കര്‍ണാടകയില്‍ ബിജെപി; യെദ്യൂരപ്പ വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും

bs-yeddyurappa-falconബംഗളൂരു: ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കു ശേഷം കര്‍ണാടകയില്‍ ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹം രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചതായി ഗവര്‍ണറെ കണ്ട ശേഷം യെദ്യൂരപ്പ പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം അനുമതി നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്നതിനിടെ അപ്രതീക്ഷിതമായാണ് യെദ്യൂരപ്പയുടെ നീക്കം.

മന്ത്രിസഭയില്‍ ആരെല്ലാം ഉണ്ടാകുമെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ല. തിടുക്കം പിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വം  സംസ്ഥാന നേതാക്കളെ അറിയിച്ചത്.  കോണ്‍ഗ്രസ്,ജെഡിഎസ് വിമത എംഎല്‍എമാരുടെ അയോഗ്യതാ നടപടികള്‍ സ്പീക്കര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് മതി സര്‍ക്കാര്‍ രൂപീകരണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതോടൊപ്പം ഇടക്കാല തിരഞ്ഞെടുപ്പ് നടത്തി തിളക്കമാര്‍ന്ന വിജയത്തോടെ വീണ്ടും അധികാരത്തിലെത്താന്‍ കഴിയുമെന്ന് കേന്ദ്രനേതൃത്വം കണക്കുകൂട്ടുന്നു. അതിനൊപ്പം അയോഗ്യതാ നടപടികളുടെ തീരുമാനം വരുന്നത് വരെ രാഷ്ട്രപതി ഭരണം എന്ന നിര്‍ദേശവും പരിഗണനയിലുണ്ടായിരുന്നു.

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിനാല്‍ നിയമസഭാ കക്ഷി യോഗം വിളിക്കേണ്ടതില്ലെന്നും ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും യെദ്യൂരപ്പ നേരത്തെ  വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ജൂലൈ 31ന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് വിവരം. കര്‍ണാടകയുടെ 25-ാം മുഖ്യമന്ത്രിയായാണ് 76കാരനായ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുന്നത്.

BSYeddyurappa_PTI_0

Print Friendly, PDF & Email

Related News

Leave a Comment