ബിബിസിയെ വിറപ്പിച്ച പ്രീതി പട്ടേല്‍ ബ്രിട്ടനിലെ ഹിന്ദുക്കള്‍ക്ക് പ്രിയപ്പെട്ടവള്‍; നരേന്ദ്ര മോദിയുടെ ആരാധിക

ddd-minബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റ ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ബ്രിട്ടനിലെ ഹിന്ദുക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ്. മാത്രമല്ല ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയും കൂടിയാണ്. അതുകൊണ്ടുതന്നെ പ്രീതിയുടെ സ്ഥാന ലബ്ധി ഇന്ത്യക്ക് ഏറെ ഗുണം ചെയ്യപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഔദ്യോഗിക മാധ്യമമായ ബിബിസിയെ വിറപ്പിച്ച ഈ വനിത ഇപ്പോള്‍ ആഭ്യന്തര സെക്രട്ടറിയായപ്പോള്‍ ഇന്ത്യയുടെ എന്നത്തേയും വലിയ ശത്രുവായ ബിബിസിയ്ക്കും കഷ്ടകാലം.

ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഔദ്യോഗിക മാധ്യമമായതുകൊണ്ട് സ്വതന്ത്രമായി നിയന്ത്രിയ്ക്കപ്പെടുന്നു എന്നൊക്കെയാണ് ഗീര്‍വാണമെങ്കിലും ബി ബി സി എന്നും ഇന്ത്യയ്‌ക്കെതിരേയുള്ള ഒരു വിഭാഗത്തിന്റെ കള്ളവാര്‍ത്തകളും വളച്ചൊടിച്ച വാര്‍ത്തകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. 2014-ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ദിവസം ബി ബി സി ന്യൂസ്‌നൈറ്റ് എന്ന പരിപാടിയില്‍ പ്രഖ്യാപിത നരേന്ദ്ര മോദി വിരുദ്ധരെ മാത്രം വിളിച്ചിരുത്തി ഏകപക്ഷീയമായി സ്ഥിരം മോദി ബാഷിംഗ് ആരംഭിച്ചു. ബ്രിട്ടനില്‍ ജീവിയ്ക്കുന്ന ഇന്ത്യക്കാരുടെ സകല ക്ഷമയും വിട്ടുപോയ സമയമായിരുന്നു അത്. ഐസിസിനെ മുതല്‍ ഇംമ്രാന്‍ ഖാനെവരെ ചുമന്നു നടക്കുന്ന ബി ബി സി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടയാള്‍ക്കെതിരേ ഒരു കാരണവുമില്ലാതെ കള്ളത്തരം പറയുകയാണ്. ജനങ്ങള്‍ ശക്തമായി പ്രതികരിച്ചു. പരാതികള്‍ ബി ബി സിയ്‌ക്കെതിരേ കുന്നുകൂടി.

Narendra_Modi_is_greeted_by_British_MP_Priti_Patel_croppedഅന്ന് ഇന്ത്യക്കാര്‍ക്കായി ഏറ്റവും ഉയര്‍ന്നു കേട്ട ശബ്ദം ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എം പിയായിരുന്ന ഒരു വനിതയുടേതായിരുന്നു. ‘ബി ബി സിയ്ക്ക് നാണമില്ലേ ഇതുപോലെ കപടപ്രചരണം നടത്താന്‍’ എന്നവര്‍ പരസ്യമായി ചോദിച്ചു. അതു മാത്രമല്ല ‘ബി ബി സിയ്ക്ക് പരാതികള്‍ ലഭിയ്ക്കുമ്പോഴുള്ള അവരുടെ മറുപടികളിലും നാണിയ്‌ക്കേണ്ടതുണ്ട്. ബ്രിട്ടനിലെ ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിയ്ക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയെപ്പറ്റി ഇതുപോലെയൊക്കെ പറയാന്‍ ബി ബി സിയ്ക്ക് അല്‍പ്പമെങ്കിലും ലജ്ജയുണ്ടോ?’ പട്ടേല്‍ തുറന്നടിച്ചു. ബി ബി സിയ്‌ക്കെതിരേ ബ്രിട്ടീഷ് സാംസ്‌കാരിക മന്ത്രിയ്ക്ക് പട്ടേല്‍ പരാതി നല്‍കി.

അന്ന് മുതല്‍ തുടങ്ങിയതാണ് ബ്രിട്ടനിലെ (ഇന്ത്യയിലേയും) സവര്‍ണ്ണ ലിബറല്‍ ബുദ്ധിജീവികള്‍ക്കും ജേര്‍ണലിസ്റ്റുകള്‍ക്കും പ്രീതി പട്ടേലിനോടുള്ള അലര്‍ജി. അവര്‍ക്കതൊന്നും വലിയ കാര്യമല്ല. താന്‍ വിശ്വസിയ്ക്കുന്ന മൂല്യങ്ങള്‍ക്ക് വേണ്ടി ഉറച്ചു നില്‍ക്കാന്‍ ഒരു മടിയുമില്ലാത്ത രാഷ്ട്രീയക്കാരിയായിത്തന്നെ അവര്‍ തുടര്‍ന്നു.

‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യയെപ്പറ്റിയുള്ള സങ്കല്‍പ്പം അതിശയകരമാണ്. ഇന്ത്യയെ അന്താരാഷ്ട്രതലത്തില്‍ അഭിമാനമുണ്ടാക്കും വിധം ശക്തമായി മോദി ഭരണം ഉയര്‍ത്തിക്കൊണ്ടുവന്നു. ആഗോള കള്ളക്കടത്തുകാര്‍ക്കും ഭീകരവാദികള്‍ക്കുമെല്ലാം ഇന്ത്യയിലെ നോട്ടുനിരോധനം ശക്തമായ ഒരു താക്കീതാണ്. ഇന്ത്യയുമായി തോളോടൂതോള്‍ ചേര്‍ന്ന് നില്‍ക്കുകയാണ് ബ്രിട്ടന്‍ ചെയ്യേണ്ടത്.’ പ്രീതി പട്ടേല്‍ ഒരിയ്ക്കല്‍ പറഞ്ഞു.

ഗുജറാത്തില്‍ നിന്ന് ഉഗാണ്ടയില്‍ കച്ചവടത്തിനു പോയവരാണ് പ്രീതിയുടെ മാതാപിതാക്കളായ സുശീല്‍ പട്ടേലും അഞ്ജന പട്ടേലും. ഈദി അമീന്‍ എന്ന വര്‍ഗ്ഗീയവാദിയായ ഏകാധിപതി അന്ന് ഉഗാണ്ടയിലുണ്ടായിരുന്ന ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചപ്പോള്‍ എല്ലാമെടുത്ത് ബ്രിട്ടനിലേക്ക് രക്ഷപെട്ട് വന്നവരാണവര്‍. അവിടെ നിന്ന് ചെറിയ നിലയില്‍ തുടങ്ങി ലണ്ടനില്‍ പലചരക്കുകടകളുടെ ഒരു ശൃംഖല തന്നെ സുശീല്‍ പട്ടേല്‍ പടുത്തുയര്‍ത്തി. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയും അവരെ ഒന്നും തടസ്സമാകാതെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിയ്ക്കുകയും ചെയ്തു.

എസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് നടന്നുകയറിയ പ്രീതി പട്ടേല്‍ തന്റെ പതിനേഴാമത്തെ വയസ്സില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ അംഗമായി. ഇടയ്ക്ക് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിരിഞ്ഞുപോകണം എന്ന് വാദിയ്ക്കുന്ന റഫറണ്ടം പാര്‍ട്ടിയില്‍ അംഗമായെങ്കിലും തിരികെ കണ്‍സര്‍വേറ്റീവുകളുടെ കൂടെത്തന്നെയെത്തി.

Narendra+Modi+Priti+Patel+Prime+Minister+India+Fap_5lBk3Mwl2005ല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അന്ന് കണ്‍സര്‍വേറ്റീവ് നേതാവായിരുന്ന ഡേവിഡ് കാമറോണ്‍ പ്രീതി പട്ടേലിന്റ്‌റെ നേതൃഗുണം മനസ്സിലാക്കി പ്രധാനമന്ത്രിയുടെ നയരൂപീകരണ ഗ്രൂപ്പില്‍ അംഗമാക്കുകയും ധനകാര്യ സഹമന്ത്രിയാക്കുകയും ചെയ്തു. 2015ല്‍ ബ്രിട്ടന്‍ യൂറോപ്പില്‍ നിന്ന് പുറത്തുപോകണമെന്ന് പട്ടേല്‍ ശക്തമായി വാദിച്ചു. ഒരുപക്ഷേ ഇപ്പോഴത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനു മുന്നേ തന്നെ ആ വാദമുന്നയിച്ച കണ്‍സര്‍വേറ്റീവ് നേതാവാകണം പ്രീതി പട്ടേല്‍.

2016ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ വകയായി അന്താരാഷ്ട്ര സഹായം നല്‍കുന്നത് നിയന്ത്രിയ്ക്കുന്ന ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് സെക്രട്ടറിയായി പ്രീതി പട്ടേല്‍ നിയമിതയായി. ബ്രിട്ടന്റെ അന്താരാഷ്ട്രസഹായമെന്നത് തികഞ്ഞ തമാശയാണ്. വിദേശ ഗവണ്മെന്റുകളെ ധനസഹായം നല്‍കി വരുതിയ്ക്ക് നിര്‍ത്താനും പാലസ്തീനിലെ ഭീകരസംഘടനകള്‍ക്ക് വളഞ്ഞവഴി പണം നല്‍കാനുമുള്ള ചില കോക്കസുകളാണ് കാലാകാലങ്ങളായി ആ വകുപ്പ് കൈയ്യടക്കിയിരുന്നത്.

ഈദി അമീന്റെ ഭീകരതയുടെ മുറിപ്പാടുകള്‍ പേറുന്ന കുടുംബത്തില്‍ നിന്നായതുകൊണ്ടുകൂടിയാവണം പാലസ്തീന്‍ ഭീകരസംഘടനകള്‍ക്ക് തികഞ്ഞ എതിരായ പ്രീതി പട്ടേല്‍ ആ ധനസഹായം വെട്ടിച്ചുരുക്കി. മാത്രമല്ല ഇസ്രേയലിലെ സാമൂഹ്യസംഘടനകള്‍ക്ക് പണം നല്‍കുകയും ചെയ്തു. കാലാകാലങ്ങളായി അറബ് എണ്ണയും പണവും നിയന്ത്രിയ്ക്കുകയും പകരമായി പാലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രേയലിനെതിരേ ഒളിയുദ്ധം നടത്തിവരികയും ചെയ്തിരുന്ന ബ്രിട്ടീഷ് സാമ്രാജ്യതന്ത്രങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു പരസ്യമായ ഇസ്രേയല്‍ പക്ഷപാതിയായ പ്രീതി പട്ടേല്‍ എന്ന മന്ത്രി.

പ്രധാനമന്ത്രിയോട് ആലോചിയ്ക്കാതെ ഇസ്രേയലിലെ ചില ഉദ്യോഗസ്ഥരുമായി സംഭാഷണങ്ങള്‍ നടത്തിയെന്ന കാരണത്താല്‍ 2017 നവംബറില്‍ പ്രധാനമന്ത്രി തെരീസ മേയ് പ്രീതി പട്ടേലിന്റെ രാജി ആവശ്യപ്പെട്ടു. കാരണം അതൊന്നുമല്ലെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു താനും.

പക്ഷേ ആ രാജി ഇല്ലാതാക്കിയ സ്ഥാനം ഇന്ന് ഹോം സെക്രട്ടറിയുടെ പദവിയായി ഇരട്ടിമധുരമായി തിരിച്ചെത്തിയിരിയ്ക്കുകയാണ്. ബ്രിട്ടന്റെ ആഭ്യന്തരമന്ത്രിയായി നരേന്ദ്രമോദിയുമായും ഭാരതതവുമായും തികഞ്ഞ അനുഭാവമുള്ള ഒരാളെ നിയമിയ്ക്കുമ്പോള്‍ ബോറിസ് ജോണ്‍സന്റെ കണക്കുകൂട്ടലുകള്‍ ഒന്നുകൂടി വ്യക്തമാവുകയാണ്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്ന ബ്രിട്ടനു കച്ചവടം വേണം. അത് ഉയര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളായ ഇന്ത്യയും ചൈനയുമായൊക്കെത്തന്നെ വേണം. അതിന് പ്രീതി പട്ടേലിനെപ്പോലെ നമ്മള്‍ക്ക് സന്തോഷം തോന്നുന്ന മുഖങ്ങള്‍ അധികാരത്തിന്റെ ഉന്നതങ്ങളിലുണ്ടാവണം.

ഇന്ത്യയ്ക്ക് ഇതൊരവസരമാണ്. കൂടൂതല്‍ ഇന്ത്യാക്കാര്‍ക്ക് വിസ നല്‍കാം എന്നതാണ് സാധാരണ കച്ചവടം ചെയ്യുന്നതിനു പകരമായി ബ്രിട്ടന്‍ മുന്നോട്ടുവയ്ക്കുന്ന വില.ഇന്ത്യയ്ക്ക് വിദേശനാണ്യം നേടിത്തരുന്നതാണ് കൂടുതല്‍ പ്രവാസി ഇന്ത്യാക്കാരെങ്കിലും ഇന്ത്യാക്കാരായ അഭ്യസ്തവിദ്യര്‍ക്ക് വിസ നല്‍കുന്നതുകൊണ്ട് ബ്രിട്ടനു തന്നെയാണ് ഗുണമെന്ന് നമ്മള്‍ ഓര്‍ക്കാറില്ല. അവരുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു പൈസ ചിലവില്ലാതെ ഒരു നികുതിദായകനെ ലഭിയ്ക്കുകയാണ്.

അതുകൊണ്ട് ആ മായാജാലത്തില്‍ വീഴാതെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടേ പരിധിയ്ക്കുള്ളില്‍ വലിയ കച്ചവടങ്ങള്‍ നടത്താനുള അവസരമാണ് ഇന്ത്യക്ക് വരുന്നത്. ചൈന ഇപ്പോള്‍ത്തന്നെ അതു ചെയ്യുന്നുണ്ട്. കൃത്യമായി ഉപയോഗിച്ചാല്‍ പ്രീതി പട്ടേലിന്റെ നിയമനം കൂടുതല്‍ ഗുണം ചെയ്യുക ഇന്ത്യയ്ക്ക് തന്നെയാകും.

Print Friendly, PDF & Email

Related News

Leave a Comment