പിണറായി വിജയന്‍ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറി തന്നെ…!!

pinarayi-police-png_710x400xtവന്ന വഴി മറക്കുന്നവരും വന്ന വഴിയേ തന്നെ നടക്കുന്നവരുമുണ്ട്. ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ചില സമയത്ത് പെരുമാറുന്നത്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴുമെല്ലാം അദ്ദേഹത്തിന്റെ പെരുമാറ്റം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഭരണകക്ഷികള്‍ക്ക് എന്നും തലവേദന സൃഷ്ടിക്കാനും, തരം കിട്ടുമ്പോഴൊക്കെ അവരെ പ്രകോപിപ്പിക്കാനും ശുഷ്ക്കാന്തി കാണിച്ചിട്ടുള്ള അദ്ദേഹം മുഖ്യമന്ത്രിയായപ്പോഴും ഇടക്കിടെ പഴയ പാര്‍ട്ടി സെക്രട്ടറിയായോ പ്രതിപക്ഷ നേതാവായോ ഒക്കെ ഭാവമാറ്റം വരുന്നത് ‘വന്ന വഴിയേ നടക്കുന്നവരെപ്പോലെ’യാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.

ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ ഇക്കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത പോലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയെന്ന സ്ഥാനം മാത്രമല്ല, കേരളത്തിന്റെ ആഭ്യന്തരമന്ത്രിയാണെന്ന വസ്തുത പോലും മറന്ന് പഴയ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്താണെന്ന മട്ടിലാണ് സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ഇതിനുമുമ്പുണ്ടായിരുന്ന ഒരു ആഭ്യന്തര മന്ത്രിയും ക്രമസമാധാനപാലന ചുമതലയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചിരുത്തി അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുമാറുള്ള ആക്ഷേപങ്ങള്‍ ചൊരിഞ്ഞതായ സംഭവമുണ്ടായിട്ടില്ല.

“നിങ്ങളില്‍ ഒറ്റുകാരുണ്ട്. ശബരിമലയില്‍ സര്‍ക്കാറിന്റെ നടപടികള്‍ ആര്‍എസ്എസിന് ചോര്‍ത്തി കൊടുത്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള യുവതികളായ തീര്‍ത്ഥാടകരെ കൈകാര്യം ചെയ്യുന്നതില്‍ നാറാണത്ത് ഭ്രാന്തന്മാരെ പോലെയാണ് പെരുമാറിയത്” എന്നൊക്കെയാണ് പിണറായി കുറ്റപ്പെടുത്തിയത്രെ. മാത്രമല്ല ചില ഉദ്യോഗസ്ഥന്മാര്‍ ശബരിമല ഡ്യൂട്ടിക്ക് പോകാതെ ലീവ് എടുത്തിരിക്കുയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

മുഖ്യമന്ത്രി അങ്ങിനെയൊന്നും പറഞ്ഞിട്ടില്ലെന്ന് ഒരുപക്ഷെ നിഷേധം വന്നേക്കാം. പക്ഷെ പൊലീസുകാരില്‍ ഒറ്റുകാരുണ്ടെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ച സ്ഥിതിക്ക് യോഗത്തില്‍ സംബന്ധിച്ച ഒറ്റുകാരില്‍ ആരോ ആവും വിവരങ്ങള്‍ പത്രക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്തതെന്ന് അനുമാനിക്കാം.

പക്ഷെ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ അതീവ ഗുരുതരമായ, ഭരണപരമായ ചില പ്രശ്‌നങ്ങള്‍ മുഴച്ചുനില്‍പ്പുണ്ട്. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവുകേടാണ് ആ വാക്കുകളിലൂടെ പ്രതിഫലിക്കുന്നതെന്ന് വല്ലവരും വിമര്‍ശിച്ചാല്‍ അവരെ കുറ്റം പറഞ്ഞു കൂടാ. പൊലീസുകാരില്‍ ഒറ്റുകാര്‍ ഉണ്ടെങ്കില്‍ അവരെ നിയന്ത്രിക്കേണ്ടതും സര്‍ക്കാറിന്റെ നയവും നിലപാടുമനുസരിച്ച് ജോലിചെയ്യിക്കേണ്ട ഉത്തരവാദിത്തവും ആഭ്യന്തരമന്ത്രിയുടേതാണ്. ഇനി അഥവാ സര്‍ക്കാറിന്റെ നിര്‍ദ്ദേശം അനുസരിക്കാത്തവരുണ്ടെന്ന് ബോദ്ധ്യപ്പെട്ടാല്‍ അവരെ വ്യക്തിപരമായി വിളിച്ചു വരുത്തി താക്കീത് ചെയ്യുകയോ അനുസരിക്കാത്തവരെ സ്ഥാനത്ത് നിന്ന് നീക്കുകയോ അല്ലാതെ പരസ്യമായി പൊതുജനസമക്ഷം ആക്ഷേപിക്കുന്നത് താന്‍ ഈ സ്ഥാനത്തിന് യോഗ്യനല്ലെന്ന് പരസ്യമായി സമ്മതിക്കുന്നത് പോലെയാവും.

ഏതു ഭരണകാലത്തും സര്‍ക്കാറിനെ കണ്ണടച്ചു പിന്‍തുണക്കുകയും രഹസ്യമായി വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പൊലീസുകാര്‍ വിരളമല്ല. സര്‍ക്കാറിന് കടുത്ത തലവേദന സൃഷ്ടിക്കാറുള്ളവരും കുറവല്ല. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ചില സംഭവങ്ങള്‍ പിണറായി മറക്കാന്‍ ഇടയില്ല. പക്ഷെ കരുണാകരന്‍ ഒരിക്കലും പൊലീസുകാരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തില്‍ സംസാരിച്ചതായി ഓര്‍ക്കുന്നില്ല.

പിണറായി നല്ലൊരു രാഷ്ട്രീയക്കാരനും സംഘാടകനുമാണ്. പക്ഷെ നല്ലൊരു ഭരണാധികാരി കൂടിയാണെന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. പൊലീസിന് എന്തൊക്കെ പോരായ്മകളുണ്ടായാലും ആത്മവിശ്വാസവും ചുമതലാബോധവും നല്‍കേണ്ട ഉത്തരവാദിത്തം ആഭ്യന്തരമന്ത്രിയെന്ന നിലയ്ക്ക് തനിക്കുണ്ടെന്ന യാഥാര്‍ത്ഥ്യം മറന്നുപോകരുത്. പൊലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ അദ്ദഹം നടത്തിയ വിമര്‍നവും തുറന്നു പറച്ചിലും പൊലീസിന്റെ ആത്മാഭിമാനത്തിന് ഗുണകരമാവുമോ എന്ന് പിണറായി ആത്മപരിശോധന നടത്തുന്നത് നാടിന് നല്ലതാവും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment