Flash News

സഭാശ്രേഷ്ഠരുടെ ശുശ്രൂഷകളും ഉത്തരവാദിത്വങ്ങളും: കെസിആര്‍എം ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട്

July 24, 2019 , ചാക്കോ കളരിക്കല്‍

Logo 2019കെസിആര്‍എം നോര്‍ത്ത് അമേരിക്ക ജൂലൈ 10, 2019 ബുധനാഴ്ച നടത്തിയ പത്തൊമ്പതാമത് ടെലികോണ്‍ഫറന്‍സിന്റെ റിപ്പോര്‍ട്ട് ചുവടെ കൊടുക്കുന്നു. രണ്ടു മണിക്കൂറിലധികം നീണ്ടുനിന്ന കോണ്‍ഫറന്‍സ് എ സി ജോര്‍ജ് മോഡറേറ്റ് ചെയ്തു. മുപ്പതിലധികം ആള്‍ക്കാര്‍ അതില്‍ പങ്കെടുത്തു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകന്‍ ഹ്യുസ്റ്റണില്‍ നിന്നുള്ള റവ ഡോ തോമസ് അമ്പലവേലില്‍ ആയിരുന്നു. വിഷയം: “വേദപുസ്തകാടിസ്ഥാനത്തില്‍ സഭാശ്രേഷ്ഠരുടെ ശുശ്രൂഷകളും ഉത്തരവാദിത്വങ്ങളും.”

മൗനപ്രാര്‍ത്ഥനയോടെയാണ് കോണ്‍ഫറന്‍സ് ആരംഭിച്ചത്. തോമസച്ചന്‍ പ്രഭാഷണത്തിന്റെ ആരംഭത്തില്‍ത്തന്നെ സഭയിലെ നേതാക്കള്‍ മെത്രാന്മാര്‍, പുരോഹിതര്‍, കന്യാസ്ത്രികള്‍, സ്ഥിര ഡീക്കന്മാര്‍, അല്‍മായ പ്രമുഖര്‍ തുടങ്ങിയവര്‍ ആണെന്ന് വ്യക്തമാക്കി. പഴയ നിയമത്തിലും പുതിയ നിയമത്തിലുമുള്ള പൗരോഹിത്യ അവസ്ഥയെ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ച് സംസാരിച്ചു. പഴയ നിയമത്തിലെ പുരോഹിതര്‍ എങ്ങനെ ഉള്ളവരായിരുന്നുയെന്നും പുതിയ നിയമത്തില്‍ യേശുവില്‍ ജ്ഞാന സ്‌നാനം സ്വീകരിച്ച എല്ലാവരും രാജകീയ പുരോഹിത ഗണത്തില്‍ പെട്ടവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ശുശ്രൂഷാ പൗരോഹിത്യം ദൈവവും മനുഷ്യനുമായുള്ള ബന്ധത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.

മോറല്‍ ലോ പ്രകാരവും സിവില്‍ ലോ പ്രകാരവും പുരോഹിതര്‍ തെറ്റ് ചെയ്യാന്‍ പാടില്ലാത്തവരാണ്. മോറല്‍ ലോ ദൈവ നിയമ ലംഘനമാണ്. ഉദാഹരണത്തിന് പത്തു കല്പനകളുടെ ലംഘനം. മോറല്‍ ലോയുടെ ലംഘനമാണ് സിവില്‍ ലോ. മോറല്‍ ലോയും സിവില്‍ ലോയും സഭാനിയമ പ്രകാരം സഭാകോടതികളില്‍ വെച്ച് തീര്‍പ്പ് കല്പിക്കപ്പെടേണ്ടതാണ്. ശുശ്രൂഷാ പുരോഹിതര്‍ അഴിമതിക്കാരാകുമ്പോഴും വിശ്വാസികളെല്ലാവരും രാജകീയ പുരോഹിത വര്‍ഗത്തില്‍ പെട്ടവരാകയാലും എന്തിന് ശുശ്രൂഷാ പുരോഹിതരെന്ന ഇടനിലക്കാരുടെ ആവശ്യം? എന്നാല്‍ ശുശ്രൂഷാ പുരോഹിതര്‍ എന്നു പറയുന്നവര്‍ സഭാ കോടതിയില്‍ മോറല്‍ ലോയെ അടിസ്ഥാനമാക്കി വിധി കല്പിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. പുതിയ നിയമപ്രകാരം പുരോഹിതന്‍ ദിവ്യബലിയാകുന്ന കൂദാശ പാരികര്‍മം ചെയ്യുന്നവനും മനുഷ്യനും ദൈവവുമായുള്ള ബന്ധത്തിലെ വിഭവ പങ്കാളിയുമാണ് (resource partner). വൈദിക ജീവിതത്തിന് ശരിയായ അടിസ്ഥാനം വേണം; ദൈവികമായ മാര്‍ഗ നിര്‍ദേശം വേണം; സ്വയം നിയന്ത്രിക്കാന്‍ പ്രാപ്തിയുള്ളവരായിരിക്കണം; വിശ്വാസികള്‍ക്കവര്‍ അത്താണിയായിരിക്കണം; അവരെ നിരുപാധികം സ്‌നേഹിക്കുന്നവരായിരിക്കണം. കര്‍ത്താവായ യേശു ക്രിസ്തു പഠിപ്പിച്ച വിശുദ്ധിയില്ലാത്തവര്‍ പുരോഹിതരായിരിക്കാന്‍ പാടില്ല. ലൈംഗിക ദുരുപയോഗത്തില്‍ ഏര്‍പ്പെടുന്നവരും മദ്യപാനികളും ദ്രവ്യാഗ്രഹികളുമായ പുരോഹിതര്‍ക്ക് പ്രസംഗ പീഠത്തില്‍ കയറി നിന്ന് എങ്ങനെ ദൈവജനത്തെ ഉപദേശിക്കാന്‍ കഴിയും? അവര്‍ കപട ഭക്തരാണ്. പുരോഹിതര്‍ ധാര്‍മിക മികവുള്ളവര്‍ ആയിരിക്കണം.

ധാര്‍മിക മികവ് എന്താണെന്ന് മനസ്സിലാക്കണം. ആവശ്യത്തില്‍ കൂടുതല്‍ ധനം ശേഖരിച്ചുവെയ്ക്കുന്നത് ധാര്‍മികമല്ല. കാരണം ആ സ്വത്ത് പാവപ്പെട്ടവരെ സഹായിക്കാന്‍ ഉപയോഗിക്കേണ്ടതാണ്. സഭയുടെ മിച്ചമുള്ള തുക ബാങ്കിലിടാനുള്ളതല്ല. പാവപ്പെട്ടവരെ സഹായിക്കാനുള്ളതാണ്. പള്ളിക്ക് ആവശ്യത്തിലധികം ഭൂമി കൈവശപ്പെടുത്തി വെയ്ക്കാന്‍ പാടില്ല. മിച്ചഭൂമി ഭൂരഹിതര്‍ക്കുള്ളതാണ്. പുരോഹിത സ്ഥാനം ഒരു അധികാര സ്ഥാനമല്ല. അത് സത്യത്തിലും നീതിയിലും വിശുദ്ധിയിലും അടിയുറച്ചു നിന്നുകൊണ്ട് ദൈവജനത്തിന് ശുശ്രൂഷ ചെയ്യാനുള്ള അവസരമാണ്. സ്‌നാനം സ്വീകരിച്ചവരുടെ പൗരോഹിത്യവും ശുശ്രൂഷാ പൗരോഹിത്യവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് എല്ലാവരും വേദ പുസ്തകാടിസ്ഥാനത്തില്‍ പഠിക്കണമെന്നുള്ള ആഹ്വാനത്തോടെയും ഒരു പ്രാത്ഥനയോടും കൂടിയാണ് തോമസച്ചന്‍ തന്റെ വിഷയാവതരണം അവസാനിപ്പിച്ചത്.

വിഷയാവതരണത്തിനുശേഷം സുദീര്‍ഘവും വളരെ സജീവവുമായ ചര്‍ച്ച നടക്കുകയുണ്ടായി.

ആഗസ്റ്റ് 10-ന് ഷിക്കാഗോയില്‍ വെച്ച് കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ സമ്മേളനം നടക്കുന്നതിനാല്‍ ആഗസ്റ്റില്‍ ടെലികോണ്‍ഫറന്‍സ് ഉണ്ടായിരിക്കുന്നതല്ല. ഷിക്കാഗോ സമ്മേളനത്തിലേക്ക് എല്ലാവരെയും വീണ്ടും ക്ഷണിച്ചു കൊള്ളുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top