യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടും

clg_4തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥി അഖിലിനാണ് നെഞ്ചിന് കുത്തേറ്റത്. അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ച ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

എന്നാല്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞില്ലെന്ന നിലപാടിലാണ് കോളജ് പ്രിന്‍സിപ്പല്‍. അഡ്മിഷന്റെ തിരക്കിലായിരുന്നതിനാല്‍ സംഭവം അറിഞ്ഞില്ല. മാധ്യമങ്ങള്‍ കോളേജില്‍നിന്നു പുറത്തുപോകണമെന്നും പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു.

ഇന്നു രാവിലെ 11.30നാണ് അഖിലിനു കുത്തേറ്റത്. രണ്ടു ദിവസം മുന്‍പു നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയായാണു സംഘര്‍ഷം ഉണ്ടായത്. പൊളിറ്റിക്‌സ് മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥി അഖിലും കൂട്ടുകാരും കാന്റീനില്‍ പാട്ടുപാടിയത് വിദ്യാര്‍ഥി നേതാക്കള്‍ എതിര്‍ത്തു. പിന്നീട് ഇതിനെചൊല്ലി പലതവണ വാക്കുതര്‍ക്കം ഉണ്ടായി. ഇന്നു രാവിലെ അഖിലിന്റെ കൂട്ടുകാരില്‍ ചിലരെ എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദിച്ചു. ഇത് അഖിലും കൂട്ടുകാരും തടഞ്ഞു. സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണു കുത്തേറ്റത്. പാട്ടുപാടിയത് എസ്എഫ്‌ഐ യൂണിറ്റ് അംഗത്തിന് ഇഷ്ടപ്പെടാത്തതാണ് കുത്തിലേക്കു നയിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

അതേസമയം, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടും. എസ്എഫ്ഐ അഖിലേന്ത്യാ  അധ്യക്ഷൻ വി.പി സാനുവാണ് ഇക്കാര്യം അറിയിച്ചത്.

“എസ്എഫ്ഐ ശക്തമായ യൂണിവേഴ്സിറ്റി കോളേജ് പോലൊരു സ്ഥലത്ത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും. ഇങ്ങനെയൊരു സംഘര്‍ഷാവസ്ഥ രൂപം കൊള്ളുന്നത് തടയുന്നതില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് വീഴ്ച സംഭവിച്ചു എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയായി കോളേജ് യൂണിയന്‍ പിരിച്ചു വിടുന്നത്. ഇക്കാര്യത്തിലെ ഭാവി നടപടികള്‍ എസ്എഫ്ഐ പ്രാദേശിക കമ്മിറ്റികള്‍ സ്വീകരിക്കും”- വി.പി സാനു പറഞ്ഞു.

എസ്.എഫ്.ഐക്കാരെ കൊല്ലാന്‍ എസ്.ഡി.പി.ഐ വേണ്ട അവര്‍ തന്നെ ധാരാളം; നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി അണികള്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റി ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നതായി ആരോപിച്ച് അണികള്‍ രംഗത്ത്. സ്വന്തം പാര്‍ട്ടിക്കാരെ കൊലപ്പെടുത്താന്‍ യൂണിറ്റ് നേതൃത്വത്തിലുള്ളവര്‍ക്ക് മടിയില്ലെന്ന് ചില വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇന്ന് രാവിലെ നടന്ന സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനും യൂണിവേഴ്സിറ്റി കോളജിലെ മൂന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയുമായ അഖിലിന് കുത്തേറ്റിരുന്നു.

അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് യൂണിറ്റ് കമ്മറ്റിയിലെ അംഗങ്ങളാണെന്ന് തന്നെയാണ് അണികള്‍ ആരോപിക്കുന്നത്. പുറത്തു നിന്നുള്ള ഗുണ്ടകള്‍ ക്യാംപസിനകത്ത് എത്തിച്ചേര്‍ന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാധ്യമങ്ങളോട് കുത്തിയവരുടെ പേരുകള്‍ പറയാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിച്ചു. നിരവധി ആയുധങ്ങള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്യാംപസിനകത്ത് സൂക്ഷിക്കുന്നതായും അണികള്‍ ചൂണ്ടിക്കാണിക്കുന്നു.

പരിക്കേറ്റ അഖിലിന്റെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അക്രമം കാണിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് എസ്.എഫ്.ഐ അഖിലേന്ത്യാ നേതൃത്വം അറിയിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് കമ്മറ്റി പിരിച്ചുവിടുമെന്ന് അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു വ്യക്തമാക്കി.

യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികള്‍ വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ നിന്ന്;

‘ഞാനും എസ്.എഫ്.ഐക്കാരനാണ്, എന്നാലും പറയട്ടെ, ഇവന്മാരുടെ കൈയ്യിലില്ലാത്ത ആയുധങ്ങളൊന്നും കേരളത്തിലില്ല. എസ്.ഡി.പി.ഐക്കാരൊന്നും വേണ്ട എസ്.എഫ്.ഐക്കാരെ കൊല്ലാന്‍! എസ്.എഫ്.ഐക്കാര് തന്നെ മതിയാവും.’

‘ഇന്ന് രാവിലെ ഞങ്ങളുടെ സുഹൃത്തിനെ യൂണിറ്റ് കമ്മിറ്റിയുടെ മരച്ചുവട്ടിലിരുന്ന് എന്നുപറഞ്ഞ് ഒരു കാരണവുമില്ലാതെ ഇടിച്ചത് എസ്.എഫ്.ഐക്കാരായ യൂണിറ്റ് മെമ്പര്‍മാരാണ്. അത് ചോദിക്കാനായാണ് ഞങ്ങളെല്ലാം വന്നത്. നമുക്ക് പ്രശ്‌നത്തിന് പരിഹരമുണ്ടാക്കാമെന്ന് പറഞ്ഞ് ഞങ്ങളെ അവിടെ ഇരുത്തി.

എന്നിട്ടവര്‍ പുറത്തുപോയി വെളിയിലുള്ള ഗുണ്ടകളേയും സംസ്‌കൃത കോളജിലുള്ള യൂണിറ്റ് മെമ്പര്‍മാരേയും കൂട്ടിക്കൊണ്ടുവന്ന് ഞങ്ങളെയെടുത്തിട്ട് ഇടിച്ചു. ഇടിക്കുന്നതിന്റെ ഇടയില്‍ ഞങ്ങളെ കൂട്ടത്തിലുള്ള ഒരുത്തനെ കുത്തി. പൊളിറ്റിക്കല്‍ സയന്‍സില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ. അവനെയിപ്പോള്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയിരിക്കുകയാണ്. വടിവാളും കത്തിയുമെല്ലാമുണ്ട് അതിനകത്ത്. അടിയായിരുന്നു അതിനകത്ത്. വെളിയിലുള്ളവരും അകത്തുള്ളവരും വളഞ്ഞിട്ട് അടിക്കുകയായിരുന്നു.’

‘ക്ലാസില്‍ കേറടാ എന്ന് ആജ്ഞാപിച്ചാണ് അവര്‍ എന്നെ ആദ്യം അടിച്ചത്. അത് ചോദിക്കാനെത്തിയവരെയും ആയുധങ്ങളുമായി എത്തി അവര്‍ മര്‍ദ്ദിച്ചു.’ പ്രശ്‌നത്തിന്റെ തുടക്കത്തില്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment