Flash News

മലയാളം സര്‍വ്വകലാശാല: ഗവര്‍ണര്‍ ഇടപെടുമ്പോള്‍ (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

July 23, 2019

sarvakalasala bannerഉഴവൂര്‍ കുറിച്ചിത്താനത്തെ ശ്രീധരിയില്‍ പ്രതീക്ഷിക്കാതെയാണ് രാജ് ഭവനില്‍ നിന്നാണെന്ന് അറിയിച്ച് എസ്. പി നമ്പൂതിരിയെ തേടി ആ ഫോണ്‍ സന്ദേശം വന്നത്. തിരുവനന്തപുരംവരെ യാത്ര ആകാമോ എന്ന് ചോദ്യം. ആവാം എന്ന് ആ 87 കാരന്റെ മറുപടി. പിറ്റേന്ന് കൃത്യം പതിനൊന്നരക്ക് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും എസ്.പി നമ്പൂതിരിയും തമ്മില്‍ കൂടിക്കാഴ്ച. അരമണിക്കൂര്‍ നീണ്ട സംഭാഷണത്തിനൊടുവില്‍ ഉന്നയിച്ച രണ്ടു വിഷയങ്ങളിലും മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍.

സംസ്ഥാന സര്‍ക്കാറിന്റെ തലവനെന്ന നിലയിലും സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ എന്ന നിലയിലും മലയാളം സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട രണ്ടു വിഷയങ്ങളില്‍ സംസ്ഥാന ഗവര്‍ണര്‍ ഇടപെടുകയാണ്. തലേദിവസം ഇ.മെയില്‍ വഴി എസ്.പി നമ്പൂതിരി തെര്യപ്പെടുത്തിയ വിഷയമാണ് ഒന്ന്. തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം സര്‍വ്വകലാശാല അതിന്റെ സ്ഥാപന ലക്ഷ്യം അനുസരിച്ചുള്ള ചുമതലകള്‍ നിര്‍വ്വഹിക്കുന്നുണ്ടോ? അതോ, സംസ്ഥാനത്തെ മറ്റു സര്‍വ്വകലാശാലകളിലെ ഡിപ്പാര്‍ട്ടുമെന്റുകള്‍ നിര്‍വ്വഹിച്ചുപോരുന്ന വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുകയല്ലേ? രണ്ടാമത്തെ വിഷയം കഴിഞ്ഞ ജൂണ്‍ 4ന് കത്തുവഴി ഗവര്‍ണറെ അറിയിച്ചിരുന്നതാണ്. സര്‍വ്വകലാശാല അതിന്റെ പുതിയ ആസ്ഥാനത്തിനായി വാങ്ങാന്‍ ഉദ്ദേശിക്കുന്ന 27 ഏക്കര്‍ സ്ഥലവുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണത്തെക്കുറിച്ചാണത്. കണ്ടല്‍കാടുകള്‍ നശിപ്പിച്ചും തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചും സര്‍ക്കാറിന്റെ പ്രത്യേക അനുമതിക്ക് വിധേയമായി സര്‍വ്വകലാശാലയുടെ തലയില്‍ കെട്ടിവെക്കാന്‍പോകുന്ന ഭൂമിയിടപാടിനെക്കുറിച്ച്. 45 കോടിയോളം രൂപ വരുന്ന ഭൂമാഫിയ അടിച്ചെടുക്കാനുള്ള ഈ നീക്കം അടിയന്തരമായി ഇടപെട്ട് തടയണമെന്നും സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച ആരോപണങ്ങള്‍ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് എസ്.പി ഒന്നര മാസത്തോളംമുമ്പ് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ രണ്ടു വിഷയങ്ങളും സംബന്ധിച്ച് ചാന്‍സലര്‍ എന്ന നിലയില്‍ വൈസ് ചാന്‍സലറോടുതന്നെ വിശദീകരണം തേടുമെന്നാണ് സുപ്രിം കോടതിയുടെ 40-ാം ചീഫ് ജസ്റ്റിസ്‌കൂടിയായ ഗവര്‍ണര്‍ പി.സദാശിവം അറിയിച്ചത്.

നിലവില്‍ സര്‍വ്വകലാശാല പ്രവര്‍ത്തിക്കുന്ന അഞ്ചേക്കര്‍ സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിന് നൂറ് ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ട് സര്‍വ്വകലാശാല പരസ്യം ചെയ്തിരുന്നു. സമീപ പ്രദേശത്ത് സര്‍ക്കാര്‍ഭൂമി ഉണ്ടായിട്ടും. നൂറ് ഏക്കര്‍ ഒന്നിച്ചും അല്ലാതെയും ഭൂമി നല്‍കാന്‍ ആളുകള്‍ മുന്നോട്ടുവന്നിട്ടും ജില്ലാ കളക്ടര്‍ 40,000 രൂപ സെന്റിന് വിലകണക്കാക്കിയ ഭൂമിയാണ് 1,70,000 രൂപ വിലനല്‍കി സര്‍വ്വകലാശാല വാങ്ങുന്നത്. ബ്യൂറോക്രസിയുടെയും ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെയും പ്രത്യേക താല്പര്യം സര്‍ക്കാര്‍ അനുമതി ലഭ്യമാക്കുന്നതോടെ വിജയിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും മാധ്യമങ്ങളും നാട്ടുകാരും വേവലാതിപ്പെടുന്നത്. ഇതു തടയാനാണ് ഭാഷാപ്രേമിയെന്ന നിലയില്‍ താന്‍ ഇടപെടുന്നതെന്നും രാഷ്ട്രീയ അഭിപ്രായഭേദങ്ങള്‍ക്കപ്പുറം എല്ലാവരും ഇതില്‍ യോജിക്കണമെന്നും ആവശ്യപ്പെട്ടത്.

ജൂണില്‍ കത്തയച്ചതിന്റെ ആറാം ദിവസം ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍നിന്ന് മറുപടി കിട്ടി. വേണ്ടത്ര പരിഗണനയോടെ അനുയോജ്യമായ മറുപടി എസ്.പി നമ്പൂതിരിക്ക് നല്‍കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഗവര്‍ണര്‍ എഴുതിയിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട്. ഈ രണ്ടു വിഷയങ്ങളുമാണ് എസ്.പി നമ്പൂതിരിയെ നേരില്‍ വിളിച്ചുവരുത്തി ഉത്തരങ്ങള്‍ തേടാന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചത്.

‘മലയാളി മനസിന്റെ മഹാദു:ഖം’ എന്നുപറഞ്ഞ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും അയച്ച കത്തിന്റെ പകര്‍പ്പ് നിയമസഭയിലെ എം.എല്‍.എമാര്‍ക്കും കേരളത്തില്‍നിന്നുള്ള രാജ്യസഭാ – ലോകസഭാംഗങ്ങള്‍ക്കും അയച്ചിരുന്നു. കോടികളുടെ അഴിമതി നാടകത്തിന്റെ റിഹേഴ്‌സലാണ് നടക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ നേരില്‍ സംസാരിക്കാമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

k-t-jaleelഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി ജലീലിന്റെ ഓഫീസും ഒരു കോണ്‍ഗ്രസ് എം.എല്‍.എയും മാത്രമാണ് പരാതിക്കാരനോട് പ്രതികരിച്ചത്. തീരുമാനമെടുക്കേണ്ട ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രിയില്‍നിന്നോ മലയാളം സര്‍വ്വകലാശാലാ വൈസ് ചാന്‍സലറില്‍നിന്നോ വിശദീകരണം തേടുന്നതിനുപകരം റവന്യൂ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉചിതമായ നടപടിക്ക് കത്ത് അയച്ചുകൊടുത്തെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചത്. എസ്.പി നമ്പൂതിരിയുടെ കത്ത് കിട്ടിയെന്നു മാത്രമാണ് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിന്റെ ഓഫീസില്‍നിന്ന് അറിയിച്ചത്. ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്തിന്മേലോ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി അയച്ച കത്തിന്മേലോ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍നിന്നു ലഭിച്ച കത്തിന്റെ തുടര്‍ച്ച സംബന്ധിച്ചോ എന്തെങ്കിലും നടപടി സ്വീകരിച്ചതായി എസ്.പി നമ്പൂതിരിയെ ആരും ഇതുവരെയൊന്നും അറിയിച്ചിട്ടില്ല.

വിചിത്രമായത് ഒരാള്‍ ഒഴികെ മറ്റ് എം.എല്‍.എമാരോ കേരളത്തില്‍നിന്നുള്ള എം.പിമാരോ കത്ത് കിട്ടിയെന്നറിയിക്കാനുള്ള പ്രാഥമിക ചുമതലപോലും കാണിച്ചില്ലെന്നതാണ്. ഏതൊരു പൗരനും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും താമസംവിനാ മറുപടി കൊടുക്കാന്‍ എല്‍.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും പഴ്‌സണല്‍ സെക്രട്ടറിമാരെയും കമ്പ്യൂട്ടര്‍ അടക്കമുള്ള സംവിധാനങ്ങളും സര്‍ക്കാര്‍ ചെലവില്‍ അനുവദിച്ചിട്ടുണ്ടെങ്കിലും. ഭൂമാഫിയയുമായി ബന്ധപ്പെട്ട ആരോപണമാണ് വിഷയമെന്നതുകൊണ്ട് എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും എം.എല്‍.എമാരും ബി.ജെ.പിയുടെ ഏക എം.എല്‍.എയും ഇക്കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളായാണ് നിലകൊണ്ടത്. വ്യത്യസ്തനായി പ്രതികരിച്ച ഒരു കോണ്‍ഗ്രസ് എം.എല്‍.എ പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിക്കാതെ വ്യക്തിപരമായി പ്രശ്‌നത്തില്‍ ഇടപെടാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഫോണില്‍ അറിയിച്ചെന്നാണ് എസ്.പി നമ്പൂതിരി പറയുന്നത്.

പരാതിക്കത്തില്‍ നല്‍കിയ വിലാസമായ കുറിച്ചിത്താനത്തെ ശ്രീധരി ആയുര്‍വ്വേദ ചികിത്സാകേന്ദ്രം പതിറ്റാണ്ടുകളായി ആയുര്‍വ്വേദ വൈദ്യം മാത്രമല്ല സംസ്‌കൃത- മലയാള ഭാഷയും സാഹിത്യവുമായി ചരിത്രത്തിന്റെ ചങ്ങലക്കണ്ണികള്‍ തീര്‍ത്ത സ്ഥാപനമാണ്. ഈ ആയുര്‍വ്വേദ ഗുരുകുലം സ്ഥാപിച്ചത് ബഹുമുഖപ്രതിഭയായ മഠം ശ്രീധരന്‍ മ്പൂതിരിയാണ്. അദ്ദേഹത്തിന്റെ മകനാണ് എസ്.പി നമ്പൂതിരി. പ്രതിഫലം പറ്റാതെ വൈദ്യവും സംസ്‌കൃതവും തേടി എത്തിയവര്‍ക്കൊക്കെ അദ്ദേഹം കൈമാറി. ഇക്കൂട്ടത്തില്‍ മള്ളിയൂര്‍ ശങ്കര്‍ നമ്പൂതിരി മുതല്‍ പൊന്‍കുന്നം വര്‍ക്കിവരെയുള്ള പ്രതിഭകളും മുന്‍മന്ത്രി കെ.എം മാണിയുടെ പിതാവിനെപ്പോലു മുള്ളവരും ഉണ്ടായിരുന്നു.

വിദ്യാഭ്യാസത്തിന്റെ വെളിച്ചം പെണ്‍കുട്ടികളിലേക്കും സാധാരണക്കാരിലേക്കും എത്താന്‍ സ്വന്തം സ്ഥലത്ത് സ്‌ക്കൂള്‍ പണിത് സര്‍ക്കാറിന് സംഭാവന നല്‍കിയതാണ് ഇന്നത്തെ കുറിച്ചിത്താനം കെ.ആര്‍ നാരായണന്‍ എല്‍.പി സ്‌ക്കൂള്‍. പിന്നീട് രാഷ്ട്രപതിയായ കെ.ആര്‍ നാരായണന്‍ ഇവിടത്തെ വിദ്യാര്‍ത്ഥിയായിരുന്നു. മഹാ കവിത്രയത്തോടൊപ്പം തിളങ്ങിനിന്ന മഠം ശ്രീധരന്‍ നമ്പൂതിരി ഭക്തിപ്രകര്‍ഷണവും ആശയ-സാംസ്‌ക്കാരിക പ്രബുദ്ധവുമായ കാവ്യങ്ങള്‍ രചിച്ച മലയാളികളുടെ പ്രിയപ്പെട്ട കവിയായിരുന്നു. പി.വി കൃഷ്ണവാര്യരുടെ ‘കവന കൗമുദി’യില്‍ പ്രസിദ്ധീകരിച്ച മഠം ശ്രീധരന്‍ നമ്പൂതിരിയുടെ അംബികാഷ്ഠപ്രാസ കാവ്യം മലയാളത്തിലെ ഏറ്റവും പ്രശസ്തമായ അഷ്ഠപ്രാസകൃതിയാണ്. അത് പുസ്തകമാക്കണമെന്ന് നിര്‍ദ്ദേശിച്ചതും സ്വയം മുഖവുര എഴുതിക്കൊടുത്തതും ഉള്ളൂര്‍. ‘കവന കൗമുദി’യില്‍ അതു വായിച്ച് ബിക്കാനീര്‍ ദിവായിരുന്ന സര്‍ദാര്‍ കെ.എം പണിക്കര്‍ കാവ്യകാരനെ കാണാന്‍ കുറിച്ചിത്താനത്ത് എത്തുകയുണ്ടായി. വള്ളത്തോളും ഉള്ളൂരുംപോലുള്ള മഹാപ്രതിഭകളും ആ കാലഘട്ടത്തിലെ മറ്റു പല എഴുത്തുകാരും തേടിച്ചെന്ന ഇടമാണ് ശ്രീധരി ആയുര്‍വ്വേദകേന്ദ്രം.

അച്ഛന്റെ വൈദ്യമാര്‍ഗത്തിനുപകരം സമൂഹത്തിന്റെ ആതുര ചികിത്സയ്ക്കിറങ്ങിയ എസ്.പി കമ്മ്യൂണിസ്റ്റു രാഷ്ട്രീയത്തിലിറങ്ങി പത്രപ്രവര്‍ത്തനവും എഴുത്തും സാംസ്‌ക്കാരിക പ്രവര്‍ത്തനവും തുടര്‍ന്നു. അദ്ദേഹത്തിന്റെ ഈ പ്രായത്തിലുമുള്ള വിദേശ യാത്ര സംബന്ധിച്ച പുസ്തകങ്ങള്‍ മലയാളത്തിനു മുതല്‍ക്കൂട്ടാണ്. നമ്മുടെ നിയമസഭാ സമാജികര്‍ക്ക് കണ്ണു തുറന്നില്ലെങ്കിലും ഇക്കാര്യങ്ങളെല്ലാം അതീവ താല്പര്യത്തോടെ ഗവര്‍ണര്‍ പി സദാശിവം ചോദിച്ചറിയാന്‍ സമയം കണ്ടെത്തി.

എസ്.പിയുടെകൂടി നേതൃത്വത്തില്‍ ആരംഭിച്ചതാണ് കുറിച്ചിത്താനത്തെ പീപ്പിള്‍സ് ലൈബ്രറി. സര്‍വ്വകലാശാലകളിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍പോലും ഇന്ന് ഏറെ ആശ്രയിക്കുന്നത് ഈ ലൈബ്രറിയെയാണ്. ശ്രീധരി ചികിത്സാകേന്ദ്രം സന്ദര്‍ശിക്കാന്‍ ഇ.എം.എസ്, വയലാര്‍ രാമവര്‍മ്മ, എം.ആര്‍.ബി, ലളിതാംബിക അന്തര്‍ജ്ജനം തുടങ്ങി എത്രയോ എഴുത്തുകാര്‍ എത്തിയിട്ടുണ്ട്. കെ.എം മാണിയും ഇടത് നിയമസഭാ സാമാജികരും പതിവ് സന്ദര്‍ശകനായിരുന്നു.

ഈ ചരിത്രമൊന്നും അറിയില്ലെങ്കില്‍പോലും ശബരിമല പ്രശ്‌നത്തില്‍ പരസ്പരം മത്സരിച്ച് നിറഞ്ഞാടിയ നമ്മുടെ നിമസഭാ സാമാജികര്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത ഒരു വ്യക്തിത്വമാണ് എസ്.പി നമ്പൂതിരി. ശബരിമല കേസില്‍ സുപ്രിം കോടതിയില്‍ കക്ഷിചേരുകയും അദ്ദേഹത്തിന്റെ ശബരിമല സംബന്ധിച്ച പുസ്തകം സുപ്രിം കോടതി പരിഗണിക്കുകയും ചെയ്തു.

ശബരിമല സമരത്തെതുടര്‍ന്ന് സര്‍ക്കാര്‍ നേതൃത്വത്തില്‍ രൂപീകരിച്ച നവോത്ഥാന മുന്നണിയുടെ കോട്ടയം ജില്ലാ അധ്യക്ഷനുമായിരുന്നു എസ്.പി. അദ്ദേഹത്തിന്റെ ‘ശബരിമല: സുപ്രിംകോടതി വിധിയും അനുബന്ധ ചിന്തകളും’ എന്ന പുസ്തകം പോലും മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.

പക്ഷെ, ഗവര്‍ണര്‍ ഭരണഘടനാപരമായി സര്‍ക്കാറിന്റെ തലവനാണെന്നതും സര്‍വ്വകലാശാലയുടെ തലപ്പത്തിരിക്കുന്ന ആളാണെന്നതും സാങ്കേതികം മാത്രമാണ്. ഭൂമി ഏറ്റെടുക്കലില്‍ നിയമലംഘനം ഉണ്ടായെന്ന് തെളിഞ്ഞാല്‍ മാത്രമേ ഗവര്‍ണര്‍ക്ക് ഫലപ്രദമായി ഇടപെടാന്‍ കഴിയൂ.

ഇത്തരം അഴിമതികള്‍ക്ക് സാധുതയും പരിരക്ഷയും നല്‍കാനും നല്‍കാതിരിക്കാനും സര്‍ക്കാറിന് കഴിയും. പക്ഷെ, ഒന്നര മാസമായിട്ടും സെക്രട്ടേറിയറ്റിലെ ഒരു ഫയല്‍പോലും ഈ കാര്യത്തില്‍ ചലിച്ചിട്ടില്ല. കാറ്റിന്റെ ഗതി ഏതു വഴിക്കെന്നു വ്യക്തം.

ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഇതു സംബന്ധിച്ച വാര്‍ത്ത അറിയിക്കാന്‍ എസ്.പി നമ്പൂതിരി കൈരളിയുടെ പീപ്പിള്‍സ് ചാനലിന്റെ പത്രാധിപരെ ചെന്നുകണ്ട അനുഭവം വെളിപ്പെടുത്തുകയുണ്ടായി. എല്ലാം കേട്ടശേഷം പത്രാധിപര്‍ പറഞ്ഞതിങ്ങനെയത്രേ:

‘ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രി കെ.ടി ജലീലിനെപ്പോലെ മുസ്ലിം ലീഗില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ചിലര്‍ പാര്‍ട്ടിയില്‍ വന്ന് സ്വതന്ത്ര എം.എല്‍.എമാരായിട്ടുണ്ട്. പാര്‍ട്ടി അവരെ തള്ളിപ്പറയാത്തിടത്തോളം ആ നേതാക്കള്‍ക്കെതിരായ വാര്‍ത്തകള്‍ കൊടുക്കാന്‍ ഞങ്ങള്‍ക്കാവില്ല.’

പിന്നെ ഈ പാര്‍ട്ടി നയിക്കുന്ന ഗവണ്മെന്റിന്റെ വകുപ്പുകളും സര്‍ക്കാര്‍തന്നെയും അഴിമതിക്കും നിയമലംഘനങ്ങള്‍ക്കുമെതിരെ എന്തുചെയ്യാന്‍!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top