ശബരിമലയിലെ ‘ഹരിവരാസനം’ മറ്റാരെങ്കിലും പാടിയാല്‍ മതിയോ?; കോടതി

imageകൊച്ചി: ശബരിമല ക്ഷേത്രത്തില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ഊരകം സ്വദേശി ഗോപിനാഥന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ശബരിമല ക്ഷേത്രം ഒരു മതനിരപേക്ഷ ക്ഷേത്രമാണെന്നും ഹരജിയുമായി മുന്നോട്ടു പോവാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് ഹരജിക്കാരന്‍ വ്യക്തമാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ നിര്‍ദേശിച്ചു. മറ്റു വിഭാഗങ്ങള്‍ക്ക് ശബരിമലയില്‍ നിരോധനമില്ലെന്ന് കോടതി പറഞ്ഞു. ‘ഹരിവരാസനം’ യേശുദാസിന് പകരം മറ്റാരെങ്കിലും പാടേണ്ടി വരുമോയെന്നും കോടതി ആരാഞ്ഞു. യേശുദാസിന്റെത് ഹിന്ദുവിന്റെ സ്വരമല്ലല്ലോ എന്നും കോടതി വാക്കാല്‍ പറഞ്ഞു.

ഇതര വിഭാഗങ്ങള്‍ക്ക് ശബരിമലയില്‍ നിരോധനമില്ലെന്നു കോടതി പറഞ്ഞു. ഹരിവരാസനത്തിന് ക്ഷേത്രാചാരവുമായി ബന്ധമില്ലെന്നും ഇതിനെ ഒരു മന്ത്രമായി കാണരുതെന്നും ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്കു മാറ്റി.

ഗോപിനാഥന്‍ നല്‍കിയതു പോലുള്ള ഹര്‍ജികള്‍ പരിഗണിക്കാനാവില്ലെന്ന് ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന മറ്റൊരു ദേവസ്വം ബെഞ്ച് കഴിഞ്ഞ മാര്‍ച്ചില്‍ വ്യക്തമാക്കിയിരുന്നു. ഇവ നിയമപരമായി നിലനില്‍ക്കില്ല. ശബരിമല വ്യത്യസ്തമായ അനുഷ്ഠാനങ്ങളുള്ള സ്ഥലമാണ്. ഇവിടെ അഹിന്ദുക്കളെ വിലക്കാന്‍ കോടതി ഉദ്ദേശിക്കുന്നില്ല. ശബരിമലയിലെ മതനിരപേക്ഷ സംവിധാനത്തിനു പോറല്‍ വരുത്താന്‍ ആരും ശ്രമിക്കരുതെന്നും അന്നു കോടതി പറഞ്ഞു. ശബരിമലയില്‍ അഹിന്ദുക്കള്‍ക്കു പ്രവേശനം നല്‍കരുതെന്നാവശ്യപ്പെടുന്നത് കേരളത്തിലെ മതസൗഹൃദത്തെ തകര്‍ക്കുമെന്ന് ടി.ജി. മോഹന്‍ദാസ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴും കോടതി വ്യക്തമാക്കിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News