കേരളത്തില്‍ കിഡ്‌നി രോഗബാധിതര്‍ക്കു തണലേകി ഷിക്കാഗോ റോട്ടറി ക്ലബ് ഓഫ് നൈല്‍സ്

rotഷിക്കാഗോ: കേരളത്തില്‍ കിഡ്‌നി രോഗാരംഭമുള്ളവരെ തേടി കണ്ടുപിടിച്ച് രോഗത്തെ പ്രതിരോധിക്കുവാനുള്ള സംവിധാനങ്ങളും സംരക്ഷണവുമേകി ശ്രദ്ധേയമാവുകയാണ് റോട്ടറി ഇന്റര്‍നാഷണലിന്റെ ശാഖയായ ഷിക്കാഗോയിലെ റോട്ടറി ക്ലബ് ഓഫ് നൈല്‍സ്. കേരളീയര്‍ മാത്രം അംഗങ്ങളായുള്ള നൈല്‍സ് ക്ലബിന്റെ കമ്മ്യൂണിറ്റി സര്‍വ്വീസിന്റെ ഭാഗമായി ആരംഭം കുറിച്ച സേവ് കിഡ്‌നി സേവ് ലൈവ്‌സ് എന്ന പ്രോജക്ട് ആണ് ഇക്കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ നാട്ടില്‍ പ്രാവര്‍ത്തികമാക്കി കൊണ്ടിരിക്കുന്നത്.

എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മൊബൈല്‍ ലാബ് സംവിധാനവും വിദഗ്ധ മെഡിക്കല്‍ ടീമിനെയും ഉള്‍പ്പെടുത്തി കേരളത്തിലാകമാനം കിഡ്‌നി രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാംപുകളും ബോധവല്‍ക്കരണ സെമിനാറുകളും സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതിനോടകം 53 ക്യാംപുകളിലൂടെ പതിനായിരത്തോളം ആളുകളുടെ രക്തമൂത്ര പരിശോധന നടത്തിയപ്പോള്‍ 182 പേര്‍ക്കാണ് ക്രോണിക് കിഡ്‌നി രോഗാരംഭമുള്ളതായി കണ്ടുപിടിച്ചത്.

ഇവര്‍ക്ക് ചികിത്സാ സംവിധാനങ്ങളൊരുക്കിയും രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങളിലൂടെയും രോഗം കൂടുതല്‍ സങ്കീര്‍ണ്ണമാകാതെ ഇവരെ രക്ഷപ്പെടുത്തുവാന്‍ സാധിച്ചു. അല്ലായിരുന്നുവെങ്കില്‍ ഈ 182 പേരും ഒരു വര്‍ഷത്തിനുള്ളില്‍ രോഗം മൂര്‍ച്ഛിച്ച് സമ്പൂര്‍ണ്ണ കിഡ്‌നി രോഗികളായി തീര്‍ന്ന് ലക്ഷങ്ങള്‍ ചെലവു വരുന്ന ഡയാലിസിസും കിഡ്‌നി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയരാകുന്ന ദുരിതാവസ്ഥയിലെത്തുമായിരുന്നു. അതുകൊണ്ടാണ് കിഡ്‌നി രോഗത്തെ ആരംഭത്തിലെ തന്നെ തിരിച്ചറിഞ്ഞ് കണ്ടുപിടിച്ച് പ്രതിരോധിക്കുക എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ നൈല്‍സ് റോട്ടറി ക്ലബ് ഈ പദ്ധതി ആവിഷ്കരിച്ചത്. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും പാലാ പീറ്റര്‍ ഫൗണ്ടേഷന്റെയും റോട്ടറി ക്ലബ് ഓഫ് പാലായുടെയും സഹകരണവുമുണ്ട്.

മനുഷ്യ നന്മ ലക്ഷ്യമാക്കിയുള്ള നൈല്‍സ് റോട്ടറി ക്ലബിന്റെ വേറിട്ട സേവനങ്ങള്‍ ഏറെ മഹത്വരവും നാടിനു തന്നെ മാതൃകയുമാണെന്ന് റോട്ടറി ഇന്റര്‍നാഷണല്‍ ഗവര്‍ണര്‍ സൂസന്ന ഗിപ്‌സണ്‍, കോട്ടയം ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു, പാലാ രൂപതാ സഹായമെത്രാന്‍ കിഡ്‌നി ദാതാവുമായ മാര്‍ ജേക്കബ് മുരിക്കന്‍, പാര്‍ലമെന്റ് അംഗം തോമസ് ചാഴികാടന്‍, കേരളാ റോട്ടറി ഗവര്‍ണര്‍ ഡോ. തോമസ് വാവാനിക്കുന്നേല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കാരിത്താസ് ആശുപത്രി മുന്‍ ഡയറക്ടര്‍ ഫാ. തോമസ് ആനിമൂട്ടില്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.

പൊലീസ് സ്റ്റേഷനുകള്‍ കളക്ടറേറ്റ് കാര്യാലയങ്ങള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, ആരാധനാലയങ്ങള്‍, ബസ്സ് സ്റ്റേഷനുകള്‍, ഇലക്ട്രിസിറ്റി ഓഫിസുകള്‍, അംഗപരിമിതിക്കാര്‍, ചുമട്ടുതൊഴിലാളികള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ക്യാംപുകള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. നൈല്‍സ് ക്ലബ് അംഗങ്ങളുടെ നിസ്വാര്‍ത്ഥ സഹകരണം കൊണ്ടുമാത്രമാണ് ജനങ്ങള്‍ക്ക് ഏറെ പ്രയോജനമാകുന്ന ഈ പദ്ധതി നാട്ടില്‍ വിപുലമായി പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കുന്നതെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.

rot1 rot2 rot3

Print Friendly, PDF & Email

Related News

Leave a Comment