കര്‍’നാ’ടകത്തിന് തിരശ്ശീല വീണു; കുമാരസ്വാമി സര്‍ക്കാര്‍ നിലംപൊത്തി

hd-kumaraswamy-1ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് ഒടുവില്‍ കനത്ത വീഴ്ച. നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എംഎല്‍എമാര്‍ വോട്ട് ചെയ്തപ്പോള്‍ 105 പേര്‍ പ്രതികൂലിച്ചും വോട്ട് രേഖപ്പെടുത്തി. 204 എംഎല്‍എമാരാണ് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തത്.

കര്‍ണാടകത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി അറിയിച്ചു. യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി നിര്‍ദേശിക്കുമെന്നും ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് വ്യക്തമാക്കി.

വൈകിട്ട് അഞ്ചരയോടെയാണ് വിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിക്കൊണ്ടുള്ള മറുപടി പ്രസംഗം കുമാരസ്വാമി നടത്തിയത്. മുഖ്യമന്ത്രി സ്ഥാനം സന്തോഷത്തോടെ രാജി വെയ്ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. തുടര്‍ന്നാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ 16 എംഎല്‍എമാര്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. തുടര്‍ന്ന് സര്‍ക്കാര്‍ താഴെപ്പോകാതിരിക്കാനും വിമത എംഎല്‍എമാരെ തിരിച്ചുകൊണ്ടുവരാനും പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും എംഎല്‍എമാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നു. രണ്ട് സ്വതന്ത്ര എംഎല്‍എമാരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.

അതേസമയം പോരാട്ടത്തില്‍ വിജയിച്ചില്ലെന്നും എന്നാല്‍ ഇതിലൂടെ ബി.ജെ.പിയെ തുറന്നുകാട്ടാനായെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് പ്രതികരണം. എം.എല്‍.എമാര്‍ ബിജെപിയുടെ കള്ള വാഗ്ദാനത്തില്‍ വീണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

അതിനിടെ ബെംഗളൂരുവില്‍ അടുത്ത രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗളുരു റേസ് കോഴ്‌സ് റോഡില്‍, സ്വതന്ത്രരുടെ ഫ്ലാറ്റിനടുത്ത് ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചതോടെയാണിത്. ഫ്ലാറ്റിന് മുന്നില്‍ കൂട്ടം കൂടിയെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തരും ഏറ്റുമുട്ടിയതോടെ തെരുവില്‍ കൂട്ടയടിയായി. എംഎല്‍എമാരെ തടവില്‍ വച്ചിരിക്കുകയാണെന്ന് പറഞ്ഞായിരുന്നു സംഘര്‍ഷം. ഉടന്‍ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് കാട്ടി സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ രണ്ട് സ്വതന്ത്രര്‍ താമസിക്കുന്ന ഫ്ലാറ്റിനു സമീപമാണ് സംഘര്‍ഷമുണ്ടായത്. ഇതോടെ റേസ് കോഴ്‌സിന് സമീപത്ത് ഗതാഗതം നിരോധിച്ചു. സഭാപരിസരത്ത് പൊലീസിന്റെ കനത്ത കാവല്‍ ഏര്‍പ്പെടുത്തി.

വിമതര്‍ക്ക് ഇനി രാഷ്ട്രീയ സമാധി മാത്രമാകുമെന്നും ആരെയും വെറുതെ വിടില്ലെന്നും അവരെ അയോഗ്യരാക്കുമെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സഭയില്‍ വ്യക്തമാക്കി. എംഎല്‍എമാരുടെ ഹോള്‍സെയില്‍ വില്‍പ്പനയാണ് കര്‍ണാടകത്തില്‍ നടക്കുന്നത്. ഭരണം വരും, പോകും. നിലനില്‍ക്കേണ്ടത് ഭരണഘടനയാണെന്നും സിദ്ധരാമയ്യ വിശദീകരിച്ചു. എംഎല്‍എമാര്‍ക്ക് നല്‍കിയ വിപ്പിനെച്ചൊല്ലി സിദ്ധരാമയ്യയും യെഡിയൂരപ്പയും തമ്മില്‍ സഭയില്‍ വാക്‌പോരുണ്ടായി.

‘പ്രതിസന്ധി സൃഷ്ടിച്ച വിമത എം.എല്‍.എമാര്‍ക്ക് വേണ്ടി ജനങ്ങളോട് ഞാന്‍ മാപ്പ് ചോദിക്കുന്നു’: എച്ച്.ഡി.കുമാരസ്വാമി

ബെംഗളൂരു: സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിച്ച വിമത എം.എല്‍.എമാര്‍ക്ക് വേണ്ടി താന്‍ ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്ന് എച്ച്.ഡി.കുമാരസ്വാമി സഭയില്‍ പറഞ്ഞു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് കുമാരസ്വാമി രാജിവെച്ചത്. 16 വിമത എം.എല്‍.എമാര്‍ രാജി വയ്ക്കുകയും രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്.

Print Friendly, PDF & Email

Related News

Leave a Comment