ദുരിതപ്പേമാരി തുടരുന്നു; അഞ്ചു ജില്ലകള്‍ ഭീഷണിയില്‍; വയനാട്ടില്‍ പട്ടാളമിറങ്ങും, നിലമ്പൂരും മൂന്നാറും വെള്ളപ്പൊക്കം

imageകോഴിക്കോട്/മൂന്നാര്‍/നിലമ്പൂര്‍: പകല്‍ മുഴുവന്‍ തിമിര്‍ത്തു പെയ്ത മഴയില്‍ നിലമ്പൂരിലും മൂന്നാറിലും വയനാട്ടിലും വെള്ളപ്പൊക്കം. വിവിധയിടങ്ങളിലായി എട്ട് പേരാണ് മരിച്ചത്. ദേശീയ പാതകളടക്കം പ്രധാന റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കോഴിക്കോട്, മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഇടുക്കി ജില്ലയില്‍ എട്ടിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. മുതിരപ്പുഴയാര്‍ കരകവിഞ്ഞൊഴുകിയതോടെ മൂന്നാറിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മണ്ണിടിച്ചില്‍ ഭീഷണിയേത്തുടര്‍ന്ന് മൂന്നാര്‍ ഉഡുമല്‍പ്പേട്ട് അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം നിലച്ചു. ജില്ലയില്‍ ഓഗസ്റ്റ് 15 വരെ വിനോദസഞ്ചാരം വിലക്കിയിട്ടുണ്ട്. കന്നിമലയാറ്റില്‍ ജലനിരപ്പുയര്‍ന്നതിനേത്തുടര്‍ന്ന് പെരിയപുരയിലെ താല്‍ക്കാലിക പാലം ഒലിച്ചു പോയി. കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ തുറന്നു വിട്ടിരിക്കുകയാണ്.

മലപ്പുറം ജില്ലയിലെ മലയോരമേഖലയില്‍ ബുധനാഴ്ച രാത്രിമുതല്‍ പെയ്ത കനത്തമഴയില്‍ പലയിടങ്ങളും വെള്ളത്തിലായി. നിലമ്പൂര്‍ നഗരം രാവിലെ മുതല്‍ ഒറ്റപ്പെട്ട നിലയിലാണ്. കടകളിലും ജനവാസമേഖലയിലും വെള്ളം കയറി. പലയിടത്തും നാലാള്‍പൊക്കത്തില്‍ വെള്ളമുണ്ട്. വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതിനാല്‍ ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. കോഴിക്കോട് ഗൂഡല്ലൂര്‍ ദേശീയ പാതയില്‍ ഗതാഗതം നിലച്ചിരിക്കുകയാണ്. നൂറിലധികം വീടുകളിലാണ് വെള്ളം കയറിയത്, ഇതില്‍ 44 വീടുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

വയനാട് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ ദേശീയ പാതയില്‍ വെള്ളം കയറി. കബനീ നദി കരകവിഞ്ഞൊഴുകിയതിനാല്‍ ബീച്ചനഹള്ളി ഡാമിന്റെ ഷട്ടര്‍ തുറന്നു. കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന മുന്നറിയിപ്പുണ്ട്. 73 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇതുവരെ 4976 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദുരതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആറുമണിയോടെ സൈന്യം വയനാട്ടിലെത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. നിരവില്‍പ്പുഴ കുറ്റിയാടി റൂട്ടില്‍ പലയിടത്തും ഗതാഗത തടസ്സമുണ്ട്.

കോഴിക്കോട് നഗരത്തില്‍ പലയിടത്തും വെള്ളം കയറി. കല്ലായിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. ചാലിയാറിന്റെ തീരപ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി. ഇതുവരെ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കക്കയത്ത് ഉരുള്‍പൊട്ടി. പെരുവണ്ണാമുഴി ഡാമിന്റെ ഷട്ടറുകള്‍ തുറന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

പാലക്കാട് നഗരത്തിലെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. അട്ടപ്പാടിയില്‍ മരം വീടിന് മുകളില്‍ വീണ് ഒരാള്‍ മരിച്ചു. കുന്തിപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു. മംഗലം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. വനമേഖലയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലുമുള്ളതിനാല്‍ നദികളില്‍ ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. സൈലന്റ് വാലി, അട്ടപ്പാടി മേഖലയില്‍ ഉരുള്‍പൊട്ടി. കല്പാത്തി പുഴയുടെ മധ്യത്തിലുള്ള മുരുകന്‍ ക്ഷേത്രത്തില്‍ കുടുങ്ങിപ്പോയ അഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്തി.

എറണാകുളം ജില്ലയിലും കനത്ത മഴയേത്തുടര്‍ന്ന് താഴന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പെരിയാറില്‍ വെള്ളം കയറിയതിനേത്തുടര്‍ന്ന് ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. പെരിയാറിന്‍ തീരത്ത് മരത്തില്‍ അഭയം തേടിയയാള്‍ കാല്‍വഴുതി വെള്ളത്തില്‍ വീണ് കാണാതായി.

തൃശൂര്‍ ജില്ലയിലെ ചാലക്കുടി അതിരപ്പിള്ളി മേഖലയില്‍ കനത്ത മഴയാണ്. പെരിങ്ങല്‍കുത്ത് ഡാം തുറന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി കൂടുകയും നദിയില്‍ ജലനിരപ്പ് ഉയരുകയും ചെയ്തതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മലക്കപ്പാറയില്‍ ഉരുള്‍പൊട്ടി. അതിരപ്പിള്ളി വാല്‍പ്പാറ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ കനത്ത മഴ തുടരുകയാണ്. വാഗമണിലും ആനചാരി മേക്കുന്നിലും ഉരുള്‍പൊട്ടി. മുണ്ടക്കയത്ത് വീടുകളില്‍ വെള്ളം കയറി. ഈരാറ്റുപേട്ട പാലാ റോഡില്‍ പലയിടത്തും വെള്ളം കയറി. പാലാ നഗരം വെള്ളപ്പൊക്കഭീഷണിയിലാണ്.

ആലപ്പുഴയില്‍ കനത്ത കാറ്റുവീശിയതിനേത്തുടര്‍ന്ന് വീടുകള്‍ തകര്‍ന്നു. അപ്പര്‍ കുട്ടനാട്ടിലെ പലയിടത്തും കനത്ത മഴ നാശനഷ്ടം വിതച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment