മരണത്തിന്‍റെ അര്‍ത്ഥങ്ങള്‍

maranathinte arthangal bannerഒരു ജീവിക്ക് സ്വന്തം മരണത്തിന് ഒരര്‍ത്ഥമേയുള്ളൂ. അതിന്‍റെ ജീവിതം അവസാനിച്ചു. മനുഷ്യന്‍റെ മരണവും അങ്ങനെ തന്നെ. മരിച്ചയാളുടെ കുടുംബത്തിനും ആ മരണത്തെ സംബന്ധിച്ചിടത്തോളം ഒരര്‍ത്ഥമേയുള്ളൂ. മരിച്ചയാള്‍ ഇനിയില്ല.

മരണം ഒഴിവാക്കാന്‍ കഴിയില്ലെന്ന് അറിയുന്നതിനാലാണ് നമ്മള്‍ അത് വൈകിപ്പിക്കാന്‍ നോക്കുന്നത്. എന്നെങ്കിലും മരിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് അതിനു മുമ്പായി നമ്മള്‍ പലതും ചെയ്തു വയ്ക്കുന്നത്. പ്രത്യേകിച്ച് നമ്മളെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് വേണ്ടി. അവര്‍ക്ക് തുടര്‍ന്നും ജീവിക്കാന്‍ വേണ്ടി. സമ്പാദ്യവും പെന്‍ഷനും ഒക്കെ ഇതിന്‍റെ ഭാഗം തന്നെ.

നല്ല വയസ്സായവര്‍ മരിക്കുമ്പോള്‍, അവര്‍ നമുക്ക് വളരെ വേണ്ടപ്പെട്ടവരല്ലെങ്കില്‍, സാധാരണഗതിയില്‍ വലിയ ദു:ഖമൊന്നും ഉണ്ടായെന്നുവരില്ല. അത് ഒരു യാഥാര്‍ത്ഥ്യമാണ്. അത്തരം മരണങ്ങള്‍ സംഭവിക്കുമ്പോഴാണ് അവര്‍ നരകിക്കാതെ രക്ഷപ്പെട്ടെന്നും സുഖമരണമെന്നും ഒക്കെ നമ്മള്‍ പറയുന്നത്. ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത കടുത്ത രോഗങ്ങളോ അവശതകളോ ബാധിച്ചവരും വളരെ നാള്‍ അബോധാവസ്ഥയില്‍ കഴിഞ്ഞവരുമൊക്കെ മരിക്കുമ്പോഴും നമ്മള്‍ ചിലപ്പോള്‍ ആശ്വസിക്കാറുണ്ട്. മരണം അവരെ യാതനകളില്‍ നിന്നും രക്ഷപെടുത്തിയെന്ന്.

lal sadasivanകുട്ടികളും ചെറുപ്പക്കാരുമൊക്കെ മരിക്കുമ്പോള്‍ സംഗതികള്‍ തികച്ചും വ്യത്യസ്തമാണ്. അപ്പോള്‍ നമുക്ക് കൂടുതല്‍ വേദനിക്കും. ഇനിയും എത്രയോ വര്‍ഷങ്ങള്‍ ജീവിക്കേണ്ടവര്‍ എന്നോര്‍ത്ത് സങ്കടപ്പെടും. അത്തരം അകാല മരണങ്ങള്‍ നേരിടുന്നത് ഏത് നാട്ടുകാരായാലും നമുക്ക് വിഷമമാകും, അതിനി നമ്മുടെ ‘ശത്രു’ രാജ്യത്തായാലും. മനുഷ്യന്‍ ലോകത്തെ മറ്റൊരു ജീവി മാത്രമാണെങ്കിലും നമ്മള്‍ നമ്മളെപ്പറ്റി തന്നെ പാടിപുകഴത്തുന്ന ഗുണഗണങ്ങളില്‍ ഒന്നാണിത്. മറ്റു മനുഷ്യരോട്, പ്രത്യേകിച്ചും കുട്ടികളോടും യുവാക്കളോടുമൊക്കെയുള്ള സ്നേഹവും അനുകമ്പയുമൊക്കെ.

മരണത്തോടുളള നമ്മുടെ സഹജമായ ഈ മനോഭാവം ഇല്ലാതാക്കാന്‍ നമ്മുടെ രാഷ്ട്രീയ ചിന്തകള്‍ക്കും മത ചിന്തകള്‍ക്കും കഴിയുന്നുണ്ടെങ്കില്‍ അവ രണ്ടും മനുഷ്യവിരുദ്ധമാണ്. അത്തരം മതചിന്തകളും രാഷ്ടീയവും മനുഷ്യരാശിക്ക് അപകടമാണ്. സംശയമില്ല. ഫേസ്ബുക്കിലൊക്കെ കാണുന്ന ചില ന്യായീകരണങ്ങള്‍ ലജ്ജയുണ്ടാക്കുന്നു. എങ്ങനെയാണ് കൊലപാതകങ്ങളെ ന്യായീകരിക്കാന്‍ കഴിയുക?

ഒരു എം.എല്‍.എ. ആക്രമിച്ചു കൊല്ലാന്‍ നോക്കിയ പെണ്‍‌കൂട്ടിയുടെ ദുരന്തത്തില്‍ നമുക്ക് നമ്മുടെ രാഷ്ടീയ നിലപാട് കാരണം ദുഃഖിക്കാനും പ്രതിഷേധിക്കാനും കഴിയുന്നില്ലെങ്കില്‍ നമ്മള്‍ നമ്മളെത്തന്നെ സൂക്ഷിക്കണം. ആ എം.എല്‍.എ. യെ സംരക്ഷിക്കുന്നവര്‍ വലിയ അപകടകാരികളാണെന്നു തിരിച്ചറിയാനും ഉറക്കെ വിളിച്ചുപറയാനും കഴിഞ്ഞില്ലെങ്കില്‍ നമ്മളും ആ എം.എല്‍.എ. യെപ്പോലെ തന്നെയാണ്. ജയ്ശ്രീറാം വിളിക്കാത്തതിന്‍റെ പേരില്‍ ഏതെങ്കിലും ബാലന്‍ നാട്ടില്‍ തീ കൊളുത്തപ്പെടുമ്പോള്‍ അത് നമ്മുടെ മനസ്സ് വേദനിപ്പിക്കുന്നില്ലെങ്കില്‍, കണ്ണ് നനയിക്കുന്നില്ലെങ്കില്‍, നമ്മള്‍ നമ്മളെത്തന്നെ ഭയക്കണം. ഇനി, ആ ബാലനെപ്പറ്റി പൊലീസ് പറയുന്ന കഥകളാണ് നമ്മള്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ നമ്മളും അപകടകാരികളാണ്. മറ്റുള്ളവര്‍ കൂടി നമ്മളെ ഭയക്കണം.

കൊലകള്‍ കൊണ്ടുള്ള വിജയം താല്‍ക്കാലികമാണ്. അത് മതമായാലും പാര്‍ട്ടിയായാലും. മരണങ്ങള്‍ ശാശ്വതവും. മതത്തെയും പാര്‍ട്ടിയെയുമൊക്കെ ഉപയോഗിച്ച് കൊലകള്‍ നടത്തുന്നവര്‍ക്ക് തല്‍ക്കാലം ഭരണവും അധികാരവുമൊക്കെ കെയില്‍ വയ്ക്കാന്‍ കഴിയും. പക്ഷേ അതൊന്നും ശാശ്വതമല്ല. ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അതാണ്. അതുമാത്രം.

എസ്.ഡി.പി.ഐ യുടെ അക്രമികള്‍ കോണ്‍സുകാരനെ കൊന്നാല്‍ കരയാത്തതെന്തേ മുല്ലപ്പള്ളീ എന്നു ചോദിക്കുന്ന ചിലരേം ഇന്ന് ഫേസ്ബുക്കില്‍ കണ്ടു. കോണ്‍സുകാരനല്ല ഏത് മനുഷ്യന്‍ കൊല്ലചെയ്യപ്പെട്ടാലും മുല്ലപ്പള്ളിക്ക് കരച്ചില്‍ വരണം. പിണറായിക്കും. പക്ഷേ, മുല്ലപ്പള്ളി ഫേസ്ബുക്കില്‍ ഓരോരുത്തരും പറയുന്നിടത്തു വന്ന് കരയണമെന്ന ആഗഹത്തിനു പിന്നില്‍ മറ്റെന്തോ ആണ്. ഞങ്ങള്‍ കൊന്നാലേ കരയുകയുള്ളോ എന്ന ചോദ്യവും അപകടമാണ്. കൊലപാതത്തില്‍ ഒരു ഷെയര്‍ അവര്‍ക്ക് അവകാശപ്പെട്ടതാണെന്ന ധ്വനി അതിലുണ്ട്.

ആരും ആരെയും കൊല്ലരുതെന്ന് പറയാന്‍ എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ട്. അതുവരെ കൊലപാതകങ്ങള്‍ ഇതുപോലെ തുടരും. ഞങ്ങള്‍ കൊന്നവരുടെ എണ്ണം കുറവാണെന്നു പറയുന്നവരും ചെയ്യുന്നത് കൊലപാതകം തന്നെയാണ്. ഞങ്ങള്‍ കൊന്നപ്പോള്‍ മാത്രം കരയുന്നതെന്തിനാണെന്നു ചോദിക്കുന്നവരും കൊല ചെയ്തവരാണ്. ഒരാളെയും കൊല്ലാന്‍ ബി.ജെ.പി. ക്കോ കമ്മ്യൂണിസ്റ്റുകാര്‍ക്കോ കോണ്‍ഗ്രസിനോ മറ്റേതെങ്കിലും പാര്‍ട്ടിക്കോ ആരും അധികാരം തന്നിട്ടില്ല. ഏത് മരണത്തിലും എല്ലാ പാര്‍ട്ടിക്കാര്‍ക്കും ദുഃഖിക്കാന്‍ കഴിയണം. അതിനു കഴിയാത്തവര്‍ മനുഷ്യരല്ല.

മൈക്കിലും ഫേസ്ബുക്കിലും വാദിച്ചു ജയിക്കാനും തോല്‍പ്പിക്കാനുമൊക്കെ കഴിയും. പക്ഷേ നമ്മുടെ മുന്നില്‍ എല്ലാം നഷ്ടപ്പെട്ടു നില്‍ക്കുന്നവരുണ്ട്. കൊല ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍. കത്തിക്കപ്പെട്ട കുഞ്ഞിന്‍റെ മാതാപിതാക്കള്‍. വണ്ടിയിടിച്ച യുവതിയുടെ ഇനിയും ബാക്കിയുള്ള ഉറ്റവര്‍. യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടവര്‍. അവര്‍ക്കെല്ലാം മരണത്തിന് ഒരര്‍ത്ഥമേയുള്ളൂ. സ്വന്തം കുഞ്ഞ് മരിക്കുമ്പോള്‍ അവര്‍ക്കതില്‍ രാഷ്ടീയ നേട്ടവുമില്ല. നഷ്ടം മാത്രം. അവര്‍ക്ക് ഫേസ്ബുക്കില്‍ വന്ന് തര്‍ക്കിക്കാനും കഴിയില്ല. സ്വന്തം വീട്ടില്‍ അതുപോലൊന്ന് സംഭവിക്കാതെ തന്നെ ഈ വേദനകള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയണം.

ഭരണത്തിന്റെ ധൈര്യത്തില്‍ മറ്റുളളവരെ കൊലപ്പെടുത്താമെന്നു തോന്നുന്നവര്‍ ജനത്തിനെതിരാണ്. ഭരണം ശാശ്വതമല്ല എന്നോര്‍ക്കുന്നത് നല്ലത്. എല്ലാ ഭരണക്കാരും. ഇനി ഭരിക്കാനുള്ളവരും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News