Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ – 14): അബൂതി

July 29, 2019

adhyayam 14 bannerഎന്താ ഒന്നും മിണ്ടാത്തത് എന്ന അയാളുടെ ചോദ്യത്തിന് വളരെ വിഷമത്തോടെ എനിക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് മറുപടി പറഞ്ഞു. അയാള്‍ ചുഴിഞ്ഞ് നോക്കിക്കൊണ്ട് എത്ര വരെ പഠിച്ചിട്ടുണ്ട് എന്ന് ചോദിച്ചപ്പോള്‍, വിക്കലോടെ പത്ത് വരെ എന്ന് പറഞ്ഞു.

എന്‍റെ ഉള്ള് ഉരുകുന്നുണ്ടായിരുന്നു. പത്തില്‍ തോറ്റോ എന്നയാള്‍ ചോദിച്ചപ്പോള്‍ വേഗം തല കുലുക്കി. എന്നാലും പിന്നെയും എന്തേ ശ്രമിക്കാഞ്ഞു എന്ന് ചോദിച്ചപ്പോള്‍, നിറഞ്ഞ കണ്ണുകളോടെ എന്താണ് പറയേണ്ടത് എന്നാലോചിച്ച് ഒരല്പ നേരം മിണ്ടാതിരുന്നു. പിന്നെ മനഃപൂര്‍വ്വം ഒരു കള്ളം പറഞ്ഞു. ‘അച്ഛന്‍ മരിച്ചുപോയി.’

ആ.. സോറി.. ആ മുഖത്തൊരു കരുണയുടെ മിന്നലാട്ടമുണ്ടായി. വീട്ടിലാരൊക്കെയുണ്ട് എന്ന ചോദ്യത്തിന് അമ്മയും അനിയത്തിയും എന്ന് മാത്രം പറയുമ്പോള്‍ നെഞ്ച് പൊടിയുന്നുണ്ടായിരുന്നു. സിദ്ധുവിന്‍റെ കാര്യം ഒന്നും പറയാനാവാതെ എന്‍റെ ഉള്ളില്‍ സങ്കടത്തിന്‍റെ കടലിരുമ്പി. ഇതിനു മുന്‍പ് എവിടെയെങ്കിലും എന്തെങ്കിലും ജോലി ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് വീട്ടുവേലക്കാരിയായി ചിലയിടങ്ങളില്‍ നിന്നിട്ടുണ്ട് എന്ന് പറഞ്ഞു. ഒരുപാട് നേരം അയാള്‍ പിന്നെയൊന്നും പറയാതെ എന്നെയും നോക്കിയിരുന്നു. എനിക്കാണെങ്കില്‍ തണുപ്പും പരവേശവും കാരണം നല്ല പോലെ വിറക്കുന്നുണ്ടായിരുന്നു.

‘ഇവിടെയിപ്പോള്‍ ഇയാള്‍ക്ക് പറ്റിയ ജോലിയൊന്നും ഒഴിവില്ല.’

അയാള്‍ പറഞ്ഞു തടുങ്ങിയപ്പോള്‍, കടുത്ത നിരാശയില്‍ ഞാന്‍ വെറുതെ തല കുലുക്കുക മാത്രം ചെയ്തു. എന്നാലിനി പോയേക്കാം എന്ന് തോന്നി ഇരിപ്പിടത്തില്‍ നിന്നും എഴുനേല്‍ക്കാന്‍ തുടങ്ങുമ്പോഴാണ് അയാള്‍ തുടര്‍ന്ന് പറഞ്ഞത്.

‘ഞാന്‍ ഫാദറിനോടൊന്ന് ചോദിക്കട്ടെ… അദ്ദേഹമാണ് ഈ വക കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. ഒരു കാര്യം ചെയ്യൂ. മൂന്ന് ദിവസം കഴിഞ്ഞ് എന്നെ വന്ന് കാണൂ.’

ഉള്ളൊന്ന് തണുത്തു. ഉറപ്പില്ലെങ്കിലും ഒരു പ്രതീക്ഷയുണ്ടല്ലോ. എഴുന്നേറ്റ് തിരിഞ്ഞു നടക്കാന്നേരം പിറകില്‍ നിന്നെന്നെ വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ ചുണ്ടിലൊരു ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു..

‘ഇനി വരുമ്പോള്‍ ഇങ്ങിനെ വിയര്‍ത്തു കുളിച്ച് വരാതെ നോക്കണം, ട്ടോ. പെണ്‍കുട്ടികളെ ഇങ്ങിനെ കാണുന്നത് എനിക്ക് വലിയ പ്രയാസമാണ്..’

അയ്യട എന്നായിപ്പോയി ഞാന്‍. പ്രകാശമില്ലാത്തൊരു പുഞ്ചിരി അയാള്‍ക്ക് നല്‍കി തിരിഞ്ഞു നടക്കുമ്പോള്‍, അയാളെന്താ അങ്ങിനെ പറഞ്ഞത് എന്നൊരാലോചന എന്നെ വേട്ടയാടി. രണ്ടു ദിവസം രണ്ടു വര്‍ഷങ്ങള്‍ പോലെയായിരുന്നു. മൂന്നാം ദിവസം അതിരാവിലെ തന്നെ ഞാന്‍ ആശുപത്രിയിലെത്തി. എം‌ഡി വന്നത് പത്തു മണിയെങ്കിലും ആയപ്പോഴാണ്. എന്നെ നോക്കി പുഞ്ചരിച്ച്, ഇരിക്കാന്‍ ആംഗ്യം കാണിച്ച് ക്യാബിനിന്‍റെ അകത്തേയ്ക്ക് പോയി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അകത്തേയ്ക്ക് വിളിച്ചു. മുഖവുരയൊന്നും കൂടാതെ പറഞ്ഞു…

‘വലിയ ശമ്പളമൊന്നും പ്രതീക്ഷിക്കണ്ട. ഇവിടെ വല്ല്യ അത്യാവശ്യമുണ്ടായിട്ടല്ല. അച്ഛനില്ലാത്ത ഒരു പെണ്‍കുട്ടി, അമ്മയ്ക്കും അനിയത്തിക്കും വേണ്ടി ജോലി ചെയ്യാന്‍ തയ്യാറാവുമ്പോള്‍, ഒരു സഹായമാകട്ടേ എന്ന് കരുതിയാണ്. ക്ലീനിംഗ് സെക്ഷനില്‍ ജോലി ചെയ്തോളൂ. ആഴ്ചയില്‍ എല്ലാ ദിവസവും ജോലി ഉണ്ടാവും. രാവിലെ എഴു മണിക്ക് ഇവിടെ എത്തണം. വെകുന്നേരം അഞ്ചു മണിക്ക് പോകാം. ഒരു നാലായിരം രൂപ ശമ്പളം കിട്ടും. സമ്മതമാണെങ്കില്‍ ഇപ്പോള്‍ പറയണം. അല്ലെങ്കില്‍ ഇയാള്‍ക്ക് പോകാം.’

എനിക്കെന്ത് ആലോചിക്കാന്‍. ഉടന്‍ തന്നെ സമ്മതമെന്ന് പറഞ്ഞു. അയാള്‍ ഫോണില്‍ വിളിച്ചപ്പോള്‍ അമ്പത് വയസ്സ് മതിക്കുന്ന ഒരു സ്ത്രീ വന്നു. ഞാന്‍ അവരുടെ കൂടെ പോയി. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ ജോലി ഒരു പ്രയാസമുള്ള പോലെ തോന്നിയെങ്കിലും പിന്നെ സുഖമായി. പേവാര്‍ഡിലെ റൂമുകള്‍ വൃത്തിയാക്കുകയായിരുന്നു എന്‍റെ പണി. അമ്മയ്ക്ക് വലിയ സന്തോഷമായിരുന്നു. ആദ്യത്തെ ശമ്പളം കിട്ടിയ അന്നാണ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്.

അടുത്ത മാസം സ്കൂള്‍ തുറക്കും. സിദ്ധുവിനെ സ്കൂളില്‍ ചേര്‍ക്കണം. നല്ല ഉടുപ്പൊന്നും ഇല്ല. ഒരു രണ്ടു കൂട്ടം ഡ്രസെടുക്കണം. വെകുന്നേരം ജോലിയൊക്കെ കഴിഞ്ഞു വന്ന് പട്ടണത്തിലേക്കൊന്ന് പോയി. അമ്മയും ശാരദക്കുട്ടിയും സിദ്ധുവും ഉണ്ടായിരുന്നു. ഒരു ചെറിയ തുണിക്കടയില്‍ കയറി അമ്മക്കും എനിക്കും ഓരോ നെറ്റിയും, ശാരദക്കുട്ടിക്കും, സിദ്ധുവിനും ഈരണ്ട് കൂട്ടം വീതവും എടുത്തു. എല്ലാം വില കുറഞ്ഞതായിരുന്നിട്ടും, എന്‍റെ കാഴ്ച്ചയില്‍ അതൊരു വലിയ ചിലവായിരുന്നു. തുണിക്കടയില്‍ നിന്നും പുറത്തേക്കിറങ്ങി വന്നപ്പോഴാണ്, എന്‍റെ സര്‍വ്വാംഗങ്ങളും തളര്‍ത്തിക്കൊണ്ട് മുന്നില്‍ മാനത്ത് നിന്നും പൊട്ടിവീണ പോലെ എം‌ഡി പ്രത്യക്ഷപ്പെട്ടത്. വെപ്രാളത്തില്‍ എന്ത് ചെയ്യേണ്ടൂ എന്നറിയാതെ കുഴങ്ങി നില്‍ക്കുന്ന എന്നെ നോക്കി പുഞ്ചിരിയോടെ എംഡി ചോദിച്ചു.

‘ആഹാ… അമ്മയെയും അനിയത്തിയേയും കൊണ്ട് ഷോപ്പിംഗിനിറങ്ങിയതാണോ? ഇതാരാ ഈ കുട്ടി…’

സിദ്ധുവിനെ നോക്കി അയാളത് ചോദിച്ചപ്പോള്‍ എന്‍റെ നാവിറങ്ങിപ്പോയി. ഭൂമി പിളര്‍ന്ന് ഞാനതിലേക്ക് ആണ്ടു പോയെങ്കിലെന്നാഗ്രഹിച്ചു നില്‍ക്കെ, ഒരല്പം കൊഞ്ചലോടെ എന്‍റെ കാലില്‍ കെട്ടിപ്പിടിച്ച് സിദ്ധു പറഞ്ഞു..

‘എന്‍റെ അമ്മയാ…’

രക്തം വറ്റി വിളറി വെളുത്ത മുഖവുമായി ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി. ആ മുഖം ആകെ ഇരുണ്ടിരുന്നു. ഒന്നും മിണ്ടാതെ അദ്ദേഹം പോയപ്പോള്‍, അതാരാണെന്ന് അമ്മ ചോദിച്ചു. ഹോസ്പിറ്റലിന്റെ എം‌ഡി ആണ് എന്ന് പറയുമ്പോള്‍ എന്‍റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു,

രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരു വിധം നേരം വെളുപ്പിച്ചു. രാവിലെ ആസ്പത്രിയിലെത്തി ജോലി ചെയ്ത് കൊണ്ടിരിക്കെ, എം‌ഡി വിളിക്കുന്നു എന്ന് അറ്റന്‍ഡര്‍ വന്നു പറഞ്ഞപ്പോള്‍ എന്‍റെ ചങ്കിടിക്കുന്നു ശബ്ദം ഇടിനാദം പോലെ ഉണ്ടായിരുന്നു. വിറച്ചുകൊണ്ടാണ് ആ കാമ്പിനിലേക്ക് കയറിച്ചെന്നത്. സ്വന്തം കസേരയിലേക്ക് ചാരി കണ്ണുകളടച്ച് എന്തോ ഗാഢമായ ആലോചനയിലായിരുന്നു അയാള്‍. കാല്‍പെരുമാറ്റം കേട്ട് കണ്ണ് തുറന്ന് ദഹിപ്പിക്കാനെന്ന വണ്ണം അയാളെന്നെ നോക്കി. പൂക്കുല പോലെ വിറച്ചു കൊണ്ട് ഞാനയാളുടെ മുന്‍പില്‍ നിന്നു.

അയാളെന്നെ ആപാദചൂഡം ഒന്ന് നോക്കി. ഞാനുരുകുകയായിരുന്നു. അവസാനം മുഖത്ത് നോക്കി അയാള്‍ ചോദിച്ചു..

‘എന്തിനാണ് കള്ളം പറഞ്ഞിവിടെ ജോലിക്ക് കയറിയത്?’

ഒരു കുടം ഉമിനീരിറക്കി ഞാന്‍ ചെറിയ വിക്കലോടെ പറഞ്ഞു..

‘ഞാന്‍.. ഞാന്‍.. കള്ളമൊന്നും പറഞ്ഞില്ല.. മോനുണ്ട് എന്ന് പറഞ്ഞില്ല എന്നെ ഉള്ളൂ…’

അയാള്‍ നിഷേധാര്‍ത്ഥത്തില്‍ തലവെട്ടിച്ചു.

‘കള്ളം.. പത്താം ക്ലാസില്‍ വച്ച് പഠിത്തം നിര്‍ത്തിയത് അച്ഛന്‍ മരിച്ചിട്ടാണ് എന്നല്ലേ പറഞ്ഞത്. കല്യാണം കഴിക്കാതെ ഒരു കുഞ്ഞുണ്ട് എന്ന കാര്യം മറച്ചു വെക്കുകയും ചെയ്തു. എന്താ നിന്‍റെ ഉദ്ദേശം?’

ദൈന്യതയോടെ ഞാന്‍ ചോദിച്ചു…

‘എന്ത് ഉദ്ദേശം സാര്‍…. ജീവിക്കാനൊരു ജോലി വേണം… വേറെന്താ.. ഒരു കുഞ്ഞുണ്ട് എന്ന് ഞാനെങ്ങിനെയാ പറയുന്നത്.. അവന്‍റെ അച്ഛനെന്തേന്ന് ചോദിച്ചാ ഞാനെന്താ പറയേണ്ടത്… പത്താം ക്ലാസ്സില്‍ വച്ച് പഠിത്തം നിര്‍ത്തിയത് വയറ്റിലുണ്ടായിട്ടാണെന്ന് ഞാനെങ്ങിനെയാ സാറേ പറയുക.. ദയ കാട്ടണം സാറെ.. ഈ ജോലി ഉള്ളതോണ്ടാ വീട്ടില്‍ അടുപ്പ് പുകയുന്നത്…’

കണ്ണീരൊലിപ്പിച്ച് കൈകൂപ്പി ഞാനയാളുടെ മുന്‍പില്‍ നിന്നു. ഒന്നും മിണ്ടാതെ അയാള്‍ എന്നെ പിന്നെയും കുറെ നേരം നോക്കി. ആ നോട്ടം എന്നെ ചുട്ടു പൊളിക്കുന്നുണ്ടായിരുന്നു. അയാളുടെ മുന്‍പില്‍ പൂര്‍ണ നഗ്നയായി നില്‍ക്കുന്ന പോലെ. കുറെ നേരം അങ്ങിനെ എന്നെ നോക്കി ദഹിപ്പിച്ച് അയാള്‍ ചോദിച്ചു..

‘അപ്പൊ, നിനക്ക് നിന്‍റെ നാട്ടിലെ ഒരു പണക്കാരനുമായിചില ഇടപാടുണ്ടായിരുന്നല്ലോ? എന്ത് പറ്റി? അയാള്‍ക്ക് മടുത്തോ? കാദംബരി ടെക്സ്റ്റൈല്‍സിന്‍റെ ഓണറല്ലേ? അയാള്‍? രാജേട്ടന്‍.. ഉം… ഞാനറിയും…’

എന്‍റീശ്വരാ… ഇതെന്തൊരു പരീക്ഷണം… നോവിച്ച് നോവിച്ച് ജീവിതമേ നിനക്ക് കൊതി തീര്‍ന്നില്ലേ?.. ഞാനൊരു മരപ്പാവ പോലെ അയാളെ നോക്കിക്കൊണ്ടു നില്‍ക്കെ അയാള്‍ തുടര്‍ന്നു..

‘നോക്കണ്ട… എല്ലാം ഞാന്‍ അന്വേഷിച്ചറിഞ്ഞു… ഇനിയിപ്പോള്‍ ഞാനെന്താ വേണ്ടത്?’

ആ ചോദ്യം എന്‍റെ ഉള്ളില്‍ ഒരായിരം തവണ പ്രതിധ്വനിച്ചു.. ഇനിയിപ്പോള്‍ ഞാനെന്താ വേണ്ടത്? ആയിരം വണ്ടുകള്‍ മൂളിപ്പാറുന്ന ഹൂങ്കാര ശബ്ദത്തോടെ ആ ചോദ്യം എന്നില്‍ അലയടിച്ച് കൊണ്ടിരിക്കെ, എം‌ഡിയുടെ ശബ്ദം വിദൂരത്ത് നിന്നെന്നാവണം ഞാന്‍ കേട്ടു..

‘പോയി ജോലി ചെയ്തോളൂ. നാളെ ഒരു യാത്രയ്ക്ക് തയ്യാറായി വരണം. അച്ഛന് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിട്ടുണ്ട്.’

രാത്രി ഉറക്കം വരാതെ ഇരുട്ടിലേക്ക് തുറന്നു വച്ച മിഴികളുമായി കിടക്കവേ, കടുത്ത ആശയകുഴപ്പത്തിലെന്‍റെ മനസ്സ് നീറുകയായിരുന്നു. ഒരു കാര്യം എനിക്കുറപ്പായിരുന്നു. ഈ അലച്ചിലിനും ഓട്ടത്തിനും ഇങ്ങിനെയാണെങ്കില്‍ ഒരിക്കലും ഒരു അന്ത്യമുണ്ടാവില്ല. ഒരു വൃത്തത്തിന്‍റെ അകത്ത് കിടന്നാണ് ഞാനോടുന്നത്. ഞാനിതിന്‍റെ അകത്ത് കിടന്ന് ചുറ്റിത്തിരിഞ്ഞ് തീരുകയേ ഉള്ളൂ. അതല്ലെങ്കില്‍ ആ ഓട്ടം നിര്‍ത്തണം. ജീവിതത്തെ, അത് പോകുന്ന വഴിക്ക് തുറന്നു വിടണം.

നാളെ എന്തിനാണ് എം‌ഡിയുടെ അച്ഛന്‍ എന്നെ കാണണം എന്ന് പറഞ്ഞത്? ചീത്ത ഉദ്ദേശത്തോടെ ഏതെങ്കിലും മകന്‍ ഒരു പെണ്ണിനെ അച്ഛന്‍റെ മുന്‍പിലേക്ക് പറഞ്ഞയക്കുമോ? അറിയില്ല. എനിക്കിപ്പോള്‍ ഈ ലോകത്തെ തീരെ മനസ്സിലാകാത്ത പോലെയാണ്. ഇവിടത്തെ മനുഷ്യരെയും.

നേരം വെളുത്തപ്പോള്‍ അമ്മയോട് കാര്യമൊക്കെ പറഞ്ഞു. അമ്മയുടെ പരിഭ്രമത്തിന് അതിരില്ലായിരുന്നു. പാപി ചെല്ലുന്നിടമെല്ലാം പാതാളമാണല്ലോ എന്നമ്മ പരിഭവം പറഞ്ഞു. പ്രത്യേകിച്ചൊരു തയ്യാറെടുപ്പുമില്ലാതെ തന്നെയാണ് ആശുപത്രിയിലെത്തിയത്. പതിവ് പോലെ ജോലി തുടങ്ങുകയും ചെയ്തു. എന്നാല്‍ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പത്തു പതിനേഴ് വയസ്സ് തോന്നിക്കുന്ന ഒരു ചെറുക്കന്‍ വന്നു. വല്ല്യ മുതലാളിയുടെ അങ്ങോട്ട് എന്നെ കൊണ്ട് പോകാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ കൂടെ പോവുകയല്ലാതെ എനിക്ക് നിവര്‍ത്തിയുണ്ടായിരുന്നില്ല.

പോകുന്ന പോക്കില്‍ അവനെന്‍റെ പേര് ചോദിച്ചു. പേര് പറഞ്ഞപ്പോള്‍ സ്വയം പരിചയപ്പെടുത്തി. ബാബു എന്നാണ് പേര്. വല്ല്യ മുതലാളിയുടെ ആശ്രിതനാണ്. അവനൊരോന്ന് സംസാരിച്ച് കൊണ്ടിരുന്നു. തിരിച്ചൊന്നും പറയാതെ എല്ലാം കേട്ട് കൊണ്ടിരിക്കെ, വാക്കുകള്‍ക്കിടയില്‍ നിന്നും എനിക്ക് ചില കാര്യങ്ങള്‍ മനസ്സിലായി.

ബാബു വല്ല്യ മുതലാളി എന്ന് വിളിക്കുന്ന എം‌ഡിയുടെ അച്ഛന് അറുപത് വയസിന്‍റെ മേലെയുണ്ട്. ഭാര്യ ഇല്ല. മക്കളോടൊപ്പമല്ല, ഒറ്റയ്ക്കാണ് താമസം. ബാബുവിന്‍റെ വാക്കുകളില്‍ അയാള്‍ നല്ലൊരു മനുഷ്യനാണ്. ആശ്രിത വത്സലന്‍. അയാള്‍ക്ക് ഒരു പരിചാരികയെ വേണം പോലും. സുന്ദരിയായ സ്ത്രീകള്‍ വല്ല്യ മുതലാളിയുടെ വീക്ക്നസ് ആണതെ. ഒരു സ്ത്രീലമ്പടന്‍റെ മുന്നിലേക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോള്‍, എന്‍റെ ചുണ്ടുകള്‍ കോടിപ്പോയി. പാപി ചെല്ലുന്നിടം പാതാളമല്ല, നരകമാണ്.. നരകം.

നഗരത്തിലെ ആ വീട്ടിലെത്തിയപ്പോള്‍ ഉച്ചയായിരുന്നു. നല്ല പോലെ വിശക്കുന്നുണ്ട്. ഒഴിഞ്ഞ വയറുമായി ഓടുന്ന വാഹനത്തിലിരുന്നിട്ടാണെന്ന് തോന്നുന്നു, നല്ല പോലെ ഛര്‍ദിക്കാന്‍ വരുന്നുണ്ടായിരുന്നു. ആകെ കൂടി ഒരു വല്ലാത്ത അവസ്ഥ. വാതില്‍ തുറന്നു തന്നത് പ്രായമായ ഒരാളാണ്. വേഷഭൂഷാദികള്‍ കണ്ടപ്പോള്‍ ഒരു കാര്യം തീര്‍ച്ചയായിരുന്നു. അതല്ല എം ഡിയുടെ അച്ഛന്‍. ഒരു കുശിനിക്കാരന്‍റെ വേഷം. അകത്ത് കയറിയിരിക്കാന്‍ പറഞ്ഞിട്ട് അയാള്‍ പോയി. അല്പസമയത്തിനകം അയാള്‍ വന്നത് നല്ല തണുത്ത ജ്യൂസുമായാണ്. ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്തു. അത്രയ്ക്കുണ്ടായിരുന്നു പരവേശം.

അല്പസമയം കഴിഞ്ഞപ്പോള്‍ എം ഡി യുടെ അച്ഛന്‍ വന്നു. ആഢ്യനായ ഒരു മനുഷ്യന്‍. കണ്ടപ്പോള്‍ അറിയാതെ എഴുനേറ്റു പോയി. തീഷ്ണമായ കണ്ണുകള്‍ കൊണ്ട് അയാളെന്നെ അളന്നെടുക്കുകയാണെന്ന് തോന്നുന്നു. ഇരിക്കാന്‍ ആംഗ്യ കാണിച്ച് കൊണ്ട് എന്‍റെ നേരെ മുന്‍പിലെ സോഫയില്‍ അയാളിരുന്നു. കുറെ നേരം എന്നെ ചൂഴ്ന്നു നോക്കിയതില്‍ പിന്നെ ഗാംഭീര്യത്തോടെ സംസാരിച്ച് തുടങ്ങി. കുറെ കാര്യങ്ങള്‍ ചോദിച്ചു. കുറെ കാര്യങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ എനിക്ക് കാര്യങ്ങള്‍ വ്യക്തമായിത്തുടങ്ങി.

നാല് മക്കളുണ്ടായിട്ടും അദ്ദേഹം ഒറ്റയ്ക്ക് കഴിയുന്നത് മക്കളൊന്നും തിരിഞ്ഞു നോക്കാത്തത് കൊണ്ടല്ല. തന്നിഷ്ടത്തിനായിരുന്നു. താനാഗ്രഹിക്കുന്ന സ്വന്തന്ത്ര്യം തനിക്ക് വേണം എന്നുള്ളത് കൊണ്ട്. അദ്ദേഹത്തിന് കൂടെ നിന്ന് പരിചരിക്കാന്‍ തയ്യാറുള്ള ഒരു പെണ്‍കുട്ടിയെ വേണം. അധികം വയസ്സാകാത്ത ഒരുവള്‍. എം ഡി പറഞ്ഞിട്ടാണെന്ന് തോന്നുന്നു. എന്‍റെ സകല കാര്യങ്ങളും അദ്ദേഹത്തിനറിയാം. അങ്ങിനെ അറിഞ്ഞപ്പോള്‍, എന്നാല്‍ പിന്നെ അവളിവിടെ വന്നു നിന്നോട്ടെ എന്ന് പറഞ്ഞത് അദ്ദേഹമാണ്.

ഒരു കാര്യത്തില്‍ അദ്ദേഹം എന്നെ ആകര്‍ഷിച്ചു. സ്നേഹമോ സഹതാപമോ നടിച്ച് കാര്യം കാണാന്‍ നോക്കിയില്ല എന്നത് ഒരു സ്വഭാവ മേന്മയായിട്ടു തന്നെയാണ് തോന്നിയത്. കൈപ്പാട്ടിലേക്കെത്തുവോളം ചിരിച്ചു കാണിക്കുന്ന ആട്ടിന്‍ തോലിട്ട ചെന്നായയെക്കാള്‍ നല്ലത്, ആദ്യമേ തേറ്റ കാട്ടിത്തരുന്ന അസ്സല്‍ ചെന്നായ തന്നെയാണ്. ഓടിരക്ഷപ്പെടേണ്ടവര്‍ക്ക് അതിനുള്ള അവസരമെങ്കിലും കിട്ടുമല്ലോ. എന്നാല്‍, ഇനി എനിക്ക് ഓടാന്‍ വയ്യായിരുന്നു. അല്ലെങ്കിലും ഇനി എങ്ങോട്ടാണ് ഞാന്‍ ഓടേണ്ടത്? എനിക്ക് ചുറ്റുമുള്ള ഈ ലോകം, എനിക്കിപ്പോള്‍ ഏകദേശം മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. വിഢികളുടെ ദിവാസ്വപ്നം ഞാനിപ്പോള്‍ കാണാറില്ല. ജീവിതത്തെ അതിന്‍റെ വഴിക്ക് തുറന്നു വിടുക. അത്രയേ ഇനി ചെയ്യാനുള്ളൂ.

തിരിച്ച് മടങ്ങുമ്പോള്‍ മനസ്സില്‍ കണക്കു കൂട്ടുകയായിരുന്നു. ഇനി എങ്ങിനെ ജീവിതം മുന്നോട്ട് കൊണ്ട് പോകണം എന്നതിനെ കുറിച്ച്. ഇനിയും ആ ഗ്രാമത്തില്‍ ഒരു അപശകുനമായി ഇങ്ങിനെ കഴിഞ്ഞാല്‍ നാളെ ശാരദക്കുട്ടിയുടെ ജീവിതം കൂടി ചീത്തയാവും. ഒരിക്കലും അതുണ്ടാകരുത്. നാളെ നഗരത്തിലേക്ക് തന്നെ തിരിച്ചു വരണം. അമ്മയോട് തല്‍ക്കാലം വയസ്സായ ഒരു മനുഷ്യനെ പരിചരിക്കാന്‍ നില്‍ക്കുന്നു എന്ന് മാത്രം പറയാം. അല്ല. അങ്ങിനെ തന്നെയാണല്ലോ ജോലിയുടെ പുറന്തോട്. ആ പുറന്തോടിന്‍റെ ഉള്ളില്‍ വേവുന്ന അഗ്നിപര്‍വ്വതമാകുന്ന സത്യം തത്കാലം ഞാന്‍ മാത്രം അറിഞ്ഞാല്‍ മതി.

വിങ്ങിവിതുമ്പി നില്‍ക്കുന്ന അമ്മയോട് സിദ്ധുവിനെ നല്ലോണം നോക്കണം എന്ന് പറയുമ്പോള്‍, സത്യത്തില്‍ തൊണ്ടയിടറിയിട്ട് വാക്കുകള്‍ കിട്ടാതെ വിഷമിക്കുകയായിരുന്നു. ഇനി എപ്പോഴും ഇങ്ങോട്ട് വരാനൊന്നും പറ്റില്ല. ശാരദക്കുട്ടിയെ നല്ലോണം ശ്രദ്ധിക്കണം. അവളുടെ നിഴലിന് പോലും ഒരു കേടും പറ്റാതെ നോക്കണം. അമ്മ മുന്‍പ് എന്നോട് പറയാറുണ്ടായിരുന്ന പോലെ, ഈ മുറ്റത്തിന്‍റെ അപ്പുറം മുഴുവന്‍ ചെന്നായ്ക്കളാണ്. തക്കം പാര്‍ത്തിരിക്കുന്ന ചെന്നായ്ക്കള്‍. എന്‍റെ വിധി അവള്‍ക്കുണ്ടാവരുത്. അതിന് ഞാന്‍ ഈ വീട്ടിലെന്നല്ല, നാട്ടിലെ ഉണ്ടാവരുത്. കുറെ കഴിയുമ്പോള്‍ ഈ നാട്ടുകാരൊക്കെ എല്ലാം മറക്കും. എല്ലാ മാസവും ഞാന്‍ പണം അയച്ചു തരാം.

അമ്മ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. പോകണ്ട എന്ന് പറയാന്‍ പാവം അമ്മയ്ക്കാകുമായിരുന്നില്ല. പോകാതിരിക്കാന്‍ എനിക്കും. ഇത് രണ്ടും കല്പിച്ചുള്ള ഒരു പോക്കാണ്. അമ്മയ്ക്ക് ഒരു കാര്യത്തില്‍ സമാധാനമുണ്ടായിരുന്നു. ഞാന്‍ നല്ലൊരു ജോലിക്കാണ് പോകുന്നത് എന്ന സമാധാനം. അമ്മ അങ്ങിനെ ആശ്വസിക്കട്ടെ. വെയില്‍ ചൂട് പിടിക്കുന്നതിന്‍റെ മുന്‍പേ ഞാനിറങ്ങി. ഇടവഴി പിന്നിട്ട് നടന്നകലുമ്പോള്‍ ഞാനൊരിക്കലും തിരിഞ്ഞു നോക്കിയില്ല. നോക്കാനുള്ള ശക്തികിട്ടിയില്ല. റ്റാറ്റാ പറയുന്ന സിദ്ധുവിനെ പോലും തിരിഞ്ഞു നോക്കാതെ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഞാന്‍ എന്‍റെ ഗ്രാമത്തില്‍ നിന്നും നടന്നകലുമ്പോള്‍, ഒരു വേദനയുണ്ടായിരുന്നു നെഞ്ചില്‍. പൊരുതിയിട്ടും തോറ്റുപോയ ഒരു യോദ്ധാവിന്‍റെ വേദന.

ആശാരിക്കാവില്‍ നിന്നും ചൂളം കുത്തി വന്നൊരു കാറ്റ് ഞങ്ങള്‍ നാലുപേരുടെയും പതറിയ മുഖം തഴുകി പാടത്തേക്ക് ഒഴുകിപ്പോയി. അമ്മയുടെ കണ്ണുകയില്‍ ഊറിക്കൂടിയ നീര്‍തുള്ളികള്‍ വെരം പോലെ തിളങ്ങുന്നുണ്ടായിരുന്നു. പെയ്തു തോര്‍ന്നൊരു മഴയുടെ തിരുശേഷിപ്പുകള്‍ ഇലത്തുമ്പുകളില്‍ വെഡൂര്യം ചാര്‍ത്തി നില്‍ക്കവേ, ഒരു നനഞ്ഞ നെടു വീര്‍പ്പോടെ ഞങ്ങള്‍ നടത്തം തുടങ്ങി. അത് നോക്കി നില്‍ക്കുന്ന അയല്‍വാസികളുടെ ഭാവം എന്താണെന്ന് തിരിച്ചറിയാന്‍ ഞങ്ങളാരും ശ്രമിച്ചതേയില്ല. ശ്രമിച്ചാലും ഞങ്ങള്‍ക്ക് അത് തിരിച്ചറിയാനാവുമായിരുന്നോ? അറിയില്ല.

ഈ ഗ്രാമം വിട്ട് ഞങ്ങളൊക്കെ ദൂരെ നഗരത്തിലേക്ക് ചേക്കേറുകയാണ്. വീടുപേക്ഷിച്ച് നഗരത്തിലേക്ക് പോരാന്‍ അമ്മയ്ക്ക് ഇഷ്ടമുണ്ടായിട്ടല്ല. ഞാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതൊരു പറിച്ചു നടലാണ്. മണ്ണില്‍ നിന്നും വേരുകള്‍ അടര്‍ത്തിയെടുക്കുമ്പോള്‍ ഹൃദയം വേദനിക്കുന്നുണ്ട്. ഓര്‍മ്മകള്‍ ചൂഴ്ന്ന് നില്‍ക്കുന്ന ഈ ഇടവഴിയിലേക്ക് ഇനിയൊരിക്കല്‍ കൂടി ഞങ്ങള്‍ തിരിച്ചു വരില്ലായിരിക്കും. നടന്നു തുടങ്ങിയപ്പോള്‍ ചില അയല്‍വാസികളൊക്കെ അടുത്തു വന്നു. യാത്ര പറഞ്ഞു. നഗരത്തില്‍ എനിക്കൊരു നല്ല ജോലി കിട്ടി. അവിടെ ഒരു കൊച്ചു വീട് വാടകയ്ക്കെടുത്ത ഞങ്ങള്‍ അങ്ങോട്ട് പോകുന്നു. അങ്ങിനെയാണ് അവരോടെല്ലാം പറഞ്ഞത്. ഭാഗ്യം കൊണ്ടാരും ജോലി എന്താണെന്ന് അന്വേഷിച്ചില്ല. മുന്‍വിധി കൊണ്ട് ജോലി എന്താണെന്ന് ചിലപ്പോള്‍ അവര്‍ ഊഹിച്ചിട്ടുണ്ടാവും.

ഇടവഴിയിലെ ഇല്ലിക്കൂട്ടത്തിന്‍റെ അടുത്തെത്തിയപ്പോള്‍ എനിക്കെന്തോ ഹൃദയം പൊടിഞ്ഞു പോവുന്ന പോലെ തോന്നി. എല്ലാ വേദനകളും ഇവിടെ ഉപേക്ഷിച്ച് പോകാനായെങ്കില്‍ എന്ന് വെറുതെ ആശിച്ചു. ഇടവഴിയുടെ അങ്ങേയറ്റത്ത്, ബാബു കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ കൂടി ചുറ്റിലും ഒന്ന് കണ്ണോടിച്ചു. കണ്ണുകള്‍ ആരെയോ തേടുകയാണ്. മരിച്ചു മണ്ണിലടിഞ്ഞാലും മനസ്സില്‍ പിന്നെയും മയില്‍ പീലിയാട്ടുന്നു ചില കള്ള മോഹങ്ങള്‍.

വല്ല്യ മുതലാളിയാണ് നഗരത്തിലേക്ക് ഒരു പറിച്ചു നടല്‍ ശാരദക്കുട്ടിയുടെയും സിദ്ധുവിന്‍റെയും ജീവിതത്തിന് നന്നായിരിക്കും എന്ന് പറഞ്ഞത്. ബാബു മുന്‍പ് പറഞ്ഞ പോലെ അദ്ദേഹം ഒരു ആശ്രിത വത്സലനായിരുന്നു. അദ്ദേഹം എന്താണെന്നും, അദ്ദേഹത്തിന്‍റെ ആവശ്യമെന്താണെന്നും എനിക്ക് വളരെ വേഗം മനസ്സിലായി. വെറും ശരീരത്തിനോട് മാത്രമുള്ള ഒരു മോഹമല്ല അദ്ദേഹത്തിനുണ്ടായിരുന്നത്. അതിന്‍റെയും അപ്പുറത്ത് വേറെ പലതുമായിരുന്നു. ഏറെക്കഴിയാതെ എന്‍റെ കഥകളൊക്കെ അദ്ദേഹം എന്നില്‍ നിന്നും ചൂഴ്ന്നെടുത്തു. നാട്ടുകാരിലാരോക്കെയോ എം ഡിയ്ക്ക് പറഞ്ഞു കൊടുത്ത നിറം പിടിപ്പിച്ച കഥകളല്ല. ഞാനെന്ന പച്ചയായ പെണ്ണിന്‍റെ കഥ.

സിദ്ധുവിനെ സ്കൂളില്‍ ചേര്‍ക്കാന്‍ സമയമായിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹമാണ് പറഞ്ഞത്, നഗരത്തിലെ കൊള്ളാവുന്ന ഒരു സ്കൂളില്‍ അവനെ ചേര്‍ക്കാന്‍. എല്ലാ സൗകര്യങ്ങളും അദ്ദേഹം ചെയ്തുതരാമെന്നും പറഞ്ഞു. കൂട്ടത്തില്‍ ശാരദക്കുട്ടിയെയും അമ്മയെയുമൊക്കെ നഗരത്തിലേക്ക് കൊണ്ട് വരാനും. നഗരത്തിലെ മെച്ചപ്പെട്ട സ്കൂളില്‍ തന്നെ ശാരദക്കുട്ടിക്കും പഠിക്കാമല്ലോ. അങ്ങിനെ ഒരു വാടക വീട് തരപ്പെടുത്തി. ശാരദക്കുട്ടിയുടെ ടിസി വാങ്ങി. അമ്മയോട് പറഞ്ഞു. നമ്മുടെ ഭൂതകാലത്തിന്‍റെ നിഴല്‍ പോലുമില്ലാത്ത ഒരിടത്ത് അവര്‍ വളരട്ടെ എന്ന്. അങ്ങിനെയാണ് ഞങ്ങള്‍ ഗ്രാമം വിട്ട് നഗരത്തിലേക്ക് ചേക്കേറിയത്.

ആറു വര്‍ഷങ്ങള്‍. എത്ര പെട്ടെന്ന് കടന്നു പോയി. അപ്പോഴാണ് ആ വലിയ തണല്‍മരം ഞങ്ങളെ വിട്ടു പോയത്. അത് വരെ ഞങ്ങളൊരുമിച്ച് തന്നെയായിരുന്നു. ഞാന്‍ വല്ലപ്പോഴും വാടക വീട്ടിലേക്ക് പോവും. മാസത്തില്‍ ഒന്നോ രണ്ടോ തവണ. ചെന്നാല്‍ പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി സിനിമയ്ക്ക് പോകും, ഷോപ്പിംഗിന് പോകും. എല്ലാവരും വലിയ സന്തോഷത്തില്‍ തന്നെയായിരുന്നു. അന്ന് വന്നതില്‍ പിന്നെ, ഗ്രാമത്തിലേക്ക് ഞങ്ങളാരും പോയിട്ടേ ഇല്ല. അമ്മ മാത്രം ചിതല്‍ തിന്നു തീര്‍ത്തിരിക്കാവുന്ന വീടിനെക്കുറിച്ചും അച്ചന്‍റെ ഓര്‍മകളെ കുറിച്ചോര്‍ത്തും ഇടയ്ക്കിടയ്ക്ക് കണ്ണീര്‍ വര്‍ക്കാറുണ്ടായിരുന്നു. ഇനിയെന്നെങ്കിലും അങ്ങോട്ടേക്ക് തിരിച്ചു പോകാനാവുമോ എന്നമ്മ ചോദിക്കാറുണ്ടായിരുന്നു.

വല്ല്യ മുതലാളിയുടെ മരണശേഷം ഞാനും ബാബുവും ആ വലിയ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നു. എങ്ങോട്ടാ പോവേണ്ടത് എന്ന് ചോദിച്ച ബാബുവിനോട് എനിക്കൊരു കൊച്ചു വാടക വീട് വേണം എന്നാണ് പറഞ്ഞത്. അതിന് പ്രയാസമുണ്ടായില്ല. എന്തെ, വീട്ടിലേക്ക് പൊയ്ക്കൂടേ എന്ന് ചോദിച്ചപ്പോള്‍, എന്നിട്ടെന്തിനാ, പിന്നെയും പഴയ പോലെ ആധി തിന്നാനോ എന്നായിരുന്നു എന്‍റെ ചോദ്യം. ഇത്രയും കാലം ഞാന്‍ ചെയ്തു കൊണ്ടിരുന്നത് മഹനീയമായ ഒരു ജോലിയൊന്നുമായിരുന്നില്ലല്ലോ. ചില വഴികളിലേക്ക് നമ്മള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ തിരിച്ചു നടക്കുക സാധ്യമല്ല. ആകെ മുങ്ങിയാല്‍ പിന്നെ കുളിരറ്റല്ലോ. പഴയ പോലെ അല്ല. അമ്മയ്ക്ക് മരുന്ന് വേണം. സിദ്ധുവിനും ശാരദക്കുട്ടിക്കും പഠിക്കണം. നല്ല ചിലവാണ്. കൈയ്യില്‍ സമ്പാദ്യമൊന്നും അധികമില്ല. രണ്ടോ മൂന്നോ മാസം കഷ്ടിച്ച് കഴിഞ്ഞു കൂടാം.

ഗ്രാമം പോലെയല്ല, ഈ മഹാനഗരത്തില്‍ എനിക്ക് കുറേകൂടി സ്വകാര്യതയുണ്ടായിരുന്നു. നല്ല കാശുകാരായിരുന്നു എന്‍റെ കസ്റ്റമേഴ്സ്. ബാബു അത് വളരെ തഞ്ചത്തില്‍ കൈകാര്യം ചെയ്യും. എന്നാലും, ഇടയ്ക്കിടയ്ക്ക് എനിക്ക് വീടുകള്‍ മാറേണ്ടി വരും. എത്രയൊക്കെ നമ്മള്‍ സൂക്ഷിച്ചാലും, ആളുകള്‍ എങ്ങിനെയെങ്കിലും മണത്തറിയും, ജോലി എന്താണെന്ന്. ഈ സമൂഹം സ്ത്രീകളുടെ മേല്‍, പ്രത്യേകിച്ചും തനിച്ച് താമസിക്കുന്ന സ്ത്രീകളുടെ മേല്‍, വലിയൊരു ഭൂതക്കണ്ണാടി വച്ചിട്ടുണ്ട്. അവളുടെ ഒരോ ചലനവും അവര്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അതൊരിക്കലും അവളെ സംരക്ഷിക്കാനല്ല. ശിക്ഷിക്കാന്‍ ഒരു അവസരം കിട്ടുമോ എന്ന് നോക്കാനാണ്.

സിദ്ധു പത്തിലാണിപ്പോള്‍. അവനെ നല്ല നിലയില്‍ പഠിപ്പിക്കണം. ശാരദക്കുട്ടിയുടെ വിവാഹം കഴിഞ്ഞു. അവളിപ്പോള്‍ ഭര്‍ത്താവിന്‍റെ കൂടെയാണ്. ഇപ്പോഴും പഠിക്കുന്നുണ്ട്. ബിഎഡിന്. ഒരു ടീച്ചറാവുക എന്നതാണ് അവളുടെ സ്വപ്നം. നല്ലൊരു മനുഷ്യനാണ് അവളുടെ ഭര്‍ത്താവ്. അവിവാഹിതയായൊരു ചേച്ചിയുണ്ട്, ആ ചേച്ചിക്കൊരു കുഞ്ഞുമുണ്ട് എന്നറിഞ്ഞു കൊണ്ട് തന്നെ കെട്ടിയതാണ്. അത് മാത്രമേ അറിയൂ. തൊഴിലറിയില്ല. ഒരിക്കലും അറിയാതിരിക്കട്ടെ. ഇന്ന്, എനിക്കൊരുപാട് സന്തോഷമുണ്ട്. അവള്‍ക്ക് ഒരു നല്ല ജീവിതം കിട്ടിയല്ലോ. അമ്മയും സിദ്ധുവുമൊക്കെ സന്തോഷമായി ജീവിക്കുന്നുണ്ടല്ലോ. ചിലതൊക്കെ ചീയുമ്പോഴേ, മറ്റു ചിലതിനൊക്കെ നല്ല പോലെ വളരാനാവൂ.

അമ്മയ്ക്ക് പ്രായമായതിന്‍റെ അസുഖങ്ങള്‍ മാത്രമല്ല, ആ ഗ്രാമത്തിലേക്ക് തിരിച്ച് പോകണം എന്ന ആഗ്രഹവും, അത് സാധ്യമാകാത്തതിന്‍റെ വിഷമവും കൂടിയുണ്ട്. ശാരദക്കുട്ടിയുടെ കാര്യം കഴിഞ്ഞില്ലേ, ഇനിയിപ്പോള്‍ പേടിക്കാനൊന്നുമില്ലല്ലോ എന്ന് അമ്മ ഇടയ്ക്കിടയ്ക്ക് പറയും. ആ ഗ്രാമത്തില്‍ അച്ഛനില്ലാത്ത, ഒരു പിഴപ്പ് പെറ്റ മകനായി സിദ്ധു വളരേണ്ട എന്നായിരുന്നു എന്‍റെ തീരുമാനം. അവനറിയാം അവന്‍റെ അച്ഛനെ കുറിച്ച്. അവനതില്‍ വിഷമിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ എന്‍റെ അടുക്കല്‍ അവനത് ഇന്നോളം കാണിച്ചിട്ടില്ല. എന്തായാലും, അവനെ തന്തയില്ലാത്തവനെ എന്ന് വിളിക്കാന്‍ ആരുമില്ലാത്ത ഒരിടത്ത് ജീവിക്കുന്നതാണ് അവന് സുഖമായിരിക്കുക, എന്നെനിക്കറിയാം. എങ്കിലും എനിക്കും ഉള്ളിന്‍റെ ഉള്ളില്‍ ഗ്രാമത്തിലേക്ക് പോകാന്‍ ആഗ്രഹമുണ്ടായിരുന്നു. എത്രയൊക്കെയായാലും ഞാന്‍ പിച്ചവച്ചു നടന്നത് ആ ഇടവഴിയില്‍ കൂടിയല്ലേ?. ആഗ്രഹങ്ങളൊക്കെ വെറും ആഗ്രഹങ്ങള്‍ മാത്രമായി അവശേഷിക്കുന്നു.

ബാബുവിന് വയസ്സായ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ. ഈ നഗരത്തിന്‍റെ ഏതോ ഒരു പ്രാന്തപ്രദേശത്തെ കോളനിയിലാണ് വീട്. ഇപ്പോള്‍ പത്തിരുപത്തെട്ട് വയസ്സായിരിക്കുന്നു. ഒരിക്കല്‍ പോലും എന്‍റെ ശരീരം മോഹിച്ച ഒരു നോട്ടം പോലും അവനില്‍ നിന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. മാത്രമല്ല, എന്തിനും ഏതിനും അവനാണ് ഒരു കൂട്ട്. സഹായം. അമ്മ ഇടയ്ക്കിടയ്ക്ക് പറയാറുണ്ട്. ഒരാണ്‍കുട്ടിയില്ല എന്ന സങ്കടം അവനെ പരിചയപ്പെട്ടതില്‍ പിന്നെ ഉണ്ടായിട്ടില്ല എന്ന്. എനിക്കിപ്പോള്‍ ഒരാഗ്രഹമുണ്ട്. അവന്‍റെ പെണ്ണിനെ ആരതിയുഴിഞ്ഞ്, അവന്‍റെ വീട്ടിലേക്ക് കൈപിടിച്ച് കയറ്റുന്നത് ഞാനാവണം. അതിനുള്ള സ്വാതന്ത്ര്യം അവനെനിക്ക് നല്‍കുമോ ആവൊ? ചെക്കന് കല്യാണം കഴിക്കാനൊക്കെ ഉള്ള പ്രായമായി. അത് പറയുമ്പോഴേക്കും നാണമാവും ചെക്കന്.

ഇതാണ് ഞാന്‍. ഒരു ഗ്രാമത്തിലെ നാടന്‍ പെണ്‍കുട്ടിയായി ജനിച്ചിട്ടും, ജീവിതത്തിന്‍റെ ഇരുണ്ടൊരു കോണിലൂടെ, ഗ്രാമത്തിന്‍റെ തണ്ണീര്‍ തടങ്ങളില്‍ നിന്നും, നഗരത്തിലെ വരണ്ട ചില്ലയിലേക്ക് ചേക്കേറേണ്ടി വന്നവള്‍. ശരീരം എത്ര ശക്തിയായി കുടഞ്ഞിട്ടും, കൈകാലിട്ടടിച്ചിട്ടും, ശരീരത്തില്‍ പറ്റിയ ഒരു വൃത്തികെട്ട പുഴു പോലെ എന്‍റെ ദുര്‍വിധി എന്നിലേക്ക് പറ്റിച്ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. ഇവിടെ ഇരുട്ടിന്‍റെ മറവില്‍, അപരിചിതരായ ആളുകള്‍ക്ക് എന്‍റെ ശരീരത്തിന്‍റെ ചൂരും ചൂടും വിറ്റ് ജീവിക്കുന്നു. തിരഞ്ഞെടുക്കാന്‍ ഇതല്ലാതെ എനിക്കുണ്ടായിരുന്നത് മരണമോ, അതല്ലെങ്കില്‍ ശാരദക്കുട്ടിയെ പോലും വേട്ടയാടി ഇല്ലാതാക്കുമായിരുന്ന ഒരു ദുരന്ത ജീവിതമോ ആണ്. വേശ്യയ്ക്ക് ചാരിത്ര്യമേ ഇല്ലാതുള്ളൂ. തുടിക്കുന്ന നെഞ്ചും, ആളുന്ന വയറും ഞങ്ങള്‍ക്കും ഞങ്ങളുടെ ആശ്രിതര്‍ക്കുമുണ്ട്. കല്ലെറിയാന്‍ ഓങ്ങി നില്‍ക്കുന്നവരൊക്കെ ഒരവസരം കിട്ടിയാല്‍ ആ കല്ലുപേക്ഷിച്ച്, ഞങ്ങളുടെ അടുത്തേയ്ക്ക് ഓടിവരും. ഈ ഇരുട്ടില്‍ ഞങ്ങളെത്രയോ പകല്‍മാന്യന്മാരെ കാണുന്നു. എത്രയോ ആഭാസന്മാരെ കാണുന്നു.

തുടരും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top