തുഞ്ചത്ത് രാമാനുജം എഴുത്തച്ഛനും രാമായണവും പാരായണവും

Ezhuthachan bannerഹൈന്ദവ ഭവനങ്ങളില്‍ ഓരോ വര്‍ഷങ്ങളിലുമുള്ള കര്‍ക്കിടക മാസങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ച് ആദ്ധ്യാത്മിക രാമായണത്തിലെ ശ്ലോകങ്ങള്‍ ഭക്ത്യാദരവോടെ ഉരുവിടാറുണ്ട്. കര്‍ക്കിടക മാസത്തെ ഹൈന്ദവര്‍ രാമായണ മാസമായി ആചരിക്കുന്നു. പ്രഭാത സ്നാനത്തിനു ശേഷം ദീപവും കത്തിച്ചുകൊണ്ടാണ് പാരായണം ആരംഭിക്കുന്നത്. കര്‍ക്കിടക മാസത്തിനുശേഷം ഒരു വര്‍ഷം എങ്ങനെ ജീവിക്കണമെന്ന തയ്യാറെടുപ്പുകളും നടത്തുന്നു. ഭവനങ്ങളില്‍ ശാന്തിയും സമാധാനവും കൈവരിക്കാന്‍ വേണ്ടിയാണ് രാമായണ പാരായണം നടത്തുന്നത്. തിന്മയുടെ ശക്തി ബലമാര്‍ജിക്കുന്നതിനു മുമ്പ് നന്മ ജയിക്കണമെന്ന ആന്തരിക ചൈതന്യവും വായനയില്‍ക്കൂടി ലഭിക്കുന്നു. കൂടാതെ ചിങ്ങപ്പുലരി കാത്തിരിക്കല്‍ കൂടി ഈ മാസത്തിന്‍റെ ഒരു പ്രത്യേകതയാണ്. പ്രഭാതത്തില്‍ കുളിച്ച് ദീപവും കത്തിച്ച ശേഷമാണ് രാമായണം വായിക്കുന്നത്.

Padanna4ഭൂരിഭാഗം ഹിന്ദുക്കളും തുഞ്ചത്ത് എഴുത്തച്ഛന്‍റെ രാമായണം വായിക്കാന്‍ താല്പര്യപ്പെടുന്നു. രാമായണത്തിന് നിരവധി ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. മഹത്തായ ഈ വിശുദ്ധ ഗ്രന്ഥം നിരവധിയാളുകള്‍ സംസ്കൃതത്തില്‍നിന്നും മറ്റുഭാഷകളിലേക്ക് തര്‍ജ്ജിമകളും ചെയ്തിട്ടുണ്ട്. വാല്മീകി രാമായണത്തില്‍ ഈശ്വര തുല്യമായ രാമസ്തുതികള്‍ വളരെ കുറവാണ്. അതുകൊണ്ടാണ് മലയാളക്കരയില്‍ ഹിന്ദുക്കള്‍ ‘എഴുത്തച്ഛന്‍ രാമായണം’ ഇഷ്ടപ്പെടുന്നത്. കര്‍ക്കിടക മാസത്തിലെ അദ്ധ്യാത്മരാമായണ പാരായണം കിളിപ്പാട്ടിന്‍റെ രൂപത്തോടെ പാടുന്നു. കിളിയെക്കൊണ്ട് പാടിക്കുന്നപോലെ രാമായാണത്തിനു തുടക്കം കുറിക്കുന്നതായും കാണാം. രാമായണ കിളിപ്പാട്ടില്‍ എഴുത്തച്ഛന്‍റെ സങ്കല്‍പ്പ കിളി പാടുന്ന കീര്‍ത്തനത്തിന്‍റെ തുടക്കം ഇങ്ങനെ:

‘ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍’

കേരളത്തിലെ വാര്‍ത്താ മീഡിയാകള്‍ മുഴുവനായി രാമായണ പാരായണത്തിന് മുന്‍ഗണന നല്‍കുന്നതായി കാണാം. രാമായണം വായിച്ചിട്ടില്ലാത്ത അഹിന്ദുക്കള്‍പോലും രാമന്‍റെയും സീതയുടെയും ഗുണഗണങ്ങള്‍ വിശേഷിപ്പിക്കുന്നതായി കേള്‍ക്കാം. രാമായണം ഭാരതീയ സാഹിത്യ ശൃഖലകളില്‍ ആദ്യത്തെ ഗ്രന്ഥമായി കരുതുന്നു. അതുപോലെ വാല്മീകിയെ ആദ്യ കവിയായി ആദരിക്കുകയും ചെയ്യുന്നു.

ഭാരതം ആദ്ധ്യാത്മികതയുടെ നാടായി കരുതുന്നു. ആത്മത്യാഗത്തില്‍ക്കൂടി സത്യത്തെ കണ്ടെത്താമെന്നും അതുവഴി സന്തോഷവും സഹജീവികളോടുള്ള സ്നേഹവും കെവരിക്കാമെന്നും അതിപുരാതന കാലം മുതല്‍ ഭാരതത്തില്‍ ഋഷിവര്യന്മാര്‍ ചിന്തിച്ചിരുന്നു. രാമായണവും മഹാഭാരതവും ഭാരതീയര്‍ക്ക് ദിവ്യജ്ഞാനത്തിനായുള്ള പ്രചോദനം നല്‍കിയിരുന്നു. ജീവിതത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങളും ജീവിതോദ്ദേശ്യവും എന്താണെന്നു രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നു. രാമായണത്തിലെ നിരവധി കഥാപാത്രങ്ങള്‍ വളരെയേറെ വൈകാരികത ഉണര്‍ത്തുന്നതാണ്. അതിനുള്ളിലെ മാനവികത നിറഞ്ഞ തത്ത്വചിന്തകള്‍ തലമുറകളായി ഓരോ ഭക്തനിലും ഈശ്വര പ്രേരണയ്ക്കായി ആവേശം കൊള്ളിപ്പിക്കുന്നു. രാമന്‍റെയും കൃഷ്ണന്‍റെയും ആദര്‍ശങ്ങളെ ഉള്‍ക്കൊണ്ടുള്ള ഇതിഹാസക്കവിതകള്‍! ധന്യവും മാതൃകാപരവുമായ ഒരു ജീവിതത്തിനുള്ള വഴികളും കാട്ടിത്തരുന്നു.

ശ്രീരാമന്‍ എവിടെയാണ് ജനിച്ചതെന്ന് വ്യക്തമായി ഒരു അഭിപ്രായ ഐക്യമില്ല. ഇന്ത്യയില്‍ തന്നെ ജനവിഭാഗങ്ങള്‍ രാമന്‍റെ ജന്മസ്ഥലം തങ്ങളുടെ നാട്ടിലാണെന്നു വാദിക്കുന്നതും കാണാം. ഇന്ത്യയില്‍ മാത്രമാണ് രാമായണത്തെ ഭക്തി ഭാവനകളോടെ കാണുന്നത്. മറ്റു രാജ്യങ്ങളില്‍ രാമായണം വെറും ഒരു ഇതിഹാസമെന്നതില്‍ കവിഞ്ഞ് അതിനപ്പുറം ചിന്തിക്കാറില്ല. രാമായണത്തില്‍ ഓരോ കാലഘട്ടത്തിലും കൂട്ടിച്ചേര്‍ക്കലുകള്‍ ധാരാളം നടത്തിയിട്ടുണ്ട്. സ്ഥലകാലങ്ങള്‍ അനുസരിച്ച് രാമായണ കഥകളും വ്യത്യസ്തമായി കാണാം. ഓരോ കാലത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് വ്യാഖ്യാനങ്ങളും വ്യത്യസ്തമായി അവതരിപ്പിക്കുന്നു. ജൈന രാമായണത്തില്‍ രാമന് എണ്ണായിരം ഭാര്യമാരുള്ളതില്‍ സീതയ്ക്ക് പ്രഥമ സ്ഥാനം കല്പിച്ചിരിക്കുന്നു. ‘ തേത്രാ യുഗത്തില്‍’ ജീവിച്ച രാമന്‍ ജീവിച്ചിരുന്നത് ബിസി 300ലെന്നും ചരിത്രകൃതികള്‍ രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം.

a (1)രാമായണം ഒരു സ്നേഹത്തിന്‍റെ കഥയാണ്. രാമനും സീതയും വ്യത്യസ്തരെങ്കിലും ‘സീത’ വിഷ്ണുവിന്‍റെ ഭാര്യയായ ലക്ഷ്മി ദേവിയുടെ അവതാരമായിരുന്നു. ‘സീത’ പല ഭാവങ്ങളില്‍ ചൈതന്യം നിറഞ്ഞതായിരുന്നു. സൗന്ദര്യവും സഹിഷ്ണതയും വിധേയത്വവും സഹനശീലവും പാതിവൃത്യവും അനുസരണയും സീതയില്‍ നിറഞ്ഞിരുന്നു. രാമന്‍ സീതയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലും സീത അവരുടെ പരിശുദ്ധിയെ കാത്തുസൂക്ഷിച്ചിരുന്നു. രാമായണം ഹിന്ദു ഇതിഹാസങ്ങളുടെ പ്രധാന ഉറവിടമാണ്. അസുരന്മാരും ദൈവങ്ങള്‍ക്ക് തുല്യമാണെങ്കിലും അവര്‍ തിന്മയുടെ ശക്തികളായിരുന്നു. സത്യമായ
ദൈവങ്ങളെ അവര്‍ നിത്യം എതിര്‍ത്തിരുന്നു. രാമന്‍റെ രൂപത്തില്‍ ഭൂമിയില്‍ അവതാരമായി വന്ന വിഷ്ണു അസുരന്മാരെ നശിപ്പിച്ചുകൊണ്ട് ‘നന്മ’ തിന്മയേക്കാള്‍ ശക്തമെന്നും തെളിയിച്ചു. ലോകത്ത് ധര്‍മ്മം മാത്രം നിലനില്‍ക്കണമെന്നും ആഗ്രഹിച്ചു.

ഇന്‍ഡോ യൂറോപ്യന്‍ മതങ്ങള്‍ക്കു മുമ്പേ അസുരന്മാരായ രാക്ഷസന്മാരുണ്ടായിരുന്നു. ഹിന്ദു ദൈവമായ വിഷ്ണുവിന്‍റെ അവതാരമാണ് രാമന്‍. ജീവന്‍റെ ഭൗതികതയും ജീവന്‍ നിലനിര്‍ത്തുന്നതും വിഷ്ണുവായ ദൈവത്തിന്‍റെ ചുമതലയില്‍പ്പെടുന്നു. അയോദ്ധ്യ ഭരിച്ചിരുന്ന ദശരഥന്‍ തനിക്കു കുഞ്ഞുങ്ങള്‍ ജനിക്കാനായി പ്രാര്‍ത്ഥിച്ചപ്പോള്‍ അസുരന്മാരെ നശിപ്പിക്കാനായി ദൈവം ഭൂമിയില്‍ അവതരിക്കണമെന്നും താല്പര്യപ്പെട്ടു. ‘വിഷ്ണു’ ദശരഥന്‍റെ ഒരു മകനായി ജന്മവുമെടുത്തു. രാമന്‍ വളരുന്ന സമയത്ത് അസുരന്മാരുമായി ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നില്ല. അവരുമായുള്ള പോരാട്ടങ്ങളാരംഭിച്ചത്! സീതയെ തട്ടിക്കൊണ്ടു പോയ നാളുകള്‍ മുതലായിരുന്നു. വാസ്തവത്തില്‍ ഇവിടെ നായകനായ ശ്രീരാമനെതിരെ അധര്‍മ്മം പ്രവര്‍ത്തിച്ചപ്പോള്‍ മുതലാണ് ധര്‍മ്മത്തിനായി അദ്ദേഹം അസുരന്മാരുമായി ഏറ്റുമുട്ടലിന് തയ്യാറായത്.

aതുഞ്ചത്ത് രാമാനുജം എഴുത്തച്ഛനെ ആധുനിക മലയാള സാഹിത്യത്തിന്‍റെ പിതാവായി കരുതുന്നു. അദ്ദേഹത്തിന്‍റെ ജനനത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയും ഐതിഹികപരമായ നിരവധി കഥകളുണ്ട്. കൃത്യമായ അദ്ദേഹത്തിന്‍റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ലഭ്യമല്ല. എഴുത്തച്ഛന്‍ ജനിച്ച കാലവും സ്ഥലവും ചരിത്രകാരുടെയിടയില്‍ വിവാദമാണ്. തിരൂര്‍ മുനിസിപ്പാലിറ്റിയില്‍ ത്രിക്കടിയൂര്‍ എന്ന സ്ഥലത്ത് ജനിച്ചുവെന്ന് അനുമാനിക്കുന്നു. സന്യാസിയായി ദക്ഷിണ ഇന്ത്യ മുഴുവന്‍ അലഞ്ഞു നടന്നിരുന്നുവെന്നും കഥകളുണ്ട്. പാലക്കാടുള്ള ചിറ്റൂരില്‍ ഒരു ആശ്രമം പണിതെന്നും വിശ്വസിക്കുന്നുണ്ട്. എന്തുതന്നെയാണെങ്കിലും ഭാഷയ്ക്ക് അടിസ്ഥാന മാറ്റങ്ങള്‍ വരുത്തിയത് എഴുത്തച്ഛനായിരുന്നു. അതില്‍ ചരിത്രകാരുടെയിടയില്‍ വിഭിന്നാഭിപ്രായങ്ങള്‍ കുറവാണ്. സുപ്രധാനങ്ങളായ രണ്ടു ഹൈന്ദവ പുരാണങ്ങള്‍, രാമായണവും മഹാഭാരതവും അദ്ദേഹം സംസ്കൃതത്തില്‍നിന്നും മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തു. സംസ്കൃതവും ദ്രാവിഡിയന്‍ സങ്കര ഭാഷയും കലര്‍ത്തിയായിരുന്നു പുരാണങ്ങള്‍ തര്‍ജ്ജിമ ചെയ്തിരുന്നത്.

എഴുത്തച്ഛന്‍ ജീവിച്ചിരുന്നത് പതിനാറാം നൂറ്റാണ്ടിലെന്ന് കരുതുന്നു. ഉള്ളൂര്‍ പരമേശ്വര അയ്യരും മറ്റു ചില ചരിത്രകാരും എഴുത്തച്ഛന്‍ ജനിച്ചത് 1495ലെന്നും മരിച്ചത് 1575ലെന്നും വാദിക്കുന്നു. മറ്റു ചില പണ്ഡിതര്‍ക്ക് അദ്ദേഹത്തിന്‍റെ ജനനത്തെപ്പറ്റി തീര്‍ച്ചയില്ല. മാതാപിതാക്കളുടെ പേരുകളും വ്യക്തമല്ല. അതുപോലെ എഴുത്തച്ഛന്‍റെ ശരിയായ പേരും ആര്‍ക്കും നിശ്ചയമില്ല. വിവാഹിതനായിരുന്നുവെന്നും ഇല്ലെന്നും സന്യാസം സ്വീകരിച്ച് ആന്ധ്രയിലും തമിഴ്നാട്ടിലും അലഞ്ഞു നടക്കുകയായിരുന്നുവെന്നും കഥകളുണ്ട്. ഒരു മകള്‍ ഉണ്ടായിരുന്നുവെന്നും ഇല്ലെന്നും പറയുന്നു. ഇതിനിടയില്‍ തെലുങ്കും തമിഴും വശമാക്കിയിരുന്നു. അദ്ദേഹത്തിന്‍റെ ‘രാമായണം’ സംസ്കൃതത്തില്‍ നിന്നും തര്‍ജ്ജിമ ചെയ്ത തെലുങ്കുഭാഷയില്‍ നിന്നായിരുന്നുവെന്നും വാദങ്ങളുണ്ട്.

തമിഴ്നാട്ടില്‍ നിന്നും തീര്‍ത്ഥാടനം കഴിഞ്ഞുവന്ന എഴുത്തച്ഛന്‍ പാലക്കാടുള്ള ചിറ്റൂര്‍, ആനിക്കോടിന് സമീപമുള്ള തെക്കേ ഗ്രാമം എന്ന സ്ഥലത്ത് താമസിച്ചുവെന്നും പറയപ്പെടുന്നു. ‘രാമാനന്ദാശ്രമം’ സ്ഥാപിച്ചുവെന്നും വിശ്വസിക്കുന്നു. ഒരു ഭൂപ്രഭുവില്‍നിന്നും മേടിച്ച ആ സ്ഥലത്തെ ‘ചിറ്റൂര്‍ ഗുരുമഠം’ എന്നറിയപ്പെടുന്നു. അവിടെ പന്ത്രണ്ട് ബ്രാഹ്മണരുമായി അഗ്രഹാരങ്ങള്‍ സ്ഥാപിച്ച് എഴുത്തച്ഛന്‍ താമസിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ശ്രീരാമന്‍റെയും ശിവന്‍റെയും പേരില്‍ അവിടെ അമ്പലങ്ങളുമുണ്ട്. മഠത്തില്‍ എഴുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന ചില സംഗീത ഉപകരണങ്ങള്‍ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ചില പ്രതിമകളും ശ്രീ ചക്രയും തടികൊണ്ടുള്ള മെതിയടികളും പഴയ മാനുസ്ക്രിപ്റ്റുകളും സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. എഴുത്തച്ഛന്‍റെ ശവകുടീരവും ഈ മഠത്തിനു സമീപമായി നിലകൊള്ളുന്നു.

a5തുഞ്ചത്ത് എഴുത്തച്ഛന്‍റെ ജാതി ഏതെന്ന് വ്യക്തമല്ല. അദ്ദേഹം ‘എഴുത്തഛന്‍’ എന്ന ജാതിയില്‍ പെട്ടതെന്ന് അനുമാനിക്കുന്നു. അത് പള്ളിക്കൂടം അദ്ധ്യാപകരുടെ സാമൂഹിക പശ്ചാത്തലമുള്ള ഒരു ജാതി സമൂഹമായിരുന്നു. അദ്ദേഹത്തിന്‍റെ ജാതിയെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ചരിത്രകാരുടെയിടയില്‍ വിഭിന്ന അഭിപ്രായങ്ങളാണുള്ളത്. തുഞ്ചത്ത് എഴുത്തച്ഛന്‍റെ കാലം മുതല്‍ പണ്ഡിതരായ പലരും ‘എഴുത്തച്ഛന്‍’ എന്ന ജാതിപ്പേരില്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഗ്രാമീണ സ്കൂളുകളില്‍ പഠിപ്പിക്കുകയെന്നത് എഴുത്തച്ഛന്മാരുടെ തൊഴിലുകളായിരുന്നു. ‘വില്യം ലോഗന്‍റെ’ മലബാര്‍ മാനുവലില്‍ (പേജ് 92) എഴുത്തച്ഛന്‍ ശൂദ്രനായര്‍ വിഭാഗത്തിലുള്ള ജാതിയായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ‘ആര്‍തര്‍ കോക്ക് ബര്‍ണേലിന്‍റെ’ ബുക്കില്‍ എഴുത്തച്ഛന്‍ താണ ജാതിയില്‍ പെട്ടയാളെന്നും പരാമര്‍ശിച്ചിട്ടുണ്ട്. ‘എഴുത്തച്ഛന്‍’ എന്നാല്‍ ‘സ്കൂള്‍ അദ്ധ്യാപകനെന്നാണ്’ അര്‍ത്ഥം. ചരിത്രകാരനായ ‘വേലായുധന്‍ പണിക്കശേരി’യും ഇതേ അഭിപ്രായം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

‘എഴുത്തച്ഛന്‍’ ജ്യോതിഷം തൊഴിലാക്കിയിട്ടുള്ള ‘കണിയാര്‍’ ജാതിയില്‍ പെട്ടതെന്നും അഭിപ്രായങ്ങളുണ്ട്. സാധാരണ കണിയാന്മാര്‍ സംസ്കൃതത്തിലും മലയാളത്തിലും പ്രാവിണ്യം നേടിയവരായിരിക്കും. മദ്ധ്യകാല യുഗങ്ങളില്‍ ജ്യോതിഷ ശാസ്ത്രത്തില്‍ കഴിവ് പ്രകടിപ്പിച്ചിരുന്നവര്‍ കണിയാന്മാരായിരുന്നു. ബ്രാഹ്മണരല്ലാത്തവര്‍ക്ക് സംസ്കൃതം പഠിക്കാന്‍ അനുവാദമില്ലാത്ത കാലവും! എന്നാല്‍ ‘കണിയാര്‍ സമൂഹം’ സംസ്കൃതത്തിലും പ്രാഗല്‍ഭ്യം നേടിയിരുന്നു. അവരുടെ ജ്യോതിഷ ബോധന ശാസ്ത്രത്തിന് സംസ്കൃതം ആവശ്യമായിരുന്നു. അവര്‍ ജ്യോതിഷവും കണക്കും പുരാണേതിഹാസങ്ങളും ആയുര്‍വേദവും പഠിച്ചിരുന്നു. കളരിപ്പയറ്റിനും സമര്‍ത്ഥരായിരുന്നു. പേരിനൊപ്പം പണിക്കര്‍, ആശാന്‍, എഴുത്ത് ആശാന്‍, എഴുത്തച്ഛന്‍ എന്നിങ്ങനെ ചേര്‍ത്തിരുന്നു. ബ്രാഹ്മണരില്‍ നിന്നും വ്യത്യസ്തരെന്നറിയാനാണ് പേരിനൊപ്പം ജാതിപ്പേരും വെച്ചിരുന്നത്.

എഴുത്തച്ഛന്‍റെ ജീവിതകഥകളുമായി ബന്ധപ്പെട്ട നിരവധി നാട്ടു കഥകളുണ്ട്. അതിലൊരു കഥയുടെ പശ്ചാത്തലമാണ് താഴെ വിവരിച്ചിരിക്കുന്നത്. ഒരിക്കല്‍ ശ്രീരാമന്‍റെ ഭക്തനായിരുന്ന ഒരു ബ്രാഹ്മണന്‍ രാമായണം സ്വന്തം ഭാവനകള്‍ കലര്‍ത്തി എഴുതിയതായി ഐതിഹ്യ കഥയുണ്ട്. അദ്ദേഹത്തിന്‍റ ‘രാമായണം’, കഥകളേക്കാളുപരി ഭക്തി ഭാവങ്ങള്‍ നിറഞ്ഞതായിരുന്നു. ആ രാമായണത്തെ ‘ആദ്ധ്യാത്മിക രാമായണം’ എന്നു പറഞ്ഞിരുന്നു. ആദ്ധ്യാത്മിക ചിന്തകളോടെയുള്ള അദ്ദേഹത്തിന്‍റെ രാമായണം മറ്റു കഥകള്‍ നിറഞ്ഞ രാമായണ കൃതികളെക്കാള്‍ ഭക്തജനങ്ങള്‍ക്ക് സ്വീകാര്യമായിരിക്കുമെന്നും ബ്രാഹ്മണന്‍ കരുതിയിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ആ കൃതിക്ക് ആരും പ്രാധാന്യം നല്‍കിയില്ല. പണ്ഡിതര്‍ പോലും പുസ്തകത്തെ കാര്യമായി ഗൗനിക്കുന്നുണ്ടായിരുന്നില്ല. പകരം അപമാനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു. ജനങ്ങള്‍ അദ്ദേഹത്തെ ഭ്രാന്തനെന്നും വിളിക്കാന്‍ തുടങ്ങി. കഥകളെഴുതാന്‍ ധൈര്യപ്പെടാത്ത ഭീരുവെന്നും വിളിച്ചു.

a6അപമാനം സഹിക്ക വയ്യാതെ അദ്ദേഹം പിന്നീട് നാട് വിടേണ്ടതായി വന്നു. ലക്ഷ്യമില്ലാതെ ഏകനായി അലഞ്ഞു നടന്നു. ഒടുവില്‍ നടന്നു അവശനായി ഒരു വനാന്തരത്തിനുള്ളില്‍ എത്തി. വിശപ്പും ദാഹവും ക്ഷീണവും അമിതമായുണ്ടായിരുന്നു. രാത്രി അധികമായതിനാല്‍ ഒരു വന്മരത്തിനു താഴെ വിശ്രമിക്കുവാനും തുടങ്ങി. പെട്ടെന്ന് തന്നെ ഗാഢനിദ്രയിലാവുകയും ചെയ്തു. കണ്ണു തുറന്നപ്പോള്‍ ആരോ അദ്ദേഹത്തെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതു കണ്ടു. ഉണര്‍ന്നപ്പോള്‍ സുന്ദരനും യുവാവുമായ ഒരു മനുഷ്യരൂപം മുമ്പില്‍ നില്‍ക്കുന്നു. ‘അല്ലയോ ബ്രാഹ്മണ! താങ്കള്‍ ഈ അര്‍ദ്ധരാത്രിയില്‍ കൊടും വനത്തില്‍ എങ്ങനെ എത്തിയെന്നു’ ബ്രാഹ്മണനോട് യുവാവ് ചോദിച്ചു. നിഷ്കളങ്കനായ ആ ബ്രാഹ്മണന്‍ തനിക്ക് സംഭവിച്ചതെല്ലാം ആ യുവാവിനെ വിവരിച്ചു കേള്‍പ്പിച്ചു. യുവാവായ ആ സുന്ദരന്‍ മഹാ ശിവരാത്രി ദിവസം മൂകാംബിക ക്ഷേത്രത്തില്‍ യാത്ര പുറപ്പെടാനും അവിടെ ദര്‍ശനം നടത്താനും ഉപദേശിച്ചു. ‘അവിടെ ക്ഷേത്ര നടയിങ്കല്‍ ഒരു ഋഷിവര്യനായ സന്യാസി നാല് നായ്കളുമായി വന്നെത്തുമെന്നും’ പറഞ്ഞു. ‘സന്യാസിക്ക് തന്‍റെ രാമായണ പുസ്തകം കൊടുക്കണമെന്നും’ യുവാവ് ആവശ്യപ്പെട്ടു. ‘താങ്കളുടെ ജീവിതം അതിനുശേഷം ധന്യമാകുമെന്നും’ അറിയിച്ചു. ‘ആരു പറഞ്ഞിട്ടാണ് ഈ പുസ്തകം തന്നതെന്ന് സന്യാസി ചോദിച്ചേക്കാം! ‘ഇക്കാര്യം അദ്ദേഹത്തോട് വെളിപ്പെടുത്തരുതെന്നും’ യുവാവ് ആവശ്യപ്പെട്ടു.

ബ്രാഹ്മണന്‍ യാത്ര തുടങ്ങുകയും ഒരു ശിവരാത്രി ദിവസം മൂകാംബിക ക്ഷേത്രത്തില്‍ എത്തുകയുമുണ്ടായി. സൂര്യാസ്തമയമായപ്പോള്‍ ഒരു സന്യാസി മുനി നാലു നായ്ക്കളെയുംകൊണ്ട് മൂകാംബിക ക്ഷേത്രത്തില്‍ വരുന്നതു കണ്ടു. ജനക്കൂട്ടത്തെ ഇടിച്ചുകയറിക്കൊണ്ട് ബ്രാഹ്മണന്‍ സന്യാസിയുടെ അടുത്തെത്തി. യുവാവ് പറഞ്ഞതനുസരിച്ച് ബ്രാഹ്മണന്‍ സന്യാസിക്ക് രാമായണത്തിന്‍റെ പതിപ്പ് കൊടുത്തു. ‘തന്നെ അനുഗ്രഹിക്കണമേയെന്നു’ പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിച്ചു. ‘ഇങ്ങനെ ചെയ്യാന്‍ ആരാണ് അങ്ങയെ ഇവിടേയ്ക്ക് അയച്ചതെന്ന്’ സന്യാസിവര്യന്‍ ചോദിച്ചു. പാവം ആ ബ്രാഹ്മണന്‍ യുവാവിനോടുള്ള വാക്കു പാലിക്കാനായി നിശബ്ദനായി നിന്നു. പറയാന്‍ സാധിക്കാത്തതില്‍ കൈകള്‍ കൂപ്പിക്കൊണ്ട് ‘ക്ഷമിക്കണമേയെന്ന്’ അപേക്ഷിച്ചു. ‘ആരാണ് താങ്കളെ എന്‍റെ പക്കല്‍ അയച്ചതെന്ന് അറിയാമെന്നു’ സന്യാസി ബ്രാഹ്മണനോട് പറഞ്ഞു. ‘വീണ വായിക്കാനും ഓടക്കുഴലൂതാനും നിരവധി കലകളില്‍ പ്രാപ്തനുമായ ഒരു യുവാവാണ്! താങ്കളെ ഇങ്ങോട്ട് അയച്ചതെന്നും ആ യുവാവ് നീലാകാശത്തില്‍ വസിക്കുന്ന ഒരു ഗാന ഗാന്ധര്‍വനെന്നും’ സന്യാസി ബ്രാഹ്മണനെ അറിയിച്ചു.

a7അതിനുശേഷം സന്യാസി, ബ്രാഹ്മണനോടായി ‘താന്‍ ഗാന്ധര്‍വനെ ഒരു മനുഷ്യനായി ഭൂമിയില്‍ പിറക്കാന്‍ ശപിക്കാന്‍ പോവുന്നുവെന്നും’ അറിയിച്ചു. സന്യാസി ഒരു പാത്രത്തിനുള്ളില്‍നിന്നും കുറച്ചു വിശുദ്ധ ജലം പുസ്തകത്തിനു മേലെ തളിച്ചു. അതിനുശേഷം ബ്രാഹ്മണനോടായി പറഞ്ഞു, ‘ഈ പുസ്തകം വിശ്വവിഖ്യാതമാവും. മറ്റെല്ലാ വ്യാഖ്യാനങ്ങളടങ്ങിയ പുസ്തകങ്ങളേക്കാള്‍ നിങ്ങളുടെ പുസ്തകം പ്രസിദ്ധമായിരിക്കും’. സന്തുഷ്ടനായ ബ്രാഹ്മണന്‍ തന്‍റെ ഗ്രാമത്തിലേക്കുള്ള മടക്കയാത്രയില്‍ വീണ്ടും യുവാവായ ഗാന്ധര്‍വനെ കണ്ടുമുട്ടി. സംഭവിച്ചതെല്ലാം ബ്രാഹ്മണന്‍ ഗാന്ധര്‍വനെ അറിയിച്ചു. ‘സന്യാസിക്ക് എല്ലാമറിയാമായിരുന്നുവെന്നും ഭൂമിയില്‍ മനുഷ്യ ജന്മത്തിനായി തയ്യാറാകാനും’ ബ്രാഹ്മണന്‍ ഗാന്ധര്‍വനെ അറിയിച്ചു. ഈ സന്യാസി, വേദങ്ങളുടെ കര്‍ത്താവായ വേദ വ്യാസനായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നാലു നായ്ക്കള്‍ നാലു വേദങ്ങളും.

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ഈ ഗാന്ധര്‍വന്‍റെ മനുഷ്യ രൂപത്തിലുള്ള അവതാരമാണെന്നും വിശ്വസിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം അദ്ധ്യാത്മ രാമായണം മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തത്. പ്രാരംഭത്തില്‍ ഗാന്ധര്‍വന്‍ ആയിരുന്നതുകൊണ്ട് എഴുത്തച്ഛന്‍ സംഗീതത്തില്‍ വലിയ തല്പരനും വിദഗ്ദ്ധനുമായിരുന്നു. അങ്ങനെ രാമായണം ‘കിളിപ്പാട്ട്’ രൂപത്തില്‍ ഒരു പക്ഷി പാടുന്നപോലെ അദ്ദേഹം എഴുതി.

എഴുത്തച്ഛനു ശേഷമാണ് മലയാള ഭാഷയ്ക്ക് തനതായ വ്യക്തിത്വം നേടിയെടുക്കാന്‍ സാധിച്ചത്. മലയാളം ഒരു സ്വതന്ത്ര ഭാഷയായി അറിയപ്പെടാന്‍ തുടങ്ങിയതും എഴുത്തച്ഛന്‍റെ കൃതികളില്‍ക്കൂടിയായിരുന്നു. അബ്രാഹ്മണര്‍ക്കും മനസിലാകുന്ന ഭാഷയിലാണ് അദ്ദേഹം ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നത്. അന്നുണ്ടായിരുന്ന സാമൂഹിക വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു കൃതികളെല്ലാം രചിച്ചിരുന്നത്. സമൂഹത്തില്‍ താണവരായവര്‍ക്കും അദ്ദേഹത്തിന്‍റെ രചനകള്‍ സഹായകമായിരുന്നു. ഭക്തികാലങ്ങളില്‍ ‘എഴുത്തച്ഛന്‍ കൃതികള്‍’ ഒരുവന്‍റെ സന്മാര്‍ഗികതയില്‍ മാര്‍ഗ ദര്‍ശിയും ആവേശവും ജനിപ്പിച്ചിരുന്നു.

മലയാളത്തില്‍ വട്ടെഴുത്തിന്‍റെ സ്ഥാനത്ത് സംസ്കൃതത്തിനു തുല്യമായ ലിപികള്‍ നടപ്പാക്കിയത് എഴുത്തച്ഛനായിരുന്നു. അന്നുവരെ വട്ടെഴുത്തു ഭാഷക്ക് 30 ലിപികള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ‘എഴുത്തച്ഛന്‍ പുരസ്ക്കാരം’ ഏറ്റവും വലിയ അഭിമാനകരമായ അവാര്‍ഡായി കരുതുന്നു. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്ക്കാരം നേടിയത് ശൂരനാട്ടു കുഞ്ഞന്‍പിള്ളയായിരുന്നു.

ക്ലാസിക്കല്‍ കവിയായ ‘മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി’ എഴുത്തച്ഛന്‍റെ ഉറ്റ സുഹൃത്തായിരുന്നു. അദ്ദേഹത്തിന്‍റെ പ്രസിദ്ധ കൃതിയായ ‘നാരായണീയം’ എഴുതുന്നതിനുമുമ്പ് ‘ഭട്ടതിരി’ എഴുത്തച്ഛന്‍റെ ഉപദേശം തേടിയിരുന്നു. എഴുത്ത് എവിടെനിന്ന് ആരംഭിക്കണമെന്ന് ഭട്ടതിരി സംശയത്തിലായിരുന്നു. ‘മത്സ്യം തൊട്ടു തുടങ്ങൂവെന്ന’ എഴുത്തച്ഛന്‍റെ അഭിപ്രായത്തിലെ ആന്തരീകാര്‍ത്ഥം മേല്‍പ്പത്തൂര്‍ മനസ്സിലാക്കിക്കൊണ്ട് വിഷ്ണു വര്‍ണ്ണനയില്‍ മത്സ്യാവതാരം മുതല്‍ മഹാകാവ്യ രചനയാരംഭിച്ചു. എഴുത്തച്ഛന്‍റെ സന്ദേശങ്ങളില്‍ ആകൃഷ്ടനായ ഭട്ടതിരി ഗുരുവായൂര്‍ അമ്പലത്തില്‍വെച്ചായിരുന്നു ‘നാരായണീയം’ പൂര്‍ത്തിയാക്കിയത്.

എഴുത്തച്ഛന്‍ പതിനാറാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നതെങ്കിലും മലയാളത്തിന്‍റെ പിതാവെന്നറിയപ്പെടുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ കൈകള്‍കൊണ്ടെഴുതിയ പൗരാണിക ലിപികള്‍ (മാനുസ്ക്രിപ്റ്റ്) ഒന്നും തന്നെ ലഭിക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും അദ്ദേഹത്തിന്‍റെ സംഭാവനയായ ‘ആദ്ധ്യാത്മിക രാമായണത്തിനു’ പകരം വെക്കാന്‍ മറ്റൊരു പുസ്തകം നാളിതുവരെ ഗ്രന്ഥപ്പുരകളില്‍ കണ്ടെടുത്തിട്ടില്ല. പദ്യരൂപത്തിലുള്ള അദ്ദേഹത്തിന്‍റെ ‘രാമായണം’ നിരവധി ദ്രാവിഡ വൃത്തങ്ങളുടെ സങ്കരങ്ങളായിട്ടാണ് രചിച്ചിരിക്കുന്നത്. ബാലകാണ്ഡ ‘കേക’ വൃത്താലങ്കാരത്തില്‍ രചിച്ചിരിക്കുന്നു. ‘ആരണ്യകാണ്ഡ’ കാകളിയിലും യുദ്ധകാണ്ഡ കളകാഞ്ചി വൃത്തത്തിലും രചിച്ചു. ആദ്ധ്യാത്മിക രാമായണം വെറും ഭക്ത ഗ്രന്ഥമായി കാണുന്നവര്‍ ക്ലാസ്സിക്കല്‍ സാഹിത്യത്തെ അപമാനിക്കുന്നുവെന്നും പ്രസിദ്ധ സാഹിത്യകാരനായ ‘അയ്യപ്പ പണിക്കര്‍’ അഭിപ്രായപ്പെട്ടു.

എഴുത്തച്ഛന്‍ ‘ആദ്ധ്യാത്മിക രാമായണം’ രചിച്ചതിലുപരി അദ്ദേഹം സാംസ്ക്കാരിക സന്മാര്‍ഗ ചിന്തകള്‍ക്കും വില കല്പിച്ചിരുന്നു. ‘രാമായണം’ എന്നുള്ളത് ഭാരത സംസ്ക്കാരത്തിന്‍റെ രത്നച്ചുരുക്കമാണ്. ഒപ്പം ഇതിഹാസങ്ങളും പുരാണങ്ങളും ഭാരതീയരുടെ സാംസ്ക്കാരിക പരമ്പരയെ വെളിപ്പെടുത്തുന്നു. രാമന്‍റെ ജീവിതത്തില്‍ സീതയല്ലാതെ മറ്റൊരു സ്ത്രീയുണ്ടായിരുന്നില്ല. സീതയെ പാതിവൃതയായ സ്ത്രീയെന്നാണ് അറിയപ്പെടുന്നത്. മാതൃഭക്തിയ്ക്കൊപ്പം അമ്മയുടെ സ്ഥാനത്തുള്ള പിതാവിന്‍റെ മറ്റു സഹധര്‍മ്മിണികളെയും ‘രാമന്‍’ അമ്മയെപ്പോലെ ബഹുമാനിച്ചിരുന്നു.

തുഞ്ചത്ത് ഏഴുത്തച്ഛന്‍റെ കാവ്യരൂപേണയുള്ള രാമായണം കിളിപ്പാട്ടുകള്‍ മൂലകൃതിയായ വാല്മീകി രാമായണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. എഴുത്തച്ഛന്‍റെ രാമായണത്തില്‍ നല്ലൊരു ഭാഗം സ്വന്തം ഭാവനയില്‍ നിന്നും അദ്ദേഹം എഴുതി. രാമായണം രാജാക്കന്മാരുടെ കഥയായതുകൊണ്ടാണ് ഈ ഗ്രന്ഥത്തിന് ഇത്രമാത്രം പ്രാധാന്യം ലഭിച്ചത്. കിളിപ്പാട്ടുകള്‍ വളര്‍ന്നതോടെ കാവ്യ രചനകളില്‍ അരയന്നവും പാടിക്കൊണ്ടുള്ള കഥ പറയുന്ന കൃതികളും മലയാള ക്ളാസിക്കല്‍ കാവ്യങ്ങളിലുണ്ട്. പഴയകാല കവികളില്‍ അറം പറ്റുക എന്ന വിശ്വസമുണ്ടായിരുന്നു. കാവ്യത്തിലൂടെ പറയുന്ന കാര്യങ്ങള്‍ കവിക്ക് ദോഷമായി തീരുമെന്നുള്ള വിശ്വാസം അന്ന് നിലവിലുണ്ടായിരുന്നു. കിളിപ്പാട്ട് പ്രസ്ഥാനത്തിന് ആരംഭമിട്ടതും എഴുത്തച്ഛനാണ്.

രാമായണവും മഹാഭാരതവും കേവലം വീരഭാവനകള്‍ നിറഞ്ഞ കഥകള്‍ മാത്രമല്ല; മറിച്ച് കോടാനുകോടി ഹിന്ദുക്കളുടെ സാമൂഹികവും അദ്ധ്യാത്മികവുമായ വളര്‍ച്ചയ്ക്കും ഈ ഗ്രന്ഥങ്ങള്‍ കാരണമായിരുന്നു. രാമനും കൃഷ്ണനും ദൈവത്തിന്‍റെ അവതാരങ്ങളാണ്. ദൈവത്തിങ്കലേക്കുള്ള ധര്‍മ്മ മാര്‍ഗങ്ങള്‍ രാമനിലും കൃഷ്ണനിലും നിറഞ്ഞിരിക്കുന്നുവെന്ന് ഹൈന്ദവ ജനത വിശ്വസിക്കുന്നു. ഈ ദൈവങ്ങളെ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും വ്യക്തിപരമായും പൂജിക്കുന്നു. സന്മാര്‍ഗ ജീവിതത്തിനാവശ്യമായ സ്നേഹം, കടമ, സ്വാര്‍ത്ഥതയില്ലായ്മ, മാതൃപിതൃ ഭക്തി മുതലായവകള്‍ രാമായണം പഠിപ്പിക്കുന്നു. രാമനെന്ന കഥാപാത്രം സ്നേഹം, സഹാനുഭൂതി, ഭൂതാനുകമ്പ എന്നീ സത്ഗുണങ്ങള്‍ നിറഞ്ഞതാണ്. പാവങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുക, ദേശഭക്തി, സുദൃഢമായ വിവാഹബന്ധങ്ങള്‍, പരസ്പ്പര സ്നേഹം, മാതാപിതാക്കളോടുള്ള അനുസരണ, അര്‍പ്പണ മനോഭാവം, ത്യാഗങ്ങള്‍ അനുഷ്ടിക്കുക മുതലായവകള്‍ രാമായണത്തിലെ അടിസ്ഥാന തത്ത്വങ്ങളില്‍ ഉള്‍ക്കൊള്ളുന്നു. സീതയെ ആദര്‍ശവാദിനിയും ധര്‍മ്മിഷ്ഠയുമായ ഒരു ദേവിയായി സ്ത്രീജനങ്ങള്‍ കരുതുന്നു. ഒരു മനുഷ്യന്‍ എങ്ങനെ നശിക്കുന്നുവെന്നുള്ളത് രാവണന്‍റെ പ്രതീകാത്മതയില്‍ക്കൂടി മനസിലാക്കാം.

രാവണനെതിരെ രാമന്‍റെ വിജയം പ്രമാണിച്ചുള്ള ‘ദസറ’ ഹിന്ദുക്കളുടെ വലിയൊരു ആഘോഷമാണ്. ഇന്ത്യ മുഴുവന്‍ ‘ദസറ’ ആഘോഷിക്കുന്നു. ‘നവമി’ വടക്കേ ഇന്ത്യയിലെ പ്രധാന ഒരു ഉത്സവമാണ്. തിന്മയെ നശിപ്പിക്കാനായി വിഷ്ണുവായ ദൈവം രാമനായ മനുഷ്യനായി ഭൂമിയില്‍ ജനിച്ചുവെന്നു വിശ്വസിക്കുന്നു.

ഡോക്ടര്‍ സര്‍‌വ്വേപ്പള്ളി രാധാകൃഷ്ണന്‍റെ അഭിപ്രായത്തില്‍ ശ്രീരാമനെ സംബന്ധിച്ചുള്ള സങ്കല്പം തികച്ചും വ്യത്യസ്തമാണ്. രാമന്‍, തെക്കേ ഇന്ത്യയിലെ ദ്രാവിഡരുടെ സാമൂഹിക വ്യവസ്ഥ പരിപോഷിപ്പിക്കാന്‍ ജനിച്ച അവതാര പുരുഷനെന്നാണ് ഡോ. രാധാകൃഷ്ണന്‍റെ അഭിപ്രായം. അസുരവര്‍ഗ്ഗമെന്നത് തെക്കേ ഇന്ത്യയിലെ പ്രാകൃത വര്‍ഗമാണെന്നും അവരെ നവീകരിക്കുന്ന ലക്ഷ്യത്തിനായി പ്രയത്നിച്ച ദേവനായിരുന്നു രാമനെന്നും രാധാകൃഷ്ണന്‍ വിശ്വസിച്ചിരുന്നു. ആര്യദ്രാവിഡ യുദ്ധമെന്ന സങ്കല്‍പ്പവും രാമായണത്തിലുണ്ട്. ആര്യന്മാരുടെ അധിനിവേശ കാലത്ത് രാമന്‍ ഒരു ആര്യഗോത്ര തലവനായിരുന്നുവെന്ന സങ്കല്‍പ്പവുമുണ്ട്. അന്ന് ദ്രാവിഡ ജനങ്ങള്‍ വനാന്തരങ്ങളിലായിരുന്നു താമസിച്ചിരുന്നത്. അവരെ കുരങ്ങന്മാരായി രാമായണത്തില്‍ ചിത്രീകരിച്ചുവെന്നും വിമര്‍ശനങ്ങളുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment