കര്‍ണാടക: ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്; ഗവര്‍ണ്ണര്‍ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്

kar_5കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കെതിരെ കോണ്‍ഗ്രസ് വീണ്ടും സുപ്രീം കോടതിയിലേക്ക്. ഉച്ചക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയാണ് സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിന് വേണ്ടി ഹാജരാകുന്നത്. ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാനവാദം. അതേസമയം ഉച്ചക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന നിര്‍ദ്ദേശം നടപ്പാകാതിരുന്നതോടെ ആറ് മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയോട് ഗവര്‍ണര്‍ വാജുഭായ് വാല വീണ്ടും ആവശ്യപ്പെട്ടു.

അതേ സമയം, ഉച്ചക്ക് ഒന്നരയ്ക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണമെന്ന കർണ്ണാടക ഗവര്‍ണര്‍ വാജുഭായ് വാല നൽകിയ നിര്‍ദ്ദേശം അവഗണിച്ച്, സമയപരിധി തീര്‍ന്നിട്ടും ഭൂരിപക്ഷം തെളിയിക്കാനോ വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാനോ തയ്യാറാവാതെ നിൽക്കുകയാണ് കുമാരസ്വാമി. വിശ്വാസ പ്രമേയത്തിൽ ചര്‍ച്ച തീര്‍ന്നിട്ടു മതി ബാക്കി എല്ലാം എന്ന നിലപാടിലാണ് സ്പീക്കര്‍.

കര്‍ണാടകയില്‍ നിയമസഭാ സമ്മേളനം തുടരുകയാണ്. ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം തള്ളിയ സ്പീക്കര്‍ വിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ചയാണ് ഇന്നത്തെ അജണ്ട എന്ന് നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. പക്ഷം പിടിക്കാതെ തീരുമാനം എടുക്കാന്‍ കരുത്തുണ്ടെന്ന് പറഞ്ഞ സ്പീക്കര്‍ രമേഷ് കുമാര്‍ ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും പ്രതികരിച്ചു. തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ പോന്ന ഒരുത്തനും ജനിച്ചിട്ടില്ലെന്നും നിയമസഭയില്‍ തുറന്നടിച്ചു.

കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. നിങ്ങള്‍ക്ക് ഇന്നോ തിങ്കളാഴ്ചയോ ഒക്കെ സര്‍ക്കാരുണ്ടാക്കാം, പക്ഷെ ഈ ചര്‍ച്ച കഴിഞ്ഞിട്ട് മാത്രമെന്നായിരുന്നു നിയമസഭയില്‍ സംസാരിക്കവെ മുഖ്യമന്ത്രി കുമാരസ്വാമിയുടെ പ്രതികരണം. അരുണാചല്‍ പ്രദേശ് ഗവര്‍ണറുടെ നടപടിയിലെ സുപ്രീം കോടതി വിധി കുമാരസ്വാമി നിയമസഭയില്‍ വായിച്ചു. ഗവര്‍ണര്‍ സഭയുടെ അധികാരത്തില്‍ ഇടപെടരുത് എന്ന് വിധിയില്‍ വ്യക്തമാമെന്ന് കുമാരസ്വാമി പറഞ്ഞു. ഗവര്‍ണറുടെ കത്തില്‍ സ്പീക്കര്‍ ഉചിതമായ തീരുമാനം എടുക്കണമെന്നായിരുന്നു കുമാരസ്വാമിയുടെ ആവശ്യം.

അതിനിടെ ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. വിപ്പ് നല്‍കാനുള്ള അവകാശത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. അത് ഭരണഘടനാപരമായ അവകാശമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഉച്ചക്ക് ഒന്നരയ്ക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് എന്ത് അവകാശത്തിന്റെ പേരിലാണ് ഗവര്‍ണര്‍ പറയുന്നതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു. കര്‍ണാടക ഗവര്‍ണര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയാണെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.

Print Friendly, PDF & Email

Related News

Leave a Comment