ഹേഗ്: ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാകിസ്ഥാന് പട്ടാളക്കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു. പാക് പട്ടാള കോടതി വിധിയ്ക്കെതിരെ ഇന്ത്യ നല്കിയ ഹര്‍ജിയിലാണ് നടപടി. പാകിസ്ഥാന് വിയന്ന ഉടമ്പടി ലംഘിച്ചെന്ന് കോടതി പ്രഖ്യാപിച്ചു.
കുൽഭൂഷൺ യാദവിന് ഏകപക്ഷീയമയി വധശിക്ഷ വിധിച്ചതിലൂടെ പാകിസ്ഥാൻ വിയന്ന കരാറിന്റെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കുൽഭൂഷൺ യാദവിനും ഇന്ത്യയ്ക്കുമിടയിലെ ആശയവിനിമയത്തിന് തടസ്സം നിന്നതിലൂടെ അന്താരാഷ്ട്ര നിയമങ്ങൾക്ക് പാകിസ്ഥാൻ അപവാദമായെന്നും കോടതി നിരീക്ഷിച്ചു. പാകിസ്ഥാനിലെ സൈനിക കോടതി വിധിച്ച ശിക്ഷ അതു കൊണ്ട് തന്നെ പുന:പരിശോധനക്ക് വിധേയമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി വ്യക്തമാക്കി.
2017 ഏപ്രിലാണ് കുല്ഭൂഷണ് ജാദവിനെ പാകിസ്ഥാന് പട്ടാളക്കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഏതൊരു വിദേശ തടവുകാരനും ലഭിക്കേണ്ട നയതന്ത്ര പരിരക്ഷ പാകിസ്ഥാന് കുല്ഭൂഷണ് ജാദവിന് നിഷേധിച്ചു. ഇതോടെ ഇന്ത്യ ഹേഗിലെ രാജ്യാന്തര മധ്യസ്ഥ കോടതിയെ സമീപിക്കുകയായിരുന്നു.
വധശിക്ഷ പാകിസ്ഥാന് പുനഃപരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നീതിപൂര്‍വ്വമായ വിചാരണ നടത്തണം. കേസില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്നും കോടതി ഉത്തരവില്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് കുല്ഭൂഷണ് ജാദവിനെ കാണാനും കോടതി അനുമതി നല്കി. അതേസമയം കുല്ഭൂഷണ് ജാദവിനെ മോചിപ്പിക്കണം എന്ന ഇന്ത്യയുടെ ആവശ്യം കോടതി തള്ളി.
കുൽഭൂഷൺ യാദവിന് നിയമസഹായം ലഭ്യമാക്കാൻ ഇന്ത്യയെ അനുവദിക്കണമെന്ന് പാകിസ്ഥാനോട് അന്താരാഷ്ട്ര നീതിന്യായ കോടതി അദ്ധ്യക്ഷൻ ജസ്റ്റിസ് അബ്ദുൾ ഖവി അഹമ്മദ് യൂസഫ് ശക്തമായി ആവശ്യപ്പെട്ടു. നിയമസഹായം എന്ന ജാദവിന്റെ ആവശ്യം ന്യായമാണെന്നും വിധി നീതിയുക്തമാണെന്നും ദക്ഷിണേഷ്യൻ അന്താരാഷ്ട്ര നിയമോപദേഷ്ടാവ് റിമ ഒമർ അഭിപ്രായപ്പെട്ടു. ജാദവിന്റെ വധശിക്ഷയും കേസിലെ നടപടികളും പുന:പരിശോധിക്കാനുള്ള കോടതിയുടെ തീരുമാനം മാനവികത ഉയർത്തിപ്പിടിക്കുന്നതാണെന്നും അവർ വ്യക്തമാക്കി.
2016 മാർച്ചിലാണ് ബലൂചിസ്ഥാനിൽ വച്ച് കുൽഭൂഷൺ യാദവ് അറസ്റ്റിലായത്. ചാരവൃത്തി ആരോപിക്കപ്പെട്ട് പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന കുൽഭൂഷൺ യാദവ് ഒരു വിമുക്ത ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനാണ്. കുല്ഭൂഷണ് ജാദവിന് ആശ്വാസം പകരുന്ന വിധി ഇന്ത്യയുടെ നയതന്ത്രത്തിന്റെ വിജയം കൂടിയായിട്ടാണ് വിലയിരുത്തുന്നത്. 16 ജഡ്ജിമാരില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പാകിസ്ഥാന് ജഡ്ജിയാണ് ഇന്ത്യയ്ക്കെതിരായ നിലപാടെടുത്തത്. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായി.
കോടതി ഉത്തരവ് ഇന്ത്യയുടെ വന്‍ വിജയമെന്ന് മുന്‍ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് പ്രതികരിച്ചു. വിധി സ്വാഗതം ചെയ്യുന്നെന്നും സുഷ്മ സ്വരാജ് പറഞ്ഞു.