Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ 15): അബൂതി

August 1, 2019

adhyayam 15 bannerസ്വന്തം കൈവെള്ളയിലേക്ക് മുഖം പൂഴ്ത്തി കരയുന്ന അവളെയും നോക്കി അയാള്‍ ഇരിക്കുകയായിരുന്നു. അവളുടെ തേങ്ങലൊലികള്‍ മാത്രം ആ മുറിയിലെ കനത്ത മൗനത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. കുറെ നേരം ആര്‍ത്തലച്ച് പെയ്യുന്ന മഴയായി അവളുടെ ദുഃഖം അയാള്‍ക്ക് മുന്നില്‍ പെയ്തൊഴിഞ്ഞു. ഉള്ളിലെ ചൂടുലാവ കണ്ണുന്നീരായി പുറത്തേക്ക് കളയാന്‍, അവള്‍ക്ക് വല്ലപ്പോഴുമല്ലേ അവസരം കിട്ടാറുള്ളൂ.

എത്ര നേരം കഴിഞ്ഞു എന്നവള്‍ക്ക് തിരിച്ചറിയാനായില്ല. കുറെ നേരം കഴിഞ്ഞപ്പോള്‍ നനഞ്ഞു കുതിര്‍ന്ന മുഖമൊന്നുയര്‍ത്തി നോക്കി. നേരെ മുന്‍പില്‍ അയാളിരിക്കുന്നുണ്ട്. അവള്‍ക്ക് മനസ്സിലാവാത്ത എന്തോ ഒരു വികാരം, തളം കെട്ടി നില്‍ക്കുന്ന ആ മുഖം കണ്ടപ്പോള്‍ അവള്‍ ചിന്തിച്ചത്, എന്തേ ഇയാള്‍ക്കെന്നെ ഒന്നാശ്വസിപ്പിക്കാന്‍ പോലും കഴിയാത്തത് എന്നായിരുന്നു. തൂവാലയെടുത്ത് മുഖം തുടച്ചവള്‍ ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു. പിന്നെ ഒന്നും മിണ്ടാനാവാതെ തലകുനിച്ചിരുന്നു.

ഒരു പരിചയവുമില്ല. ഇവിടന്ന് പിരിഞ്ഞാല്‍ ഇനിയൊരിക്കലും കാണില്ലായിരിക്കാം. എന്നാലും, തന്‍റെ മുന്‍പിലിരിക്കുന്ന മനുഷ്യന്‍, എന്തെങ്കിലും ഒരാശ്വാസ വചനം തന്നോട് പറഞ്ഞെങ്കില്‍ എന്നവള്‍ അതിയായി ആഗ്രഹിച്ചു. ‘ഒന്നും സാരമില്ലെടോ’ എന്നെങ്കിലും അയാള്‍ക്കെന്നോട് പറയാമല്ലോ എന്നവള്‍ ഓര്‍ത്തു. അയാള്‍ക്കതുകൊണ്ട് നഷ്ടമൊന്നുമില്ലല്ലോ? ഒരു പുരുഷന്‍ സ്ത്രീയോട് പറയുന്ന പോലെ വേണമെന്നില്ല. ഒരു മനുഷ്യന്‍ മനുഷ്യനോട് പറയുന്ന പോലെ പറഞ്ഞാലും…

അവളുടെ ചിന്തകള്‍ക്കു വിഘ്നം വന്നത് അയാള്‍ ഒന്ന് മുരടനക്കിയപ്പോഴാണ്. ആ കണ്ണുകളിലേക്ക് അവള്‍ പ്രതീക്ഷയോടെ നോക്കി. അയാളുടെ പുഞ്ചിരി കണ്ടപ്പോള്‍ അവള്‍ക്ക് നേരിയ ഒരു ആശ്വാസം തോന്നി. അയാള്‍ പറഞ്ഞു

‘ഒന്ന് മുഖം കഴുകിക്കൊള്ളൂ. മനസ്സ് ഒന്ന് തണുക്കാന്‍ നന്നാവും. ഞാന്‍ നമുക്കൊരു കോഫി പറയാം. പാല്‍ക്കാപ്പി കുടിക്കുമല്ലോ അല്ലെ?’

അവള്‍ ഒന്നും മിണ്ടാതെ തലയാട്ടി. അയാള്‍ എഴുന്നേറ്റ് ഫോണിന്‍റെ അടുത്ത് ചെന്ന് കോഫിക്ക് ഓര്‍ഡര്‍ ചെയ്യവേ, അവള്‍ നേരെ ബാത്ത് റൂമിലേക്ക് പോയി. നന്നായി ഒന്ന് മുഖം കഴുകി. മുന്നിലെ കണ്ണാടിയിലെ തന്‍റെ പ്രതിബിംബത്തിന്‍റെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി. ശോകം നിറഞ്ഞ കറുത്ത കയങ്ങളാണ് ആ കണ്ണുകള്‍. ഇറങ്ങുമ്പോള്‍ താന്‍ ചെയ്ത നേര്‍ത്ത മേക്കപ്പ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. കണ്ണിന് ചുറ്റും വരച്ചു വച്ചിരുന്ന കണ്മഷിയും അലിഞ്ഞു പോയിരിക്കുന്നു.

ഇതാ, ഈ കാണുന്നത് മാത്രമാണ് ഞാന്‍, എന്നവള്‍ മനസ്സിലോര്‍ത്തു. പാമ്പുകളെ പോലെ പെണ്ണുടല്‍ തേടി ഇഴഞ്ഞെത്തുന്ന പുരുഷന്മാര്‍ക്ക് ചുരുണ്ടു കിടക്കാനുള്ള വെറുമൊരു മാളം മാത്രം. ജീവനുള്ള ഒരു മനസ്സില്ല. മനസ്സിന്‍റെ ദാഹങ്ങളുമില്ല. പണം തരുന്നവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രം, ഉടലില്‍ തീ ജ്വലിക്കുന്നില്ലെങ്കിലും, ഉണ്ടെന്ന് അവരെ തോന്നിപ്പിക്കാന്‍ വേണ്ടി പട്ടിയുടെ മോങ്ങല്‍ പോലുള്ള ശബ്ദമുണ്ടാക്കുന്ന ഒരു ഒഴിഞ്ഞ കളിമണ്‍ പ്രതിമ. അവള്‍ക്ക് ആ പ്രതിബിംബത്തോട് അറപ്പും വെറുപ്പും തോന്നി. ഈ ലോകത്തെ എല്ലാ കണ്ണാടികളും തന്‍റെ വിദ്വേഷത്താല്‍ നശിച്ചു പോയെങ്കില്‍ എന്നവളാഗ്രഹിച്ചു.

മുഖം കഴുകി ഫ്രഷായി തിരിച്ചു വന്നപ്പോള്‍ അയാള്‍ മൊബൈലില്‍ എന്തോ ടൈപ്പ് ചെയ്യുകയായിരുന്നു. അവളൊന്ന് മുരടനക്കി. അയാള്‍ മൊബൈലില്‍ നിന്നും തലയുയര്‍ത്തി അവളെ നോക്കി. പിന്നെയും മൊബൈലിലേക്ക് നോക്കുന്നതിനിടയില്‍ പറഞ്ഞു.

‘കുറെ മെസേജസ് വന്നിരിക്കുന്നു. ഞാന്‍ ശ്രദ്ധിച്ചതേയില്ല. ഇത്ര നേരം കഴിഞ്ഞു പോയതും ഞാനറിഞ്ഞില്ല. ഒരു മിനിറ്റ്. തീരെ ഒഴിവാക്കാന്‍ പറ്റാത്ത രണ്ടു മൂന്ന് പേരുണ്ട്.’

ഇതാരാടാ, ഈ പാതിരാവിലും ഇയാളോട് വാട്ട്സ് ആപ്പില്‍ കൊഞ്ചിക്കൊണ്ടിരിക്കുന്നത് എന്നവളോര്‍ത്തു. അപ്പോഴാണ് വാതിലില്‍ മുട്ടുകേട്ടത്. നിന്നിടത്ത് നിന്നും അയാള്‍ അകത്തേക്ക് വരാന്‍ അനുവാദം കൊടുത്തപ്പോഴാണ്, അവളൊരു കാര്യം ശ്രദ്ധിച്ചത്. ആ വാതില്‍ ഇതുവരെ ലോക്ക് ചെയ്തിട്ടേ ഇല്ല. അകത്തേക്ക് വന്ന റൂം ബോയ് രണ്ടു കപ്പിലേക്ക് ചൂടുള്ള കാപ്പിയൊഴിച്ചു, പഞ്ചസാര ക്യൂബ് സ്പൂണ്‍ കൊണ്ട് കോരുന്നതിനിടയില്‍ അയാളോട് ചോദിക്കുന്നത് കേട്ടു.

‘സര്‍, ഷുഗര്‍…?’

മൊബെലില്‍ നിന്നും തലയെടുക്കാതെ അയാള്‍ മൂന്ന് വിരലുകള്‍ ഉയര്‍ത്തിക്കാണിച്ചു. റൂം ബോയ് അവളെ നോക്കിയപ്പോള്‍ അവള്‍ പുഞ്ചിരിയോടെ, കുറച്ച് എന്നാംഗ്യം കാണിച്ചു. റൂം ബോയി പോയിക്കഴിഞ്ഞാണ് അയാള്‍ ചോദിച്ചത്.

‘നിങ്ങള്‍ തമ്മില്‍ പരിചയമുണ്ടെന്ന് തോന്നുന്നു.’

അവളൊന്ന് പരുങ്ങി. പിന്നെ എന്തായാലെന്ത് എന്നമട്ടില്‍ പറഞ്ഞു.

‘ആ, ഞാന്‍ രണ്ടു മൂന്ന് പ്രാവശ്യം ഇവിടെ വന്നിട്ടുണ്ട്. പക്ഷെ, ഇതുപോലൊരു സ്യൂട്ട് റൂമില്‍ ജീവിതത്തിലാദ്യമായിട്ടാ. കേവലം മണിക്കൂറുകള്‍ മാത്രം ചിലവഴിക്കാന്‍ ആരാ സാറേ ഇതയ്രെും പൈസയൊക്കെ ചിലവാക്കുക? സത്യത്തില്‍ സാറിനെന്താ ജോലി?’

അയാള്‍ മൊബൈലില്‍ ടൈപ്പ് ചെയ്യുന്നത് നിര്‍ത്തി അവളെ നോക്കി. പിന്നെ ചോദിച്ചു..

‘എന്നെ ഏട്ടാ എന്ന് വിളിച്ചോളൂ എന്ന് ഞാന്‍ പറഞ്ഞിട്ട്? മറന്നു, അല്ലേ? സാരമില്ല.. പിന്നെ ജോലി. അതൊക്കെ അവിടെയിരിക്കട്ടേ. ലെറ്റസ് കം റ്റു യുവര്‍ സ്റ്റോറി. നിന്‍റെ കഥയിലേക്ക്. നീയെന്താ കഥ പെട്ടെന്ന് പറഞ്ഞു നിര്‍ത്തിയത്? അവസാനം അതൊന്ന് എങ്ങിനെയെങ്കിലും പറഞ്ഞവസാനിപ്പിക്കാനുള്ള ഒരു ധൃതി ഉണ്ടായിരുന്നു.’

അയാള്‍ കാപ്പിക്കപ്പ് അവള്‍ക്ക് നേരെ നീട്ടി. വാങ്ങിക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു: ‘മടുത്തില്ലേ നിങ്ങള്‍ക്ക്? പറഞ്ഞ് പറഞ്ഞ് എനിക്ക് മടുത്തല്ലോ. ഇനി ഞാനെന്ത് പറയാനാ?’

അയാള്‍ അവളെ ഒന്നും മിണ്ടാതെ കുറച്ച് നേരം നോക്കി. പിന്നെ കൈയ്യിലെ കപ്പുമായി തന്‍റെ പഴയ സ്ഥാനത്തിരുന്നു. അവളോട് കണ്ണ് കൊണ്ട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. അല്പം കാപ്പി കുടിച്ചതിന്‍റെ ശേഷം അയാള്‍ പറഞ്ഞു

‘ശരിയാണ്. കരളുരുകി പറയുന്നവര്‍ക്ക് അതവരുടെ ജീവിതമാണ്. കണ്ണുരുകാതെ കേള്‍ക്കുന്നവര്‍ക്ക് അതൊരു കഥ മാത്രമാണ്. പക്ഷെ?..’ അയാളൊന്ന് നിര്‍ത്തി. പിന്നെയും ഒരു മുറുക്ക് കാപ്പി കുടിച്ചതിന്‍റെ ശേഷം തുടര്‍ന്നു.

‘ഞാനിപ്പോള്‍ നിന്‍റെ ഗ്രാമത്തിലെ നാട്ടുവഴിയിലെവിടെയോ വീണു കിടക്കുകയാണ്. ഒരു നാടന്‍ പെണ്‍കിടാവിന്‍റെ ജീവിതം നീര്‍പ്പോള പോലെ വീണുടഞ്ഞ ആ ഇടവഴിയിലെവിടെയോ. എനിക്കവരെ കാണാമായിരുന്നു. അച്ഛന്‍, അമ്മ, ശാരദക്കുട്ടി, സിദ്ധു, രാജേട്ടന്‍, സുകു, പിന്നെ നിന്‍റെ നാട്ടുകാരെ. എല്ലാവരെയും എനിക്ക് കാണാമായിരുന്നു.’

സ്വന്തം കൈയ്യിലെ കാപ്പി ഊതി ഊതി കുടിക്കുമ്പോള്‍ അയാളെ ശ്രദ്ധിക്കുകയായിരുന്നു. താനയാളെ എവിടെയോ കണ്ട പോലെ ഉണ്ടല്ലോ എന്നവളോര്‍ത്തു. ശരിയാണ്. താനയാളെ എവിടെയോ കണ്ടിട്ടുണ്ട്. അവള്‍ കണ്ണുകളടച്ച് കൊണ്ട് ആലോചിച്ചു. എവിടെയാണ്, ഞാനിയാളെ കണ്ടിരിക്കുന്നത്? വിദൂരമായ ഒരു ഓര്‍മ്മ പോലും കിട്ടിയില്ല എന്നത് അവളെ വിഷമിപ്പിച്ചു. തന്‍റെ മൊബൈലില്‍ നിന്നും കണ്ണെടുത്ത അയാള്‍ കണ്ടത് തന്നെ തന്നെ സൂക്ഷിച്ച് നോക്കി നില്‍ക്കുന്ന അവളെയാണ്. ഒരു ചെറു പുഞ്ചിരിയോടെ അയാള്‍ ചോദിച്ചു.

‘ഉം.. എന്താ ഇങ്ങിനെ നോക്കുന്നത്? ആണുങ്ങള്‍ പെണ്ണുങ്ങളെ മാത്രമല്ല, പെണ്ണുങ്ങള്‍ ആണുങ്ങളെ തുറിച്ചു നോക്കുന്നതും ശരിയല്ല.’

അവളൊന്നു ശങ്കിച്ചെങ്കിലും ചോദിക്കുക തന്നെ ചെയ്തു.

‘നമ്മള്‍ എവിടെയോ കണ്ട പോലെ തോന്നുന്നു.’

അയാളുറക്കെയുറക്കെ ചിരിച്ചു. അവള്‍ക്ക് പേടി തോന്നുന്നത്രയും ഉറക്കെ. പ്രയാസപ്പെട്ട് ചിരി അടക്കി, ചിരിച്ച് നിറഞ്ഞ കണ്ണുകളാല്‍ അവളെ നോക്കി പറഞ്ഞു.

‘ഒരാളെ പോലെ ഏഴു പേരുണ്ടെന്ന് പറയാറുണ്ടല്ലോ.. ചിലപ്പോള്‍ അങ്ങിനെ വല്ലതുമാവും. നമ്മള്‍ തമ്മില്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ല. കാണാന്‍ ഒരു സാധ്യതയുമില്ല.’

അവള്‍ക്ക് പക്ഷെ വിശ്വാസം വന്നില്ല. തുടക്കം മുതലുണ്ടായിരുന്ന നീഗൂഢഭാവം അയാളുടെ മുഖത്ത് വീണ്ടും നിഴലിക്കുന്നുവോ എന്നവള്‍ക്ക് തോന്നി. ദെവമേ. ഈ മനുഷ്യന് ശരിക്കും വല്ല മാനസിക പ്രശ്നവുമുണ്ടോ? ഏതോ ഒരു ഇംഗ്ളീഷ് സിനിമയില്‍ പെണ്ണുങ്ങളെ ക്രൂരമായി കൊല്ലുന്ന ഒരു മനോരോഗിയെ കണ്ടിട്ടുണ്ട്. അതു പോലെ വല്ലതും ആണോ? അല്ലെങ്കില്‍ പിന്നെ ഇയാളെന്താണ് ഇത്ര സമയം വരെ എന്‍റെ അടുത്തൊന്ന് വന്നിരിക്കുക പോലും ചെയ്യാത്തത്? ആ കണ്ണുകളില്‍ നോക്കിയിട്ട് അയാള്‍ക്കൊരു മോഹവും ഉണ്ടെന്ന് തോന്നുന്നു പോലുമില്ല. ആ ചുണ്ടില്‍ സദാ കളിയാടുന്ന പുഞ്ചിരിക്ക് പോലുമുണ്ട്, വശ്യത കലര്‍ന്ന ഭയപ്പെടുത്തുന്ന ഒരു ഭാവം. മനുഷ്യന്‍ ഇത് വരെ കേള്‍ക്കാത്ത രീതിയുള്ള സംസാരവും. അവളില്‍ ഭയത്തിന്‍റെ പാറ്റകള്‍ പിന്നെയും ചിറക് മുളച്ച് പറന്നു പൊന്തന്‍ തുടങ്ങി.

ഒരു വേള അവള്‍ വാതില്‍ക്കലേക്കൊന്ന് നോക്കി. അത് ലോക്ക് ചെയ്തിട്ടില്ലല്ലോ. ഇറങ്ങി ഓടിയാലോ? പക്ഷെ കഴിയില്ല എന്ന് അവളുടെ മനസ്സ് പറഞ്ഞു. അയാളെ കടന്ന് വേണം ഓടാന്‍. പേടിക്കുന്ന പോലെ അയാളൊരു പ്രശ്നക്കാരനാണെങ്കില്‍ ആ ശ്രമം മതിയാവും അയാളെ വയലന്‍റാക്കാന്‍. വേണ്ട; വരുന്നിടത്ത് വച്ച് കാണുക തന്നെ. അവള്‍ മനസ്സിലുറച്ചു. ഭയം ഉള്ളിലുണ്ടെങ്കിലും അത് പുറത്ത് കാണിക്കരുത്. അച്ഛന്‍റെ വാക്കുകള്‍ അവളുടെ ഉള്ളില്‍ ഉയര്‍ന്നു കേട്ടു. അവള്‍ക്ക് ഒരാശ്വാസം തോന്നി.

അവളങ്ങിനെ ഓരോന്ന് കാടുകയറി ചിന്തിച്ചു കൊണ്ടിരിക്കെ, അവളെ അങ്ങേയറ്റം അമ്പരപ്പിച്ച് കൊണ്ടാണ് അയാള്‍ ചോദിച്ചത്: ‘എന്നാല്‍ നമുക്ക് പിരിയാം. അല്ലെ? നോക്കൂ സമയം ഇപ്പോള്‍ തന്നെ ഒരുപാടായി.’

അത്ഭുതം കാരണം എന്ത് പറയണം എന്നറിയാതെ അവള്‍ കുഴങ്ങി. എന്താണ് അയാള്‍ ഉദ്ദേശിക്കുന്നത് എന്നവള്‍ക്ക് മനസ്സിലായില്ല. വേപഥുവോടെ അവള്‍ ചോദിച്ചു: ‘അപ്പൊ, വേണ്ടെ.’ ആ ചോദ്യം ഒരു അശ്ലീലമായി അവള്‍ക്ക് തോന്നുകയും ചെയ്തു.

അയാളൊരു നിമിഷം തല താഴ്ത്തി നിന്നു. പിന്നെ വിഷാദം കലര്‍ന്നൊരു പുഞ്ചരിയോടെ പറഞ്ഞു: ‘സോറി. നിന്‍റെ ഈ കഥ മുഴുവന്‍ കേട്ടിട്ട്, പിന്നെയും നിന്‍റെ ശരീരം മോഹിച്ച്, എന്‍റെ അമ്മയുടെ ഗര്‍ഭപാത്രത്തെ അപമാനിക്കുന്നില്ല ഞാന്‍.’

ഒന്നും മിണ്ടാനാവാതെ അവള്‍ ഇരിക്കെ അയാളെഴുന്നേറ്റു. മേശപ്പുറത്തെ കൊച്ചു പെട്ടിയില്‍ നിന്നും അയാള്‍ ഒരു കവറെടുത്ത് അവള്‍ക്ക് നേരെ നീട്ടി.

‘നിന്‍റെ രാത്രികള്‍ക്ക് വിലയുണ്ട്. അത് നീ നഷ്ടപ്പെടുത്തേണ്ട. പൊയ്ക്കൊള്ളൂ. എന്നും ജീവിതം ഒരേ പോലെ ആയിരിക്കില്ല, എന്ന് മാത്രമേ എനിക്കിപ്പോള്‍ പറയാനാവൂ. നാളെ നിന്‍റെ ജീവിതവും മാറാതിരിക്കില്ല എന്ന് നമുക്ക് പ്രത്യാശിക്കാം. ഇപ്പോള്‍ പൊയ്ക്കൊള്ളൂ..’

അവള്‍ ആ കവര്‍ വാങ്ങാന്‍ മടിച്ചു നില്‍ക്കെ അയാള്‍ അവളുടെ കൈകളിലേക്ക് അത് ബലമായി വച്ചു കൊടുത്തു. പിന്നെ രണ്ടു കെകളും കൂട്ടിപ്പിടിച്ച് മെല്ലെ അവളെ തന്നിലേക്കടുപ്പിച്ചു. ഒരു ആലിംഗനമാണ് അവള്‍ പ്രതീക്ഷത്. എന്നാല്‍, തന്‍റെ തൊട്ടു മുന്‍പിലേക്ക്, ഒരു ചാണ്‍ ദൂരത്തിലേക്ക് അവളെ വലിച്ചടുപ്പിച്ച്, അയാള്‍ അവളുടെ മുഖം തടിയില്‍ പിടിച്ചുയര്‍ത്തി. അവളുടെ ലോലമിഴികളില്‍ നോക്കിക്കൊണ്ടയാള്‍ മന്ത്രിക്കും പോലെ ചോദിച്ചു.

നിനക്ക് ഞാനൊരു വരം തരട്ടെ?

ഒന്നും മനസ്സിലാവാതെ, അയാളുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് അവള്‍ തുറിച്ച് നോക്കവേ അയാള്‍ തുടര്‍ന്നു.

കണാരന്‍, എത്ര ശപിക്കപ്പെട്ട മനുഷ്യനാണല്ലേ? രാജനും സുകുവും ഒക്കെ. ഇവരിലാരുടെയെങ്കിലും ജീവന്‍ കൊണ്ട് ഞാന്‍ നിനക്കൊരു വരം തരട്ടേ? ചിലപ്പോള്‍ നിന്‍റെ മനസ്സിന് അതൊരു തണുത്ത കാറ്റായേക്കാം.

അവള്‍ തരിച്ച് നില്‍ക്കുകയായിരുന്നു. മെല്ലെ അയാളുടെ കൈകളില്‍ നിന്നും അവള്‍ മോചിതയായി. വിഷാദത്തോടെ അവള്‍ തല വെട്ടിച്ചു. കാറ്റിന്‍റെ മര്‍മരം പോലെ, ഒരു വിതുമ്പലോടെ അവള്‍ പറഞ്ഞു.

എനിക്കാരുടെയും ജീവന്‍ വേണ്ട. എനിക്കൊന്നും വേണ്ട. ഒന്നും..

പിന്നെയും അല്പസമയം നിറകണ്ണുകളോടെ അവള്‍ അയാളെ നോക്കി നിന്നു. ഒന്ന് കെകൂപ്പി തൊഴാന്‍ അവള്‍ക്കാഗ്രഹമുണ്ടായിരുന്നു. സാധിച്ചില്ല. മെല്ലെ മെല്ലെ വാതില്‍ക്കലോളം ചെന്ന് അവള്‍ തിരിഞ്ഞു നോക്കി. അയാള്‍ അവളെയും നോക്കി അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. മെല്ലെ വാതിലടച്ച് അവള്‍ നടന്നകന്നു.

ബാബു ഉറക്കച്ചടവോടെയാണ് വന്നത്. എന്താ ചേച്ചീ, മുഖമാകെ വല്ലാതിരിക്കുന്നല്ലോ എന്ന അവന്‍റെ ചോദ്യത്തിന് അവളൊന്നും മറുപടി പറഞ്ഞില്ല. അവന്‍ പിന്നെ ഒന്നും ചോദിക്കാനും നിന്നില്ല. വീടിന്‍റെ മുന്‍പില്‍ അവളെ ഇറക്കി വിട്ട് അവന്‍ പോയി. അവള്‍ വാതില്‍ തുറന്ന് അകത്ത് കയറി. വാനിറ്റി ബാഗ് കിടക്കയിലേക്കിട്ട് അവള്‍ കിടക്കയുടെ ഒരു സെഡില്‍ ഇരുന്ന് ഒരുപാട് നേരം എന്തൊക്കെയോ ആലോചിച്ചിരുന്നു. ആരാണയാള്‍? എന്താണയാള്‍? അവള്‍ക്കൊരു പിടിയും കിട്ടിയില്ല. പിന്നെ അയാള്‍ കൊടുത്ത കവര്‍ എടുത്ത് തുറന്ന് നോക്കി. രണ്ടായിരത്തിന്‍റെ ഇരുപത് നോട്ടുകള്‍. അവള്‍ക്ക് കൈയ്യും കാലും വിറയ്ക്കുന്ന പോലെ തോന്നി. ആ കവറില്‍ ഒരു കൊച്ചു കടലാസ് തുണ്ട് ഉണ്ടായിരുന്നു. അവളതെടുത്തു നോക്കി. കറുത്ത മഷിയില്‍ മനോഹരമായ കൈയ്യക്ഷരം.

ഇതൊരു ചെറിയ അഡ്വാന്‍സ് മാത്രമാണ്. നമുക്കിനിയും കാണാം. അധികം വൈകാതെ.

മാസങ്ങള്‍ ചിലത് കടന്ന് പോയി. അവളുടെ ജീവിതത്തില്‍ അത്ഭുതങ്ങളൊന്നും നടന്നില്ല. പതിവ് പോലെ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ അവളെ തേടിയെത്തുന്നവരുടെ അടുത്തേക്ക് അവള്‍ക്ക് പോകേണ്ടി വന്നു. പുരാതന കഥയിലെ, ദുര്‍മന്ത്രവാദിനിയുടെ ശാപം കിട്ടി വിരൂപയായ രാജകുമാരി, ശാപമോക്ഷത്തിന്‍റെ മന്ത്രകോടിയുമായി വരുന്ന രാജകുമാരനെ കാത്തിരിക്കുന്ന പോലെ അവള്‍ ഒരാളെ ഇപ്പോള്‍ കാത്തിരിക്കുന്നുണ്ട്. അത് അയാളെ ആയിരുന്നു. ഒരു മായാവിയെ പോലെ തന്‍റെ ജീവിതത്തില്‍ എന്തെന്നോ എന്തിനെന്നോ അറിയാത്ത ഒരു വികാരമുണ്ടാക്കി എവിടേക്കോ പോയ ഒരാള്‍. അധികം വെകാതെ കാണാം എന്നൊരു കുറിപ്പിന്‍റെ പച്ച പുതച്ച മോഹം ഉണങ്ങാതെ ഉള്ളില്‍ ബാക്കിയുണ്ട്.

സിദ്ധുവിന്‍റെ പൊതുപരീക്ഷ കഴിഞ്ഞു. വിഷു ആ നഗരത്തിലേക്ക് വന്നത് പ്ലാസ്റ്റിക് കൊന്നപ്പൂക്കളും, വാഴയിലയുമൊക്കെയായാണ്. അങ്ങിനെ മായം കലര്‍ന്ന വസ്തുക്കള്‍ കൊണ്ട് കണിയൊരുക്കി, മായം കലര്‍ന്ന സദ്യയുണ്ടാക്കി, മറ്റെല്ലാവരെയും പോലെ അവരും വിഷുവിനെ വരവേറ്റു. നിറവയറോടെ വിരുന്നു വന്ന ശാരദക്കുട്ടിക്ക് വൈകുന്നേരമായപ്പോള്‍ ഒരു വേദന. ആശുപത്രിയില്‍ ലേബര്‍ റൂമിന്‍റെ പുറത്ത് അക്ഷമയോടെ അവര്‍ കാത്തിരുന്നു. ഒരു പെണ്‍കുഞ്ഞിന്‍റെ സന്തോഷ വാര്‍ത്തയും കൊണ്ടൊരു മാലാഖയുടെ പുഞ്ചിരിക്കുന്ന മുഖം അവര്‍ കണ്ടു. പിന്നെ വെളുത്ത തുണിയില്‍ പൊതിഞ്ഞ കുഞ്ഞിന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ സന്തോഷം കൊണ്ട് അവരുടെ ഹൃദയം തുടി കൊട്ടുന്നുണ്ടായിരുന്നു. ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി വന്നിരിക്കുന്നു. സിദ്ധുവിന് അവളെ കണ്ടിട്ടും കണ്ടിട്ടും കൊതി തീര്‍ന്നില്ല. അവനവളുടെ കുഞ്ഞു കെവിരലില്‍ മെല്ലെ തൊട്ട് നോക്കി. ഇവളെന്താ ഇങ്ങനെ കണ്ണടച്ച് കിടക്കുന്നത് എന്നായിരുന്നു അവന്‍റെ ചോദ്യം.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സിദ്ധുവും ബാബുവും കൂടി ഒരു സിനിമയ്ക്ക് പോയതാണ്. സിനിമ കണ്ട് തിരിച്ചു വന്ന സിദ്ധുവിന്‍റെ മുഖത്ത് സങ്കടം തളം കെട്ടി നിന്നിരുന്നു. ബാബുവിന്‍റെ മുഖവും പ്രകാശം കെട്ട നിലയിലായിരുന്നു. സിദ്ധു ഒന്നും പറയാതെ അകത്തേക്ക് പോയപ്പോള്‍, എന്താണ് കാര്യമെന്നവള്‍ ബാബുവിനോട് തിരക്കി. ബാബു വിഷമത്തോടെ പറഞ്ഞു: ‘അത് ചേച്ചീ, ഞങ്ങള്‍ കണ്ട സിനിമ ചേച്ചിയുടെ കഥയായിരുന്നു. കണ്ടപ്പോ മുതല്‍ സിദ്ധു ഒരേ സങ്കടത്തിലാണ്.’

അവള്‍ക്ക് തല മരവിച്ച് വന്നു. വീഴാതിരിക്കാന്‍ ചുമരില്‍ അള്ളിപ്പിടിച്ചു. അമ്മയും ഇടി തട്ടിയ പോലെ നില്‍ക്കുകയാണ്. അവള്‍ ചിന്തിക്കുകയായിരുന്നു. എന്‍റെ കഥയോ? അതെങ്ങിനെ? ദൈവമേ, ഞാനെന്താണെന്ന് എന്‍റെ മോന്‍ തിരിച്ചറിഞ്ഞോ? ഈ കൊടും ചതി ആരാണെന്നോട് ചെയ്തത്. അങ്ങിനെ ആലോചിക്കവേയാണ് അവള്‍ക്ക് അയാളെ ഓര്‍മ്മ വന്നത്. ഈശ്വരാ,, ആ മനുഷ്യന്‍ എന്തൊരു ചതിയാണ് ചെയ്തത്. ഒരു നല്ല മനുഷ്യന്‍റെ കോലം കെട്ടി എന്‍റെ ജീവിതം മുഴുവന്‍ അയാള്‍ വിറ്റുവോ? വിറച്ചു കൊണ്ടവള്‍ ബാബുവിനോട് ചോദിച്ചു.

‘എന്താ.. എന്താ കഥ.. എവിടെ,, ഏതാ സിനിമ..? എനിക്ക്,, എനിക്കൊന്ന് കാണണം..’ അവള്‍ക്ക് വിറക്കുന്നുണ്ടായിരുന്നു.

അവള്‍ നേരെ സിദ്ദുവിന്‍റെ മുറിയില്‍ ചെന്നു നോക്കി. അവന്‍ കമഴ്ന്ന് കിടക്കുകയാണ്. വിളിക്കാനായി അവളൊന്ന് ആഞ്ഞെങ്കിലും അതിനുള്ള ധൈര്യം വന്നില്ല. തിരികെ വരുമോള്‍ നിറഞ്ഞു തുളുമ്പിയ അമ്മയുടെ കണ്ണിലാണ് നോക്കി അവള്‍ പറഞ്ഞു.

‘ഞാനിപ്പോ വരാം. സിദ്ധുവിനെ നോക്കണം..’

അമ്മ ഒന്നും പറയാനാവാതെ നില്‍ക്കെ അവള്‍ ബാബുവിനെയും കൂട്ടി ഇറങ്ങി. തിയേറ്റര്‍ പരിസരത്ത് നല്ല ജനത്തിരക്കായിരുന്നു. ഫസ്റ്റ് ഷോയ്ക്കുള്ള ടിക്കറ്റു കൊടുത്ത് തുടങ്ങിയ കാരണം, വരി നിന്ന് ടിക്കറ്റെടുക്കാനാവില്ല. അത്രയ്ക്കുണ്ട് ജനത്തിരക്ക്. അവള്‍ തീയറ്ററിന്‍റെ മുന്‍ഭാഗത്ത് പ്രദര്‍ശിപ്പിച്ച പോസ്റ്ററുകളിലേക്ക് നോക്കി. മലയാളത്തിലെ ഒന്നാംനിര നായികമാരിലൊരാണ് അഭിനയിച്ചിരിക്കുന്നത്. ബാബു ബ്ലാക്കില്‍ രണ്ട് ടിക്കറ്റ് സംഘടിപ്പിച്ചു. ശ്വാസമടക്കിപ്പിടിച്ച് അവള്‍ തിയേറ്ററിന്‍റെ അകത്ത് സിനിമ തുടങ്ങുന്നതും കാത്തിരുന്നു. അവളുടെ ഹൃദയമിടിപ്പിന്‍റെ ശബ്ദം ഒരു തീവണ്ടിയെഞ്ചിനില്‍ നിന്നുള്ള ശബ്ദത്തിനു സമമായിരുന്നു അപ്പോള്‍.

സിനിമ തുടങ്ങി. ഒരു ഗ്രാമത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. പിന്നെ പിന്നെ അതിലെ ചിത്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വന്നു. തിരശീലയില്‍ തന്‍റെ ജീവിതം തെളിഞ്ഞു വരുന്നത് ശ്വാസം വിടാന്‍ പോലുമാകാതെ അവള്‍ നോക്കി നിന്നു. അച്ഛനും കണാരേട്ടനും, രാജേട്ടനും, സുകുവുമൊക്കെ അഭ്രപാളില്‍ വന്നു പോയി. ഓരോ കഥാപാത്രവും വളരെ വ്യക്തമായിരുന്നു. പേരുകളില്‍ മാത്രം ചില വ്യത്യാസങ്ങള്‍ കാണാം. പക്ഷെ, അവളെ കുറിച്ച് അല്പമെങ്കിലും അറിയുന്ന ഏതൊരാള്‍ക്കും അതിലെ ഓരോ കഥാപാത്രത്തെയും തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലായിരുന്നു സിനിമ എടുത്തിരുന്നത്. നായികയുടെ ജീവിത ദുരനുഭവങ്ങളില്‍ അവളുടെ കൂടെ വ്യസനിക്കുന്ന പ്രേക്ഷകരെക്കൂടി അവള്‍ക്ക് കാണാനായി. അവസാനം അവള്‍ നഗരത്തിലെ വൃദ്ധനായ ഒരു വ്യവസായ പ്രമുഖന്‍റെ മുന്നിലെത്തുമ്പോള്‍, അവിടെ കഥയില്‍ ഒരു തിരുത്തലുണ്ടായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ സ്ത്രീത്വം വിറ്റ് ജീവിക്കാതിരിക്കാന്‍ പടപൊരുതി തോറ്റ് പോകുന്ന അവളെയല്ല ആ സിനിമയില്‍ കാണിച്ചത്. വിജയിക്കുന്നവളെയാണ്. ആ വൃദ്ധനായ വ്യാപാരി അവളെ ദത്തെടുക്കുന്നിടത്ത്, അവളെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുന്നിടത്ത്, പുതിയ സ്വപ്നങ്ങളിലേക്കും പ്രതീക്ഷകളിലേക്കുമുള്ള ചൂണ്ടു പാലകയോടെ ആ സിനിമ അവസാനിക്കുമ്പോള്‍ കാണികളില്‍ ചിലര്‍ എഴുന്നേറ്റു നിന്ന് കൈയ്യടിക്കുന്നുണ്ടായിരുന്നു. പൊരുതുന്നവര്‍ ജയിച്ചാല്‍ ജനങ്ങള്‍ അവരെ താലോലിക്കും. ഓര്‍ക്കും. തോറ്റുപോകുന്നവര്‍ മറവിയുടെ ആഴങ്ങളിലേക്ക് മുങ്ങും. തിരസ്കരണത്തിന്‍റെ യവനികക്കപ്പുറത്തേക്ക് മാറ്റി നിര്‍ത്തപ്പെടും.

അവള്‍ക്ക് അമ്പരപ്പായിരുന്നു. നിറഞ്ഞ കണ്ണുകളോടെ തന്‍റെ ജീവിതത്തിന്‍റെ ഒരു ഘട്ടം അഭ്രപാളിയില്‍ കണ്ടു തീര്‍ത്തപ്പോള്‍ ഒരു കാര്യം അവള്‍ക്ക് മനസ്സിലായി. തന്‍ കരുതിയ പോലെ, തന്നെ അയാള്‍ ദ്രോഹിച്ചിട്ടില്ല. ഈ ലോകം മുഴുവന്‍ താന്‍ അനുഭവിച്ച തുല്യതയില്ലാത്ത വേദന അയാള്‍ വിളിച്ചു പറയുക മാത്രമല്ല ചെയ്തത്, അതിലൂടെ തന്നെ പോരാട്ടത്തിന്‍റെ ഒരു പ്രതീകമാക്കി മാറ്റുകയും ചെയ്തു. അവളുടെ ചുണ്ടില്‍ ഒരു പരിഹാസ ചിരിയുണ്ടായിരുന്നു. എങ്ങിനെ ഉണ്ടാവാതിരിക്കും? അവള്‍ക്ക് ചുറ്റും അപ്പോള്‍ ആളുകള്‍ അവളുടെ വിജയത്തെ കുറിച്ചായിരുന്നല്ലോ ഊറ്റം കൊണ്ടിരുന്നത്. വീണുപോയവളുടെ ഉയര്‍ത്തെഴുനേല്‍പ്പിനുള്ള കരഘോഷങ്ങളായിരുന്നലോ ഉയര്‍ന്നു കൊണ്ടിരുന്നത്.

അവളോര്‍ത്തു. ചിലപ്പോള്‍ ഇതിഹാസങ്ങളിലെ മഹനീയ കഥാപാത്രങ്ങള്‍ ഇത് പോലെ സൃഷ്ടിക്കപെട്ടതാവാം. ശരിക്കും വീണു പോയവരോട് സഹതാപം തോന്നിയ ആരൊക്കെയോ കൈപിടിച്ച് കയറ്റിയവരാവാം അവരും. ഗോകുല്‍ ദാസ് എന്നൊരാളാണ് സിനിമയുടെ രചനയും സംവിധാനവും. ഗോകുല്‍ ദാസ്. ആ പേര് അവള്‍ മനസ്സില്‍ കുറിച്ചിട്ടു. അധികം കേട്ടിട്ടില്ലാത്ത ഒരു പേരായിരുന്നു അത്. ഒരുപക്ഷെ അയാളായിരിക്കും ഞാന്‍ കാത്തിരിക്കുന്ന ആ മനുഷ്യന്‍.

വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു; സിദ്ധു ഒന്നും കഴിച്ചിട്ടില്ലെന്ന്. ബാബു പറഞ്ഞിരുന്നു, അവന് ഭയങ്കര വിഷമമായിരുന്നു, തന്‍റെ ജനനം കൊണ്ടാണ് അമ്മയുടെ ജീവിതം നശിച്ചത് എന്നാണത്രേ അവന്‍ പറയുന്നത്. പാവം. ഒരു പതിനഞ്ചു വയസുകാരന്‍റെ മനസ്സിനെ എത്ര ആഴത്തിലായിരിക്കും ആ സിനിമ മുറിവേല്‍പ്പിച്ചിരിക്കുക? അവള്‍ അവന്‍റെ റൂമിലേക്ക് ചെന്നു. ലൈറ്റിട്ട് കട്ടിലില്‍ അവന്‍റെ അരികിലിരുന്നു. കമഴ്ന്ന് കിടക്കുന്ന അവന്‍റെ ശിരസ്സില്‍ തലോടിക്കൊണ്ട് അവള്‍ മെല്ലെ വിളിച്ചു..

‘മോനെ.. എന്താടാ…’

ഒരു തേങ്ങലോടെ, അമ്മാ എന്ന് വിളിച്ചു കൊണ്ട് സിദ്ധു എഴുന്നേറ്റു അവളുടെ മടിയിലേക്ക് മുഖം പൂഴ്ത്തി. ആ തേങ്ങലിനിടയില്‍ അവന്‍ വ്യസനത്തോടെ ചോദിക്കുന്നുണ്ടായിരുന്നു.

‘ഞാനുണ്ടായോണ്ടല്ലേ, അമ്മ ഇത്രേം കഷ്ടപ്പെട്ടത്…’

അവളുടെ നെഞ്ചില്‍ ആ ചോദ്യം തറച്ചു കയറി. അവള്‍ അവന്‍റെ മുതുകിലൂടെ കൈയ്യോടിക്കവേ ചോദിച്ചു.

‘ആരാ നിന്നോട് ഈ പൊട്ടത്തരം പറഞ്ഞത്.. അമ്മ ഇന്നോളം അങ്ങിനെ പെരുമാറീട്ടുണ്ടോ? എനിക്ക് നീയല്ലാതെ വേറെ ആരാടാ ഉള്ളത്? നമ്മക്ക് നമ്മളല്ലേ ഉള്ളൂടാ.. നീ സങ്കടപ്പെടാനൊന്നും നിക്കണ്ട. നീ ഇതൊന്നും നോക്കണ്ട. നന്നായി പഠിക്കണം. വല്ല്യ ആളായി നല്ല ജോലിയൊക്കെ കിട്ടിയിട്ട്, സുഖായി ജീവിക്കണം ട്ടോ. അമ്മയ്ക്ക് ആ ഒരു സ്വപ്നം മാത്രേ ഇപ്പൊ ഉള്ളൂ… വേറെ,, വേറെ ഒന്നൂല്ല..’

അവസാനമായപ്പോഴേക്കും അവള്‍ക്ക് ശബ്ദം ഇടറി. കുറെ നേരം കൂടി അവര്‍ അങ്ങിനെ ഇരുന്നു. പിന്നെ നിര്‍ബന്ധിച്ച് അവനെ എഴുന്നേല്‍പ്പിച്ചു. ഭക്ഷണം വിളമ്പിക്കൊടുത്തു. രുചിയില്ലാത്ത എന്തോ സാധനം പോലെ അവനത് വരിക്കഴിക്കുന്നതും നോക്കി അവളൊന്നും മിണ്ടാതെ ഇരുന്നു. അവന്‍ പിന്നെയും കിടപ്പറയിലേക്ക് പോയപ്പോള്‍ ഡൈനിംഗ് ടേബിളില്‍ കൈയ്യൂന്നി തല താങ്ങി അവളിരിക്കെ അമ്മ പതുക്കെ അങ്ങോട്ട് വന്നു. അവളുടെ തോളില്‍ പിടിച്ചു കൊണ്ട് സങ്കടത്തോടെ ചോദിച്ചു.

‘എന്താ മോളെ.. എന്താ ആ സിനിമയില്.. ആരാ നിന്നെ പിന്നെയും ചതിച്ചത്…’

അവള്‍ നിറഞ്ഞ കണ്ണുകളോടെ അമ്മയെ നോക്കി.. പിന്നൊരു വരണ്ട പുഞ്ചിരിയോടെ പറഞ്ഞു..

‘ആണുങ്ങളിങ്ങനെ പല തരക്കാരാണമ്മേ. ചിലര്‍ക്ക് നമ്മുടെ മനസ്സ് മാത്രം മതിയാവും. ചിലര്‍ക്ക് മേനി മാത്രം മതിയാവും. ചിലര്‍ക്ക് മനസ്സും മേനിയും വേണ്ടിവരും. വേറെ ചിലര്‍ക്ക് നമ്മുടെ വേദനകള്‍ പോലും വേണ്ടി വരും. എന്നാ ഇതിനൊക്കെ പകരം അവര്‍ തരുന്നതോ. അത് പൈസ മാത്രമായിരിക്കും. ആണുങ്ങളിലധികയും ഇങ്ങിനെയൊക്കെയാണമ്മേ. നമ്മളോട് ചിരിച്ചു കാണിച്ച് നമ്മുടെ ജീവിതവും കട്ടെടുത്ത് അവരങ്ങ് പോകും. നമ്മള്‍ പിന്നെയും വിഢികളായി കാത്തിരിക്കും. ഇനി വരുന്ന ആണെങ്കിലും പെണ്ണിനെ അറിയുന്ന ഒരാളായിരിക്കുമെന്ന, ലോകത്തിലെ ഏറ്റവും വലിയ പൊട്ടന്‍ സ്വപ്നവുമായി ജീവിക്കും. അല്ലെങ്കിലും നമ്മള്‍ പെണ്ണുങ്ങള്‍ എന്നാ എന്താ പഠിച്ചത്. എന്തായാലും ഒരു തെരുവ് വേശ്യയായി എന്നെ അയാള് മാറ്റിയില്ലല്ലോ.. അത്രേം ആശ്ര്വാസം. അങ്ങനെയങ്ങ് ആശ്വസിക്കാം. അല്ലതെ വേറെന്താ നമ്മള് ചെയ്യാ..’

ഒന്നും പറയാനാവാതെ ആ അമ്മ അവളുടെ ശിരസ്സിലൂടെ വിരലോടിച്ച് കൊണ്ടിരുന്നു. ഒരുപാട് നേരം അവര്‍ക്കിടയില്‍ കനത്ത മൗനം മൂടി നിന്നു. അവസാനം അമ്മയുടെ നേര്‍ത്ത, വിറയാര്‍ന്ന ശബ്ദം അവളുടെ കാതുകളില്‍ തുളച്ചു കയറി…

‘മോളെ… ശരിക്കും എന്താ,,, എന്താ,, എന്താ നിന്‍റെ പണി?’

അവള്‍ പകച്ച കണ്ണുകളോടെ അമ്മയെ നോക്കി. പിന്നെ ചങ്കു കീറുന്ന കരച്ചിലോടെ അവളമ്മയെ കെട്ടിപ്പിടിച്ചു. ഒന്നും പറയാനാവാതെ അവളുടെ മുടിയിലൂടെ വിരലോടിക്കവേ ആ അമ്മയുടെ മനസ്സ് പറയുന്നുണ്ടായിരുന്നു. എനിക്കറിയാമായിരുന്നു മോളെ. എനിക്കറിയാമായിരുന്നു. ഒന്നുമില്ലെങ്കിലും നിന്നെ പെറ്റ വയറല്ലേ ഈ ഞാന്‍. എനിക്ക് നിന്നെ മനസ്സിലാവാതിരിക്കുമോ? നിന്‍റെ വേദനകള്‍ അറിയാതിരിക്കുമോ? അടുപ്പിലെ ഒരു വിറക് പോലെ, നീ പുകഞ്ഞെരിഞ്ഞു തീരുന്നത് ഞാനറിയുന്നുണ്ടായിരുന്നു മോളെ.. ഞാനറിയുന്നുണ്ടായിരുന്നു.

പാതിരയായിട്ടും അവള്‍ക്കുറക്കം വന്നില്ല. സോഫയില്‍ കണ്ണടച്ച് ഓരോന്നലോച്ച് കിടക്കെ അവള്‍ ഒരു കാല്‍പ്പെരുമാറ്റം കേട്ട് കണ്ണ് തുറന്നു. നോക്കുമ്പോള്‍ സിദ്ധു. അവനവളുടെ അരികിലിരുന്നു.

‘എന്താമ്മാ.. ഉറങ്ങീലെ..’

അവനവളെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു പറഞ്ഞു.. ‘ഉറക്കം വന്നില്ല… നീയെന്താ ഉറങ്ങാത്തെ.. ഓരോന്നാലോചിച്ച് കിടക്കാതെ കണ്ണടച്ച് കിടന്നോളൂ. ഉറക്കം വന്നോളും..’

‘അമ്മാ.. ഞാനൊരു കാര്യം ചോദിക്കട്ടെ…’

എന്താ എന്നര്‍ത്ഥത്തില്‍ അവളവന്‍റെ മുഖത്തേക്ക് നോക്കി.. മടിച്ചു മടിച്ചാണ് അവന്‍ ചോദിച്ചത്..

‘അമ്മാ.. നമുക്ക് നമ്മുടെ നാട്ടിലേക്കൊന്ന് പോയാലോ.. എത്ര കാലായി നമ്മളവിടന്ന് പോന്നിട്ട്..’

തുടരും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top