തിരുവനന്തപുരം: സസ്പെന്‍ഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസിനെതിരെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജേക്കബ് തോമസ് ആര്‍എസ്എസുകാരനാണെന്നും അതുകൊണ്ട് ഡിജിപി സ്ഥാനം നല്‍കുന്നത് ആലോചിക്കണമെന്നും കോടിയേരി വ്യക്തമാക്കി. കേന്ദ്ര ട്രൈബ്യുണൽ വിധിക്കെതിരെ സർക്കാർ തുടർനടപടിയുമായി മുന്നോട്ട് പോകണമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. തുടര്‍ച്ചയായ സസ്പെന്ഷന് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സസ്പെന്ഷന് സംബന്ധിച്ച് കൃത്യമായ കാരണം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
ന്യായീകരിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥനെ എങ്ങനെ ഇത്രകാലം അകാരണമായി സര്‍വീസില്‍നിന്ന് മാറ്റിനിര്ത്താനാവുമെന്നും ട്രിബ്യൂണല്‍ ചോദിച്ചു.
സര്‍വീസിലിരിക്കെ അനുമതിയില്ലാതെ പുസ്തകം എഴുതിയെന്നും സര്‍ക്കാര്‍നയങ്ങളെ വിമര്‍ശിച്ചെന്നും പറഞ്ഞാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. സ്വയം വിരമിക്കലിന് അനുമതി തേടിയെങ്കിലും അതു നിഷേധിച്ചു. ചട്ടലംഘനത്തിന് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news