പുല്‍വാമ ആക്രമണം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം; ഉത്തരവാദിത്തം പാകിസ്താന്‍ ഏറ്റെടുക്കില്ല

gha_2വാഷിംഗ്ടണ്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ പാക്കിസ്ഥാന് ഒരു തരത്തിലും പങ്കില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന് മേല്‍ കെട്ടിവെക്കരുതെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്‌ഷെ മുഹമ്മദ് സംഘടനയുടെ പ്രവര്‍ത്തനം പാക്കിസ്ഥാനില്‍ മാത്രമല്ല ഇന്ത്യയിലുമുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. യു.എസ് സന്ദര്‍ശനത്തിനിടെയായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന.

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് കശ്മീരിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുല്‍വാമ ആക്രമണം പ്രാദേശിക വിഷയമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ മൂലം തീവ്രവാദത്തിലേയ്ക്കു തിരിഞ്ഞ കശ്മീരി യുവാവാണ് ആക്രമണം നടത്തിയത്. എന്നാല്‍ പാകിസ്താനുനേരെയാണ് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

രാജ്യത്ത് സായുധ-തീവ്രവാദ ഗ്രൂപ്പുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയ്യിദ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത നടപടി ഭീകരവാദികള്‍ക്കെതിരായ താക്കീതാണെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു.

ഫെബ്രുവരി 14 നായിരുന്നു സി.ആര്‍.പി.എഫ് ജവാന്‍മാര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ ആക്രമണം നടന്നത്. 40 പേരായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്ന വീഡിയോ ഉള്‍പ്പെടെ പുറത്തുവിട്ട ശേഷമായിരുന്നു ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

ആക്രമണം നടന്ന് 12 ദിവസത്തിന് ശേഷം പാക്കിസ്ഥാനിലെ ബാലാകോട്ടിലുള്ള ജെയ്‌ഷെയുടെ ഭീകരകേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടത്തി ഇന്ത്യ തിരിച്ചടിച്ചിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment