Flash News
കോവിഡ് പ്രതിസന്ധിയിൽ പെട്ട ഇന്ത്യ 2020-21 സാമ്പത്തിക വർഷത്തിൽ ഇരട്ടി ഓക്സിജൻ കയറ്റുമതി ചെയ്തു   ****    അറസ്റ്റ് വാറണ്ടുകള്‍ നിരന്തരം അവഗണിച്ചു; സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായരെ അറസ്റ്റു ചെയ്ത് അഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു   ****    രണ്ടു കോടി കടമുള്ള സംസ്ഥനത്തിന്റെ താത്ക്കാലിക അധിപന്‍ രാഷ്ട്രീയ ബഡായി അവസാനിപ്പിക്കണമെന്ന് പിണറായി വിജയനോട് അബ്ദുള്ളക്കുട്ടി   ****    കോവിഡ്-19 രൂക്ഷമായി; സ്വമേധയാ കേസെടുത്ത സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു   ****    ഡല്‍ഹിയിലെ രണ്ട് ഗുണ്ടകള്‍ വിചാരിച്ചാല്‍ പശ്ചിമ ബംഗാളിനെ കീഴ്പ്പെടുത്താൻ കഴിയില്ല: മമ്‌ത ബാനര്‍ജി   ****   

വളമനാലിനെതിരെ വാളെടുക്കുന്നവരും വട്ടായിയെ വെട്ടുന്നവരും

July 21, 2019 , ജെയിംസ് കുരീക്കാട്ടില്‍

valamanal bannerവളമനാല്‍ അച്ചന്‍ അയര്‍ലണ്ടില്‍ നടത്താനിരുന്ന രോഗ ശാന്തി പര്യടനത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നത് അദ്ദേഹത്തിനെതിരെ അയര്‍ലണ്ടിലെ തന്നെ ബിഷപ്പ് എടുത്ത ശക്തമായ നിലപാട് മൂലമാണ്. തുടര്‍ന്ന് ആസ്ത്രേലിയന്‍ പര്യടനവും അദ്ദേഹത്തിന് റദ്ദാക്കേണ്ടിവന്നു. ആസ്ത്രേലിയയിലെ സീറോ മലബാര്‍ ബിഷപ്പായ ബോസ്കോ പുത്തൂര്‍ തന്നെ വളമനാലിനെതിരെ പ്രസ്താവന ഇറക്കുകയുണ്ടായി. തുടര്‍ന്ന് കാനഡയില്‍ നടത്താനിരുന്ന വമ്പിച്ച രോഗ ശാന്തി ശുശ്രൂഷ ധ്യാനത്തില്‍ നിന്നുകൂടി, ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വളമനാലിന് പിന്‍വാങ്ങേണ്ടിവന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ അമേരിക്കയിലെ കുഞ്ഞാടുകള്‍കളെയെങ്കിലും ധ്യാനിപ്പിച്ചു നന്നാക്കാനും രോഗശാന്തി നല്‍കാനും ആഗസ്ത് മാസം മുതല്‍ അമേരിക്കയില്‍ ആരംഭിക്കാനിരുന്ന പര്യടനത്തിനെതിരെയും ഇപ്പോള്‍ ശക്തമായ പ്രധിഷേധം ആരംഭിച്ചിരിക്കുകയാണ്. അമേരിക്കയിലെ Department of Homeland security officer ക്കും American Association on Intellectual and Developmental Disabilities (AAIDD) നും ലഭിച്ച പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വളമനാല്‍ അമേരിക്കയില്‍ എത്തിയാല്‍ എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെടാന്‍ വരെ സാധ്യതയുണ്ടെന്നാണ് സൂചിപ്പിക്കപ്പെടുന്നത്. വളമനാല്‍ നടത്തിയ വിവാദ പ്രസംഗം മറ്റൊരു രാജ്യത്ത് വെച്ചാണെങ്കിലും, ലോകത്താകമാനമുള്ള ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെ മൃഗതുല്യരായി ഉപമിച്ചതിനും, അവരുടെ മാതാപിതാക്കളെ അപമാനിച്ചതിനും അവര്‍ക്ക് മനോവേദനക്ക് ഇടയാക്കിയതിനും അമേരിക്കന്‍ ഗവണ്മെന്‍റിന് സ്വമേധയാ കേസെടുക്കാന്‍ സാധിക്കുന്നതിനാല്‍ അമേരിക്കയില്‍ വച്ച് വളമനാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് നിയമവിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്.

James Kureekkattil-small

ജെയിംസ് കുരീക്കാട്ടില്‍

ഈ സാഹചര്യങ്ങളില്‍ ഒരു ചോദ്യം പ്രസക്തമാകുന്നത്, ആരാണ് വളമനാലിനെതിരെ വാളെടുക്കുന്നത്? വളരെ നാളുകള്‍ക്ക് മുമ്പ് വളമനാല്‍ നടത്തിയ ഒരു പ്രസംഗത്തിന്‍റെ പേരില്‍ ആരൊക്കെയാണ് വളമനാലിനെ ഇപ്പോള്‍ കെണിയില്‍ വീഴിക്കാന്‍ ശ്രമിക്കുന്നത്? എന്താണ് അവരുടെ ലക്ഷ്യം? എന്താണ് അവരുടെ നേട്ടം?

ആസ്ത്രേലിയയില്‍ ആരംഭിച്ച പ്രധിഷേധങ്ങള്‍ക്ക് പിന്നില്‍ ഓട്ടിസം ബാധിച്ച ഏതാനും മലയാളി കുഞ്ഞുങ്ങളുടെ മാതാപിതാക്കളും, വിരലിലെണ്ണാവുന്ന കുറച്ച് സ്വതന്ത്ര ചിന്തകരുമായിരുന്നെങ്കിലും, വളമനാലിന്‍റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള വീഡിയോ ഇറങ്ങിയതോടെ അവര്‍ പ്രധിഷേധ സമരങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയാണുണ്ടായത്. പിന്നെ ആരാണ് ഇപ്പോള്‍ അവരുടെ പിന്നില്‍ നിന്ന് ഈ വിഷയം ആളിക്കത്തിക്കുന്നത്? അതറിയണമെങ്കില്‍ ആര്‍ക്കാണ് ഇത് കൊണ്ടുള്ള നേട്ടമെന്ന് തിരിച്ചറിയണം. വളമനാലിന്‍റെ നഷ്ടം ആരുടെ ലാഭമാണെന്ന് അറിയണം. കത്തോലിക്കാ സഭയില്‍ ഇന്ന് വന്‍ ബിസിനസ്സ് ആയി മാറിയിരിക്കുന്ന രോഗ ശാന്തി ധ്യാന ബിസിനസ്സില്‍ നിലനില്‍ക്കുന്ന കടുത്ത മത്സരത്തിന്‍റെ യാഥാര്‍ഥ്യം മനസ്സിലാക്കണം.

fr valamanalവളമനാലിന് കരാറ് നഷ്ടപെട്ട രാജ്യങ്ങളിലെല്ലാം ധ്യാനം നടത്താനും രോഗ ശാന്തി വിതരണം ചെയ്യുവാനുമുള്ള കരാറ് പുതുക്കി നല്‍കിയിരിക്കുന്നത് വട്ടായി ഗ്രൂപ്പിനാണ്. ആസ്ത്രേലിയയില്‍ വളമനാലിന്‍റെ ധ്യാനം കാന്‍സല്‍ ചെയ്തിടത്തെല്ലാം, ധ്യാനം നടത്താന്‍ വട്ടായി ഗ്രൂപ്പ് കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. നാളുകളായി ശാലോം ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലുണ്ടായിരുന്ന മേഘലകളിലേക്കാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വട്ടായി ഗ്രൂപ്പ് നുഴഞ്ഞുകയറ്റം നടത്തിയത്. അമേരിക്ക, ആസ്ത്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍, ടിവി ചാനലിന്‍റെയും, പത്രത്തിന്‍റെയും മാഗസിന്‍റെയും അകമ്പടിയോടെ ശാലോം ഗ്രൂപ്പ് മികച്ച രീതിയില്‍ ധ്യാന ബിസിനസ്സ് നടത്തിവരികയായിരുന്നെങ്കിലും, ശാലോം ഒരു വ്യക്തി കേന്ദ്രീകൃത ബിസിനസ്സ് ആയതിനാലും ലാഭ വിഹിതം ലഭിക്കാതെ വന്നതിനാലുമാണ് കേരളത്തിലെ രൂപതകളുടെ പിന്‍ബലത്തോടെ വട്ടായി ഗ്രൂപ്പ് ഈ രാജ്യങ്ങളിലെ ബിസിനസ് കൈക്കലാക്കി തുടങ്ങിയത്. ‘അഭിഷേകാഗ്നി’ എന്ന പേരില്‍ വട്ടായി ഗ്രൂപ്പ് ആരംഭിച്ച ബിസിനസ്സ് ശാലോമിനെ തുരത്തുന്നതില്‍ ഏറെക്കുറെ വിജയിച്ചു വരുമ്പോഴാണ് വളമനാല്‍ ‘കൃപാഭിഷേകം’ എന്ന പേരില്‍ ‘അഭിഷേകാഗ്നിക്ക്’ പുതിയ വെല്ലുവിളിയുയര്‍ത്തിയത്. ഈ രണ്ടു ഗ്രൂപ്പിനോടും മത്സരിക്കാന്‍ ആലപ്പുഴയില്‍ ജോസഫ് അച്ചന്റെ ‘കൃപാസനം’ കൂടി രംഗത്ത് വന്നതോടെ മത്സരം കടുക്കുകയായിരുന്നു. ഇതിനിടയില്‍ ‘പോട്ടയും’ തങ്ങളുടെ നഷ്ട പ്രതാപം തിരിച്ചെടുക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത് മത്സരം ശക്തമാകാന്‍ ഇടയാക്കി. ഈ ഗ്രൂപ്പുകളെ എല്ലാം ചുറ്റിപ്പറ്റി ഇവര്‍ക്ക് അമേരിക്ക, ആസ്ത്രേലിയ മുതലായ രാജ്യങ്ങളില്‍ ധ്യാന കച്ചവടത്തിനുള്ള ഓര്‍ഡര്‍ പിടിച്ചുകൊടുക്കുന്ന വിശ്വാസികളുടെ ശിങ്കിടി കൂട്ടങ്ങളാണ് ഇപ്പോള്‍ വളമനാലിനെതിരെ വാളെടുക്കുന്നതും വട്ടായിയെ വെട്ടി വീഴിക്കാന്‍ ശ്രമിക്കുന്നതും.

fr vattayiഅമേരിക്കയിലും അയര്‍ലണ്ടിലും ആസ്ത്രേലിയയിലുമെല്ലാമുള്ള സീറോ മലബാര്‍ വിശ്വാസി സമൂഹം ഈ പ്രശ്നങ്ങളെ എങ്ങനെ കാണുന്നു എന്നതാണ് ഏറെ പ്രസക്തം. അഭിഷേകാഗ്നിയെന്നും, കൃപാഭിഷേകമെന്നും, കൃപാസനമെന്നുമൊക്കെ വ്യത്യസ്തമായ പേരിലും ഗ്രൂപ്പിലുമാണ് ഇവരുടെ കച്ചവടമെങ്കിലും ഇവരുടെ എല്ലാം ഉഡായിപ്പും, വില്‍ക്കുന്ന ചരക്കും ഒന്ന് തന്നെയാണെന്ന് വ്യക്തമാണ്. വളമനാലിന്‍റെ കാര്യം തന്നെ എടുക്കുക. ഓട്ടിസം കുട്ടികളെ അപമാനിച്ച് കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തിന്‍റെ തുടക്കത്തില്‍ അയാള്‍ പറഞ്ഞത് പരിശുദ്ധാത്മാവ് അദ്ദേഹത്തിന് വെളിപ്പെടുത്തി കൊടുത്തു എന്നാണ്. എന്നിട്ടാണ് അദ്ദേഹം പരിശുദ്ധാത്മാവ് വെളിപ്പെടുത്തി കൊടുത്ത വാക്കുകള്‍ വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞത്. അതില്‍ നിന്ന് തന്നെ വ്യക്തമാണ് ഇവരെല്ലാം മൈക്കിന് മുമ്പില്‍ നിന്ന് കൊണ്ട് ‘വായ്ക്ക് വരുന്നതെല്ലാം കോതക്ക് പാട്ടെന്ന’ മട്ടില്‍ തട്ടി വിടുന്നതും അലറി വിളിക്കുന്നതുമൊന്നും ഒരു പരിശുദ്ധാത്മാവും മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണെന്നത്. ഇനി ഇവരിറക്കുന്ന പത്രങ്ങളിലും യുട്യൂബിലുമൊക്കെയുള്ള രോഗശാന്തി സാക്ഷ്യങ്ങളുടെ കാര്യം എടുക്കാം. വളമനാല്‍ അവകാശപ്പെടുന്നത് ഓട്ടിസമുള്ള കുട്ടികളെ സുഖപ്പെടുത്തിയിട്ടുണ്ടെന്നാണ്. അതേത് കുട്ടിയെന്ന്മാത്രം ചോദിക്കരുത്. കൃപാസനം പത്രത്തിന്‍റെ വിശേഷങ്ങള്‍ എത്ര പേജില്‍ എഴുതിയാലും തീരില്ല. വിവാഹം കഴിഞ്ഞു പതിനൊന്ന് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്ത സ്ത്രീക്ക് കൃപാസനം പത്രം വയറ്റില്‍ പൊത്തിപ്പിടിച്ച് കിടന്നപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഗര്‍ഭിണിയാകുന്നു. കാല് പൊള്ളിയ ആളുടെ കാല് കൃപാസനം പത്രത്തില്‍ പൊതിഞ്ഞപ്പോള്‍ പൊള്ളല് സുഖപ്പെടുന്നു. വന്നു വന്ന് വിശ്വാസം മൂത്ത് ചിലര്‍ കൃപാസനം പത്രം അരച്ച് ദോശയും ചട്ണിയും വരെ ഉണ്ടാക്കി തിന്ന് തുടങ്ങി. പക്ഷെ ചൊറിയും ചിരങ്ങും മുതല്‍ കാന്‍സറും എയ്ഡ്സും വരെ സുഖപ്പെടുത്തുന്ന കൃപാസനം ബിസിനസ്സിന്‍റെ പ്രൊപ്രൈറ്റര്‍ ജോസഫ് അച്ചന് ഒരു ചെറിയ പനി വന്നപ്പോള്‍ ആലപ്പുഴയിലെ സഹൃദയ ഹോസ്പിറ്റലില്‍ ചികിത്സ തേടുകയും ഹോസ്പിറ്റലിലെ 116-ാം റൂമില്‍ കിടക്കുന്ന ചിത്രങ്ങളും കൃപാസനമല്ലാത്ത മറ്റ് പത്രങ്ങളില്‍ ഈ അടുത്ത നാളില്‍ നമ്മള്‍ കണ്ടു.

ഇനി അഭിഷേകാഗ്നിക്കാരന്‍ വട്ടായിയുടെ കാര്യം. അദ്ദേഹം മനുഷ്യരെ മാത്രമല്ല മരങ്ങളെ വരെ സുഖപ്പെടുത്തും. അവരുടെ വെബ്സൈറ്റിലെ സാക്ഷ്യത്തില്‍ ഒരു സ്ത്രീ പറയുന്നത്, അവരുടെ പറമ്പിലെ ഇരുപത് വര്‍ഷമായി കായ്ക്കാത്ത തെങ്ങു വട്ടായിയുടെ വെഞ്ചിരിച്ച മണ്ണ് കൊണ്ടിട്ടപ്പോള്‍ ഉടനടി കായ്ച്ചു തുടങ്ങിയെന്നാണ്. തേങ്ങാ ശറ് പേറേന്ന് വീണ് തുടങ്ങിയെന്നാണ് ആ സാക്ഷ്യത്തിന് വട്ടായി കൂട്ടി ചേര്‍ക്കുന്ന വാക്കുകള്‍. കൂടാതെ പ്ലസ് ടുവിന് പഠിക്കുന്ന ചെക്കന്‍ കാര്യമായി ഒന്നും പഠിക്കാഞ്ഞിട്ടും വട്ടായി വെഞ്ചിരിച്ച പേനകൊണ്ട് പോയി പരീക്ഷ എഴുതിയത് കൊണ്ട് 92% മാര്‍ക്ക് കിട്ടിയ അത്ഭുത സാക്ഷ്യങ്ങളുമുണ്ട്.

സാക്ഷ്യങ്ങള്‍ പറയാന്‍ ആളുകളെ ഏത് മതക്കാര്‍ക്കും കിട്ടും, ഏത് ആള്‍ ദൈവങ്ങള്‍ക്കും കിട്ടും. അങ്ങനെ അവരെ പറയാന്‍ പ്രേരിപ്പിക്കുന്ന മനഃശാസ്ത്രപരമായ ഘടകങ്ങള്‍ സ്ഥല പരിമിതി മൂലം ഇവിടെ വിവരിക്കുന്നില്ല. പക്ഷെ ഈ രോഗശാന്തി കച്ചവടക്കാരൊന്നും ആധുനിക വൈദ്യ ശാസ്ത്രത്തിന് ചികിത്സിക്കാന്‍ കഴിയാത്തതോ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതോ ആയ രോഗങ്ങളൊന്നും ഇതുവരെ ഭേദമാക്കിയിട്ടില്ല. രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ തന്നെയാണ് ഇവരുടെ അടുക്കല്‍ പ്രാര്‍ത്ഥനക്ക് എത്തുന്നതും ചികിത്സ കൊണ്ട് രോഗവിമുക്തി തേടുമ്പോള്‍ ക്രഡിറ്റ് ഈ രോഗ ശാന്തി കച്ചവടക്കാര്‍ക്ക് നല്‍കുന്നതും. ഇവരുടെ തട്ടിപ്പിന് ഇരയാകുന്നത് നിഷ്കളങ്കരായ വിശ്വാസികളാണെങ്കിലും ഈ തട്ടിപ്പുകള്‍ക്ക് കൂട്ടു നില്‍ക്കുകയും കുടപിടിക്കുകയും ചെയ്യുന്നത് അമേരിക്കയിലും യൂറോപ്പിലുമൊക്കെയുള്ള വിദ്യാസമ്പന്നരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറെ മലയാളികളാണെന്നുള്ളതാണ് ലജ്ജിപ്പിക്കുന്ന ഒരു കാര്യം. എന്നാല്‍ ക്രിസ്തുവിന്‍റെ ദര്‍ശനങ്ങളെ ആഴത്തില്‍ വിശദീകരിക്കുകയും ആ ദര്‍ശനങ്ങളെ ഓര്‍ത്ത് ധ്യാനിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന അപൂര്‍വ്വം ചില വൈദികരില്‍ ഒന്നായ ബോബി കട്ടികാട് അച്ചനെപ്പോലുള്ളവരെയൊന്നും ഇവര്‍ അമേരിക്കയില്‍ കൊണ്ട് വരാന്‍ തീരെ താത്പര്യം പ്രകടിപ്പിക്കാറില്ല. ലാഭമില്ലാത്ത ബിസിനസ്സിലൊന്നും അവര്‍ ഏര്‍പെടാറില്ല.

വളമനാലിനെ തടഞ്ഞാല്‍ ആ ഗ്യാപ്പില്‍, വട്ടായിയോ കൃപാസനം കാരനോ മറ്റാരെങ്കിലുമോ കടന്ന് വന്ന രോഗശാന്തി കച്ചവടം പൊടിപൊടിക്കും. അമേരിക്കന്‍ മലയാളി ഉണരേണ്ടതും പ്രതികരിക്കേണ്ടതും വളമനാലിനെതിരെ മാത്രമല്ല, ധ്യാനം ഒരു ബിസിനസ് ആക്കി കൊണ്ടു നടക്കുന്ന എല്ലാ ധ്യാന കുറുക്കന്മാര്‍ക്കും എതിരെയാണ്. രോഗശാന്തി വിറ്റു നടക്കുന്ന എല്ലാ കച്ചവടക്കാര്‍ക്കും എതിരെയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top