കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കണമെന്ന് ഇന്ത്യ

jadavന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക്കിസ്ഥാന്‍ പട്ടാളക്കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കണമെന്ന് ഇന്ത്യ. ജാദവിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി ജയശങ്കര്‍ അഭിപ്രായപ്പെട്ടു. രാജ്യസഭയിലാണ് മന്ത്രി പ്രസ്താവന നടത്തിയത്.

എത്രയും പെട്ടന്ന് ജാദവിനെ മോചിതനാക്കി ഇന്ത്യയ്ക്ക് കൈമാറാന്‍ പാകിസ്താന്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ ജാദവിന്റെ കുടുംബം സംയമനത്തോടെയാണ് വിഷയത്തെ സമീപിച്ചത്. രാജ്യം ഒറ്റക്കെട്ടായി നിന്നാണ് ജാദവിന്റെ കുടുംബത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ സമ്പൂര്‍ണമായ വിജയമാണ് അന്താരാഷ്ട്ര കോടതിയില്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കോടതി വിധി അതിന്റെ എല്ലാ സത്തയും ഉള്‍ക്കൊണ്ട് നടപ്പിലാക്കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര കോടതി വിധിയെ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു സ്വാഗതം ചെയ്തു. കുല്‍ഭൂഷണ്‍ ജാധവിനെ മോചിപ്പിക്കാനുള്ള നടപടികള്‍ തുടരണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനായി പരിശ്രമിച്ച ഹരീഷ് സാല്‍വേയുടെ നേതൃത്വത്തിലുള്ള അഭിഭാഷക നയതന്ത്രസംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.

അതേ സമയം, പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കൂല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെച്ച അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പാക്കിസ്താന്റെ വിജയമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു. വധശിക്ഷ നടപ്പാക്കുന്നതു മാത്രമേ നിര്‍ത്തിവെച്ചിട്ടുള്ളൂ, എന്നാല്‍ കേസിലെ നിയമ നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കുല്‍ഭൂഷണ്‍ അനധികൃതമായി പാക്കിസ്താനില്‍ പ്രവേശിക്കുകയും പാക്കിസ്താന്‍ ജനതയ്‌ക്കെതിരേ അക്രമം നടത്തുകയും ചെയ്തുവെന്ന് ഇമ്രാന്‍ വ്യക്തമാക്കി.

മുന്‍ ഇന്ത്യന്‍ നേവി കമാന്‍ഡറായിരുന്ന കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസേര്‍ച്ച് ആന്റ് അനലൈസിസ് വിംഗിനു (റോ) വേണ്ടി ബലൂചിസ്ഥാനിലെ പാക് പ്രവിശ്യയില്‍ ചാരവൃത്തിയും ഭീകരപ്രവര്‍ത്തനവും നടത്തുകയായിരുന്നുവെന്നും കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിച്ചത് പാക്ക് വിജയമാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment