ന് തീരും ഈ പഥ്യം? ” എന്ന ചോദ്യത്തിന് അത് തൊണ്ണൂറോ, നൂറ്റി ഇരുപതോ ഒക്കെ ദിവസം പിടിക്കും എന്ന് ഉത്തരം. കാരണവര്‍ എന്നെ തുലക്കാന്‍ തന്നെയാണ് പുറപ്പാട് എന്ന് മനസിലായി. ഇതിനൊരു മറുമരുന്ന് പ്രയോഗിക്കണമെന്ന് എനിക്കും തോന്നി. ‘ ജ്വാല ‘ യിലെ ഡസന്‍ കണക്കിന് യുവാക്കള്‍ എന്നോടൊപ്പമുണ്ട്. അവരില്‍ നിന്ന് നാലഞ്ചു പേരെയും കൂട്ടി ഓരോ ആഴ്ചയിലും, കാരണവരെ സന്ദര്‍ശിച്ചു കഷായം കുടി തീര്‍ന്നോ, പഥ്യം തീര്‍ന്നോ എന്നൊക്കെ അന്വേഷിക്കും. ഒരു കാരണവശാലും പഥ്യം തീരാതെ വെല്ലുപ്പന്‍ പൂത്തിറങ്ങരുതെന്നും, അത് ആരോഗ്യത്തിന് നല്ലതല്ല എന്നും ഉപദേശിക്കും.

ഓരോ ആഴ്ചയിലും പുതുമുഖങ്ങളെയാണ് കാരണവര്‍ കാണുന്നത്. എല്ലാവരും എന്റെ സ്വന്തക്കാര്‍ ആണെന്നാണ് പറയുന്നത്. ആവലും തടം കുടുംബത്തില്‍ ഇത്രയധികം യുവാക്കളോ എന്ന് കാരണവര്‍ തല പുകഞ്ഞു കാണും. അഞ്ചാറാഴ്ച ഇങ്ങിനെ യുവ ബന്ധുക്കളുടെ സന്ദര്‍ശനം നടന്നു കഴിഞ്ഞപ്പോളേക്കും കാരണവര്‍ മടുത്തു കാണണം.

“പഥ്യം സാരമില്ല ആധാരം നടത്തിത്തരം” എന്നായി കാരണവര്‍.

“അത് വേണ്ട, പഥ്യം തീര്‍ന്നിട്ട് മതി.” എന്ന് ഞങ്ങള്‍. കാരണവരുടെ നിര്‍ബന്ധ പ്രകാരം ആധാര തീയതി നിശ്ചയിച്ചു എല്ലാവരും ആധാരത്തിനെത്തി.

മറ്റേ കടുവ നേരത്തെ സ്ഥലത്തെത്തിയിട്ടുണ്ട്. പണം കൈപ്പറ്റി ആധാരത്തില്‍ ഒപ്പിടണമല്ലോ? പരസ്പരം കണ്ടതേ സിംഹം അലറി:

“ഇവനെന്തിന് ഇവിടെ? ” എന്ന് എന്നോടാണ് ചോദ്യം.

“ആധാരത്തില്‍ സാക്ഷിയായി ഒപ്പിടാന്‍ വന്നതാണ്.” എന്ന എന്റെ മറുപടിക്ക് “ഫ! തെണ്ടി. അപ്പോ വെങ്ങാച്ചോട്ടില്‍ ഓനച്ചന് പണം കൊടുത്തിട്ടാണ് നീ എന്റെ സ്ഥലം വാങ്ങാന്‍ വന്നിരിക്കുന്നത് അല്ലേടാ പുല്ലേ? നീ ആധാരം നടത്തുന്നത് എനിക്കൊന്നു കാണണം.” കൊച്ചു മകനെയും കൂട്ടി കാരണവര്‍ തിരിച്ചു നടക്കുകയാണ്. കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന് എനിക്ക് തോന്നി. പ്രതികൂലങ്ങളില്‍ ഇരച്ചെത്താറുള്ള ആ അജ്ഞാത ഊര്‍ജ്ജം എന്നില്‍ വന്നു നിറഞ്ഞു. വിറയാര്‍ന്ന ശരീരത്തോടെ അനുജന്‍ ബേബിയേയും കൂട്ടി ഉറച്ച കാല്‍ വയ്പ്പുകളോടെ കാരണവരുടെ മുന്നില്‍ ചെന്ന് അയാളെയും കൊച്ചു മകനെയും തടഞ്ഞു.” വെല്ലുപ്പാ, കാര്യങ്ങളൊക്കെ ശരി. ഇനി ആധാരം നടത്തിത്തരാതെ വെല്ലുപ്പന്‍ ഇവിടെ നിന്ന് പോകില്ല. തിരിച്ചു നടക്ക്.” എന്ന് പറയുമ്പോള്‍ എന്റെ ശരീരം വിറക്കുന്നുണ്ടായിരുന്നു എന്നാണ് അനുജന്‍ പറയുന്നത്.

കാരണവര്‍ തിരിച്ചു നടന്നു. ബാക്കി പണം കൈപ്പറ്റി നേരത്തെ എഴുതി വച്ചിരുന്ന ആധാരത്തില്‍ സന്തോഷത്തോടെ ഒപ്പിട്ടു. കൊച്ചു മകനെയും കൂട്ടി തിരിച്ചു നടന്ന അദ്ദേഹത്തിന്‍റെ പിറകെ ഞാന്‍ ചെന്നു. ആ കരങ്ങള്‍ കവര്‍ന്നു കൊണ്ട് തൊണ്ടയിടറി ഞാന്‍ പറഞ്ഞു :

“വെല്ലുപ്പാ ക്ഷമിക്കണം. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോകാം, വാ.”

അദ്ദേഹത്തിന്‍റെ കണ്ണുകളും നിറഞ്ഞോ എന്ന് എനിക്ക് സംശയമുണ്ട്. വളരെ സൗമ്യനായി അദ്ദേഹം പറഞ്ഞു :

“എന്റെ പഥ്യം തീര്‍ന്നിട്ടില്ല. എനിക്കൊന്നും ഇപ്പോള്‍ വേണ്ട.” എന്നിട്ട് തന്റെ രണ്ടു കൈകളും എന്റെ തലയില്‍ വച്ച് അദ്ദേഹം എന്നോട് പറഞ്ഞു :

“നീ മിടുക്കനാ നിനക്ക് നന്നായി വരും.” അദ്ദേഹം പോയി. പിന്നീടൊരിക്കലും ഞാനദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹത്തിന്‍റെ അനുഗ്രഹം പോലെ ആ സ്ഥലത്തു നിന്ന് ഐശ്വര്യങ്ങളുടെ ആയിരം കതിര്‍ക്കുലകളാണ് ഞങ്ങള്‍ കൊയ്‌തെടുത്തത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment