Flash News

പാടുന്നു പാഴ്‌മുളം തണ്ടു പോലെ (അനുഭവക്കുറിപ്പുകള്‍ 19)

July 13, 2019 , ജയന്‍ വര്‍ഗീസ്

19 bannerഞങ്ങളുടെ വാഴകൃഷി പരാജയപ്പെട്ട സ്ഥലം കൂടി ഉള്‍ക്കൊള്ളുന്നതാണ് രണ്ടേക്കറോളം വിസ്തൃതിയുള്ള വാങ്ങിയ സ്ഥലം. ഒരിക്കല്‍ ഒരു കൈ കൊണ്ട് തല്ലിയ കാലം തന്നെ മറ്റൊരിക്കല്‍ മറു കൈ കൊണ്ട് തലോടുകയാണല്ലോ എന്ന് ഞാന്‍ മനസ്സിലോര്‍ത്തു.

വലിയ ഉരുളന്‍ കല്ലുകള്‍ അങ്ങിങ്ങായി കാണപ്പെടുന്ന ഒരു കുന്നിന്‍ ചരിവായിരുന്നു ഈ സ്ഥലം. താഴ്‌വര അവസാനിക്കുന്നിടം നല്ല പളുങ്കു വെള്ളം കുണുങ്ങിയൊഴുകുന്ന ഒരു തോടായിരുന്നു. ഈ തോട്ടില്‍ നിന്ന് ‘ കുത്തുവല ‘ എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം വല ഉപയോഗിച്ച് മിക്ക ദിവസങ്ങളിലും ഞങ്ങള്‍ കുടുംബമായി മീന്‍ പിടിച്ചിരുന്നു. വര്‍ഷത്തിലെ മിക്ക സീസണിലും ഞങ്ങള്‍ക്കാവശ്യമുള്ള മീന്‍ ഈ തോട്ടില്‍ നിന്ന് ലഭിക്കുമായിരുന്നു.ക

കൂലിപ്പണിക്കാരനായ പത്രുവും കുടുംബവുമായിരുന്നു ഞങ്ങളുടെ അയല്‍ക്കാര്‍. ഒരു വീട്ടിലെ അംഗങ്ങളെപ്പോലെയാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. പത്രുവിന് ഭാര്യ മാറിയക്കൊച്ചും, നാല് കുട്ടികളും, അമ്മയും അടങ്ങുന്ന കുടുംബം. പത്രുവിന്റെ പെണ്‍കുട്ടികള്‍ കുഞ്ഞാമ്മിണിയും, അപ്പുക്കിളിയും, കുഞ്ഞുവും കൂടി തോട്ടിലേക്കുള്ള ഓട്ടവും, ചാട്ടവും, തുണിയലക്കലും, മീന്‍ പിടുത്തവും ഒക്കെയായി ഞങ്ങളുടെ താഴ്‌വാരത്ത് ശബ്ദ മുഖരിതമായ ഒരന്തരീക്ഷം സൃഷ്ടിച്ചിരുന്നു.. പത്രുവിന്റെ മകന്‍ ജോമോനായിരുന്നു എന്റെ സഹായി. എനിക്ക് ബീഡിയും തീപ്പെട്ടിയും വാങ്ങിത്തരുന്നത് അവനായിരുന്നു. ഓരോ ട്രിപ്പിനും പത്തു പൈസയായിരുന്നു അവന്റെ ടിപ്പ്. അക്കാലത്ത് പ്രതിദിനം മുപ്പത്തി രണ്ട് വീതമുള്ള രണ്ടു കേട്ട്, അതായത് അറുപത്തി നാല് ബീഡി ഞാന്‍ വലിച്ചിരുന്നു എന്നത് കൊണ്ട് ജോമോന്റെ മിഠായി വാങ്ങല്‍ സുഗമമായി നടന്നിരുന്നു.

പത്രുവിന്റെ ‘അമ്മ ശുശാമ്മാമ്മ ഒരു കാല്‍ നഷ്ടപ്പെട്ടു വടിയുടെ സഹായത്താലാണ് നടന്നിരുന്നത്. എന്റെ ഭാര്യയേയും, ഒന്നര വയസ്സുള്ള മകളെയും കണ്ട് അമ്മാമ്മ പൊട്ടിക്കരഞ്ഞു.’ ഈ പൊന്നുംകൊടങ്ങളെ കൊല്ലാനാണോ ഈ മലയിലേക്ക് കൊണ്ട് വന്നത് ‘എന്നാണ് അമ്മാമ്മയുടെ ചോദ്യം. വിശദീകരണത്തില്‍, എന്റെ സ്ഥലത്തിന്റെ ഏറ്റവും മുകളില്‍ പുളിങ്കുന്ന് എസ്‌റ്റേറ്റിന്റെ ഭാഗമായിട്ടുള്ള പാലക്കുന്നില്‍ ഒരു വലിയ പാലമരം നില്‍ക്കുന്നുണ്ടെന്നും, ആ പാലയിലേക്ക് രണ്ടര മൈല്‍ അകലെയുള്ള കൂവള്ളൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഒരു പോക്കുവരവ് ഉണ്ടെന്നും, ഒരു തീക്കുടുക്ക ആയിട്ടാണ് സഞ്ചാരമെന്നും, അമ്മാമ്മ പല തവണയും നേരിട്ട് കണ്ടിട്ടുണ്ടെന്നും, ആ സഞ്ചാര പാതയുടെ നേരെ അടിയിലാണ് എന്റെ വീട് നില്‍ക്കുന്നതെന്നും, അതില്‍ താമസിക്കുന്നവരെ ഈ ചെകുത്താന്‍ തട്ടിക്കളയും എന്നുമാണ് അമ്മാമ്മയുടെ സത്യ സന്ധമായ ആധി.

സംഗതി സത്യമാണെന്നുള്ളതിന് തെളിവായി പത്രുവിന്റെയും, എന്റെയും പട്ടികള്‍ രാത്രി മുഴുവന്‍ ഓലിയിട്ടു കുരക്കുന്നത് കേള്‍ക്കാറില്ലേയെന്നും അമ്മാമ്മ ചോദിക്കുന്‌പോള്‍, അക്കാര്യം ശരിയായിരുന്നു എന്നത് കൊണ്ട് എന്റെ ഭാര്യക്കും ഒരു പേടി തോന്നിത്തുടങ്ങി. എന്തായാലും നേരിടുക തന്നെ എന്ന എന്റെ തീരുമാനം അനുസരിക്കുകയല്ലാതെ അവള്‍ക്ക് നിവര്‍ത്തിയുണ്ടായിരുന്നില്ല എന്നത് മാത്രമല്ലാ, എത്രമാത്രം ആഗ്രഹിച്ചിട്ടാണ് ഒന്നുമല്ലാതിരുന്ന ഞങ്ങള്‍ രണ്ടേക്കര്‍ സ്ഥലം സ്വന്തമാക്കി അതില്‍ സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങിയത് എന്നതും ഒരു വേദനയായി മുന്നില്‍ നിന്നിരിക്കണം.

പിറ്റേ ദിവസം രാവിലെ തന്നെ അഞ്ചു ബാറ്ററിയുടെ ഒരു ‘എവറെഡി’ ഫ്ലാഷ് ലൈറ്റ് ഞാന്‍ വാങ്ങി വച്ചു. ഇതില്‍ നിന്നുള്ള വെളിച്ചം കൊണ്ട് രണ്ടേക്കര്‍ സ്ഥലത്തിന്റെ മുക്കും, മൂലയും മുറ്റത്തു നിന്നുകൊണ്ട് എനിക്ക് കാണുവാന്‍ സാധിച്ചിരുന്നു. നേരം ഇരുണ്ടു, രാത്രിയായി. എന്റെയും, പത്രുവിന്റെയും പട്ടികള്‍ മത്സരിച്ചു കുരക്കാന്‍ തുടങ്ങി. ഇടക്ക് പട്ടികള്‍ പേടിക്കുന്നത് പോലെ പിന്‍വലിയുന്നുമുണ്ട്. ഭാര്യയുടെ എതിര്‍പ്പിനെ അവഗണിച്ചു കൊണ്ട് പുറത്തിറങ്ങിയ ഞാന്‍ ഫഌഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ പട്ടികളെ പിന്തുടര്‍ന്ന് കാരണം കണ്ടെത്തി.

സ്ഥലം വാങ്ങുന്‌പോള്‍ത്തന്നെ അതില്‍ ചെറിയൊരു പുരയുണ്ടായിരുന്നു. ജേഷ്ഠാനുജന്മാരുടെ തറവാട്ടുസ്വത്ത് ഭാഗിച്ചപ്പോള്‍ അനുജന് ലഭിച്ച വീതമായിരുന്നു ഞങ്ങള്‍ വാങ്ങിയത്. പ്രധാന വീടിനടുത്തുണ്ടായിരുന്ന ‘ഉരപ്പുര’ (ഔട്ട്‌ഹൌസ് എന്ന് മോഡേണ്‍ നാമം) അനുജന്റെ വീതത്തില്‍ വന്നത് കൊണ്ട് അത് പൊളിച്ചെടുത്ത് ഇവിടെ പണിഞ്ഞിരിക്കുകയാണ്. ഭാര്യയേയും കുട്ടിയേയും ഉപേക്ഷിച്ചു നാട് വിട്ട അനുജന്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ലാത്തതിനാല്‍ അനുജന്റെ ഭാര്യാ പിതാവാണ് ഇക്കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നതും വസ്തു കുട്ടിക്ക് വേണ്ടി എനിക്ക് വിറ്റതും. യാതൊരു മേല്‍നോട്ടവും ഇല്ലാതെ നടന്ന ഈ പൊളിച്ചു പണിയല്‍ എങ്ങനെ ഒരു പണി വികൃതമാക്കാം എന്നതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു. പൊളിച്ചുകൊണ്ടു വന്ന വെട്ടുകല്ല് കുഴമണ്ണില്‍ പണിതു വച്ചതായിരുന്നു ഭിത്തികള്‍. കല്ലുകള്‍ക്കിടയിലുള്ള വിടവുകള്‍ പോലും നേരാം വണ്ണം അടച്ചിരുന്നില്ല. വളരെക്കാലം ആരും വാങ്ങാതെ വിജനമായിക്കിടന്ന ഈ പുരയില്‍ പാമ്പുകള്‍ പെറ്റു പെരുകുകയായിരുന്നു. വളകഴപ്പന്‍ എന്നും വെള്ളിക്കെട്ടന്‍ എന്നും പേരുള്ള ഇനമായിരുന്നു അധികവും. പതിയെ സഞ്ചരിക്കുന്നതും, കടുത്ത വിഷമുള്ളതുമാണ് ഈ ഇനങ്ങള്‍. ഞാന്‍ നോക്കുന്‌പോള്‍ രണ്ടു മൂന്നു പാമ്പുകള്‍ ഭിത്തിയുടെ തലങ്ങും വിലങ്ങും ഇഴഞ്ഞു നടക്കുകയാണ്. ഇത് നോക്കിയിട്ടാണ് പട്ടികള്‍ പേടിച്ചു കുരച്ചു കൊണ്ടിരുന്നത്.

ഇത്തരം ഒരു പ്രതീക്ഷയില്ലാതിരുന്നതിനാല്‍ വടിയോ, അത്തരത്തിലുള്ള മറ്റെന്തെങ്കിലുമോ ഉണ്ടായിരുന്നില്ല? കാട് വെട്ടുന്നതിനുപയോഗിക്കുന്ന ഒരു മുഴത്തിലധികം നീളമുള്ള വാക്കത്തിയാണ് പെട്ടന്ന് മനസ്സിലേക്കോടിയെത്തിയത്. വിളിച്ചു പറഞ്ഞതേ ഭാര്യ വാക്കത്തിയുമായി എത്തി. ഫ്ലാഷ് ലൈറ്റിന്റെ കടുത്ത വെളിച്ചത്തില്‍പ്പെട്ട് ഓടാന്‍ കഴിയാതെ പതുക്കെ ഇഴഞ്ഞു കൊണ്ടിരുന്ന പാമ്പുകളില്‍ രണ്ടെണ്ണത്തിനെ വാക്കത്തിയുടെ മാട് (വായ്ത്തലയല്ലാത്ത വശം) കൊണ്ട് വെട്ടിക്കൊന്നു. ബഹളത്തിനിടയില്‍ ഒരെണ്ണം എങ്ങോ രക്ഷപ്പെട്ടു. ഇത്തരം സാഹചര്യങ്ങളില്‍ പാന്പുകളെ കൊല്ലാന്‍ വടിയെക്കാള്‍ മെച്ചം വാക്കത്തിയുടെ മാട് ആണെന്ന് ഞാന്‍ കണ്ടെത്തി. ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ സ്ഥലകാല ഭ്രമത്തിലാവുന്ന പാമ്പിന്റെ കഴുത്തു നോക്കി ഒറ്റ വെട്ട്. പാമ്പ് ചത്തു വീണത് തന്നെ.

പിന്നീടുള്ള രാത്രികളില്‍ വീടും പരിസരവും ടോര്‍ച്ചടിച്ചു പരിശോധിക്കുന്നത് ഞാന്‍ പതിവാക്കി. ഒരു വര്‍ഷത്തിനിടയില്‍ നൂറിലധികം വെള്ളിക്കെട്ടന്‍ പാമ്പുകളെ ഇപ്രകാരം ഞാന്‍ കാലപുരിക്കയച്ചിട്ടുണ്ട്. ഒരു രാത്രിയില്‍ ഞങ്ങളുടെ കോഴിക്കൂട്ടില്‍ കയറി മൂന്നു കോഴികളെ കടിച്ചുകൊന്ന പതിനാലടിയോളം നീളമുണ്ടായിരുന്ന ഒരുഗ്രന്‍ മൂര്‍ഖന്റെ മുന്നില്‍ നിസ്സഹായനായി ഞാന്‍ എന്റെ വാക്കത്തിയുമായി നിന്നുപോയി. അവസാനം, നാടന്‍ തോക്കുണ്ടായിരുന്ന കൊച്ചപ്പനെ ( അപ്പന്റെ അനുജന്‍ ) വിളിച്ചു വരുത്തി വെടി വച്ചിട്ടാണ് അതിനെ കൊന്നത്.

മൂന്നടി നീളമുണ്ടായിരുന്ന ഒരു വെള്ളിക്കെട്ടനോടൊപ്പം ഉറങ്ങിയ ഒരനുഭവവും എനിക്കുണ്ടായി. തഴപ്പായ വിരിച്ച ഒരു കയറ്റു കട്ടിലില്‍ രാത്രി ഞാനുറങ്ങുകയായിരുന്നു. മലര്‍ന്നു കിടന്നിരുന്ന എന്നെ എന്തോ ഒന്ന് മുകളിലേക്ക് തള്ളുന്നതായി എനിക്ക് തോന്നി. ഞങ്ങള്‍ വളര്‍ത്തിയിരുന്ന ഒരു പൂച്ച കട്ടിലിനടിയില്‍ വന്ന് അതിന്റെ മുതുകു കൊണ്ട് എന്നെ ഉയര്‍ത്തുന്നതാകും എന്നാണ് ഞാന്‍ കരുതിയത്. ഒരു പൂച്ചക്ക് കട്ടിലിനോളം പൊക്കം ഉണ്ടാവില്ല എന്ന് ഉറക്കച്ചടവില്‍ ഞാന്‍ ചിന്തിച്ചില്ല. രണ്ടുമൂന്നു തവണ ഇതാവര്‍ത്തിച്ചപ്പോള്‍ എനിക്ക് ദേഷ്യം വരികയും, എന്റെ പുറം ഉയര്‍ത്തിയും, താഴ്ത്തിയുമായി രണ്ടുമൂന്നു വട്ടം പൂച്ചയെ ഞാന്‍ ഇടിക്കുകയും ചെയ്തു. പെട്ടെന്ന് എന്റെ പുറത്തിനടിയില്‍ ജ്ജടുതിയിലുള്ള ഒരു പുളച്ചില്‍ അനുഭവപ്പെട്ട ഞാന്‍ ചാടിയെഴുന്നേറ്റ് ലൈറ്റിട്ടു. തഴപ്പായയുടെ മിനുസ്സത്തെ അതിജീവിച്ചു മുന്നോട്ടും, പിന്നോട്ടും നീങ്ങാനാവാതെ ഒരു വെള്ളിക്കെട്ടന്‍ പായയില്‍ പുളയുകയാണ്. വാക്കത്തി പ്രയോഗത്താല്‍ അതിനെയും വകവരുത്തി. എത്ര നേരം എന്നോടൊപ്പം അത് കിടന്നിട്ടുണ്ടാവും എന്നും, എന്റെ പുറം കൊണ്ട് പല തവണ ഞാന്‍ അതിനെ ഇടിച്ചിട്ടും അത് എന്നെയോ, തൊട്ടടുത്ത കട്ടിലില്‍ ഉറങ്ങിയിരുന്ന എന്റെ കുടുംബത്തെയോ കടിച്ചില്ലാ എന്നതും എന്നെന്നും എന്നെ ചൂഴ്ന്നു നിന്നിരുന്ന ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമായിരുന്നു എന്നാണ് ഞാനിന്നും വിശ്വസിക്കുന്നത്.

പാമ്പ് ശല്യം ഒഴിവായതോടെ പട്ടി കുരയും ഇല്ലാതായി. ശുശാമ്മാമ്മ കണ്ടുവെന്ന് പറയുന്ന തീക്കുടുക്ക കൂവളളൂര്‍ക്കാവില്‍ നിന്ന് പാലക്കുന്നിലെ വലിയ പാലയിലേക്ക് ഞങ്ങളുടെ വീടിനു മുകളിലൂടെ ഒരു പക്ഷെ ഇന്നും സഞ്ചരിക്കുന്നുണ്ടാവാം; ഇത് വരെ ഞങ്ങള്‍ കണ്ടിട്ടില്ല.

(തോടിറമ്പിലുള്ള ഒരേക്കര്‍ തെങ്ങും, മുകള്‍ ഭാഗം ഒരേക്കര്‍ റബറും കൃഷി ചെയ്തു. ഡി.എക്സ്.ടി എന്ന സങ്കര ഇനം തെങ്ങും, ജി.ടി.വണ്‍ എന്ന റബര്‍ ഇനവുമാണ് നട്ടത്. ജാതിയും, വാഴയും, സപ്പോട്ടയും, പച്ചക്കറികളുമെല്ലാം ഇടവിളയായി ഉണ്ടായിരുന്നു. തേന്‍വരിക്ക കായ്ക്കുന്ന ഒരു വലിയ പ്ലാവും, വിവിധയിനം രണ്ടോ,മൂന്നോ മാവുകളും മുന്നമേ ഉണ്ടായിരുന്നു. പൂവനും, ഞാലിയും, പാളേന്‍ തോടനുമായ പഴുത്ത വാഴക്കുലകള്‍ വര്‍ഷം മുഴുവനും ഞങ്ങളുടെ മച്ചിന്‍ പുറത്ത് കെട്ടിത്തൂക്കിയിരുന്നു. ( ഈ വാഴകള്‍ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളായ അന്പാട്ടു കുഞ്ഞു ചേട്ടന്റെ പറന്പില്‍ നിന്ന് ഒരു രൂപാ നിരക്കില്‍ വാങ്ങി ഒന്നിന് ഒരു രൂപാ നിരക്കില്‍ തലച്ചുമടായി എത്തിച്ചു നട്ട് വളര്‍ത്തിയതായിരുന്നു).

ആയിടെ ഞങ്ങളുടെ നാട്ടില്‍ വൈദ്യുതി എത്തുകയും, ഞങ്ങളുടെ വീട്ടിലേക്ക് കണക്ഷന്‍ കിട്ടുകയും ചെയ്തതിനാല്‍ ഒരു ഇലക്ട്രിക് പന്പ് വാങ്ങണമെന്നും, കൃഷികളില്‍ ജലസേചനം സാധ്യമാക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. സര്‍ക്കാരില്‍ നിന്ന് ഇറിഗേഷന്‍ പന്പുകള്‍ക്ക് പകുതിയോളം തുക സബ്‌സിഡി കിട്ടുമെന്ന് അറിഞ്ഞതിനാല്‍ അതിനെക്കുറിച്ചും അന്വേഷിച്ചു. പൈങ്ങോട്ടൂരില്‍ ഉള്ള ഒരു ഗ്രാമ സേവകന്‍ ആണ് വിവരങ്ങള്‍ നല്‍കിയത്. ഇദ്ദേഹം എന്റെ നാടക സുഹൃത്ത് രവിശങ്കറിന്റെ കൊച്ചപ്പനാണ്.

സഹകരണ സംഘത്തില്‍ നിന്നു വായ്പയെടുത്ത് പമ്പ് വാങ്ങിയാലേ സബ്‌സിഡി കിട്ടൂ. സഹകരണ സംഘത്തില്‍ നിന്ന് വായ്പ കിട്ടണമെങ്കില്‍ അവിടെ ഷെയര്‍ വേണം. നമുക്ക് ആവശ്യമുള്ള തുകയുടെ അനുപാതമനുസരിച്ചാണ് ഷെയറിന്റെ തുകയും. എനിക്കാണെങ്കില്‍ അപ്പോള്‍ സംഘവുമായി ബന്ധമില്ല. ഞങ്ങളുടെ തൊട്ടടുത്ത മുറിയില്‍ ചായക്കട നടത്തിയിരുന്നയാളും, എന്റെ നല്ലൊരു അഭ്യുദയകാംക്ഷിയുമായ പരീക്കാമോളേല്‍ അപ്പാപ്പന്‍ സഹായിക്കാമെന്നേറ്റു. അപ്പാപ്പന്റെ അക്കൗണ്ടില്‍ പന്പ് എടുത്തു തരും. അതിനായി എടുക്കേണ്ടി വരുന്ന ഷെയര്‍ തുക അപ്പാപ്പന് കൊടുക്കണം. തവണകള്‍ വരുമ്പോള്‍ കൃത്യമായി അടക്കുകയും വേണം.

എല്ലാം വേണ്ട പോലെ നടന്നു. ക്രോംപ്ടന്‍ ഗ്രീവ്‌സിന്റെ ഒന്നര ഹോഴ്‌സ് പവറില്‍ പ്രവര്‍ത്തിക്കുന്ന ഒരു പമ്പ് സ്ഥാപിച്ചു കൊണ്ട് കൃഷികള്‍ക്കെല്ലാം ജല സേചനം നടപ്പിലാക്കി. തോടിനോട് ചേര്‍ന്നുള്ള ഒരു കുളത്തില്‍ നിന്നുള്ള വറ്റാത്ത ജല സമൃദ്ധിയില്‍ ചരിഞ്ഞ പുരയിടത്തിന്റെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വീടിന്റെ മുറ്റത്ത് വെള്ളമെത്തിച്ചിട്ട് അവിടെ നിന്ന് ചാല് കീറി ഓരോ വിളകളെയും സ്പര്‍ശിച്ചു കൊണ്ട് കുണുങ്ങിയൊഴുകിയിരുന്ന കുളിര്‍ ജലം മണ്ണിന്റെയും, മരങ്ങളുടെയും, മാത്രമല്ലാ, അത് കാണുന്ന മനുഷ്യന്റെയും മനസുകളില്‍ ഒരു വലിയ കുളിര്‍മ്മ ഉണര്‍ത്തിയിരുന്നു.

(പുകയില കൃഷിക്ക് പ്രോത്സാഹനം കൊടുത്ത് വളത്തിയിട്ടു ‘പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന് പത്രപ്പരസ്യം കൊടുക്കുന്നത് പോലുള്ള മണ്ടന്‍ ഏര്‍പ്പാടാണ് സര്‍ക്കാരിന്റെ സബ്‌സിഡി പരിപാടിയും എന്ന് മനസ്സിലായി. സബ്‌സിഡി അന്ന് ഗ്രാമസേവകന്‍ വഴിയേ കിട്ടൂ. നമ്മുടെ ഒരു സാധാരണ രീതി അനുസരിച്ച് തുകയുടെ പകുതിയെങ്കിലും കയ്യില്‍ കിട്ടിയാല്‍ ഭാഗ്യം. ഞങ്ങളുടെ കാര്യത്തിലാവട്ടെ, ഒരൊറ്റ പൈസ പോലും സബ്‌സിഡി ഇനത്തില്‍ കിട്ടിയില്ല. ഗ്രാമ സേവകനോട് ചോദിക്കുമ്പോള്‍ ‘വന്നിട്ടില്ല’ എന്ന സ്ഥിരം പല്ലവി മാത്രം. വന്ന പൈസ ഗ്രാമസേവകന്‍ മുക്കിക്കാണും എന്നാണു അപ്പാപ്പന്റെ നിഗമനം. ഒക്കെക്കൂടി തവണകള്‍ കൃത്യമായി അടച്ചു തീര്‍ത്ത് പമ്പ് സ്വന്തമായപ്പോള്‍ ഏകദേശം രണ്ടു പമ്പിനുള്ള പണം എന്റെ പോക്കറ്റില്‍ നിന്ന് പോയിക്കിട്ടി).

ക്രമേണ ഞങ്ങളുടെ കൃഷികള്‍ മികച്ച വിളവ് തന്നു തുടങ്ങി. തെങ്ങുകള്‍ ഞങ്ങളുടെ നാട്ടില്‍ ആരും കാണാത്ത തരത്തില്‍ ആണ് കുലച്ചു വിളഞ്ഞത്. തോട്ടിറന്പില്‍ നിന്ന പതിനൊന്നു തെങ്ങുകള്‍ നാട്ടിലെയും, അയല്‍ ഗ്രാമങ്ങളിലെയും കൃഷിക്കാരുടെ സംസാര വിഷയമായിത്തീര്‍ന്നു. അത് കാണുവാനായി ആളുകള്‍ അതിലേ വന്നു തുടങ്ങി. ക്രമേണ പ്രധാന റോഡിനു സമാന്തരമായിട്ടുള്ള ഒരു നടപ്പു വഴിയായി അത് രൂപാന്തരപ്പെട്ടു.

കാര്‍ഷിക സമൃദ്ധിയുടെ തണലും, തോട്ടിലെ മീനിന്റെ രുചിയും ഒക്കെക്കൂടി ഞങ്ങളുടെ ജീവിതം അതി മനോഹരമാക്കിത്തീര്‍ത്തു. മദ്യപാനവും, പുകവലിയും, ആഭരണങ്ങളും ഒക്കെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതമാണ് ഞാന്‍ നയിച്ചിരുന്നതെങ്കിലും, എന്റെ ഭാര്യയെപ്പോലും ഇതംഗീകരിപ്പിക്കുവാന്‍ എനിക്ക് സാധിച്ചില്ല. ഒരു നേരം കഞ്ഞി കുടിച്ചില്ലെങ്കിലും ഒരു തരി സ്വര്‍ണ്ണമണിയാതെ അവള്‍ക്ക് ജീവിക്കുവാന്‍ സാധിക്കുമായിരുന്നില്ല. എട്ടു വയസ്സ് വരെ എന്റെ മകളുടെ കാതുകുത്താതെ ഞാന്‍ സൂക്ഷിച്ചു. ഒരു ദിവസം ഞാനറിയാതെ അവള്‍ എന്റെ അപ്പനേക്കൊണ്ട് കാതു കുത്തിച്ച്, അതില്‍ അപ്പന്‍ വാങ്ങിക്കൊടുത്ത കൊച്ചു രണ്ടു സ്വര്‍ണ്ണക്കമ്മലുകളും അണിഞ്ഞു വന്ന് എന്നെ ദയനീയമായി പരാജയപ്പെടുത്തിക്കളഞ്ഞു. പിന്നീടിങ്ങോട്ട് ആരെയും, ഒന്നിനെയും എന്റെ രീതികള്‍ സ്വീകരിക്കണമെന്ന് ഞാനാവശ്യപ്പെട്ടിട്ടില്ലെങ്കിലും എന്റെ മകന്‍ ഞാന്‍ പറയാതെ തന്നെ ഇതെല്ലാം ഒഴിവാക്കിയാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്. എക്‌സിക്യുട്ടീവ് തലത്തിലുള്ള ഒരു പദവിയിലിരിക്കുന്നതിനാല്‍ ജോലിസ്ഥലത്ത് ഈ രീതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് അവന്‍ പറയാറുണ്ട്. (അറുപത്തി നാല് ബീഡി ദിവസവും വലിക്കുകയും, അത്യാവശ്യം മദ്യപാനവും, തരികിടകളും ഒക്കെയായി നടന്നിരുന്ന ഞാന്‍ അവന്‍ ജനിച്ച ദിവസമാണ് ഇതൊക്കെ ഒറ്റയടിക്ക് അവസാനിപ്പിച്ചതെന്ന് അവനറിയാവുന്നത് കൊണ്ടായിരിക്കാം അവനിങ്ങനെ ചെയ്യുന്നത്?).

അദ്ധ്വാന ശീലയായ എന്റെ ഭാര്യയില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് ഞാനും ഒരദ്ധ്വാനശീലനായിത്തീര്‍ന്നു. എന്നും രാവിലെ പത്തുമണി വരെ ഞാന്‍ കൃഷിപ്പണി ചെയ്തിരുന്നു. കുളിക്കുന്ന നേരത്താണ് മീന്‍ പിടുത്തം. അതിനു ശേഷമാണ് കടയില്‍ പോകുന്നത്. നാട്ടില്‍ ധാരാളം യാത്രാ സൗകര്യം വന്നതോടെ ആളുകള്‍ പട്ടണങ്ങളിലെ വലിയ ഷോറൂമുകളില്‍ നിന്നുള്ള സെലക്ഷനുകളില്‍ ആകൃഷ്ടരായിപ്പോയി. ഞങ്ങളുടേതുള്‍പ്പടെ നാട്ടിന്‍ പുറങ്ങളിലെ തുണി വ്യാപാരം ശരിക്കും തളര്‍ന്നു. ഭാര്യയുടെ തയ്യല്‍ പ്രാവീണ്യം ഒന്നുകൊണ്ടു മാത്രം ഇഴഞ്ഞും വലിഞ്ഞും നീങ്ങിയ കച്ചവടം കൊണ്ട് ഒന്നും തന്നെ സന്പാദിക്കാനാവാത്ത ഒരു നില വന്നു ചേര്‍ന്നു.

കച്ചവടത്തിലുണ്ടായ ഈ തകര്‍ച്ചയെ അതി ജീവിക്കുന്നതിനുള്ള തന്ത്രങ്ങളോ, അടവുകളോ ഒന്നും ഞങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല. കടയില്‍ പോകുന്ന ചുമതല മിക്കവാറും ഭാര്യ തന്നെ ഏറ്റെടുത്തു. പത്രം വായിക്കാനും, പൊതു പ്രവര്‍ത്തനത്തിനും മാത്രമായി ചുരുങ്ങി എന്റെ കടയില്‍പ്പോക്ക്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top