Flash News

ബിസിനസ് സം‌രംഭകരെ തേടി ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി സെപ്തംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു

July 23, 2019 , ജോര്‍ജ് തുമ്പയില്‍

Governor Phil Murphyന്യൂജേഴ്‌സി: ന്യൂജേഴ്‌സി സംസ്ഥാനത്തെ ബിസിനസ്സ് സാധ്യതകള്‍ തുറന്നു കാണിക്കാനും സംരംഭകരെ വരവേല്‍ക്കാനുമായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഇന്ത്യയിലേക്ക്. നേരത്തെ മുതല്‍ക്കേ ഇതു സംബന്ധിച്ച സൂചനകളുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഇതാദ്യമാണ് ഒരു ഗവര്‍ണര്‍ ഇക്കാര്യത്തിനായി ഇന്ത്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നത്. ഏഴു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ മര്‍ഫി ആറു സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്.

സെപ്തംബര്‍ 11 മുതല്‍ 22 വരെയാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനം. ഡല്‍ഹി, ആഗ്ര, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലാണ് ഫില്‍ മര്‍ഫി സന്ദര്‍ശിക്കുക. കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ ജര്‍മ്മനി-ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്ക് അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥതലത്തിലും സ്വകാര്യ സംരംഭകതലത്തിലും വാണിജ്യ-വ്യവസായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഡെമോക്രാറ്റിക്ക് ഗവര്‍ണറുടെ ഓഫീസില്‍ നിന്നും അറിയിച്ചു. വാണിജ്യബന്ധത്തിനു പുറമേ, സാംസ്ക്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ ബന്ധങ്ങളും തന്റെ സന്ദര്‍ശനം കൊണ്ട് ഊട്ടിയുറപ്പിക്കാനാവുമെന്ന് മര്‍ഫി പ്രത്യാശ പ്രകടിപ്പിച്ചു. ഫെഡറല്‍ സംസ്ഥാന തലത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങള്‍ പരസ്പര സഹകരണത്തിനു തയ്യാറെടുക്കുന്നുവെന്നത് വലിയ സംഭവമാണ്. ന്യജേഴ്‌സി സംസ്ഥാനത്തിന്റെ ബിസിനസ് വളര്‍ച്ചയ്ക്കു വേണ്ട നിക്ഷേപങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും വേണ്ടിയാണ് തന്റെ സന്ദര്‍ശനം പ്രധാനമായും ലക്ഷ്യമിടുന്നതെന്നും മര്‍ഫി അറിയിച്ചു. പരസ്പര സഹായ സഹകരണങ്ങളിലൂടെ ഇരുരാജ്യത്തിന്റെയും സാമ്പത്തിക നയപരമായ കാര്യങ്ങളിലും വന്‍ കുതിപ്പാണ് ഉണ്ടാകാനിരിക്കുന്നതെന്ന് സൗത്ത് പ്ലെയ്ന്‍ഫീല്‍ഡിലെ സ്‌പൈസ് കള്‍ച്ചര്‍ റെസ്റ്റോറന്റില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം അറിയിച്ചു.

ന്യൂജേഴ്‌സി സംസ്ഥാനത്തെ 90 ലക്ഷം താമസക്കാരില്‍ 4,20,000 പേരും ഇന്ത്യന്‍ അമേരിക്കന്‍ ആണെന്നും അതു കൊണ്ടു തന്നെ തന്റെ ഇന്ത്യന്‍ സന്ദര്‍ശനം കാര്യമായ പ്രയോജനങ്ങളുണ്ടാക്കുമെന്നും മര്‍ഫി കൂട്ടിച്ചേര്‍ത്തു. ന്യൂജേഴ്‌സിയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപം വന്നിരിക്കുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. ഇതില്‍ തന്നെ പകുതിയിലേറെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. അതു കൊണ്ടാണ് ഗവര്‍ണര്‍ സന്ദര്‍ശനത്തില്‍ ഭൂരിഭാഗവും നിക്ഷേപങ്ങള്‍ നടത്തിയവര്‍ക്കിടയിലേക്കു തന്നെ വ്യാപിപ്പിക്കുന്നതും.

അമേരിക്കയിലേക്ക് ബിസിനസ് വിസ കാത്തു നില്‍ക്കുന്നവരില്‍ ഇന്ത്യക്കാരുടെ വന്‍ വര്‍ദ്ധനയാണ് ന്യൂജേഴ്‌സി ഗവര്‍ണറെ തിടുക്കപ്പെട്ട് ഇന്ത്യന്‍ സന്ദര്‍ശനത്തിന് പ്രേരിപ്പിച്ചതെന്നും കരുതണം. ഇന്ന് അമേരിക്കയിലെ ജനസാന്ദ്രതയില്‍ ഒന്നാം സ്ഥാനത്തും വരുമാനത്തില്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്ന സംസ്ഥാനമാണ് ന്യൂ ജേഴ്‌സി. എന്നാല്‍ അതൊന്നും വലിയനിലയ്ക്ക് ആശ്രയിക്കാവുന്നതല്ലെന്നും സ്ഥിരമായ നിക്ഷേപങ്ങളാണ് സംസ്ഥാനത്തിനു വേണ്ടതെന്നുമുള്ള ദീര്‍ഘവീക്ഷണം ഗവര്‍ണര്‍ മര്‍ഫിക്കുണ്ട്. സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ സിലിക്കണ്‍ വാലി പോലെ കംപ്യൂട്ടര്‍ അധിഷ്ഠിത വ്യവസായങ്ങളെയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ ഗവര്‍ണര്‍ മര്‍ഫിയുമായി ഒരു കൂടിക്കാഴ്ച നടന്നിരുന്നുവെങ്കില്‍ ന്യൂജേഴ്‌സി ഗവര്‍ണറുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ തിരുവനന്തപുരവും ഉള്‍പ്പെട്ടേനെ. ദക്ഷിണേന്ത്യയില്‍ ഹൈദരാബാദ് മാത്രമാണ് മര്‍ഫി സന്ദര്‍ശിക്കുന്നത്. മെട്രൊ സിറ്റികളായ ബാംഗ്ലൂരും ചെന്നൈയും പോലും അദ്ദേഹത്തിന്റെ സന്ദര്‍ശക ലിസ്റ്റിലില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top