കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ദു:ഖമുണ്ട്; യുവ നേതാവിനെ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി അധ്യക്ഷനാക്കണം: ശശി തരൂര്‍

362517-shashi-tharoorന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി രാജിവെച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിലുണ്ടായിരിക്കുന്ന അനിശ്ചിതാവസ്ഥ പാര്‍ട്ടിയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ശശി തരൂര്‍. പ്രവര്‍ത്തക സമിതി ഉള്‍പ്പെടെ എല്ലാ പദവികളിലേയ്ക്കും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണം. എങ്കില്‍ മാത്രമേ കോണ്‍ഗ്രസിന് ഇനി മുന്നോട്ട് പോകാന്‍ സാധിക്കൂ.

യുവ നേതാവാകണം കോണ്‍ഗ്രസ് അധ്യക്ഷനാകേണ്ടത് എന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ അഭിപ്രായത്തോട് തരൂര്‍ യോജിച്ചു. അതേസമയം പാര്‍ട്ടി അധ്യക്ഷനാകാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു. താന്‍ പ്രസിഡന്റാകാന്‍ വിദൂര സാധ്യത പോലുമില്ല. പാര്‍ട്ടി സംഘടനയില്‍ വളരെ കുറച്ചുകാലം പ്രവര്‍ത്തിച്ചുള്ള അനുഭവം മാത്രമേ തനിക്കുള്ളൂവെന്നും ശശി തരൂര്‍ പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് വരുമ്പോള്‍ പ്രിയങ്ക ഗാന്ധിയും രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അവരുടെ കുടുംബമാണ്. തനിക്ക് പകരം നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ തന്നെ പ്രസിഡന്റാകേണ്ട കാര്യമില്ലെന്നും പുറത്തുനിന്നൊരാള്‍ വരട്ടെ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞത് തരൂര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ നിലവില്‍ പ്രിയങ്ക പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരാന്‍ സാധ്യത കുറവാണ്. വ്യക്തിപ്രഭാവവും ദേശീയ ശ്രദ്ധയുമൊക്കെ ആകര്‍ഷിക്കാന്‍ കഴിവുള്ളവരുമായ നേതാക്കള്‍ക്കും ചിലപ്പോള്‍ സംഘടനാമികവ് കുറവായിരിക്കും. ഇവര്‍ക്ക് പാര്‍ട്ടി സംവിധാനത്തെ ഏകോപിപ്പിക്കാനും അതിന്റെ പൂര്‍ണ പിന്തുണ നേടാനും കഴിയണമെന്നില്ലെന്നും ഇത്തരമൊരു സാഹചര്യത്തിലാണ് ഒരു യുവ നേതാവിന്റെ പ്രസക്തി എന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

നിലവിലെ സാഹചര്യം പ്രവര്‍ത്തകസമിതി ഗൗരവമായാണ് കാണുന്നത് എന്നാണ് കരുതുന്നത്. അധികം താമസമില്ലാതെ ഇപ്പോഴത്തെ നേതൃപ്രതിസന്ധിക്ക് പരിഹാരം കാണും എന്ന് പ്രതീക്ഷിക്കുന്നു. ഇടക്കാല പ്രസിഡന്റിനെ നിയമിച്ച് തല്‍ക്കാലത്തേയ്ക്ക് പ്രവര്‍ത്തക സമിതി പിരിച്ചുവിടുക, പുതിയ തിരഞ്ഞെടുപ്പ് നടത്തി പ്രവര്‍ത്തക സമിതി അംഗങ്ങളേയും പാര്‍ട്ടി അധ്യക്ഷനേയും തിരഞ്ഞെടുക്കുക എന്നത് ഒരു വഴിയാണ്. എഐസിസിയിലേയും പിസിസികളിലേയുമെല്ലാം അംഗങ്ങള്‍ ചേര്‍ന്ന് ആര് പാര്‍ട്ടിയെ നയിക്കണം എന്ന് തീരുമാനിക്കട്ടെ. ഇത് പാര്‍ട്ടിയെ നയിക്കാന്‍ യോഗ്യരായ പുതിയ നേതാക്കളെ കണ്ടെത്താന്‍ സഹായകമാകും. ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മാതൃകയില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറിയാല്‍ അത് ദേശീയ ശ്രദ്ധയാകര്‍ഷിക്കാനും കൂടുതല്‍ പേരെ പാര്‍ട്ടിയിലേയ്ക്ക് അടുപ്പിക്കാനും സഹായകമാകുമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Related News

Leave a Comment