Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ – 13)

July 22, 2019 , അബൂതി

adhyayam 13 bannerകിരാതമായൊരു ചുടുകാറ്റില്‍ പാടങ്ങളിലെ പുല്‍നാമ്പുകള്‍ കരിഞ്ഞുണങ്ങി. വയല്‍ മണ്ണ് പോലെ വിണ്ടു കീറിയ മനസ്സുമായി കര്‍ഷകര്‍ പാടങ്ങളില്‍ നെടുവീര്‍പ്പോടെ വിണ്ണിലേക്ക് കണ്ണുകള്‍ പാകി. വേനല്‍ മഴയുമായൊരു മേഘത്തിന്‍റെ തുണ്ടെങ്കിലും വരുന്നുണ്ടോ? പ്രതീക്ഷയുടെ വിടര്‍ന്ന കണ്ണുകള്‍ക്ക് മുകളില്‍ കൈപ്പത്തി ചെരിച്ചു പിടിച്ച്, വിണ്ണിന്‍റെ അങ്ങേയറ്റത്തേക്ക് നോക്കുന്നവര്‍, നാഗങ്ങളെ പോലെ സ്വന്തം നെഞ്ചിലെരിയുന്ന ആധിയുടെ അടുപ്പിലേക്ക് ചുരുണ്ടു. അതൊരു വറുതിയുടെ കാലമായിരുന്നു. വസന്തം വരാന്‍ മറന്നൊരു കാലം. ഗ്രാമ വാസികളില്‍ ചിലര്‍ ആളുന്ന മനസ്സുമായി പറഞ്ഞു നടന്നു. ഗ്രാമം നശിക്കാന്‍ തുടങ്ങിയിരിക്കുന്നു. കാലം വഴിമാറി നടക്കാന്‍ തുടങ്ങിയിരിക്കുന്നു. പിഴച്ചവര്‍ വാഴുന്ന നാട്ടില്‍ ഇതല്ലാതെ വേറെന്ത് വരാന്‍. അവരില്‍ മിക്കവരുടെയും വിരലുകള്‍ നീണ്ടു വന്നത് ഞങ്ങളുടെ കൊച്ചു കൂരയ്ക്ക് നേരെയാണ്. അപശകുനത്തിന്‍റെ കറുത്ത മുദ്രയാണ് അവര്‍ക്ക് ഞാനും എന്‍റെ കൊച്ചു വീടും.

ഇനിയൊരു ഉയര്‍ത്തെഴുന്നേല്പിന്‍റെ വിളംബരമില്ലാത്ത ജീവിതം, എന്‍റെ മുന്‍പില്‍ ഇണങ്ങാന്‍ തയ്യാറല്ലാത്തൊരു കറുത്ത കാട്ടുകുതിരയെ പോലെ ചിനച്ച് കൊണ്ട് നിന്നു. കറുത്ത അമാവാസിയില്‍ ഭൂമിയില്‍ നരകം നിറയ്ക്കാന്‍ ഓടിക്കിതച്ചെത്തുന്ന ചെകുത്തന്മാരെ പോലെ, മനസ്സില്‍ തീ നിറയ്ക്കാന്‍ ഓര്‍മ്മകള്‍ മാത്രമല്ല, എനിക്ക് വര്‍ത്തമാനത്തിന്‍റെ ദുരനുഭവങ്ങളുമുണ്ടായിരുന്നു.

അന്ന്, എന്‍റെ അവസാന സ്വപ്നത്തിന്‍റെ പടുതിരിയും നിര്‍ദയം തല്ലിക്കെടുത്തി, സുകു ഇരുട്ടിലേക്ക് നടന്നു മറഞ്ഞതില്‍ പിന്നെ, എന്‍റെ മനസ്സിനെ പോലും ഞാന്‍ വെറുത്തു തുടങ്ങിയിരിക്കുന്നു. മറവിയുടെ വാതിലിന്നപ്പുറം വരിനിന്ന് മുട്ടിവിളിച്ച് വേദനിപ്പിക്കുന്ന ഓര്‍മകള്‍, ജീവിതത്തിന്‍റെ ക്രൂര വിനോദങ്ങള്‍ മാത്രമാണ്. എത്ര കരഞ്ഞാലും വറ്റാത്ത കണ്ണുനീരിന്‍റെ അക്ഷയപാത്രങ്ങളാകുന്നു കണ്ണുകള്‍. രക്തം കലര്‍ന്ന കണ്ണുനീര്‍ ഒഴുക്കിയൊഴുക്കി എനിക്കിപ്പോള്‍ മടുത്തിരിക്കുന്നു. പിന്നെയും ജീവിതം എന്തിനാണെന്‍റെ നെഞ്ചിലെ ചൂളയില്‍ കണ്ണീര്‍ തിളപ്പിക്കുന്നത്? ഏത് ശാപമാണ് എന്‍റെ സന്തോഷത്തെ കട്ടെടുത്തത്? ഏത് പാപമാണ് എന്‍റെ പ്രകാശം കെടുത്തിക്കളഞ്ഞത്? ഉത്തരങ്ങളിലാത്ത ചോദ്യങ്ങള്‍ ചേക്കേറാന്‍ ചില്ല കിട്ടാത്ത പക്ഷികളായി, മനസ്സില്‍ പറന്നു പറന്ന് ചിറകുകള്‍ തളര്‍ന്ന് വീഴുന്നു.

സുകു പാടെ അടഞ്ഞ ഒരു അദ്ധ്യായമാവുന്നത് പിന്നീടൊരിക്കല്‍ കൂടി അവനെ ഇടവഴിയില്‍ വച്ച് കണ്ടപ്പോഴാണ്. നഷ്ടപെട്ട അവന്‍റെ സ്നേഹം തിരിച്ചു കിട്ടിയെങ്കിലോ എന്ന് കരുതി, അവനു വഴങ്ങിക്കൊടുത്ത നിമിഷം, ജീവിതത്തിലെ ഏറ്റവും വെറുക്കുന്ന മുഹൂര്‍ത്തമായത് അന്ന് മുതല്‍ക്കാണ്. കിടന്നു കൊടുത്താല്‍ പിന്നെ ആണുങ്ങള്‍ തങ്ങളെ സ്നേഹം കൊണ്ട് മൂടും എന്ന് കരുതുന്ന ഏതൊരു പെണ്ണും മൂഢസ്വര്‍ഗ്ഗത്തിലെ പാഴ്ച്ചെടി മാത്രമാണ്. ആര്‍ക്കു വേണമെങ്കിലും ചവിട്ടിയരക്കാവുന്ന വെറുമൊരു പാഴ്ച്ചെടി മാത്രം.

അന്ന് അവന്‍റെ കണ്ണില്‍ കടുക് മണിയോളം പോലും പ്രണയം കണ്ടില്ല. പകരം ആളുന്ന കാമാഗ്നി കണ്ടു. ഒരിക്കല്‍ വഴങ്ങിയവള്‍ പിന്നെ എപ്പോള്‍ വേണമെങ്കിലും വഴങ്ങിത്തരും എന്ന മിഥ്യാ ധാരണയില്‍ ഒരു നായയെപോലെ നാവണച്ച് വന്നതാണവന്‍. അന്നെന്‍റെ നാവില്‍ വാക്കുകള്‍ ചുട്ടു പഴുത്തു.

“കണാരേട്ടനും രാജേട്ടനും എന്‍റെ ഉടല്‍ ചെന്നായ്ക്കളെ പോലെ കടിച്ചു മുറിച്ച് തിന്നപ്പോള്‍, ഞാന്‍ കരയുകയായിരുന്നു. അല്ലാതെ അത് ആസ്വദിക്കുകയായിരുന്നില്ല. നീയടക്കമുള്ളവര്‍ അങ്ങിനെ കരുതിയാലും ശരി, ഇല്ലെങ്കിലും ശരി. പക്ഷെ സുകൂ, നീ എന്‍റെ മനസ്സാണല്ലോ തിന്നുതീര്‍ത്തത്. അവരെക്കാള്‍ കൂടുതല്‍ ആഴത്തില്‍ എന്‍റെ ഹൃദയത്തില്‍ നീയാണല്ലോ മുറിപ്പെടുത്തിയത്. പിന്നെയും നിനക്കെങ്ങനെ യാതൊരു ഉളുപ്പുമില്ലാതെ എന്‍റെ ഉടല്‍ തേടി വരാന്‍ തോന്നുന്നു. എന്‍റെ ഉടല്‍ മാത്രമായിരുന്നു നിനക്ക് വേണ്ടതെങ്കില്‍, പിന്നെ എന്തിനാണ് നീയെന്ന കപട പ്രണയം കാണിച്ച് കൊതിപ്പിച്ചത്. മരിച്ചു മാത്രം പിരിയുന്നൊരു ജീവിതം സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചത്. ആ പാറപ്പുറത്ത് ചെന്ന് നോക്ക്. നീയെറിഞ്ഞു തന്ന നോട്ടുകള്‍ അവിടെയുണ്ടാകും. അത് വെറും നോട്ടുകളല്ല. പിഞ്ഞിപ്പോയ എന്‍റെ സ്വപ്നങ്ങളാണ്. നിന്നോടൊത്ത്, നിന്‍റെ മക്കളെ പ്രസവിച്ച്, ഒരുമിച്ചുണ്ട്, ഒരുമിച്ചുറങ്ങി, മരണം വരെ ജീവിക്കാമെന്ന സ്വപ്നം. ഒരു പെണ്ണിന്‍റെ അത്തരമൊരു സ്വപ്നത്തിന് വിലയിടാന്‍ ഈ ലോകത്തെ മുഴുവന്‍ ആണുങ്ങളും ഒരുമിച്ച് വന്നാലുമാവില്ല. ഒരിക്കലും. ഇനിയെന്‍റെ ശവം കൂടി തിന്നണോ നിനക്ക്….”

ശബ്ദം നഷ്ടപ്പെട്ടവനായി സുകു എല്ലാം കേട്ടു നിന്നു. മനസ്സിലെ മുഴുവന്‍ വാക്കുകളും അവന്‍റെ മുന്‍പിലിറക്കി വച്ച് തിരികെ നടന്നു. ഇനിയൊരിക്കലും അവനെ കണ്ടു മുട്ടാതിരിക്കട്ടേ. ഓര്‍മകള്‍ക്ക് തിന്നു തീര്‍ക്കാന്‍ കണ്ണീരില്‍ കുതിര്‍ന്ന ഹൃദയം ഇനിയും ബാക്കിയുണ്ട്. അത്. അത് മാത്രം മതിയെനിക്ക്.

വീട്ടുജോലിക്കാണ് ശ്രമിച്ചത്. ഇനി കാത്തു സൂക്ഷിക്കാന്‍ കൈയ്യിലും മനസ്സിലും ഒന്നുമില്ലെങ്കിലും അധ്വാനിച്ച് തിന്നാനാണ് കൊതിച്ചത്. പക്ഷെ പ്രായവും ചന്തവും എനിക്ക് ശത്രുക്കളായിരുന്നു. അവസാനം ഒരു അമ്മയും മകനും മാത്രമുള്ള വീട്ടിലേക്ക് പ്രവേശനം കിട്ടി. പതിനഞ്ച് പതിനാറ് വയസ്സോളം പ്രായമുള്ള മകനും ഉദ്ധ്യോഗസ്ഥയായ അമ്മയും. മകന്‍റെ കണ്ണുകള്‍ ശരിയല്ല എന്ന് അവിടെ ചെന്ന അന്ന് തന്നെ എനിക്ക് മനസ്സിലായതാണ്. വസ്ത്രം തുളച്ചു കയറുന്ന വൃത്തികെട്ട കണ്ണുകള്‍. എന്നിട്ടും ഗൗനിച്ചില്ല. അവന്‍റെ പ്രായം എനിക്കൊരു ധെര്യമായിരുന്നു. പക്ഷെ, എന്‍റെ എല്ലാ കണക്ക് കൂട്ടലുകളും അവന്‍ തെറ്റിച്ചു.

ചെന്ന് രണ്ടാഴ്ചയോളമായപ്പോള്‍ ഒരു ദിവസം അവന്‍ പിറകിലൂടെ വന്നെന്നെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. കോപം കാരണം സമനില തെറ്റിയപ്പോള്‍ കൈവീശി ഒരൊറ്റ അടിയായിരുന്നു. അവന്‍റെ കണ്ണും കവിളും ചുവന്നു പോയി. അത് കണ്ടപ്പോള്‍ ആ അമ്മ ഭദ്രകാളി തുള്ളി. ആണ്‍കുട്ടികളെ പിഴപ്പിക്കാന്‍ നടക്കുന്ന ഒരുത്തിയായി എത്ര പെട്ടെന്നാണ് അവര്‍ക്ക് ഞാന്‍ മാറിയത്. ഇപ്പൊ ഇറങ്ങിക്കോണം എന്ന കല്പനയുടെ മുന്‍പില്‍ അമ്പരന്നു നിന്നില്ല. രണ്ടാഴ്ചത്തെ
പൈസ കണക്ക് പറഞ്ഞു വാങ്ങി പടിയിറങ്ങുമ്പോള്‍ എന്‍റെ ഉള്ളില്‍ ഒരു പുച്ഛരസം ചിറി കോട്ടുന്നുണ്ടായിരുന്നു. എങ്കിലും എന്‍റെ ഉള്ളില്‍ ആ മകനില്‍ നിന്നും ആ അമ്മ നാളെ എങ്ങിനെ രക്ഷപ്പെടും എന്നൊരു വേവലാതിയുണ്ടായിരുന്നു. ഇനിയേതൊരു പെണ്ണിനെ കയറിപ്പിടിക്കാനും അവനൊരു മടിയോ പേടിയോ ഉണ്ടകുമോ? തുടലഴിച്ചു വിട്ടൊരു കാട്ടുനായയായി അവന്‍ മാറാതിരിക്കട്ടെ.

പിന്നെയും അലച്ചിലിന്‍റെ ദിനങ്ങള്‍. അപ്പോഴാണ് പട്ടണത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തൂക്കാനും തുടക്കാനുമൊക്കെ ഒരു സ്ത്രീയെ ആവശ്യമുണ്ട് എന്ന് കേട്ടത്. ഓടിപ്പിടഞ്ഞ് ചെന്നു. റിസപ്ഷനിലൊരു കുറിയ പെണ്ണായിരുന്നു. ആ പോസ്റ്റില്‍ ആള് കയറിയല്ലോ എന്നവര്‍ പറഞ്ഞപ്പോള്‍ ഒരു തളര്‍ച്ച തോന്നി. എന്‍റെ മുഖത്തെ വിഷമം കാണ്ടാവണം അവര്‍ പറഞ്ഞു.

‘നിങ്ങള്‍ എംഡിയെ ഒന്ന് കണ്ടു നോക്കൂ. ചിലപ്പോള്‍ അദ്ദേഹത്തിന് നിങ്ങളെ സഹായിക്കാനാവും.. ‘

എം ഡിയുടെ ക്യാബിനിന്‍റെ മുന്‍പില്‍ വിയര്‍ത്തൊലിച്ച് കാത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായിരിക്കുന്നു. അദ്ദേഹം എന്തോ തിരക്കിലാണ്. എങ്കിലും ക്ഷമയോടെ കാത്തിരുന്നു. മൂന്ന് നാല് മണിക്കൂര്‍ കാത്തിരുന്നതിന്‍റെ ശേഷമാണ് കാണാന്‍ അവസരം കിട്ടിയത്. വിയര്‍ത്തൊലിച്ച് പതറിയ മുഖവുമായി ഞാന്‍ ആ കാബിനിലേക്ക് കയറി. എ സി യുടെ തണുപ്പിന്‍റെ സുഖമാണ് എന്നെ ആദ്യം വരവേറ്റത്. ഒരു മുപ്പത് മുപ്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന യുവാവായിരുന്നു എം ഡി. അയാളുടെ കണ്ണുകളിലേക്ക് നോക്കി ഞാനാ മുന്‍പില്‍ കൈകൂപ്പി നിന്നു. ചിരിച്ചു കൊണ്ടയാള്‍ ഇരിക്കാനാവശ്യപ്പെട്ടു. പരവേശം കാരണം, എനിക്ക് നേരിയ വിറയലുണ്ടായിരുന്നു. എന്താണ് കാര്യം എന്ന ചോദ്യത്തിന് ഒരു ജോലി വേണം എന്നൊരു മറുപടി മാത്രമേ എനിക്ക് പറയാനുണ്ടായിരുന്നുള്ളൂ.

എനിക്ക് ആ മുഖഭാവം തിരിച്ചറിയാനായില്ല. സ്വന്തം കസേരയിലേക്ക് ചാരിയിരുന്ന് അയാളെന്നെ സസൂഷ്മം നോക്കിയപ്പോള്‍ ഉരുകിയൊലിക്കുന്ന പോലെ തോന്നി. അയാള്‍ ഇംഗ്ലീഷില്‍ എന്തോ ചോദിച്ചു. ഒന്നും മനസ്സിലാവാതെ, ഒന്നും പറയാനാവാതെ ഞാനയാളുടെ കണ്ണുകളിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരുന്നു.

തുടരും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top