Flash News

കര്‍ണ്ണാടകയില്‍ ബി.ജെ.പി.യുടെ അട്ടിമറി (ബ്ളസന്‍ ഹൂസ്റ്റന്‍)

July 23, 2019

karnataka bannerജനാധിപത്യ അട്ടിമറിയിലൂടെ കര്‍ണ്ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ബി.ജെ.പി.യുടെ ശ്രമം ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതിനു തുല്യമാണ്. കോണ്‍ഗ്രസ്സിന്‍റെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച് നിയമസഭാ പ്രതിനിധികളെ തങ്ങളുടെ പാളയത്തിലെത്തിച്ച് അവരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ താഴെയിറക്കി തങ്ങളുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഉണ്ടാക്കാനുള്ള ബി.ജെ.പി.യുടെ കുതിരകച്ചവടം കാണുമ്പോള്‍ ജനാധിപത്യത്തെ പണാധിപത്യം വിലയ്ക്കു വാങ്ങുന്നുയെന്നു പറയാം.

മന്ത്രിസഭാ അട്ടിമറി നടത്തുന്നത് ഇന്ത്യയില്‍ ഇത് ആദ്യമല്ല. ഇതിനു മുന്‍പ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മന്ത്രിസഭ അട്ടിമറികള്‍ പലതു നടന്നിട്ടുണ്ട്. 77ലെ അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള പൊതുതിരഞ്ഞെടുപ്പില്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ആദ്യ കോണ്‍ഗ്രസ്സേതര സര്‍ക്കാരായ ജനതാ സര്‍ക്കാരിനെ താഴെയിട്ടത് ചരണ്‍സിംഗിന്‍റെ കുതിരകച്ചവടത്തെ തുടര്‍ന്നാണ്. പരോക്ഷമായി ചരണ്‍സിംഗിനെ ഇന്ദിരാഗാന്ധി പിന്‍തുണക്കുകയുണ്ടായിയെന്നത് മറ്റൊരു വ സ്തുത.

photo new-smallപിന്നീടങ്ങോട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കണ്ടത് നിരവധി പണച്ചാക്ക് രാഷ്ട്രീയമായിരുന്നു. ഏറെയും കോണ്‍ഗ്രസ്സേതര മന്ത്രിസഭ രൂപീകരിക്കാനായിരുന്നു ആ രാഷ്ട്രീയം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തില്‍ നടത്തിയത്. വി.പി. സിംഗിനെ താഴെയിറക്കാന്‍ ച ന്ദ്രശേഖറും ദേവഗൗഡയെ താഴെയിറക്കാന്‍ ദേവിലാലും ഒക്കെ അട്ടിമറി രാഷ്ട്രീയം നടത്തിയത് അധികാരത്തോടുള്ള അത്യാര്‍ത്തിയെന്നതിന് സംശയമില്ല. അതൊക്കെ മുന്നണി സംവിധാനത്തെ അടര്‍ത്തി മാറ്റിയായിരുന്നുയെന്നതാണ് ഒരു വസ്തുത. ചുരുക്കം ചില അവസരങ്ങളില്‍ മാ ത്രമെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വി ലയ്ക്കു വാങ്ങി അധികാരം അട്ടിമറിക്കപ്പെട്ടിട്ടുള്ളു.

മുന്നണിയില്‍ വിള്ളലുണ്ടാക്കിയും ജയിച്ചു വന്ന സ്വതന്ത്രരെ വിലയ്ക്കെടുത്തുമായിരുന്നു ദേശീയ രാഷ്ട്രീയത്തില്‍ മന്ത്രിസഭകള്‍ അട്ടിമറിക്കപ്പെട്ടത് കൂടുതലും. പണത്തേക്കാള്‍ ഒപ്പം പിന്തുണയ്ക്കുന്നവര്‍ക്ക് മന്ത്രിസഭയില്‍ അംഗമാക്കിയുള്ളവയായിരുന്ന ചെറു പാര്‍ട്ടികളും സ്വതന്ത്രന്മാരുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ചിരുന്നത്.

സംസ്ഥാന മന്ത്രിസഭകളും ഇങ്ങനെ അധികാര അട്ടിമറികള്‍ നടത്തിയ ചരിത്രങ്ങള്‍ ധാരാളമുണ്ട്. ബി.ജെ. പി. കര്‍ണ്ണാടകത്തില്‍ ഇപ്പോള്‍ നടത്തിയതുപോലെ മുന്‍പും നടത്തിയത് ഒരു കാലത്ത് കുതിരകച്ചവടത്തിന്‍റെ ഉത്തമ ഉദാഹരണമാണ്.

അങ്ങനെ പല സംസ്ഥാനങ്ങളിലും അധികാര അട്ടിമറികള്‍ നടന്നിട്ടുണ്ട്. തൂക്ക് സഭകളിലും ഒന്നോ രണ്ടോ അംഗങ്ങളുടെ ഭൂരിപക്ഷത്തിലും രൂപീകരിക്കുന്ന മന്ത്രിസഭകളിലാണ് ഇങ്ങനെ സാധാരണയായി അധികാര അട്ടിമറി സംസ്ഥാനങ്ങളില്‍ നടന്നിട്ടുള്ളത്. നമ്മുടെ കേരളവും അതിന് സാക്ഷിയായിട്ടുണ്ട്. ലോനപ്പന്‍ നമ്പാടനെ മാണി കോണ്‍ഗ്രസ്സില്‍ നിന്ന് അടര്‍ത്തി ഇ.കെ. നായനാരിന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം അട്ടിമറി നടത്തിയതും കരുണാകരന്‍ കെ.കെ. നായരെ പത്തനംതിട്ട ജില്ല നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൂടെ നിര്‍ത്തി മന്ത്രിസഭ രൂപീകരിച്ചതും തൂക്കുസഭകളില്‍ കൂടിയായിരുന്നു. കേരള ചരിത്രത്തില്‍ ഒരു ജില്ല നേടിയെടുക്കാനായി മന്ത്രിസഭ രൂപീകരിക്കാന്‍ പിന്‍തുണ നല്‍കിയത് പത്തനംതിട്ട രൂപീകരിക്കാന്‍ വേണ്ടി കെ.കെ. നായര്‍ മാത്രമായിരുന്നുയെന്ന് എടുത്തു പറയേണ്ടതാണ്. അതുകൊണ്ടു തന്നെ പത്തനംതിട്ടയുടെ സൃഷ്ടാവ് എന്ന കെ.കെ. നായര്‍ എന്നും സ്മരിക്കപ്പെടും. തൂക്കു മന്ത്രിസഭയ്ക്കുള്ള പിന്തുണയുടെ വിഷയത്തില്‍ ഇത് പരാമര്‍ശിച്ചുയെന്നേയുള്ളു. അങ്ങനെ കേരളവും അധികാര അട്ടിമറിയില്‍ക്കൂടി മന്ത്രിസഭകള്‍ തകര്‍ക്കുകയും സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. 82ലെ കരുണാകരന്‍ മന്ത്രിസഭയ്ക്കു ശേഷമാണ് കേരളത്തില്‍ അധികാര അട്ടിമറി നടക്കാത്തത്. തൂക്കു സഭയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിന് ഒന്നോ രണ്ടോ പ്രതിനിധികളെ അടര്‍ത്തി മാറ്റിയാല്‍ മതിയായിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷമുള്ള മന്ത്രിസഭകളെ അധികാരം കിട്ടാന്‍ വേണ്ടി ഭരിക്കുന്ന പാര്‍ ട്ടികളെ ന്യൂനപക്ഷമാക്കുന്നത്ര അംഗങ്ങളെ അവിടെ നിന്ന് മാറ്റുന്ന രീതി ബി.ജെ.പി.ക്ക് മുന്‍പ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്തിട്ടില്ലയെന്നതാണ് സത്യം. ഒന്നോ രണ്ടോ അംഗങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം പോലെയല്ല പത്തോ ഇരുപതോ പേര്‍ക്ക് നല്‍കുന്നത്. ഒന്നോ രണ്ടോ കോടി വാഗ്ദാനം ചെയ്യുന്നതിന്‍റെ എത്രയോ ഇരട്ടിയാണ് പത്തോ ഇരുപതോ പേര്‍ക്ക് നല്‍കുന്നത്. ഇന്ന് ഒരു കോടി മാറി നൂറു കോടി ക്ലബിലാണ് ഈ ചാക്കിട്ടുപിടുത്ത രാഷ്ട്രീയം എത്തി നില്‍ക്കുന്നതെന്നു പറയുമ്പോള്‍ അതിനുവ ണ്ടി ചിലവാകുന്നത് എത്ര കോടി ആയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.

മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേവല ഭൂരിപക്ഷത്തെ ന്യൂനപക്ഷമാക്കാന്‍ വേണ്ടി കോടികള്‍ കൊടുക്കുന്നത് എവിടെ നിന്ന് ആരില്‍ നിന്നാണ് ആ പണം ഇവരിലേക്ക് എത്തുന്നത്. ഈ ചോദ്യത്തിന്‍റെ ഉത്തരം പകല്‍പോലെ സത്യമാണ്. അധികാര കുതിരകച്ചവടം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒപ്പമുള്ള അതില്‍ക്കൂടി ലാഭം കൊയ്യാന്‍ നടക്കുന്നവരാണെന്നത്.

അവരാണ് ജനാധിപത്യത്തെ പണാധിപത്യത്തില്‍ക്കൂടി അട്ടിമറിച്ച് അധികാര വാഴ്ച നടത്തുന്നത്. അവരും അവരില്‍ക്കൂടി അധികാരം നേടുന്ന രാഷ്ട്രീയ പാര്‍ട്ടിക ളും ലക്ഷ്യമിടുന്നത് അധികാര ദുര്‍വിനിയോഗവും അഴിമ തിയും അനധികൃത സ്വത്ത് സമ്പാദനവുമെല്ലാം ഉണ്ടെന്നതാണ്. കൂറുമാറ്റ നിരോധനമുള്ള രാജ്യത്ത് ആ നിയമത്തെ കടത്തിവെട്ടാനാണ് കേവല ഭൂരിപക്ഷമുള്ള മന്ത്രിസഭകളെപ്പോലും ന്യൂനപക്ഷമാക്കി ഇത്തരത്തില്‍ ജനാധിപത്യ അട്ടിമറികള്‍ നടത്തുന്നത്. ഇക്കൂട്ട ര്‍ക്ക് ഇനിയും മൃഗിയ ഭൂരിപ ക്ഷമുള്ള മന്ത്രിസഭകളെപ്പോലും പണവും അധികാരവുമു പയോഗിച്ച് അട്ടിമറി നടത്താന്‍ യാതൊരു സങ്കോചവുമു ണ്ടായിരിക്കുകയില്ല. അതിനവര്‍ക്ക് കഴിയുകയും അതിനു ശ്രമിക്കുകയും ചെയ്യുമെന്നത് യാതൊരു സംശയവുമില്ലാത്ത രീതിയില്‍ പറയാന്‍ കഴിയും.

ഒരു പാര്‍ട്ടിയില്‍ നിന്നുകൊണ്ട് അവരുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളുടെ വോട്ടു വാങ്ങി വിജയിച്ചവര്‍ മോഹന വാഗ്ദാനങ്ങള്‍ക്കു പുറകെ പോകുകയും യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം പാര്‍ട്ടിയേയും തിരഞ്ഞെടുത്തുവിട്ട ജനത്തെയും വഞ്ചിക്കുകയും ചെയ്യുന്നവര്‍ ഉഉള്ള കാലത്തോളം അത് ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും. അഴകുകണ്ട് അപ്പനെ വിളിക്കുന്നവരും അപ്പോ കാണുന്നവനെ അപ്പായെന്ന് വിളിക്കുന്ന ഇത്തരം ആര്‍ത്തി മൂത്ത ജനപ്രതിനിധികളെ ജനം അടിച്ചോടിക്കാത്ത കാലത്തോളം ഇത് തുടരും.

തിരഞ്ഞെടുത്തുവിട്ട ജനം തങ്ങളെ തിരസ്ക്കരിക്കുകയും തല്ലിയോടിക്കുകയും ചെയ്യുമെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ വേലിചാടാനുള്ള ആവേശവും വിളിച്ചാല്‍ വഴങ്ങികൊടുക്കുന്ന രീതിയും മറുകണ്ടം ചാടാനായി തയ്യാറാകുന്നവരെ പിറകോട്ട് പിന്‍വലിപ്പിക്കും. നിയമത്തിന്‍റെ ചരടിനേക്കാള്‍ ശക്തി ജനങ്ങളുടെ ചാട്ടവാറിനുണ്ടെന്ന തിരിച്ചറിവുണ്ടായാല്‍ മാത്രമെ ഇ ത്തരം അധികാര അട്ടിമറിക്കു കൂട്ടുനില്‍ക്കാതെ ജയിച്ച പാര്‍ട്ടിക്കൊപ്പം നിലകൊള്ളു. ഏത് നിയമത്തെയും മറികടക്കാനും വളച്ചൊടിക്കാനും കൂച്ചു വിലങ്ങിടാനും കാല്‍ക്കീഴിലാ ക്കാനും അധികാരം ഉണ്ടെങ്കില്‍ ഇന്ത്യയില്‍ കഴിയുമെന്ന് കര്‍ണ്ണാടകയും ഗോവയും നല്‍കുന്ന സന്ദേശം.

ചോദ്യം ചെയ്യാന്‍ ആരുമില്ലാത്തതും എതിരാളികള്‍ അശക്തരുമായാല്‍ അധികാരത്തിന്‍റെ അതിശക്തിയില്‍ എന്ത് അതിക്രമവും എന്ത് അഴിമതിയും നടത്താമെന്നാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതി. അതിനി വര്‍ദ്ധിക്കാനെ സാദ്ധ്യതയുള്ളു. അതിനുള്ള മറുമരുന്ന് ജനങ്ങളുടെ കൈയ്യിലെ കരുത്തിനുണ്ട്. ആ കരുത്ത് അവര്‍ കാട്ടാന്‍ സമയമായി. കുതന്ത്രത്തില്‍ കൂടി അധികാരം പിടിച്ചെടുത്ത് ആധിപത്യം സ്ഥാപിച്ചിട്ട് തങ്ങള്‍ ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരനാണെന്ന് വീമ്പിളക്കുന്നവരാണ് ആ രാജ്യത്തിന്‍റെ യഥാര്‍ത്ഥ ശത്രുക്കള്‍. അവരാണ് ജനാധിപത്യത്തെ കലക്കി മറിക്കുന്നത്. അദ്ധ്വാനിക്കാതെ അതില്‍ നിന്ന് മീന്‍ പിടിക്കാനാണ് അവരുടെ ശ്രമം. ഏകകക്ഷി ഭരണത്തില്‍ ക്കൂടി ഏകാധിപത്യം നടപ്പാക്കാനാണ് ഭരണം അട്ടിമറിച്ചുകൊണ്ട് ബി.ജെ.പി. കര്‍ണ്ണാടകയില്‍ ചെയ്യുന്നത്. ഭരണം അട്ടിമറിക്കാതിരിക്കാനാണ് ഗോവയില്‍ രാഷ്ട്രീയ നാടകം. എന്നാല്‍ അതിനൊക്കെ താല്‍ക്കാലിക വിജയം മാത്രമെ ഉണ്ടാകൂ. ജനങ്ങള്‍ അത് തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന ഒരു കാലം വരും. രാജാവിനെക്കൊണ്ട് ഉടമ്പടിയില്‍ ഒപ്പു വയ്പ്പിച്ച ജനങ്ങളുടെ ശക്തി എക്കാലവും ഉണ്ടായിട്ടുണ്ട്. അത് ഇന്ത്യയില്‍ വിദൂരമല്ല. ഏകാധിപത്യത്തിന്‍റെയും കെടു കാര്യസ്ഥതയിലും തകര്‍ന്ന ചരിത്രമാണ് വെനുസ്വേല പോലെയുള്ള രാജ്യങ്ങള്‍ പഠിപ്പിക്കുന്നത്. ഈ രീതി പോയാല്‍ ജനാധിത്യമെന്നത് ഇന്ത്യയില്‍ കേവലം ഭരണഘടനയല്‍ മാത്രമായി മാറും. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്നപോലെയും കാര്യങ്ങള്‍ പോയാല്‍ അവിടെ അരക്ഷിതാവസ്ഥ ഉടലെടുക്കാന്‍ അധിക താമസ്സം വേണ്ടിവരില്ല. അതില്‍ വെന്തെരിയുന്നത് എന്താണെന്ന് പിന്നെ വെനുസ്വേലയെപ്പോലെ ലോകം നമ്മെ നോക്കി പറയൂ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top