Flash News

അമ്പിളിയെ തൊടാനുള്ള ശ്രമം വിജയപഥത്തില്‍; ‘ചന്ദ്രയാന്‍-2’ പറന്നുയര്‍ന്നു; ആദ്യ സിഗ്നലുകള്‍ ലഭിച്ചു തുടങ്ങി; സെപ്തംബര്‍ 7ന് ‘ചന്ദ്രയാന്‍-2’ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും

July 22, 2019

chandrayan2-2ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ ‘ചന്ദ്രയാന്‍-2’ പറന്നുയര്‍ന്നു. ഉച്ചയ്ക്ക് 2:45 ഓടെ ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്റെ വിക്ഷേപണം നടന്നത്.

വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതുപോലെ 48 ദിവസത്തിനകം സെപ്തംബര്‍ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങും.

ആദ്യപദ്ധതി പ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പദ്ധതി പ്രകാരം 23 ദിവസമായി കൂടിയിട്ടുണ്ട്. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയത്തിലും മാറ്റമുണ്ട്. അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം ഏഴാക്കി മാറ്റി.

chandrayan2ഏറ്റവും വലിയ മാറ്റം ചന്ദ്രനെ ചുറ്റാന്‍ നിശ്ചയിച്ചിരിക്കുന്ന സമയത്തിലാണ്. നേരത്തെ 28 ദിവസം വലംവെച്ച ശേഷം ലാന്‍ഡറിനെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും തമ്മില്‍ വേര്‍പെടാന്‍ പോകുന്നത് 43ാം ദിവസമാണ്. നേരത്തെ ഇത് 50ാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്.

ചന്ദ്രോപരിതലത്തില്‍ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറക്കുന്ന രീതിക്കു പകരം ഹെലിക്കോപ്ടര്‍ ഇറങ്ങുന്നതിനു സമാനമായ രീതിയിലുള്ള സോഫ്റ്റ് ലാന്‍ഡിങ്ങാണ് ‘ചന്ദ്രയാന്‍ രണ്ടി’ന്റെ പ്രത്യേകത. റഷ്യയും യു.എസും ചൈനയും മാത്രമാണു ലോകത്ത് ഇതിനുമുന്‍പ് സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിട്ടുള്ളത്.

ജിഎസ്എൽവി മാർക് 3 റോക്കറ്റാണ് ചന്ദ്രയാൻ ദൗത്യവുമായി കുതിച്ചുയർന്നത്. പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ആദ്യ ക്രയോജനിക് എന്‍ജിനുള്ള റോക്കറ്റാണിത്. 27.8 ടണ്‍ ക്രയോജനിക് ഇന്ധനമാണ് ടാങ്കുകളില്‍ നിറച്ചത്. 3,877 കിലോയാണ് ‘ചന്ദ്രയാന്‍ രണ്ട്’ പേടകത്തിന്റെ ഭാരം.

chandrayan2-125 വര്‍ഷത്തെ ഗവേഷണഫലമായാണ് റോക്കറ്റ് വികസിപ്പിച്ചെടുത്തത്. 2,000 കിലോ മുതല്‍ 20,000 കിലോ വരെ വഹിക്കാവുന്ന മീഡിയം ലിഫ്റ്റ് ലോഞ്ച് ശ്രേണിയിലുള്‍പ്പെട്ടതാണ് ജിഎസ്എൽവി മാർക് 3 റോക്കറ്റ്. ബഹിരാകാശത്തേക്ക് ഇന്ത്യക്കാരെ കൊണ്ടുപോകുന്ന ഗഗന്‍യാന്‍ ദൗത്യവും ഈ റോക്കറ്റാണ് നിര്‍വഹിക്കുക. റഷ്യയുടെ അംഗാര, സെനിത്, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 തുടങ്ങിയവയുമായി താരതമ്യപ്പെടുത്താവുന്ന റോക്കറ്റാണിത്.

ജിസാറ്റ് 19, 29 വിക്ഷേപണങ്ങള്‍ക്കു ശേഷമുള്ള ജി.എസ്.എല്‍.വിയുടെ മൂന്നാം ദൗത്യമാണിത്.

ഭൂമിയിലേക്ക് ചന്ദ്രയാൻ 2 പേടകത്തിലേക്ക് ആദ്യ സിഗ്നലുകൾ കിട്ടിത്തുടങ്ങി. ഇത് കിട്ടിയെന്ന് സ്ഥിരീകരിച്ചതോടെ, ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ ദൗത്യം വിജയകരമെന്ന് അറിയിച്ചു. എല്ലാ തിരിച്ചടികളിലും തളരാതെ കരുത്തോടെ തിരിച്ചുവന്ന ടീമിനെ അഭിനന്ദിക്കുന്നുവെന്നും കെ ശിവൻ പറഞ്ഞു.

Chandrayaan-2-placed-into-Earths-orbit-shortly-after-its-launch-from-Sriharikota-Image-TwitterISRO-770x435

എല്ലാം ഇന്ത്യക്കാര്‍ക്കും ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി;ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതിയും

modi-ചന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍മാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി.ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2 വിക്ഷേപണത്തിന്റെ ഒരോ നിമിഷവും ഓഫീസിലിരുന്ന് വീക്ഷിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നും നേരിട്ടുള്ള വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് മോദി എല്ലാകാര്യവും നിരീക്ഷിച്ചത്. വിക്ഷേപണത്തറയില്‍ നിന്നു 2.43ന് വിജയകരമായി ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് കുതിച്ചുയര്‍ന്ന ഉടന്‍ തന്നെ ചന്ദ്രയാന്‍ 2വിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അദേഹം അഭിനന്ദിച്ചു.

ഒരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷമാണെന്നും ശാസ്ത്രത്തിന്റെ പുതിയ അതിര്‍ത്തികളിലേക്ക് ഇന്ത്യ കുതിക്കുകയാണെന്നും മോദി പറഞ്ഞു.ധനമകാര്യമന്ത്രി നിര്‍മ്മല സീതാരാമനും ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിച്ചു.രാഷ്ട്രപതി രാം നാഥ് ഗോവിന്ദും ചന്ദ്രയാന്‍ 2 വിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചു.ഇത് അഭിമാന നിമിഷമെന്ന് അദ്ദേഹം കുറിച്ചു.

‘ഇത് ചരിത്ര നേട്ടം,തിരിച്ചടികളിലും തളരാതെ കരുത്തോടെ തിരിച്ചുവന്നു’;ടീമംഗങ്ങളെ അഭിനന്ദിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചത് ചരിത്രനേട്ടമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍.

ചന്ദ്രയാന്‍ രണ്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു.തിരിച്ചടികളിലും തളരാതെ കരുത്തോടെ തിരിച്ചുവന്നുവെന്നും അദ്ദേഹം പറഞ്ഞു നേരത്തെ സാങ്കേതിക തകരാര്‍ കണ്ടെത്തിയവരെയും അത് പരിഹരിച്ച് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ചവരെയും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ പ്രത്യേകം അഭിനന്ദിച്ചു.

ചന്ദ്രയാന്‍ രണ്ട് വിക്ഷേപണവാഹനത്തില്‍നിന്ന് വിജയകരമായി വേര്‍പ്പെട്ടതായും, ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതായും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഔദ്യോഗികമായി അറിയിച്ചു. ഇത് ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ചരിത്രയാത്രയുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top