യെദ്യൂരപ്പ സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും; അയോഗ്യരാക്കപ്പെട്ടവര്‍ ബെംഗളൂരുവില്‍ മടങ്ങിയെത്തി

Yeddyurappa-picsബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ബിഎസ് യെദ്യൂരപ്പ അല്‍പ്പസമയത്തിനകം വിശ്വാസവോട്ട് തേടും. 100 ശതമാനം ഭൂരിപക്ഷം ലഭിക്കുമെന്ന് വോട്ടെടുപ്പിന് മുമ്പ് യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടപ്പിച്ചു. വോട്ടെടുപ്പിന് മുന്നോടിയായി 105 എംഎല്‍എമാര്‍ക്കും ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസും തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തെ താഴെയിറക്കി യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഇതിനിടെ സ്പീക്കര്‍ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയ വിമത എംഎല്‍എമാര്‍ മുംബൈയില്‍ നിന്നും ബെംഗളൂരുവില്‍ തിരിച്ചെത്തി. ഇന്ന് രാവിലെയാണ് ഇവര്‍ ബെംഗളൂരുവില്‍ വിമാനമിറങ്ങിയത്. എന്നാല്‍ അയോഗ്യരാക്കിയതിനാല്‍ ഇവര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല. 2023 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ല. 17 പേരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്.

ഇതോടെ സ്പീക്കര്‍ ഒഴികെ 207 പേരാണ് കര്‍ണാടക നിയമസഭയില്‍ ഉള്ളത്. വിശ്വാസവോട്ട് ജയിക്കാന്‍ 104 എംഎല്‍എമാരുടെ പിന്തുണ വേണം. ബിജെപിയ്ക്ക് നിലവില്‍ 105 എംഎല്‍എമാരുണ്ട്. ഒരു സ്വതന്ത്രനും പിന്തുണച്ചേക്കും. അതിനാല്‍ യെദ്യൂരപ്പ സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പ് ജയിക്കാന്‍ നിലവില്‍ ഭീഷണിയൊന്നുമില്ല. അയോഗ്യരാക്കിയ എംഎല്‍എമാരുടെ മണ്ഡലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പാകും ഇനി നിര്‍ണായകമാകുക.

Print Friendly, PDF & Email

Related News

Leave a Comment