ഹാജരായില്ലെങ്കില്‍ അയോഗ്യരാക്കപ്പെടുമെന്ന് സ്പീക്കര്‍; ഒരു മാസത്തെ സമയം ചോദിച്ച് വിമത എംഎല്‍മാര്‍

ramesh-kumar-kumaraswamyബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ തീരുമാനം വൈകിപ്പിക്കാന്‍ ശ്രമിച്ച് വിമത എംഎല്‍എമാര്‍. അയോഗ്യത വിഷയത്തില്‍ ഹാജരാകാന്‍ ഒരു മാസത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

ഇന്ന് 11 മണിയ്ക്ക് നിയമസഭയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ വിമത എംഎല്‍എമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ എംഎല്‍എമാര്‍ ഹാജരാകാന്‍ സന്നദ്ധത കാണിക്കാതെ മുംബൈയില്‍ തന്നെ തുടരുകയാണ്. ഇവര്‍ നിയമസഭയില്‍ ഇന്ന് ഹാജരായില്ലെങ്കില്‍ അയോഗ്യരാക്കപ്പെട്ടും. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത്. എന്നാല്‍ സ്പീക്കര്‍ ഈ ആവശ്യം അംഗീകരിക്കാനിടയില്ല.

കോണ്‍ഗ്രസും ജെഡിഎസും തങ്ങളുടെ വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് സ്പീക്കറോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി എംഎല്‍എമാരോട് ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടത്.

ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളില്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കും. 102 എംഎല്‍എമാര്‍ മാത്രമാണ് നിലവില്‍ സഖ്യകക്ഷിയ്ക്കുള്ളത്. ഈ അവസരത്തില്‍ വിശ്വാസ വോട്ട് നടന്നാല്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെപ്പോകും.

ഇന്നലെ അര്‍ധരാത്രി തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടെങ്കിലും ഭരണകക്ഷിയായ കോണ്‍ഗ്രസ് എതിര്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയെല്ലെന്ന് സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ വ്യക്തമാക്കുന്നു. വൈകിട്ട് നാലുമണിക്കുള്ളില്‍ വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കണമെന്നും ആറുമണിക്കുള്ളില്‍ വോട്ടെടുപ്പ് നടത്തണമെന്നും സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ പറഞ്ഞു.

അതേസമയം ഇന്നലെ നിയമസഭാ ചര്‍ച്ചകള്‍ നീണ്ട സാഹചര്യത്തിലാണ് വിശ്വാസവോട്ടെടുപ്പ് ഇന്നത്തേക്ക് മാറ്റിയത്. സുപ്രീംകോടതിയുടെ തീരുമാനം വന്നിട്ട് വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് ജെ.ഡി.എസിന്റെ നിലപാട്. വിമത എം.എല്‍.എമാര്‍ക്ക് അടക്കമുള്ള വിപ്പിന്റെ കാര്യത്തില്‍ അവ്യക്തതയുള്ളതിനാലാണിത്.

അതിനിടെ തന്റെ പേരില്‍ വ്യാജ രാജിക്കത്ത് പ്രചരിക്കുന്നതായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ശ്രദ്ധയില്‍പ്പെടുത്തി. പ്രചരിക്കുന്ന വ്യാജ രാജിക്കത്തിന്റെ കോപ്പി നിയമസഭയില്‍ ഉയര്‍ത്തികാട്ടിയായിരുന്നു കുമാരസ്വാമിയുടെ ആരോപണം. താന്‍ രാജിവെച്ചിട്ടില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. വോട്ടെടുപ്പ് നീട്ടിവെയ്ക്കണമെന്ന് കുമാരസ്വാമിയും ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച വരെ വിശ്വാസ പ്രമേയ ചര്‍ച്ച നടത്തണമെന്ന് കുമാരസ്വാമി സ്പീക്കറോട് നേരത്തെ അഭ്യര്‍ഥിച്ചിരുന്നെങ്കിലും സ്പീക്കര്‍ അത് സ്വീകരിച്ചില്ല.

Print Friendly, PDF & Email

Related News

Leave a Comment