Flash News

സ്നേഹപ്പക്ഷികള്‍ (ചെറുകഥ) മിനി പി.സി.

July 24, 2019

snehapakshi titleപാടത്തും, പറമ്പുകളിലും നിര്‍ജീവമായി കിടക്കുന്ന വളര്‍ത്തു പക്ഷികളെ നോക്കി കര്‍ഷകര്‍ ദീനം ദീനം കരഞ്ഞു…. ഇന്ന് രാവിലെ വരെ അരിമണിയും , ഗോതമ്പുമൊക്കെ സ്നേഹപൂര്‍വ്വം വാരിവിതറിക്കൊടുത്ത് മേയാന്‍ ഇറക്കിവിട്ടതാണ്….മധ്യാഹ്നമായപ്പോഴെയ്ക്കും !

കുറെ നേരം ആ കാഴ്ച്ച കണ്ട് മനസ്സ് പെരുത്ത അപ്പുണ്ണിയേട്ടന്‍ തന്‍റെ കൈലിയ്ക്ക് മുകളില്‍ ചുട്ടിത്തോര്‍ത്തു ചുറ്റി പാടവരമ്പില്‍ വെച്ചിരുന്ന മണ്‍വെട്ടി എടുത്തു തോളില്‍ വെച്ച് പറമ്പിലേയ്ക്ക് നടന്നു,

“അപ്പുണ്ണിയേ …..നീ വല്യൊരു കുഴിയെടുക്ക് ഞങ്ങള്‍ ഇതൊക്കെ പെറുക്കിക്കൂട്ടി അവിടെയ്ക്ക് കൊണ്ടുവരാം .അല്ല കൂട്ടരേ …ഇനീപ്പോ കരഞ്ഞു പിഴിഞ്ഞു നില്‍ക്കാണ്ട് എല്ലാരുംകൂടി ഇതൊക്കെ അങ്ങട് എത്തിക്കാന്‍ നോക്ക് .അല്ലാണ്ടെയിപ്പോ എന്താ ചെയ്ക ?വല്ല പോക്കാനോ, കീരിയോ, കുറുക്കനോ ആയിരുന്നെങ്കി നമുക്ക് പരിഹരിക്കായിരുന്നു.. ഇതിപ്പോ ടപ്പേന്നല്ലേ പക്ഷിപ്പനിടെ രൂപത്തില്‍ കാലന്‍ അവതരിച്ചത് ! ഇത്രവല്യൊരു ചതി ദൈവം ചെയ്യൂന്നു കരുതീതാണോ… ?എന്തായാലും വന്നത് വന്നു.പെട്ടാ പെടയ്ക്കാണ്ട് എന്താ ചെയ്യാന്‍ പറ്റ്വാ! ”

Mini5പപ്പുമാസ്റ്റര്‍ തങ്ങളുടെ പ്രിയ താറാവുകള്‍ക്കും കോഴികള്‍ക്കുമരികെയിരു ന്ന് കണ്ണീര്‍ പൊഴിക്കുന്നവരെ ആശ്വസിപ്പിച്ച് കയ്യില്‍ കരുതിയ തൂമ്പകൊണ്ട് വലിയ കൊട്ടയിലേക്ക് വിറങ്ങലിച്ച കോഴികളെയും താറാവുകളെയും കോരിയിട്ടു….

കരുതിയതിലും വളരെ നേരം കഴിഞ്ഞാണ് ആ പണി പൂര്‍ത്തിയാക്കി എല്ലാര്‍ക്കും വീടണയാനായത് . പപ്പുമാസ്റ്ററുടെ തലവെട്ടം പടിപ്പുരയില്‍ കണ്ടതേ സരോജ കൂട്ടില്‍ കിടന്ന് കലമ്പല്‍ കൂട്ടി,

“കുട്ട്യോളെ………..അപ്പൂപ്പന്‍ വന്നൂ…കുട്ട്യോളെ അപ്പൂപ്പന്‍ വന്നു .”

ഇനി കുട്ടികള്‍ മുറ്റത്തെത്തി അപ്പൂപ്പാ..എന്ന് വിളിച്ച് അദ്ദേഹത്തിന്‍റെ ഇരു കയ്യിലും തൂങ്ങിയാലെ സരോജ ആ വിളി നിര്‍ത്തൂ.ആ വിളി നിര്‍ത്തുമ്പോള്‍ അവള്‍ക്കറിയാം അപ്പൂപ്പന്‍ കൂടുതുറക്കും എന്നിട്ട് ജുബ്ബയുടെ പോക്കറ്റില്‍ കരുതിയ പനങ്കല്‍ക്കണ്ടം അവള്‍ക്കു സമ്മാനിക്കും.സരോജയുടെ ഓര്‍മ്മ വെച്ച കാലം മുതല്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ …അവളുടെ ശ്രദ്ധയെത്താത്ത ഒരു സംഗതി പോലും അവിടെ ഉണ്ടാവാറില്ല ,മനയ്ക്കലെ പട്ടി” കരിങ്കുട്ടന്‍” അവളുടെ വീട്ടിലെ “ഫിക്രു”വിനെ ഇടയ്ക്കിടെ ഉപദ്രവിക്കാനായി പമ്മിപ്പമ്മി വരുമ്പോള്‍ സരോജ ഉറക്കെ പറയും

“കരിങ്കുട്ടാ….വേണ്ടാട്ടോ………….കരിങ്കുട്ടാ വേണ്ടാട്ടോ ……….”

അതു കേള്‍ക്കുമ്പോള്‍ത്തന്നെ ഫിക്രു ഓടി അവന്‍റെ കൂട്ടില്‍ കയറും. വലിയ ചെവിയും കുഞ്ഞിക്കാലുകളും വെഞ്ചാമരം പോലെ വാലുമുള്ള അമ്മയില്ലാത്ത കൊച്ചു പട്ടികുട്ടിയാണ് ഫിക്രു …ഫിക്രുവിനെ അവള്‍ക്കു വലിയ ഇഷ്ടമാണ്.ഇനി തേങ്ങയോ…അടയ്ക്കയോ മോഷ്ടിക്കാന്‍ കള്ളി ദാക്ഷായണിയമ്മൂമ്മ വന്നാലോ ?

“ദെ …കള്ളി വന്നു…കള്ളി വന്നു “

എന്നുപറഞ്ഞ് അവരെയും നിലം തൊടീയ്ക്കില്ല…..അങ്ങനെ ആ വീട്ടിലെ ഓരോരുത്തരുടെയും ജീവാത്മാവും പരമാത്മാവുമായി കഴിയുന്ന ഓമനയാണ് “സരോജ” !

അപ്പൂപ്പന്‍ വന്നു പടികയറിയിട്ടും മുറ്റത്തേക്ക് കുട്ടികളെ കാണാഞ്ഞ് സരോജ അമ്പരന്നു എങ്കിലും അവള്‍ വിളി നിര്‍ത്തിയില്ല ..പപ്പുമാസ്റ്ററും അതിശയിച്ചു ,

“ഇന്ന് ഈ കുട്ട്യോള്‍ക്ക് എന്ത് പറ്റി?”

പപ്പുമാസ്റ്റര്‍ ഉമ്മറകോലായിലിരുന്ന് കുട്ടികളെ വിളിച്ചു.അവര്‍ വരാതെ സരോജ വിളി നിര്‍ത്തില്ലെന്ന് അദേഹത്തിന് അറിയാമായിരുന്നു.കുറെ നേരം വിളിച്ചതിനു ശേഷമാണ് കുട്ടികളെയും കൊണ്ട് പപ്പുമാസ്റ്ററുടെ മകന്‍ പുറത്ത് വന്നത് ,കോളേജ്‌ അധ്യാപകനായ അയാളുടെ മുഖം കല്ലിച്ചിരുന്നു ..കുട്ടികള്‍ അയാളെ കുതറി അപ്പൂപ്പന്‍റെ കൈകളില്‍ പിടിച്ചതും സരോജ വിളി നിര്‍ത്തി പനങ്കല്‍ക്കണ്ടത്തിനായി കാത്തിരുന്നു ,അതറിയാവുന്ന പപ്പുമാസ്റ്റര്‍ സരോജയുടെ കൂടിനരികിലെയ്ക്ക് ചെന്നതും മകന്‍ പരുഷമായി ചോദിച്ചു ,

“അച്ഛനിത് എന്ത് ഭാവിച്ചാ ? വാര്‍ത്തകളൊന്നും കേള്‍ക്കുന്നില്ലേ? പക്ഷിപ്പനി പടര്‍ന്നു പിടിയ്ക്ക്യാ ….അത് മനുഷ്യരിലെയ്ക്ക് പടര്‍ന്നു കൂട്ട മരണം ഉണ്ടാവണേനു മുന്‍പ് ഇതിനെയൊക്കെ കൊന്നു കളയൂ….തുറന്നു വിട്ടാ ഈ തത്ത പിന്നേം പറന്നു വരും .ഞാനാ ഗോപിയേട്ടനോട് പറഞ്ഞിട്ടുണ്ട് അയാള്‍ വന്നു കൊന്നുകുഴിച്ചിട്ടോളും…ഇനി അത് നമ്മള് ചെയ്തൂന്നൊരു മനസ്താപവും വേണ്ടല്ലോ ………”

അതുകേട്ടതും കുട്ടികള്‍ അലമുറയിട്ടു കരഞ്ഞു .

“ പാവം സരോജയെ കൊല്ലണ്ട അച്ഛാ ….പ്ലീസ്‌…… അച്ഛാ……..”

അതുകേട്ട് കുപിതനായ മകന്‍ കുട്ടികളെയും വലിച്ചിഴച്ചു വീടിനകത്തെയ്ക്ക് നടന്നപ്പോള്‍ പപ്പുമാസ്റ്റര്‍ നെഞ്ചുപൊടിയുന്ന വേദനയോടെ തന്‍റെ പോക്കറ്റില്‍ നിന്നും പനങ്കല്‍ക്കണ്ടമെടുത്ത് സരോജയ്ക്കു നീട്ടി ., അപ്പോള്‍ സരോജ അപ്പൂപ്പന്‍റെ നിറഞ്ഞൊഴുകുന്ന കണ്ണുകളും അദേഹം നീട്ടിയ കല്‍ക്കണ്ടവും …. പടിപ്പുര കടന്നു വരുന്ന ഗോപിയേട്ടനെയും കണ്ട് കുട്ടികളെ അനുകരിച്ച് ദീനയായ്‌ കേണു,

“പാവം സരോജയെ കൊല്ലണ്ട അച്ഛാ …പ്ലീസ്‌ അച്ഛാ .”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top