കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും; സര്‍ക്കാര്‍ വീഴുമെന്ന വിശ്വാസത്തില്‍ ബിജെപി

1_280ബെംഗളൂരു: കര്‍ണാടകത്തില്‍ ഭരണപ്രതിസന്ധിയിലുഴലുന്ന കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയില്‍ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത എംഎല്‍എമാര്‍ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതാണ് വിശ്വാസ വോട്ടിലേക്ക് നയിച്ചത്.

രാജിവെച്ച എംഎല്‍എമാരില്‍ 12 പേര്‍ മുംബൈയിലെ ഹോട്ടലില്‍ തന്നെ തുടരുകയാണ്. ഇവര്‍ സഭയില്‍ എത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എതിര്‍പക്ഷം സ്വാധീനിക്കുമെന്ന ഭയത്തിലാണിത്. കെ സുധാകര്‍, ആനന്ദ് സിംഗ്, റോഷന്‍ ബെയ്ഗ് എന്നിവരും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ല. കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്ന് രാമലിംഗ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയിലായിരുന്ന സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷ് ബെംഗളൂരുവില്‍ തിരിച്ചെത്തിയിട്ടുണ്ട്. ബിജെപി നേതാവ് ആര്‍ അശോകയുടെ വീട്ടിലാണ് നാഗേഷ് ഇപ്പോള്‍ ഉള്ളത്. തന്നെ ആരും തിരയേണ്ടെന്നും ആരും ആശങ്കപ്പെടേണ്ടെന്നും കോണ്‍ഗ്രസ് വിമത എംഎല്‍എ ആനന്ദ് സിങ് ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു.

കുറഞ്ഞത് 12 എംഎല്‍എമാര്‍ എങ്കിലും വിട്ടുനിന്നാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. അപ്പോള്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനുണ്ടാവുക സ്പീക്കറും നാമനിര്‍ദ്ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഢിയും ഉള്‍പ്പെടെ 103 അംഗങ്ങളാണ്. ബിജെപിയാകട്ടെ സ്വതന്ത്രരടക്കം 107 പേരുടെ പിന്തുണ പ്രതീക്ഷിക്കുന്നു.

സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് ഉറപ്പായാല്‍ 12 എംഎല്‍എമാരെയും സ്പീക്കര്‍ അയോഗ്യരാക്കും. അതേ സമയം സര്‍ക്കാര്‍ ഇന്ന് വീഴുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

Print Friendly, PDF & Email

Related News

Leave a Comment