”കൈവെച്ച് പോയില്ലേ… തീര്‍ക്കാമെന്ന് കരുതി”; രാഖിയെ കൊന്നതിനെക്കുറിച്ച് അഖിലിന്റെ മൊഴി

akhil_0തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തില്‍ പ്രതി അഖില്‍ നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഓടുന്ന കാറില്‍ വച്ച് രാഖിയെ ആദ്യം കൈത്തണ്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ചും പിന്നീട് കാറിലെ സീറ്റ് ബെല്‍റ്റിട്ട് മുറുക്കിയുമാണ് കൊന്നതെന്ന് മുഖ്യപ്രതിയും സൈനികനുമായ അഖില്‍ വെളിപ്പെടുത്തി. കൊന്നാലും ഈ ബന്ധത്തില്‍ നിന്നു പിന്മാറില്ലെന്ന് രാഖി പറഞ്ഞതുകൊണ്ടാണ് കൊന്നതെന്നാണ് അഖിലിന്റെ വാദം. രാഖി പിന്‍മാറിയിരുന്നെങ്കില്‍ കൊല്ലില്ലായിരുന്നെന്നും അഖില്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

നെയ്യാറ്റിന്‍കരയില്‍ വെച്ചാണ് രാഖിയെ അഖില്‍ കാറില്‍ കയറ്റുന്നത്. രാഹുലും സുഹൃത്ത് ആദര്‍ശും അമ്പൂരിയില്‍ കാത്തുനിന്നു. അമ്പൂരിയില്‍ കാറെത്തിയപ്പോള്‍ രാഹുല്‍ പിന്‍സീറ്റില്‍ കയറി. ആദര്‍ശ് ഇരുചക്രവാഹനത്തില്‍ മടങ്ങുകയും ചെയ്തു. കാറില്‍ വെച്ച് രാഖിയോട് ഇവര്‍ പിന്‍മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാഖി അനുനയത്തിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് കാറില്‍ വെച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. കുമ്പിച്ചല്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി അഖില്‍ പിന്‍സീറ്റില്‍ കയറി. രാഹുലാണ് പിന്നീട് കാര്‍ ഓടിച്ചത്.

മുന്‍ സീറ്റിലിരുന്ന രാഖിയെ പിന്നില്‍ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോള്‍ സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയെന്നും അഖില്‍ പോലീസിനോടു പറഞ്ഞു. തര്‍ക്കത്തിനിടെ ‘കൊന്നോട്ടെ’ എന്ന ചോദ്യത്തിന് ‘കൊന്നോളാന്‍’ രാഖി മറുപടി നല്‍കിയെന്നും അഖില്‍ പറഞ്ഞു.

കഴുത്തു ഞെരിക്കുന്നതിനിടെ രാഖി എന്തോ പറഞ്ഞിരുന്നുവെന്നും അതു വ്യക്തമായില്ലെന്നും അഖില്‍ മൊഴിയില്‍ പറയുന്നു. രാഖി പിന്മാറാം എന്നാണ് പറയാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലോ എന്ന് പൊലീസ് അഖിലിനോട് ചോദിച്ചപ്പോള്‍ ”കൈവച്ചു പോയില്ലേ തീര്‍ക്കാമെന്ന് കരുതി” എന്നായിരുന്നു അഖിലിന്റെ മറുപടി.

കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. രാഹുലും ആദര്‍ശും നേരത്തെ പിടിയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ ദിവസം വെളുപ്പിനെ അഖിലിന്റെയും രാഹുലിന്റെയും പിതാവ് മണിയന്‍ എന്ന രാജപ്പന്‍ നായര്‍ അഖിലിനെ ഓട്ടോയില്‍ കയറ്റി വിടുന്നത് കണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മാത്രമല്ല, രാഖിയുടെ മൃതദേഹം കണ്ടെത്തിയ കുഴി കുത്തിയത് മണിയന്‍ ആണെന്ന വിവരവും പുറത്തു വന്നിരുന്നു. കമുക് നടാന്‍ എന്നായിരുന്നു നാട്ടുകാര്‍ ചിലര്‍ ചോദിച്ചപ്പോള്‍ ഇയാള്‍ പറഞ്ഞത്.

Print Friendly, PDF & Email

Related News

Leave a Comment