Flash News

കണ്‍വന്‍ഷന്‍ നാള്‍ വഴി; മുന്‍ സീറോ മലബാര്‍ കണവന്‍ഷനുകള്‍

August 1, 2019 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

Atlanta Conventionആദ്യ കണ്‍വന്‍ഷന്‍ 1999 ല്‍ ഫിലഡല്‍ഫിയയില്‍

അമേരിക്കയില്‍ ഇന്നത്തെ രീതിയില്‍ ഇടവകകളോ രൂപതയോ സ്ഥാപിതമാകുന്നതിനു മുന്‍പായിരുന്നു ആദ്യ കണ്‍വന്‍ഷന്‍. അമേരിക്കയിളുടെനീളെ ചിതറിക്കിടക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളെ ഒരുമിച്ചു കൂട്ടുന്നതിനുള്ള ഉത്ഘടമായ ആഗ്രഹത്തിന്റെ ഫലമായി ഡോ. ജയിംസ് കുറിച്ചിയുടെ നേതൃത്വത്തിലും ദീര്‍ഘവീക്ഷണത്തിലും ഫിലഡല്‍ഫിയയില്‍ കൂടിയ അല്‍മായ നേതൃത്വമാണ് ആദ്യ കണ്‍വന്‍ഷനു രൂപം കൊടുത്തത്. ഫാ. ജോണ്‍സണ്‍ പാലിയക്കര (CMI ) ആത്മീയ നേതൃത്വം നല്‍കി. കാലം ചെയ്ത മാര്‍ വര്‍ക്കി വിതയത്തില്‍ മേത്രപ്പോലീത്ത ആദ്യ സീറോ മലബാര്‍ കണവന്‍ഷനില്‍ പങ്കെടുത്തു.

2001ലെ ചിക്കാഗോ കണ്‍‌വന്‍ഷന്‍

ആദ്യ കണ്‍‌വന്‍ഷനിലെ തീരുമാനപ്രകാരം അടുത്ത കണ്‍‌വന്‍ഷന്‍ ചിക്കാഗോയില്‍ രണ്ടു വര്‍ഷത്തിനു ശേഷം നടത്താമെന്ന് തീരുമാനമായി. ഡോ. ജയിംസ് കുറിച്ചിയുടെ നേതൃത്വത്തില്‍ തുടങ്ങിയ SMCC സംഘടനയോടൊപ്പം മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയ് ആലപ്പാട്ട്, ഫാ ആന്റണി കണ്ടത്തിക്കുടിയില്‍, ഫാ ജോയ് ചക്യാന്‍, ഫാ. ജേക്കബ് കട്ടക്കല്‍, ഫാ. ഫിലിപ്പ് തൊടുകയില്‍, ഫാ. ജോണ്‍ മേലേപ്പുറം, ചിക്കാഗോയിലെ ആദ്യ വികാരി ഫാ മാത്യു പന്തലാനിക്കല്‍ തുടങ്ങിയ അന്നത്തെ അമേരിക്കയില്‍ സേവനമാനുഷ്ടിച്ചിരുന്ന വൈദിക ശ്രേഷ്ടരും ചേര്‍ന്ന കമ്മറ്റിയുടെ പ്രവര്‍ത്തനഫലമായാണ് അമേരിക്കയിലെ സീറോ മലബാര്‍ രൂപതാ കണ്‍വന്‍ഷന്‍. ഇതോടനുബന്ധിച്ചാണ് ചിക്കാഗോ രൂപതയുടെ ഉദ്ഘാടനവും . മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകവും നടന്നു.

2003 ലെ ന്യൂജെഴ്സി കണ്‍‌വന്‍ഷന്‍

ചിക്കാഗോ, ഡാളസ്, ഹ്യൂസ്റ്റണ്‍, ഫ്ലോറിഡ, സാന്റഅനാ തുടങ്ങിയ നഗരങ്ങളില്‍ സ്ഥാപിതമായ ഇടവകകളില്‍ നിന്നും മറ്റു നഗരങ്ങളിലെ മിഷനുകളില്‍നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നുമുള്ള സീറോ മലബാര്‍ സഭാ വിശ്വാസികള്‍ 2003 ല്‍ ന്യൂജഴ്സി ഇടവകയുടെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസം നടന്ന കണ്‍വന്‍ഷനില്‍ പങ്കെടുത്തു. ഫാ ജോയ് ആലപ്പാട്ട് (വികാരി) , തോമസ് ജോണ്‍ മാപ്പിള ശേരില്‍ (ചെയര്‍മാന്‍), ജോയ് ചാക്കപ്പന്‍ (സെക്രട്ടറി ) എന്നിവര്‍ കണ്‍വന്‍ഷനു നേതൃത്വം നല്‍കി. സമാപനത്തില്‍ ഡാളസ് വികാരിയായിരുന്ന ഫാ. ജോണ്‍ മേലേപ്പുറം 2005-ലെ കണ്‍വന്‍ഷന്‍ ഡാളസില്‍ നടത്തുവാന്‍ ഏറ്റെടുത്തു.

രൂപതയുടെ വളര്‍ച്ചയോടൊപ്പം 2005-ലെ ഡാളസ് കണ്‍വന്‍ഷന്‍

അമേരിക്കയില്‍ ഇടവകകളും മിഷനുകളും അതിവേഗം വളരുന്ന കാലഘട്ടത്തിലാണ് ഡാളസ് കണ്‍വന്‍ഷന്‍ നടന്നത്. രൂപതയോടൊപ്പം ഇടവകയുടെ കീഴില്‍ ശക്തമായ കമ്മറ്റി 2005-ലെ ഡാളസ് കണ്‍വന്‍ഷന്റെ വിജയത്തില്‍ പ്രവര്‍ത്തിച്ചു. ഡാളസ് വികാരി സഖറിയാസ് തോട്ടുവേലില്‍, ചെയര്‍മാന്‍ ജോര്‍ജ് അങ്ങാടിശേരില്‍, സെക്രട്ടറി എ വി തോമസ് എന്നിവര്‍ക്കൊപ്പം നൂറില്‍പരം കമ്മറ്റി അംഗങ്ങളും ചേര്‍ന്നപ്പോള്‍ ദേശീയ തലത്തില്‍ ഡാളസ് കണവന്‍ഷന്‍ ശ്രദ്ധ നേടി. കൂടാതെ കമ്മറ്റി അംഗങ്ങളുടെയും ഇടവകയുടെയും കൂട്ടായ സുതാര്യ പ്രവര്‍ത്തനം ഏവര്‍ക്കും മാതൃകയുമായി. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ രണ്ടായിരത്തില്‍പരം വിശ്വാസികള്‍ മൂന്നു ദിവസം ഒന്നിച്ചു കൂടിയ സംഗമം വിശ്വാസികള്‍ക്ക് നവ്യാനുഭാമായിരുന്നു. ഡാളസ് കണ്‍വന്‍ഷന്റെ സമാപനത്തില്‍ മയാമി വികാരി ഫാ. ജോണ്‍ മേലേപ്പുറം 2007-ലെ കണ്‍വന്‍ഷന്‍ മായമിയില്‍ നടത്തുവാന്‍ ഏറ്റെടുത്തു.

വിശ്വാസ പ്രഖ്യാപനവുമായി 2007-ലെ മയാമി കണ്‍‌വന്‍ഷന്‍

2007-ല്‍ മയാമിയില്‍ നടന്ന കണ്‍വന്‍ഷന്‍ പല സവിശേഷതകളാലും വ്യത്യസ്ഥമായി. വികാരി ഫാ ജോണ്‍ മേലേപ്പുറത്തിന്റെ നേതൃത്വത്തില്‍ നൂറ്റമ്പതോളം കമ്മറ്റി അംഗങ്ങളുടെ ആറു മാസത്തെ പ്രയത്നം കണ്‍വന്‍ഷന്‍ പലവിധത്തിലും അങ്ങേയറ്റം മോടിയാക്കുന്നതില്‍ വിജയിച്ചു. കേരളത്തില്‍ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നാല്പത് മെത്രാന്മാരുടെ സാന്നിദ്ധ്യത്തില്‍ തോമാശ്ലീഹയുടെ എണ്ണഛായാ ചിത്രവും കണ്‍‌വന്‍ഷന്‍ ലോഗോയും പ്രകാശനം ചെയ്തു വെഞ്ചരിക്കുകയും തുടര്‍ന്ന് ഛായാചിത്രം കേരളത്തില്‍ തോമാശ്ലീഹ സ്ഥാപിച്ച എഴര പള്ളികളില്‍ കൊണ്ടുപോയി സന്ദര്‍ശനം നടത്തി മയാമിയില്‍ കണ്‍വന്‍ഷന്‍ നഗറില്‍ സ്ഥാപിച്ചു.

Convention File pic52007-ല്‍ കണ്‍വന്‍ഷന്‍ ടീമംഗങ്ങള്‍ റോമില്‍ പോയി മാര്‍പാപ്പയെ സന്ദര്‍ശിച്ചു ആശീര്‍വാദം സ്വീകരിച്ചു കണ്‍‌വന്‍ഷന്‍ നഗറിലേക്കുള്ള പേപ്പല്‍ പതാക മയാമിയില്‍ സ്ഥാപിച്ചു. കണ്‍‌വന്‍ഷന്റെ ഉദ്ഘാടനത്തില്‍ നടന്ന നൂറ്റൊന്നു പേരുടെ ചെണ്ട മേള പ്രദക്ഷിണവും വിവധ സ്‌റ്റേജ് പ്രോഗ്രാമ്മുകളും സീറോ മലബാര്‍ തനിമ വിളിച്ചോതി. പ്രകൃതി സൗന്ദര്യം നിറഞ്ഞ മയാമി ബീച്ചിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഹോട്ടല്‍ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ സമുച്ചയമാണ് കണ്‍‌വന്‍ഷന് വേദിയായത്. തോമാശ്ലീഹ ഇന്ത്യയില്‍ കപ്പലിറങ്ങിയതിന്റെ ഓര്‍മ്മ പുതുക്കി മയാമി ബീച്ചില്‍ നിന്ന് കണ്‍വന്‍ഷന്‍ നഗരിയിലേക്ക് മാര്‍ത്തോമ ശ്ലീഹായുടെ ആഗമനം പുനരാവിഷ്‌കാരം ചെയ്തത് നടത്തിയ ഘോഷയാത്ര ശ്രദ്ധേയമായി. അമേരിക്കയില്‍ വളര്‍ന്നു പന്തലിച്ച സീറോ മലബാര്‍ കൂട്ടായ്മയുടെ വേദിയായി മാറിയ ഈ കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ ഡോ. ജോസഫ് കാക്കനാട്ടും സെക്രട്ടറി സണ്ണി തോമസുമായിരുന്നു.

വിശ്വാസ പ്രഘോഷണമായി 2012-ലെ അറ്റ്‌ലാന്റ കണ്‍വെന്‍ഷന്‍: യുവജങ്ങങ്ങള്‍ക്കു സമാന്തര കണ്‍വന്‍ഷന്‍

സീറോ മലബാര്‍ സഭ പ്രേഷിത വര്‍ഷം ആചരിച്ച അവസരത്തില്‍ അറ്റ്‌ലാന്റയിലെ സെന്റ് അല്‍‌ഫോന്‍സ ഇടവക ആതിഥ്യമരുളി 2012 ജൂലൈയില്‍ നടന്ന രൂപതയിയുടെ ആറാമത് ദേശീയ കണ്‍വന്‍ഷന്‍ സഭയുടെ പ്രേഷിത ദൗത്യം ഉയര്‍ത്തിപ്പിടിക്കുന്ന വിവിധ കര്‍മ്മപരിപാടികളാല്‍ വന്‍വിജയമായി. അമേരിക്കയിലേയും കാനഡയിലെയും സീറോ മലബാര്‍ സഭാ വിശ്വാസികളുടെ, പ്രത്യേകിച്ച് യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും സജീവ പങ്കാളിത്തത്തില്‍ നടന്ന ഈ കണ്‍‌വന്‍ഷന്‍ അമേരിക്കയിലെ
സീറോ മലബാര്‍ സഭാ സമൂഹം ഒരു വലിയ കുടുംബമാണെന്നതിനു സാക്ഷ്യമേകി.

മൂവായിരത്തോളം വിശ്വാസികള്‍ പരസ്പര സ്‌നേഹത്തോടെ നാലുനാള്‍ പ്രാര്‍ത്ഥനാനിരതമായും ഒന്നിച്ചു ഭക്ഷിച്ചും ഉല്ലസിച്ചും ക്രിസ്തുവിനു സാക്ഷ്യം ഏറ്റുപറഞ്ഞും കണ്‍വന്‍ഷനില്‍ പങ്കു ചേര്‍ന്നപ്പോള്‍ അത് അമേരിക്കയില്‍ അതിവേഗം വളര്‍ന്നു പന്തലിക്കുന്ന സീറോ മലബാര്‍ സഭയുടെ കൂട്ടായ്മക്ക് പുതിയോരു മാനമേകി.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും കര്‍ദിനാളുമായ അഭി. മാര്‍ ജോര്‍ജ് ആലഞ്ചേരി , അമേരിക്കയിലെ രൂപതാധ്യക്ഷന്‍ അഭി. മാര്‍ ജേക്കബ് അങ്ങാടിയത്ത്, കേരളത്തില്‍ നിന്നെത്തിയ സഭാപിതാക്കന്മാര്‍, ബഹുമാനപെട്ട വൈദികര്‍, മറ്റു സന്യസ്തര്‍ തുടങ്ങിയവര്‍ നേതൃത്വമേകി കടന്നുപോയ ഈ നാലു നാളുകള്‍ സീറോ മലബാര്‍ സഭയുടെ മഹത്തായ പാരമ്പര്യവും പൈതൃകവും ഊട്ടി ഉറപ്പിക്കുന്ന ഒരു മഹത്‌വേദി കൂടിയായി. കണ്‍വന്‍ഷന്റെ കോഓര്‍ഡിനേറ്റര്‍ ബഹു. ജോണി പുതിയാപറമ്പില്‍, ചെയര്‍മാനായി ചുക്കാന്‍ പിടിച്ച എബ്രഹാം ആഗസ്തി, പ്രസിഡന്റ് മാത്യു ജേക്കബ് തുടങ്ങി നൂറ്റമ്പതോളം കമ്മറ്റി അംഗങ്ങളും കണ്‍വന്‍ഷനു നേതൃത്വം നല്‍കി.

യുവജങ്ങള്‍ക്കു മാത്രമായി സമാന്തര കണ്‍വന്‍ഷനും ചരിത്രത്തിലാദ്യമായി സംഘടിപ്പിച്ചതും അറ്റ്‌ലാന്റയിലാണ്. അല്‍ഫോന്‍സാ നഗര്‍ എന്ന് പേരിട്ട ലോകോത്തര നിലവാരമുള്ള പ്രശസ്തമായ ജോര്‍ജിയ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു ഈ കണ്‍വന്‍ഷന്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top