Flash News

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ 18 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്

July 20, 2019

iranവാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലുകളില്‍ ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്നാണ് സൂചന. എന്നാല്‍ മലയാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന ‘സ്റ്റെനാ ഇംപേരോ’ എന്ന കപ്പലാണ് ഇറാന്‍ കണ്ടുകെട്ടിയത്.

ജീവനക്കാരില്‍ ഇന്ത്യക്കാര്‍ക്കു പുറമേ റഷ്യ, ലാത്വിയ, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ജീവനക്കാരില്‍ ആര്‍ക്കും പരുക്കില്ല. എല്ലാവരും സുരക്ഷിതരാണ്. കപ്പല്‍ ഇപ്പോള്‍ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്ന് ഉടമകളായ സ്വീഡിഷ് കമ്പനി സ്‌റ്റെനാ ബള്‍ക്ക് അറിയിച്ചു. സൗദി തുറമുഖത്തേക്കു പോയ കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തിരിക്കുന്നത്.

അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങള്‍ ലംഘിച്ചതിന് ഹോര്‍മോസ്ഗന്‍ തുറമുഖത്തിന്റെ അപേക്ഷപ്രകാരമാണ് കപ്പല്‍ കണ്ടുകെട്ടിയതെന്നാണ് ഇറാന്‍ സൈന്യമായ റവല്യൂഷണറി ഗാര്‍ഡ് ഔദ്യോഗിക വെബ്‌ സൈറ്റായ സെപാന്യൂസില്‍ വ്യക്തമാക്കിയത്. കപ്പല്‍ തീരത്തടുപ്പിച്ച് ഹോര്‍മോസ്ഗന്‍ തുറമുഖ അധികാരികള്‍ക്ക് കൈമാറിയെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും റവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.

അതേസമയം ഇറാന്‍ അധികൃതര്‍ പിടിച്ചുവച്ചിരിയ്ക്കുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ വിട്ടയയ്ക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇറാനോട് ആവശ്യപ്പെട്ടു. കപ്പലില്‍ ജോലി ചയ്യുന്ന മുഴുവന്‍ ഇന്ത്യാക്കാരേയും സുരക്ഷിതമായി തിരിച്ചെത്തിയ്ക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ രവീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇറാന്‍ ഗവണ്മെന്റുമായി നിരന്തരം ആശയവിനിമയം നടത്തിക്കൊണ്ടിരിയ്ക്കുകയാണെന്നും കപ്പലില്‍ ജോലിചെയ്യുന്ന എല്ലാ ഇന്ത്യാക്കാരേയും ഉടനടി സുരക്ഷിതരാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിയ്ക്കുന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കപ്പലിലെ ഇരുപത്തിയഞ്ച് നാവികരില്‍ പതിനെട്ടുപേരും ഇന്ത്യക്കാരാണ്.

ഇറാനും യു എ ഇയ്ക്കും ഒമാനും ഇടയിലുള്ള ഹോര്‍മൂസ് കടലിടുക്കില്‍ വച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപെര ഇറാന്‍ പിടിയിലായത്. അന്താരാഷ്ട്ര നാവികനിയമങ്ങള്‍ ലംഘിച്ച് മത്സ്യബന്ധന ബോട്ടുകളോട് കൂട്ടിമുട്ടി എന്നാണ് കപ്പലുകള്‍ തടഞ്ഞുവയ്ക്കാന്‍ കാരണമായി ഇറാന്‍ പറയുന്നത്.

എന്നാല്‍ ഇക്കഴിഞ്ഞ ജൂലയ് അഞ്ചാം തീയതി ബ്രിട്ടീഷ് പട്ടാളക്കാര്‍ ജിബ്രാള്‍ട്ടര്‍ തീരത്തിനടുത്തു വച്ച് ഇറാന്റെ ഒരു എണ്ണക്കപ്പല്‍ പിടിച്ചെടുത്തതിന്റെ പ്രതികാരമാണ് സ്റ്റെന ഇംപേര കപ്പലിനെ തടഞ്ഞുവച്ചതെന്നാണ് വിലയിരുത്തുന്നത്. സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്ന കാരണം പറഞ്ഞാണ് ബ്രിട്ടീഷ് റോയല്‍ മറീന്‍സ് സ്‌പെയിനിനടുത്തുള്ള ജിബ്രാള്‍ട്ടര്‍ തീരത്തു വച്ച് ഇറാന്റെ എണ്ണക്കപ്പല്‍ അന്ന് പിടിച്ചെടുത്തത്.

സിറിയയിലെ ബഷര്‍ അല്‍ അസ്സദ് ഭരണകൂടത്തിനു മുകളില്‍ നിലവിലുള്ള പെട്രോളിയം ഉപരോധം മറികടന്ന് അവിടേയ്ക്ക് എണ്ണ കൊണ്ടുപോയെന്നാണ് അന്ന് കപ്പല്‍ പിടിച്ചെടുക്കാന്‍ ബ്രിട്ടീഷ് അധികൃതര്‍ കാരണം പറഞ്ഞത്.. ഇറാനും, ബ്രിട്ടനും അമേരിയ്ക്കയും പരസ്പരം കുറേ നാളായി ഇത്തരത്തിലുള്ള പ്രകോപനപരമായ നടപടികള്‍ തുടര്‍ന്ന് വരികയാണ്.

ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും സ്റ്റെന ഇംപേരയെ പിടിച്ചെടുത്ത ഇറാന്റെ നടപടിയെ അപലപിച്ചിട്ടുണ്ട്. മത്സ്യബന്ധനബോട്ടുകളുടെ മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ ഈ കപ്പല്‍ അവരെ ഇടിച്ചുതകര്‍ത്തെന്നും അന്വേഷണം തീരുന്നതുവരെ കപ്പല്‍ പോര്‍ട്ട് അബ്ബാസില്‍ നങ്കൂരമിട്ട് കിടക്കട്ടെയെന്നുമാണ് ഇറാന്‍ അധികൃതര്‍ മറുപടിയായി അറിയിച്ചത്. ബ്രിട്ടീഷ് പതാക വഹിച്ചിരുന്നെങ്കിലും എണ്ണക്കപ്പല്‍ സ്റ്റെന ബള്‍ക് എന്ന സ്വീഡിഷ് കമ്പനിയുടെതാണ്.

ബ്രിട്ടനും ഇറാനും തമ്മിലുള്ള പെട്രോളിയം യുദ്ധങ്ങള്‍ക്കിടയില്‍ തൊഴിലാളികളായ ഇന്ത്യക്കാരുടെ ജീവന്‍ പന്താടാനാകില്ലെന്നും അവരുടെ സുരക്ഷയ്ക്ക് വേണ്ടതെല്ലാം ചെയ്യണമെന്നും ശക്തമായിത്തന്നെ ഇന്ത്യ ഇറാനോട് അഭിപ്രായപ്പെടുമെന്ന് വിദേശകാര്യവൃത്തങ്ങള്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top