കൊച്ചി: പ്രളയസെസ്സ് അടിച്ചേല്‍പ്പിച്ചും കര്ഷകവായ്പകളിന്മേലുള്ള മോറട്ടോറിയം നിഷേധിച്ചും കര്‍ഷകരുള്‍പ്പെടെയുള്ള ജനസമൂഹത്തെ വന്‍ ജീവിതപ്രതിസന്ധിയിലേയ്ക്കാണ് ഭരണനേതൃത്വങ്ങള്‍ തള്ളിവിട്ടിരിക്കുന്നതെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വിസി സെബാസ്റ്റ്യന്‍ പറഞ്ഞു.
പ്രളയദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും പ്രളയസെസ് ബാധകമാണ്. ഭരണച്ചെലവ് വെട്ടിക്കുറയ്ക്കുവാനോ ധൂര്‍ത്ത് അവസാനിപ്പിക്കുവാനോ തയ്യാറാകാതെ ജനങ്ങളുടെമേല്‍ അമിതഭാരം ഏര്‍പ്പെടുത്തി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ ജനവിരുദ്ധസമീപനത്തിന് വരുംനാളുകളില്‍ ശക്തമായ തിരിച്ചടിയുണ്ടാകും. 928 ഉല്പന്നങ്ങള്ക്ക് സെസ്സ് ഏര്‍പ്പെടുത്തിയിരിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതമായി വിപണിയില്‍ മൊത്തത്തില്‍ വിലക്കയറ്റം സൃഷ്ടിക്കപ്പെടും. അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് സെസ് ഇല്ലന്നുപറയുമ്പോഴും എംആര്‍പി വില കുത്തനെ കൂടിയിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തി ഇന്ധനവില ഉയര്‍ത്തിയതിന്റെ ഫലമായി ചരക്ക് കൂലിയില്‍ വര്‍ദ്ധനവ് സൃഷ്ടിക്കപ്പെട്ട് നിത്യോപയോഗസാധനങ്ങളുടെ വില ഉയര്‍ന്നിരിക്കുമ്പോഴാണ് വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ഇരുട്ടടി. വൈദ്യുതി നിരക്കും ഇതിനോടകം കൂട്ടി. വിലത്തകര്‍ച്ചയും കടക്കെണിയുംമൂലം ജീവിതം വഴിമുട്ടി നില്ക്കുമ്പോള് വീണ്ടും പ്രതിസന്ധിയിലാകുന്നത് പ്രധാനമായും കാര്‍ഷികമേഖലയും കര്‍ഷകരുമാണ്.
കാര്ഷികവായ്പകളിന്മേലുള്ള മോറട്ടോറിയത്തില്‍ സര്‍ക്കാര്‍ നാളുകളായി കര്‍ഷകരെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ഡിസംബര്‍ 31 വരെ മോറട്ടോറിയം നീട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന് കടലാസുവിലപോലും നല്‍കാതെ ബാങ്കിംഗ് സംവിധാനം ബദല്‍ സര്‍ക്കാരായി മാറിയിരിക്കുന്നത് ജനാധിപത്യഭരണത്തിന് അപമാനമാണ്. സര്‍ഫാസി നിയമത്തിന്റെ മറവില്‍ കര്‍ഷകന്റെ വീടും പറമ്പും ബാങ്കുകള്‍ ജപ്തിചെയ്യില്ലന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. ജപ്തിനടപടികള്‍ തുടര്‍ന്നാല്‍ മലയോര കാര്‍ഷികമേഖലയില്‍ കര്‍ഷക ആത്മഹത്യകളുണ്ടാകുവാന് സാധ്യതകളേറെ. ഇതിനോടകം 34 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കര്‍ഷകര്‍ ആത്മഹത്യപ്രവണതയില്‍ നിന്ന് പിന്മാറണം. ജപ്തി ഭീഷണി നേരിടുന്ന പ്രളയദുരന്തമേഖലയിലെ കര്‍ഷകരുടെ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കുവാന്‍ പ്രളയസെസിലൂടെ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളേയും അവരുടെ ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ഫാ. ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply